കെ.പി. ശശിധരന് രചിച്ച ‘സഞ്ചാരി പറഞ്ഞ കടംകഥ: പൊറ്റെക്കാട്ടിന്റെ ബാലിദ്വീപിലെ പാതിനേരും പതിരും’ എന്ന ഗ്രന്ഥം ഇന്തോനേഷ്യയിലെ ചെറുദ്വീപായ ബാലിയുടെ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ചുള്ള സമഗ്രമായ പഠനമാണ്. ഈ ദ്വീപിനെ സാധാരണ കേരളീയന് ആദ്യം പരിചയപ്പെടുത്തിത്തന്നത് എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രസിദ്ധമായ ‘ബാലിദ്വീപ്’ എന്ന യാത്രാവിവരണമാണല്ലോ. ഭാരതീയ സംസ്കാരം ഉള്‍ക്കൊള്ളാത്ത ഒരാള്‍ക്കും ബാലിക്കാരുടെ മനസ്സും ജീവിതവും വിലയിരുത്താനാവില്ലെന്ന് പൊറ്റെക്കാട്ട് ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. എന്നിട്ടും ഭാരതീയ പാരമ്പര്യത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ബാലിയെ മനസ്സിലാക്കുന്നതില്‍ പൊറ്റെക്കാട്ട് ദയനീയമായി പരാജയപ്പെട്ടത് ‘സഞ്ചാരി പറഞ്ഞ കടംകഥ’ പുറത്തുകൊണ്ടുവരുന്നു. മിഗല്‍ കൊവറൂബയ എന്ന എഴുത്തുകാരനെ അന്ധമായി ആശ്രയിച്ചതു കാരണം പൊറ്റെക്കാട്ടിന് സംഭവിച്ച രചനാപരമായ വീഴ്ചകളും വീക്ഷണ വൈരുദ്ധ്യവും ഈ പുസ്തകം അക്കമിട്ടുനിരത്തുന്നു. പൊറ്റെക്കാട്ടിന് എവിടെയൊക്കെ എങ്ങനെയെല്ലാമാണ് പിഴച്ചതെന്നു സമര്‍ത്ഥിക്കുന്നതില്‍ കെ.പി ശശിധരന് പുലര്‍ത്തുന്ന ഗവേഷണ മികവ് ഇക്കാലത്തെ എഴുത്തുകാര്‍ക്ക് അന്യമാണ്.
കേരളവും ബാലിദ്വീപും തമ്മിലുള്ള പല സമാനതകളും പൊറ്റെക്കാട്ട് വിവരിച്ചിട്ടുള്ളത് വാസ്തവമാണ്. എന്നാല്‍ അതൊക്കെ രണ്ട് നാടുകളും തമ്മിലുള്ള കാലാവസ്ഥയും ഭൂപ്രകൃതിയുമടങ്ങുന്ന ഉപരിപ്ലവ കാര്യങ്ങള്‍ മാത്രം. ഇവയൊക്കെ ഏത് സാധാരണ സഞ്ചാരിക്കും ദൃശ്യമാകും. ഇതിനപ്പുറം ബാലിയിലെ ജനങ്ങളുടെ വിശ്വാസവും ആചാരവും ജീവിതമൂല്യങ്ങളും പഠിക്കാന്‍ പൊറ്റെക്കാട്ടിന് സാധിച്ചില്ലെന്ന കുറവ് മനസ്സിലാക്കാം. പക്ഷേ അവരുടെ ജീവിതചര്യകളെ വാസ്തവ വിരുദ്ധമായി അവതരിപ്പിക്കാനും ആക്ഷേപിക്കാനും ശ്രദ്ധിച്ചിരുന്നുവെന്നത് ആശ്ചര്യമുളവാക്കുന്നു. ഭാരതത്തിനുപുറത്ത് അനന്യമായി നിലനില്‍ക്കുന്ന ഒരു പ്രാചീന ഹൈന്ദവ ജനതയാണല്ലോ ബാലിയിലേത്. ഈ ജനതയെ പഠിക്കാന്‍ തെക്കേ അമേരിക്കക്കാരനായ മിഗല്‍ കൊവറൂബയയുടെ ‘ബാലി ഐലന്‍ഡ്’ എന്ന കൃതിയെ പൊറ്റെക്കാട്ടിന് ആശ്രയിക്കേണ്ടി വന്നതുതന്നെ സാംസ്കാരികമായ ആഭിമുഖ്യത്തിന്റെയും ഉള്‍ക്കാഴ്ചയുടെയും പോരായ്മയാണ്.
1927 ല്‍ ബാലിയാത്രയ്ക്ക് പോയ രബീന്ദ്രനാഥ ടാഗോര്‍ ആ ദ്വീപിനെ ഭാരതീയ സാംസ്കാരിക ഭൂമികയുടെ പരിച്ഛേദമായിക്കണ്ട് വിസ്മയഭരിതനായത് കെ.പി. ശശിധരന് രേഖപ്പെടുത്തുന്നുണ്ട്. ഇപ്രകാരം തന്നെ വായനക്കാരെ വിസ്മയിപ്പിക്കുന്ന ഒന്നാണ് ബാലിദ്വീപിനെക്കുറിച്ചുള്ള വാസ്തവികവും മൗലികവുമായിട്ടുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘സഞ്ചാരി പറഞ്ഞ കടംകഥ’യും ബാലിജനതയുടെ വര്‍ത്തമാനകാല ജീവിത യാഥാര്‍ത്ഥ്യത്തിലേക്കും, അവരുടെ ഭൂതകാലം വിരിച്ചിടുന്ന വിസ്മയാവഹമായ ധീരതയിലേക്കും വായനക്കാരെ ഈ പുസ്തകം കൂട്ടിക്കൊണ്ടുപോകുന്നു.
തീര്‍ത്ഥവും താളിയോല ഗ്രന്ഥവും ബാലിക്കാര്‍ പവിത്രമായി കരുതുന്നതും, സരസ്വതീ ദിനത്തില്‍ ഭക്തിപൂര്‍വ്വം ഗ്രന്ഥങ്ങളെ പൂജിക്കുന്നതും, ദൃഷ്ടിദോഷമകറ്റാന്‍ മുളക് കത്തിച്ച് ഉഴിഞ്ഞിടുന്നതും, ഇടിവെട്ടുമ്പോള്‍ ഭയമകറ്റാന്‍ അര്‍ജ്ജുനന്റെ പത്ത് പര്യായപദങ്ങള്‍ ചൊല്ലുന്നതും, ഭാര്യ ഭര്‍ത്താവിനെ ഏട്ടന് എന്നു വിളിക്കുന്നതും, രജസ്വലയായ സ്ത്രീകള്‍ അടുക്കളയില്‍ നിന്നും ആരാധനാലയങ്ങളില്‍നിന്നും അകന്നുനില്ക്കുന്നതും, പുല ആചരിക്കുന്നതും ശകുനം നോക്കുന്നതും മറ്റുമായ ഒട്ടനേകം പെരുമാറ്റ രീതികള്‍ കാരണം ബാലിയില്‍ കേരളത്തെ കാണാന്‍ സാധിക്കുമെന്നതു ശരിയാണ്. തമിഴ്നാട്ടുകാര്‍ അവിടെ ശൈവാഗമവും പല്ലവ ലിപിയും കണ്ട് അത്ഭുതപ്പെടുന്നതും, പട്ടോല വസ്ത്രം കണ്ട് ഗുജറാത്തികള്‍ അമ്പരക്കുന്നതുമൊക്കെ സാദൃശ്യങ്ങളുടെ നീണ്ട നിരയാണ്. ഭാരതത്തിലെ എല്ലാ സംസ്ഥാനക്കാര്‍ക്കും അവിടെ ഇടംപിടിക്കാമെന്ന രചയിതാവിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. മഹാഭാരതവും രാമായണവും മഹദ്ഗ്രന്ഥങ്ങളായി ആദരിക്കുന്നവരും, അര്‍ജ്ജുനനെ ആദര്‍ശ കഥാപാത്രമായിക്കാണുന്നവരുമായ ബാലിക്കാര്‍ ഭാരതത്തിന്റെ മഹത്തായ സാംസ്കാരിക പൈതൃകത്തിന്റെ കാവല്‍ക്കാരായി നിലകൊള്ളുന്നുവെന്നത് എത്രത്തോളം വാസ്തവമാണെന്നത് യാതൊരു സന്ദേഹത്തിനും ഇടംകൊടുക്കാതെയാണ് ഈ പുസ്തകം വെളിച്ചത്തുകൊണ്ടുവരുന്നത്.
എന്നാല്‍ ബാലി ജനതയെക്കുറിച്ച് ഡച്ചുകാര്‍ എഴുതിപ്പിടിപ്പിച്ച നുണകള്‍ അന്ധമായി പകര്‍ത്താനാണ് പൊറ്റെക്കാട്ട് ശ്രദ്ധിച്ചത്. ബാലിയില്‍ പുതുവത്സരാഘോഷത്തിന്റെ കൊടിയിറങ്ങുമ്പോള്‍, കാഴ്ചപ്പന്തലിലെ അര്‍ച്ചനാദ്രവ്യങ്ങള്‍ എടുത്തുകൊണ്ടുപോകാന്‍ ജനങ്ങളെ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പൊറ്റെക്കാട്ടിന്റെ ഭാഷയില്‍, ആ മുഹൂര്‍ത്തത്തിനുവേണ്ടി കാത്തുനില്ക്കാറുള്ള ഗ്രാമത്തിലെ ദരിദ്രപ്പരിഷകള്‍ ഭ്രാന്തെടുത്തപോലെ ബലിപ്പുരകളില്‍ പാഞ്ഞുകയറി വിലപ്പെട്ട വസ്തുക്കള്‍ കവര്‍ച്ച ചെയ്യുകയാണ്! ബാലിക്കാര്‍ക്ക് മരണത്തെക്കാള്‍ ദുസ്സഹമാണ് അടിമത്തം. യുദ്ധത്തില്‍ ശത്രുവിനോട് ജയിക്കാനാവില്ല എന്ന ഘട്ടം വന്നാല്‍ യുദ്ധത്തെ അനുഷ്ഠാനമാക്കി മാറ്റി ജീവാര്ച്ചന ചെയ്യുന്ന ‘പൂപ്പൂത്താന്’ എന്ന ബാലിക്കാരുടെ ആത്മാര്പ്പണച്ചടങ്ങിനെ കറുപ്പ് തിന്ന് ലഹരി പിടിച്ചവരുടെ പടയോട്ടമായും, കൂട്ട ആത്മഹത്യയായും ഡച്ചുകാര്‍ ചിത്രീകരിച്ചതിനെയാണ് പൊറ്റെക്കാട്ടിനെപ്പോലുള്ളവര് നിരുപാധികം സ്വീകരിച്ചത്.
തങ്ങളെ ആര് ഭരിച്ചാലും ബാലിക്കാര്‍ക്ക് പ്രശ്നമല്ല എന്ന പൊറ്റെക്കാട്ടിന്റെ ആക്ഷേപം അസംബന്ധമാണെന്നു തെളിയിക്കാന്‍ 1906 ല്‍ ഡച്ചുപട ആക്രമിച്ചപ്പോള്‍ ബാലിക്കാര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് കെ.പി. ശശിധരന് ഉദാഹരിക്കുന്നത്. എട്ടുവര്‍ഷക്കാലം ഡച്ചുപട്ടാളത്തിന് ദക്ഷിണബാലിയില് കാത്തുകിടക്കേണ്ടി വന്ന ചരിത്രവും, ഡച്ചു സൈന്യത്തില്‍ കൂലിപ്പട്ടാളമായി സേവനമനുഷ്ഠിച്ചിരുന്ന ബാലിക്കാര്‍ യുദ്ധത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ സ്വജനപക്ഷത്തേക്ക് കൂറുമാറിയതും മറ്റും ആ ജനതയ്ക്ക് സ്വന്തം നാടിനോടുള്ള കൂറ് എത്രമാത്രമായിരുന്നുവെന്ന് കാട്ടിത്തരുന്നു. മതപരമായ അധിനിവേശങ്ങള്‍ തനതു സംസ്കൃതികളോട് ചെയ്ത ക്രൂരതകളുടെ പൊതുസ്വഭാവത്തിലേക്കും ഈ പുസ്തകം വിരല്‍ചൂണ്ടുന്നു.
മനസ്സിന്റെയും ശരീരത്തിന്റെയും വിശുദ്ധിയെ അത്യന്തം പവിത്രമായി കരുതിപ്പോരുന്ന ബാലി സമൂഹത്തിലെ സ്ത്രീകളുടെ ചാരിത്രത്തെക്കുറിച്ചുള്ള ഡച്ചുകാരുടെ ദുസ്സൂചനകളും പൊറ്റെക്കാട്ടിനെ വഴിതെറ്റിച്ചു. കുട്ടികളെ വളര്‍ത്തുന്നതോടൊപ്പം അടുക്കളയിലും വീട്ടുപറമ്പിലും കച്ചവടകേന്ദ്രങ്ങളിലും ക്ഷേത്രാചാര പ്രവര്‍ത്തനങ്ങളിലും അഗ്നിഹോത്ര യാഗശാലയിലുമൊക്കെ വിശ്രമമില്ലാതെ പണിയെടുക്കുന്ന ബാലിസ്ത്രീകളെ പൊറ്റെക്കാട്ട് കാണാതെ പോയി. പൊറ്റെക്കാട്ടിന് ആകെ അറിയാന്‍ സാധിച്ചത് ”ബാലിയിലെ മഴയും ബാലിപ്പെണ്ണിന്റെ മനസ്സും ഒരുപോലെയാണെ”ന്നതായിരുന്നു.
ബാലിയിലെ സ്ത്രീകള്‍ ചപലകളും വിശ്വസിക്കാന്‍ കൊള്ളാത്തവരുമാണെന്ന ദുസ്സൂചനയടങ്ങുന്നതാണല്ലോ ഈ ചൊല്ല്. ബാലിയിലെ സ്ത്രീകള്‍ മദ്യപിക്കില്ല, കാരണം അവരുടെ വിശ്വാസപ്രകാരം ശിശുക്കള്‍ ദേവലോകത്തുനിന്ന് നേരിട്ടുവന്ന് പിറക്കുന്നുവെന്നും, ലഹരിയുപയോഗിക്കുന്ന സ്ത്രീകള്‍ക്കും അവര്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്കും പ്രാണബലം കുറയുമെന്നുമാണ്. ദക്ഷിണ ബാലിയിലെ മദ്യശാലകളിലും ഉഴിച്ചില്‍ കേന്ദ്രങ്ങളിലും മറ്റും യാത്രികരെ ക്ഷണിച്ചു കയറ്റാന്‍ കാത്തുനില്ക്കുന്നവരുടെ കൂട്ടത്തില്‍ ബാലിസ്ത്രീകളുണ്ടാവില്ല, അന്യസ്ഥലങ്ങളില്‍ നിന്നുവരുന്നവരായിരിക്കും. ഇക്കാര്യങ്ങളൊന്നും പഠിക്കാതെയാണ് പൊറ്റെക്കാട്ട് ബാലി സ്ത്രീകളുടെ മദ്യാസക്തിയെപ്പറ്റി പറഞ്ഞ് അവരെ ഇകഴ്ത്തിയതെന്ന ഈ പുസ്തകത്തിലെ നിരീക്ഷണം ശ്രദ്ധേയമാണ്.
സ്വാതന്ത്ര്യാനന്തര ഇന്തോനേഷ്യയുടെ കീഴില്‍ ബാലിയിലെ സാംസ്കാരിക, രാഷ്ട്രീയ മേഖലകളില്‍ സംഭവിച്ച മാറ്റങ്ങളും വിശദമായിത്തന്നെ ‘സഞ്ചാരി പറഞ്ഞ കടംകഥ’ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇപ്പോള്‍ നാഗരികത കൈ കടത്താത്ത ഇടങ്ങള്‍ ബാലിയില്‍ കുറഞ്ഞുവരികയാണെന്നും വ്യക്തമാക്കുന്നു. സ്വന്തം മതത്തിന്റെ വിശ്വാസപ്രമാണങ്ങളില്‍ അങ്ങേയറ്റം ദൃഢത പാലിച്ചവരും, മതപരിവര്‍ത്തനത്തെ നഖശിഖാന്തം എതിര്ത്തുവരുമാണ് ബാലിക്കാര്‍ എന്നത് വളരെ ആധികാരികമായിത്തന്നെ ഈ കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വന്തം സംസ്കാരത്തോടും ജീവിതമൂല്യങ്ങളോടും ഉപേക്ഷ കാണിക്കുന്ന ഭാരതത്തിലെ ഹിന്ദുക്കളുടെ കണ്ണുതുറപ്പിക്കുന്നതും അവരെ വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കുന്നതുമാണ് ഈ വസ്തുതകള്‍.
മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്ന മഹാസാഹിത്യകാരനാണ് പൊറ്റെക്കാട്. ഒരു ദേശത്തിന്റെ കഥയും ഒരു തെരുവിന്റെ കഥയുമൊക്കെ സമ്മാനിച്ച ഈ എഴുത്തുകാരനെ മറക്കാനാവില്ല. അപ്പോഴും ബാലിയുടെ കാര്യത്തില്‍ വലിയ സാംസ്കാരിക നിന്ദയാണ് ഈ എഴുത്തുകാരന് നടത്തിയതെന്ന് ‘സഞ്ചാരി പറഞ്ഞ കടംകഥ’ വായിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. സാംസ്കാരിക തിന്മയും സാഹിത്യ മോഷണവുമൊക്കെ മലയാളത്തിലെ പല പ്രമുഖ എഴുത്തുകാരെയും സംബന്ധിക്കുന്ന അപ്രിയ സത്യമാണ്. ഈയൊരു പശ്ചാത്തലത്തില്‍ സാംസ്കാരികമായ അറിവിന്റെയും ആത്മാഭിമാനത്തിന്റെയും ധൈഷണികമായ പ്രതിരോധത്തിന്റെയും അക്ഷര സഞ്ചാരമാണ് ‘സഞ്ചാരി പറഞ്ഞ കടംകഥ.’ ക്ലേശഭരിതമായ പഠനഗവേഷണങ്ങളിലൂടെ ഇങ്ങനെയൊരു കൃതി രചിക്കാന്‍ കാണിച്ച മനസ്സും, അത് പ്രസിദ്ധീകരിക്കാന്‍ സന്നദ്ധമായ ജന്മഭൂമിയും പ്രശംസയര്‍ഹിക്കുന്നു. കരുത്തും സൗന്ദര്യവുമുള്ള ഭാഷയില്‍ രചിക്കപ്പെട്ട ഈ പുസ്തകം വായിക്കാതെ പോകുന്നത് ഭാരതീയ സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്ക് വലിയ നഷ്ടമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: