വയനാടിന്റെ ആരാധനാ സംസ്കാരത്തിന് കാര്‍ഷികവൃത്തിയുമായി ആഴത്തിലുള്ള ബന്ധമുണ്ട്. മൂന്നുജില്ലകള് അതിര്‍ത്തി പങ്കിടുന്ന ജില്ലയ്ക്ക് ആരാധനാ സമ്പ്രദായത്തിലുമുണ്ട് ഈ പ്രത്യേകതകള്‍
വൈവിധ്യമാര്‍ന്ന പല രീതികളിലുമുള്ള ആരാധനാ സംസ്കാരത്താല്‍ സമ്പുഷ്ടമാണ് വയനാട് ജില്ല. മൂന്ന് സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന ഒരു ജില്ല എന്ന നിലക്ക് തമിഴ്നാടിന്റെയും കര്‍ണാടക സംസ്ഥാനത്തിന്റെയും കേരളത്തിന്റെയും ആചാര സംസ്കാരങ്ങളുടെ സമഞ്ജസമായ ഇഴുകിച്ചേരല്‍ ഇവിടുത്തെ സംസ്കൃതിയില്‍ നമുക്ക് തിരിച്ചറിയാം.
വയനാട്ടിലെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളും ഇവിടുത്തെ നായര്‍, കുറിച്യ, കുറുമ, ജൈന, പണിയ, പുലയ സംസ്കൃതികളുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന് ക്ഷേത്ര ആരാധനാ രീതികള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം. വയനാട്ടില്‍ മാത്രം പ്രധാനമായും കണ്ടുവരുന്ന ദേവതാരൂപങ്ങളാണ് പൂതാടി ദൈവം, മലക്കാരി, ചേടാറ്റിലമ്മ തുടങ്ങിയ സങ്കല്‍പ്പങ്ങളും കൂടാതെ പല മലദൈവ സംസ്കാരങ്ങളും.
പൂതാടി ക്ഷേത്രത്തിലെ തിറയോടു കൂടിയാണ് വയനാട്ടിലെ ഉത്സവങ്ങള്‍ ആരംഭിക്കുന്നതും അതേക്ഷേത്രത്തിലെ ഉത്സവത്തോടുകൂടിയാണ് വയനാട്ടിലെ ഉത്സവങ്ങള്‍ അവസാനിക്കുന്നതും. വലുതും ചെറുതുമായ എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവാദി ചടങ്ങുകളില്‍ വിവിധ ഹിന്ദുസമുദായങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പല ചടങ്ങുകളും പല സന്ദര്‍ഭങ്ങളിലായി നമുക്ക് ദര്‍ശിക്കാം.
ഒരുപക്ഷേ ഹിന്ദു ധര്‍മ്മത്തിന്റെ ഏറ്റവും പ്രകടമായ ഒരു സവിശേഷത നമ്മുടെ ക്ഷേത്ര ആചാരങ്ങളില്‍ ഹിന്ദു സമൂഹത്തിലെ എല്ലാ സമുദായങ്ങളുടെയും സമന്വയം നടക്കുന്നു എന്നതാണ്. ഇതര മതങ്ങളെ അപേക്ഷിച്ച് എല്ലാ സമുദായങ്ങളും ഒത്തുചേര്‍ന്ന് നടത്തുന്ന ഉത്സവങ്ങളാണ് ഹിന്ദുധര്‍മ്മത്തെ ചേര്‍ത്തുപിടിച്ചു നിര്‍ത്തുന്ന ഒരു ഘടകം. വള്ളിയൂര്‍ക്കാവ് മുതല്‍ പല ക്ഷേത്രങ്ങളിലും പണിയ വിഭാഗം മുതല്‍ നമ്പൂതിരി സമുദായം വരെയുള്ള എല്ലാ സമുദായങ്ങള്‍ക്കും പ്രാധാന്യമുള്ള ഓരോ ചടങ്ങുകളെങ്കിലുമുണ്ടാകും.
വയനാട്ടിലെ ഉത്സവ ആഘോഷങ്ങള്‍ തുടങ്ങുന്നത് നിരവധി ക്ഷേത്രങ്ങളില്‍ നടക്കുന്ന പുത്തരി ആഘോഷത്തോടെയാണ്. ഈ പുത്തരി ആഘോഷങ്ങള്‍ക്ക് കതിര്‍ക്കുലകള്‍ നല്‍കാറുള്ളത് കറിച്യ, കുറുമ, തുടങ്ങിയ ഗോത്ര വര്‍ഗ്ഗ ഊരുകളില്‍ നിന്നും കൂടാതെ വയനാട്ടിലെ പ്രധാന മൂന്നു വിഭാഗം ചെട്ടിമാരുടെ ഭവനങ്ങളില്‍ നിന്നുമാണ്.
വയനാടിന്റെ നെല്‍വയല്‍ സംസ്കാരം ഇവിടുത്തെ ക്ഷേത്രങ്ങളുടെ ഉത്സവ ആഘോഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ശൈത്യകാലത്തെ വിളവെടുപ്പ് സമയത്താണ് ഇവിടുത്തെ ക്ഷേത്ര ആഘോഷങ്ങളും നടന്നുവരുന്നത്. ചുറ്റുവിളക്ക് ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കോല്‍ക്കളി, വട്ടക്കളി മുതലായ അനുഷ്ഠാനകലകളില് വനവാസി സമൂഹത്തിന്റെ വിജയഗാഥകളാണ് പാടുന്നത്.
വയനാടിനെക്കുറിച്ച് പറയുമ്പോള്‍ ഏറ്റവും ആദ്യം പ്രതിപാദിക്കപ്പെടുന്നത് തിരുനെല്ലി ക്ഷേത്രത്തെക്കുറിച്ചാണ്. ബ്രഹ്മഗിരി മലനിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ സങ്കേതം ഒരുകാലത്ത് വയനാടിന്റെ സാംസ്കാരിക തലസ്ഥാനമായിരുന്നു. തിരുനെല്ലിയില്‍ പുത്തരി ആഘോഷം തിരുവോണനാളുകളിലാണ് നടത്തപ്പെടുന്നത്. തുടര്‍ന്നിങ്ങോട്ട് നിരവധി ഉത്സവാഘോഷങ്ങള്‍ക്കു ശേഷം നടക്കുന്ന വിഷു ആഘോഷത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന കണിദര്ശനങ്ങളും കാര്‍ഷിക സംസ്കാരത്തിന്റെ ഭാഗമായി മാത്രമേ നമുക്ക് കാണുവാന്‍ സാധിക്കുകയുള്ളൂ.
കബനി നദീതീരത്ത് നടക്കുന്ന മൂരിയബ്ബ എന്ന ആഘോഷം ഒരു പക്ഷേ കര്‍ണാടക സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശത്താണ് നടക്കുന്നതെങ്കിലും വയനാടിന്റെ കാര്‍ഷികവൃത്തിയുമായി ബന്ധമുള്ള മൂരികളെ അഥവാ കാളകളെയാണ് ഇവിടെ ബിംബങ്ങളായി അവതരിപ്പിക്കുന്നത്. തോണിച്ചാല്‍ മലക്കാരി ക്ഷേത്രത്തില്‍ നടക്കുന്ന മലക്കാരി തിറ കന്നുകാലികളെ വേട്ടയാടാന്‍ ഇറങ്ങുന്ന നരികളെ സംഘം ചേര്‍ന്ന് വകവരുത്തുന്ന അനുഷ്ഠാനമാണ്. ഇപ്രകാരം വയനാട്ടിലെ ഒരു കാര്‍ഷിക ഭൂതകാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഇവിടുത്തെ ഓരോ ക്ഷേത്രത്തിലെയും ഉത്സവങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: