ലൗകികവും അലൗകികവുമായ അനുഭവങ്ങളുടെയും നേട്ടങ്ങളുടെയും സമര്‍ത്ഥമായ സമ്മേളനമാണ് ഭഗവാന് ശ്രീരാമചന്ദ്രന്റെ ജീവിതം. ഭൗതീകതയേയും ആദ്ധ്യാത്മികതയേയും സമന്വയിപ്പിച്ചു കൊണ്ടാണ് വാല്മീകി മഹര്‍ഷി രാമകഥയായ രാമായണം രചിച്ചത്. രാമായണ പാരായണത്തിലൂടെ ശ്രീരാമചന്ദ്രപ്രഭുവിന്റെ വര്ണ്ണാനീതതമായ മഹത്വം തിരിച്ചറിഞ്ഞ് മനുഷ്യമനസ്സിലെ അന്ധതയെ മാറ്റി പ്രകാശപൂര്ണ്ണമാക്കാനാവും. എന്നാല്‍ ഈ ലേഖനത്തില്‍ ശ്രമിക്കുന്നത് ഭഗവാന് ശ്രീരാമചന്ദ്രന് വായൂപുത്രനായ ഹനുമാന് പകര്‍ന്നു നല്കിയ അറിവിന്റെ അക്ഷയഖനിയായ ശ്രീരാമഗീതയെ ഒന്ന് പരിചയപ്പെടുത്താനാണ്.
ഗീത എന്ന് കേള്‍ക്കുമ്പോള്‍ മനുഷ്യമനസ്സുകളില്‍ ആദ്യമെത്തുന്നത് ഈ ഭഗവത്ഗീത തന്നെ യാണ്. മനുഷ്യമനസ്സുകളില്‍ ഭക്തിയുടെ ചന്ദനഗന്ധം നിറച്ച് ധര്‍മ്മത്തിന്റെ ശംഖനാദം മുഴക്കി യുഗ യുഗാന്തരങ്ങളായി അനര്‍ഗളവും അനുസ്യൂതവുമായി പ്രവഹിക്കുന്ന അറിവിന്റെ സഹസ്രകിരണമാണ് ശ്രീമദ് ഭഗവത്ഗീത എന്ന് ആചാര്യമതം. മഹാഭാരതയുദ്ധത്തിന്റെ തുടക്കത്തില്‍ നിര്‍വീര്യനായ അര്‍ജുനനെ സ്വധര്‍മ്മത്തില്‍ ഉറച്ച് നിന്ന് കര്മ്മധീരനാക്കുവാന് വേണ്ടി ഭഗവാന് ശ്രീകൃഷ്ണന് നല്കുന്ന ഉപദേശമാണ് ഭഗവത്ഗീത. അവതാരപുരുഷനും പാര്ത്ഥസാരഥിയുമായ സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാന്റെ മുഖാരവിന്ദത്തില്‍ നിന്നും ഉത്ഭവിച്ച് വ്യാസഭഗവാന്റെ തൂലികയിലൂടെ വെളിപ്പെട്ട താണ് ശ്രീമദ് ഭഗവത്ഗീത എന്ന് നാം മനസ്സിലാക്കുന്നു. ധര്‍മ്മപരിപാലനാര്‍ത്ഥം സംജാതമായ മഹാഭാരതയുദ്ധത്തിന്റെ ആരംഭത്തില്‍ വിശ്വപ്രസിദ്ധമായ ഗാന്ധീവവും മാനുഷിക വിചാരധാരയാല്‍ മനമിളകി മനോബലം നഷ്ടപ്പെട്ട് അമ്പൊടുങ്ങാത്ത ആവ നാഴിയും തേരില്‍ വെച്ച് സ്വജനങ്ങളോട് യുദ്ധം ചെയ്യാനാവില്ലാ എന്ന് വാവിട്ട് വിലപിക്കുമ്പോള്‍ പാര്‍ത്ഥസാരഥിയായ ഭഗവാന് തേരില്‍ മുഖാമുഖമിരുന്നാണല്ലോ ഗീതോപദേശം നല്‍കിയത്. ഗീതാമൃതം പാനം ചെയ്ത അര്ജുനന് ഉണര് ന്നെണീറ്റ് ക്ഷത്രിയകുല ധര്‍മ്മപരിപാലനാര്‍ത്ഥം നിറഞ്ഞ വീര്യത്തോടെ യുദ്ധം ചെയ്യുകയും ധര്‍മ്മയുദ്ധത്തില്‍ വിജയിക്കുകയും ചെയ്തു.
ഭഗവദ് ഗീതയ്ക്കാണു പ്രാമുഖ്യമെങ്കിലും നാല്‍പ്പതോളം ഗീതകള്‍ വേറെയുണ്ട്. ഉപനിഷത്തുകള്‍ക്ക് ശേഷം വിരചിതമായ മഹാഭാരതത്തില്‍ തത്ത്വോപദേശപ്രകാരമായതും ആഴത്തില്‍ പഠനവിഷയമാക്കേണ്ടതുമായ വിദൂരോപദേശം, ഭീഷ്മോപദേശം തുടങ്ങി അനവധി അമൂല്യരത്നങ്ങള്‍ ഉണ്ടെങ്കിലും ഗീതയോളം വരില്ല എന്നാണ് പണ്ഡിതമതം. എന്നാല്‍ അശ്വമേധപര്‍വ്വത്തില്‍ ഭഗവാന് അര്ജുനന് നല്കുന്ന ഉപദേശത്തെ അനുഗീത എന്ന് വിവക്ഷിക്കുന്നുണ്ട്. മഹാഭാരതം പോലെതന്നെ ഇതിഹാസ ഗ്രന്ഥമായ രാമായണത്തിലും, ഭാഗവത പുരാണത്തിലും, സന്മാര്ഗ്ഗസാധനയ്ക്കുള്ള ഗീതകള്‍ കാണാന്‍ കഴിയും. എഴുത്തച്ഛന്റെ ആദ്ധ്യാത്മ രാമായണത്തിലെ ശ്രീരാമഗീത, ഭാഗവതത്തിലെ, ഭിക്ഷുഗീത, ഉദ്ധവഗീത, ഹംസഗീത തുടങ്ങി വൈവിദ്ധ്യമാര്‍ന്ന ഒട്ടേറെ ഗീതകള്‍ വേറെയുമുണ്ട്. ഇതില്‍ ഏറെ പ്രധാനമാണ് ശ്രീരാമഗീത. ആര്‍ഷഭാരത സംസ്ക്കാരത്തിന്റെ ആദ്ധ്യാത്മിക ഗരിമയുടെ ശിരോമകുടം ഭഗവത്ഗീതയാണെങ്കിലും ഗീതാസാഹിത്യ പ്രസ്ഥാനത്തിലെ ഉജ്ജ്വലവും അഗാധവുമായ ദര്‍ശനപ്രപഞ്ചം ഉള്‍കൊള്ളുന്ന ജ്ഞാനതത്ത്വ സംഹിതയാണ് ശ്രീരാമഗീതയില് പ്രതിപാദിച്ചിരി ക്കുന്നത്. കൃഷ്ണാര്‍ജ്ജുന സംവാദരൂപത്തിലാണ് ശ്രീമദ് ഭഗവദ്്ഗീതയെങ്കില് വായൂപുത്രനായ ഹനുമാനും ശ്രീരാമചന്ദ്രപ്രഭുവും തമ്മിലുള്ള സംവാദരൂപത്തിലാണ് ശ്രീരാമഗീത വികാസം പ്രാപിക്കുന്നത്.
”ലക്ഷ്മിപതേ, കമലനയന, ജാനകീനാഥ, ലോകൈക നാഥനായ അങ്ങയുടെ സമക്ഷത്ത് നിന്ന് ഗീതയാകുന്ന അമൃതം ആസ്വദിച്ചതുമൂലം ആനന്ദമഗ്ദനായി തീര്‍ന്ന എന്റെ മനസ്സില്‍ നിന്ന് എല്ലാ മാലിന്യങ്ങളും ചോര്‍ന്ന് പോയിരിക്കുന്നു. ശ്രീരാമചന്ദ്രപ്രഭോ വേദാന്തതത്വങ്ങള്‍ പ്രതിപാദിക്കുന്ന ഒട്ടേറ ഗീതകള്‍ ഞാന്‍ ഹൃദ്യസ്ഥമാക്കിയിട്ടുണ്ട്. എന്നാല്‍ അവയൊന്നും തന്നെ ഈ ഗീതയുടെ അനേക കോടി അംശത്തിന് സമമാകില്ല പ്രഭോ. അങ്ങയുടെ മുഖാരവിന്ദത്തില്‍ അനുസൂതമായി പ്രവഹിച്ച ശ്രീരാമഗീതയാകുന്ന അമൃതം പാനം ചെയ്ത് പരിപൂര്‍ണ്ണ തൃപ്തനായ ഞാന്‍ ജര, മൃത്യു, ശോകം, ഹിംസ എന്നിവയില്‍ നിന്ന് മുക്തി നേടി. കൂടുതല്‍ ആരോഗ്യവാനും, ജ്ഞാനതൃഷ്ണയില്ലാത്തവനു മായി തീര്‍ന്നിരിക്കുന്നു. ഇനി എനിക്ക് ഒന്നും നേടാന്‍ ശേഷിക്കുന്നില്ല തന്നെ. ഉണ്മയുടെയും ജ്ഞാന ത്തിന്റെയും കണികപോലും ഒഴിവാക്കാതെ ഭഗവാന് ഉപദേശിച്ചു തന്ന ഈ പ്രപഞ്ചരഹസ്യങ്ങള്‍ ആയിരക്കണക്കിന് ജന്മങ്ങളില് നിഷ്കാമമായി ഞാന്‍ ചെയ്ത പുണ്യകര്‍മ്മങ്ങളുടെ മഹത്തായ ഫലമായി കരുതട്ടെ. അങ്ങയുടെ ചരണകമലത്തിലെ ധൂളികള്‍ ശിരസ്സിലണിഞ്ഞ് കൊണ്ട്, പണ്ട് ഞാന്‍ ദുസ്തരമായ മഹാസമുദ്രം തരണം ചെയ്ത പോലെ ഇപ്പോള്‍ ഇതാ അങ്ങയുടെ അനുഗ്രഹം കൊണ്ട്, സംസാരസമുദ്രത്തിന് അക്കരെ എത്താന്‍ എനിക്ക് സാധിച്ചിരിക്കുന്നു. മര്ക്കടജാതിയില് ജനിച്ച എന്റെ മനസ്സ് എപ്പോഴും ചഞ്ചലമായിരുന്നു. എന്നാല്‍ അങ്ങയുടെ രാമഗീതാ ശ്രവണത്താല്‍ എന്റെ ചാഞ്ചല്യം പൂര്‍ണ്ണമായും ദുരീകരിച്ച് എന്നെ നിശ്ചലനാക്കി, ശാന്തനാക്കിതീര്ത്തിരിക്കുന്നു. ബ്രഹ്മാവും, ഇന്ദ്രാദി ദേവന്മാരും വന്ദിച്ചുപോരുന്ന അങ്ങയുടെ ചരണകമലങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി ആ പാദസേവ ചെയ്യുവാന്‍ എന്നെ അനുഗ്രഹിക്കണെ ഭഗവാനേ.”
ശ്രീരാമഗീതയുടെ ശ്രവണാന്ത്യത്തില് വായൂഭപുത്രന് ഹനുമാന് അവതാരപുരുഷനായ ശ്രീരാമ ചന്ദ്രപ്രഭുവിനോട് പറഞ്ഞ വാക്കുകളാണിവ. ഇതില്‍ നിന്ന് തന്നെ ശ്രീരാമഗീതയുടെ മഹത്ത്വം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
വസിഷ്ഠമഹര്‍ഷിയാല്‍ വിരചിതമായ തത്ത്വസാരായണം എന്ന വേദാന്തഗ്രന്ഥത്തിലെ ഉപാസനാ കാണ്ഡത്തിന്റെ രണ്ടാം പാദത്തിലാണ് ശ്രീരാമഗീത എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ളത്. പരംപുരുഷനായ ശ്രീരാമചന്ദ്രപ്രഭു രാവണവധാനന്തരം അയോദ്ധ്യയില്‍ എത്തി പ്രകൃതീശ്വരിയായ സീതാദേവിക്കും ഭരത, ലക്ഷ്മണ, ശത്രുഘ്നന്മാരായ സഹോദരങ്ങള്േക്കും ഭക്താഗ്രേസനായ ശ്രീ ഹനുമാനുമൊപ്പം പ്രജാപരി പാലനം ചെയ്തു വസിക്കുന്ന കാലത്ത്, ഒരു ദിവസം ശ്രീരാമന് ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ ഹനുമാന് അദ്ദേഹത്തിന്റെ സമീപം ചെന്ന് ഭക്തിജ്ഞാന വൈരാഗ്യങ്ങളെക്കുറിച്ചും മോക്ഷോപാധികളെക്കുറിച്ചും അറിയാനുള്ള അദമ്യമായ ആഗ്രഹം അറിയിക്കുന്നു. ജ്ഞാനതത്ത്വങ്ങള് അറിയാനും മനസ്സിലാക്കാനും പ്രാപ്തനാണ് ഹനുമാന് എന്ന് മനസ്സിലാക്കിയ ശ്രീരാമന് ശ്രീരാമഗീത ഹനുമാന് പകര്‍ന്ന് നല്കി.
ശ്രീമദ് ഭഗവദ്് ഗീതയിലേപോലെ ഇതിനും 18 അധ്യായങ്ങളാണ് ഉള്ളത്. ആയിരം ശ്ലോകങ്ങളിലൂടെയാണ് അത്യന്തം രഹസ്യമായ തത്വങ്ങള്‍ അനാവരണം ചെയ്യുന്നത്. എന്നാല്‍ ഭഗവത്ഗീതയില്‍ ശ്രീകൃഷണന് തന്റെ വിശ്വരൂപം അര്ജ്ജുനന് നേരില്‍ കാണിച്ച് കൊടുക്കുന്നുണ്ടെങ്കില്‍ രാമഗീതയില്‍ ശ്രീരാമന് തന്റെ വിശ്വരൂപം
ഹനുമാന് വര്‍ണ്ണിച്ച് കേള്‍പ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
വാല്മീകി രാമായണത്തില്‍ രാമോവിഗ്രഹവാന്‍ ധര്‍മ്മഃ എന്നും ആര്യണ്യകാണ്ഡത്തില് ”ധര്‍മ്മനിഷ്ഠ: സത്യസന്ധശ്ച, പിതൃനിര്ദ്ദേശകാരകഃത്വയി ധര്‍മ്മം ച സത്യം ച ത്വയി സര്‍വ്വം പ്രതിഷ്ഠിതം” (അങ്ങ് ധര്‍മ്മിഷ്ഠനും, സത്യസന്ധനും, പിതൃനിര്‍ദ്ദേശമനുസരിച്ച് പ്രവൃത്തിക്കുന്നവനുമാണ്,. അങ്ങ് ധര്‍മ്മവും, സത്യവുമാണ് എല്ലാം അങ്ങയില്‍ പ്രതിഷ്ഠിതമാണ്) എന്ന് ധര്‍മ്മപത്നിയായ സീതാദേവി ശ്രീരാമചന്ദ്രന്റെ പരമാത്മഭാവവും സര്‍വ്വവ്യാപിത്വത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും, ഭഗവാന്റെ രാമോപദേശങ്ങള്ക്ക് പ്രചുരപ്രചാരം ലഭിച്ചിട്ടില്ല. ഒരു പക്ഷേ ത്രേതായുഗ ശ്രീരാമഗീത, പില്ക്കാലം ദ്വാപരയുഗത്തിലെ പൂര്‍ണ്ണാവതാരമായ ഭഗവാന് ശ്രീകൃഷ്ണന് ഓതിയ ഭഗവദ്ഗീതയുടെ മഹത്വത്തില്‍ ഒട്ടൊന്നു മുങ്ങിപ്പോയതുമാവാം, മഹാ ഭാരതം, വിഷ്ണുപുരാണം, മഹാഭാഗവതം ഇവയിലൊക്കെ രാമാഖ്യാനത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ടെങ്കിലും ഭഗവദ്് ഗീതയോളം പ്രാധാന്യമര്‍ഹിക്കുന്ന ശ്രീരാമഗീത ഭക്തജനങ്ങളിലേക്ക് എത്തിക്കേണ്ടത് സനാതന ധര്‍മ്മ പ്രചാരകരുടെ കടമയാണ്.(രാമായണം ഉത്തരകാണ്ഡത്തില്‍ ലക്ഷ്മണനു ഭഗവാന് ശ്രീരാമചന്ദ്രന് നല്കുന്ന 56 ശ്ലോകങ്ങളും ശ്രീരാമഗീത എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും അതല്ല യഥാര്‍ത്ഥ ശ്രീരാമഗീത എന്നതും നാം തിരിച്ചറിയേണ്ടതുണ്ട്. (തുടരും).
പ്രതികരിക്കാൻ ഇവിടെ എഴുതുക: