പ്രകൃതിയുടെ ശ്വാസനിശ്വാസങ്ങളാണ് സര്‍പ്പക്കാവുകള്‍. പ്രാചീനകാലം മുതല്‍ നമ്മള് പ്രകൃതിയേയും പ്രകൃതിയിലെ അത്ഭുത ശക്തിയെയും ആരാധിച്ചിരുന്നതായി പുരാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ആരണ്യ സംസ്കൃതിയെന്ന് മഹാകവി രവീന്ദ്രനാഥ ടാഗോര്‍ വിശേഷിപ്പിച്ച സംസ്കാരമാണ് ഭാരതീയ പാരമ്പര്യം.
പ്രകൃതിയുടെ അവിഭാജ്യ ഘടകമാണ് സര്‍പ്പക്കാവുകള്‍. നാഗങ്ങളെ കുടിയിരുത്തിയ സ്ഥലം കാവ്, നാഗാലയം, നാഗക്കോട്ട എന്നിങ്ങനെ അറിയപ്പെടുന്നു. ചിത്രകൂടം, കുളം, കാവ് എന്നിവ ചേര്‍ന്നതാണ് സര്‍പ്പാരാധനയ്ക്കുള്ള കാവ്.
മരത്തിലും മണ്ണിലും ജലത്തിലും നാഗങ്ങള്‍ വസിക്കുന്നു എന്നാണ് വിശ്വാസം. മരങ്ങള്‍ ഇടതൂര്‍ന്ന് വളര്‍ന്ന് ശുദ്ധമായ ജീവവായുവും തണലും നല്കി ജീവജാലങ്ങള്‍ക്ക് സ്വതന്ത്രമായി വസിക്കാനുള്ള ഇടമായി സര്‍പ്പക്കാവുകള്‍ മാറുന്നു.
പ്രകൃതിയുടെ സന്തുലിതാവസ്ഥയെ കണ്ടല്‍ക്കാടുകള്‍ എപ്രകാരമാണോ സംരക്ഷിച്ചു പോരുന്നത് അപ്രകാരം തന്നെയാണ് പ്രകൃതിയുടെ ആവാസ വ്യവസ്ഥയ്ക്ക് സര്‍പ്പക്കാവുകള്‍. വൃക്ഷങ്ങളും ഔഷധച്ചെടികളും മറ്റും ധാരാളമായി കാണപ്പെടുന്ന സര്‍പ്പക്കാവുകള്‍ ഒരു സമ്പൂര്‍ണ്ണ പരിസ്ഥിതി വ്യവസ്ഥ തന്നെയാണ്.
സര്‍പ്പക്കാവിലെ മരങ്ങള്‍ മറ്റ് മരങ്ങളേക്കാള്‍ കൂടുതല്‍ ഓസോണ്‍ ഉല്‍പ്പാദിപ്പിക്കുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഘാതങ്ങളില്‍ നിന്ന് ഒരു പരിധി വരെ സര്‍പ്പക്കാവുകള്‍ നമുക്കു സംരക്ഷണം നല്‍കും. ഭക്തിയും പ്രകൃതിയും ആവാസവ്യവസ്ഥയും ഒന്നു ചേര്‍ന്നതാണ് ഇത്തരം കാവുകള്‍.
കാവിലെ മരങ്ങളുടെ ശിഖിരങ്ങള്‍ പോലും മുറിക്കാന്‍ പാടില്ലെന്നാണ് വിശ്വാസം. അതിനാലായിരിക്കാം സര്‍പ്പക്കാവുകളിലെ മരങ്ങള്‍ മനുഷ്യന് വീട് പണിയാനോ ഗൃഹോപകരണങ്ങള്‍ നിര്‍മ്മിക്കാനോ പറ്റാത്ത രീതിയിലുള്ളവയായിരിക്കും. നാലഞ്ച് തലമുറകള്‍ കണ്ട വൃക്ഷക്കാരണവന്മാര് സര്പ്പക്കാവില് ഏത് വേനലിലും തണലും മനസ്സിനു കുളിരും നല്കി നില്‍പ്പുണ്ടാവും. സര്‍പ്പക്കാവുകളുടെ പരിസരത്ത് പാമ്പുകളെ കാണാറുണ്ട്. എന്നാല്‍ ഇവരെ ഉപദ്രവിക്കാറില്ല. അതിന് കാരണം സര്‍പ്പ ദൈവങ്ങള്‍ കാത്തു രക്ഷിക്കും എന്ന ഉറച്ചു വിശ്വാസം ആണ്. രജസ്വലകളായ സ്ത്രീകള്‍ സര്‍പ്പക്കാവിന്റെ പരിസരത്ത് പോലും പോകാറില്ല. ആയില്യം നോമ്പുനോറ്റ് നാഗപൂജ ചെയ്താല്‍ സന്താന ലാഭവും കുടുംബശാന്തിയും മംഗല്യവും സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം. അപ്രീതി വരുത്തിയാല്‍ മഹാരോഗങ്ങള്‍ക്ക് കാരണമാകുമെന്ന വിശ്വാസവും നിലനിന്ന് പോരുന്നു.
കശ്യപ പ്രജാപതിയുടെ പത്നി കദ്രു ആണ് സര്‍പ്പങ്ങളുടെ മതാവ്. കശ്യപന്റെ വരഫലമായി കദ്രുവിന് ആയിരം അണ്ഡങ്ങള്‍ ലഭിച്ചു. കന്നിമാസത്തിലെ ആയില്യം നാളില്‍ ആദ്യ അണ്ഡത്തില് നിന്ന്, ആയിരം ഫണങ്ങളും സൂര്യകോടി പ്രഭയുമായി അനന്തന് പിറന്നു. ഈ ദിനത്തിന്റെ പ്രാധാന്യത്തിലാണ് ആയില്യം നാളില്‍ സര്‍പ്പങ്ങള്‍ക്കു പ്രത്യേക പൂജകള്‍ ചെയ്യുന്നത്. പിന്നീട് ജന്മമെടുത്ത ശേഷനാഗം, ഗുളികന്, വാസുകി, ശംഖപാലകന്‍, തക്ഷകന്, കാര്ക്കോടകന്, പത്മന്, മഹാപത്മന്‍ എന്നീ എട്ടു പേര് അഷ്ടനാഗങ്ങള് എന്നറിയപ്പെടുന്നു. ക്രമേണ മറ്റ് അണ്ഡങ്ങളും വിരിഞ്ഞു. അങ്ങനെ ആയിരം സര്‍പ്പങ്ങളും പിറന്നു. ഇവരുടെ പരമ്പരയത്രെ ഇന്നു നമ്മള് കാണുന്ന പാമ്പുകള്‍.
കാലങ്ങളും ശീലങ്ങളും മാറുമ്പോഴും മൂല്യങ്ങളള്ക്ക് ശോഷണം സംഭവിക്കുക സ്വാഭാവികം. കാവു തീണ്ടല്ലേ കുളം വറ്റും എന്ന് പഴമക്കാര്‍ പറഞ്ഞുവച്ചത് ഒരു പക്ഷേ ഭാവിതലമുറയെ മുന്നില്‍ക്കണ്ടാവാം. കാവുകള്‍ നശിക്കുമ്പോള്‍ ആവാസ വ്യവസ്ഥ തകരും. പ്രകൃതിയുടെ അവിഭാജ്യ ഘടകമാണ് സര്‍പ്പക്കാവുകള്‍. അവയെ അതിന്റെ തനിമയോടെ തന്നെ നമുക്കു സംരക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: