കിളിമാനൂര്‍: പരാതികളുമായി മാസങ്ങള്‍ കയറിയിറങ്ങി മടുത്തെങ്കിലും ഒടുവില്‍ കളക്ടറുടെ ഉത്തരവ് കിട്ടി. ഇപ്പോള്‍ ആ ഉത്തരവുമായി തെക്കു വടക്കു നടക്കേണ്ട ഗതികേടിലാണ് സ്വന്തം വയലില്‍ നെല്‍കൃഷി ഇറക്കാന്‍ ആഗ്രഹിച്ച കിളിമാനൂരിലെ കര്ഷകന്. ഉത്തരവ് നടപ്പാക്കേണ്ടവരും നിയമ വിരുദ്ധ പ്രവൃത്തി ചെയ്തവരും ഉത്തരവിന് പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല.
കിളിമാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട കിളിമാനൂര്‍ വില്ലേജില്‍ 70 സെന്റ് നിലമുള്ള കിളിമാനൂര്‍ ചൂട്ടയില്‍ ശോഭാലയത്തില്‍ മോഹനചന്ദ്രനാണ് ദുരവസ്ഥയിലായത്. കൃഷി വകുപ്പ് മന്ത്രി അടക്കം വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരെ പലതവണ കണ്ടെങ്കിലും സ്വന്തം പാടത്ത് നെല്‍ വിത്തെറിയാന്‍ മോഹനചന്ദ്രന് കഴിഞ്ഞിട്ടില്ല.
വര്‍ഷങ്ങളായി വിദേശത്തായിരുന്ന ഇദ്ദേഹം കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയതാണ്. സംസ്ഥാന സര്‍ക്കാരിന്റെ മോഹന വാഗ്ദാനത്തില്‍ കുടുങ്ങി കിളിമാനൂര്‍ കൊട്ടാരത്തിന് സമീപത്തുള്ള 70 സെന്റ് പാടത്ത് നെല്‍കൃഷി ചെയ്യാമെന്നുറച്ച് ഇറങ്ങിയപ്പോ സമീപത്തെ നിലം ഉടമകള്‍ ഇവിടേക്കുള്ള നീരൊഴുക്ക് തടസപ്പെടുത്തുംവിധം നിലത്തിന് രൂപമാറ്റം വരുത്തിയിരുന്നു. രൂപമാറ്റം വരുത്തിയത് പൂര്‍വ്വ സ്ഥിയിലാക്കണമെന്നും തനിക്ക് നെല്‍കൃഷി ചെയ്യാന്‍ സൗകര്യമുണ്ടാക്കണമെന്ന ആവശ്യവുമായി കയറിയിറങ്ങി കഷ്ടപ്പെട്ടെങ്കിലും ഒടുവില്‍ ബന്ധപ്പെട്ട എല്ലാപേരെയും നേരില്‍കേട്ട ശേഷം കളക്ടര്‍ നവംബര്‍ 4ന് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു.
എന്നാല്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. നാലു വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് മോഹനചന്ദ്രന്. കളക്ടറുടെ ഉത്തരവ് നടപ്പാക്കികിട്ടാനും നീതി ലഭിക്കുന്നതിനും വീണ്ടും ആര്‍ഡിഒയെയും കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് മോഹനചന്ദ്രന്.
ഇതിനോട് ചേര്‍ന്ന് കിളിമാനൂര്‍ കൊട്ടാരത്തിന് മുന്നില്‍ ഹരിത കര്‍മ്മ സേന നെല്‍കൃഷി ചെയ്യുമ്പോഴാണ് മോഹന ചന്ദ്രന് കൃഷിചെയ്യാനുള്ള അകാശം നിഷേധിക്കുന്നത്. നെല്‍ വയലുകള്‍ രൂപ മാറ്റം വരുത്തിയവര്‍ പൂര്‍വ സ്ഥിതിയിലാക്കി മോഹനചന്ദ്രന് നെല്‍കൃഷി ചെയ്യാന്‍ 15 ദിവസത്തിനകം സൗകര്യം ഉണ്ടാക്കണമെന്നാണ് 2023 നവംബര്‍ 4 ലെ ജില്ലാ കളക്ടറുടെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: