അടുത്ത നാല് ശ്ലോകങ്ങള്‍ വളരെ വളരെ ഗഹനങ്ങളാണ്. സൃഷ്ടിയുടെ തുടക്കവും ഒടുക്കവും, കാലത്തിന്റെ മൂന്ന് ലോകങ്ങളില്കൂടി നടക്കുന്നതാണ് അവയുടെ പശ്ചാത്തലം. എന്നാല്‍ ആ ഗഹനതകളെ വളരെ ലളിതമായാണ് ഉപനിഷത്ത് അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ അതിന്റെ ആ സ്വഭാവം നഷ്ടപ്പെടാതിരിക്കുവാനായി ഗഹനങ്ങളായ പഠനങ്ങളെ നമുക്കും ഒഴിവാക്കാം.
ഉപദേശരൂപത്തില്‍ ഇനിയുള്ള ശ്ലോകങ്ങളില്‍ കൂടി, ഗുരു ഒന്നും പറയുന്നില്ല. എന്നാല്‍ തന്റെ ജീവിത വഴിയില്‍, നമ്മളേയും കൂടെ വരുന്നതിന് അദ്ദേഹം അനുവദിക്കുകയാണ്. അവിടെ അദ്ദേഹം കടന്നുപോകുന്നതിനെല്ലാം നമ്മള് സാക്ഷികളാകുകയാണ്. ഇതുവരെ പറഞ്ഞുതന്നത് എത്രമാത്രം ഉള്‍ക്കൊണ്ടിട്ടുണ്ടോ അതനുസരിച്ച് ഒരാള്‍ക്ക് അതിലെ താല്പര്യങ്ങള് വായിച്ചെടുക്കുവാന്‍ കഴിയും. എല്ലാം നമ്മളില്‍ ഉണര്‍ന്ന ദര്ശനശക്തിക്ക് മുമ്പില്‍, നിരീക്ഷിച്ച് തിരിച്ചറിയുവാനായി ‘സ്വ’ ജീവിതത്തില്‍ നിന്നും അദ്ദേഹം കൊണ്ടുവരുന്ന ഏടുകളാണ്. മറ്റൊരര്‍ത്ഥത്തില്‍ അതെല്ലാം, നമുക്ക് നല്‍കിവരുന്ന പരിശീലന പാഠങ്ങളുടെ അവസാനത്തെ പരീക്ഷയാണ്.
ഹിരണ്മയേന പാത്രേണ
സത്യസ്യാപിഹിതം മുഖം
തത്ത്വം പൂഷന്ന പാവൃണു
സത്യധര്‍മ്മായ ദൃഷ്ടയേ,
(ശ്ലാകം 15)
(സ്വര്ണമയമെന്നതുപോലെ പ്രകാശമാനമായ പാത്രം കൊണ്ട് സത്യത്തിന്റെ മുഖം മൂടപ്പെട്ടിരിക്കുന്നു അതിനെ അല്ലയോ സൂര്യദേവാ സത്യമാകുന്ന ധര്‍മ്മത്തോട് കൂടിയ ദൃഷ്ടിക്കായി മാറ്റിയാലും.)
ഒരു ജീവിതാരംഭം പോലെ സൂര്യന് സ്വര്ണവര്ണത്തോടെ ഉദിച്ച് നില്ക്കുമ്പോള്, അദ്ദേഹം സൂര്യദേവനോട് പ്രാര്‍ത്ഥിച്ചു. (ഇവിടെയുള്ള കാണാപ്പുറം ഗുരു നടത്തുന്ന പ്രാര്‍ത്ഥനയാണ്. തന്റെ മാര്‍ഗ്ഗത്തിലൂടെ കുറച്ചു പേര് ശിഷ്യരായിവന്നിട്ടുണ്ട്. അവരില്‍ സത്യവും ധര്‍മ്മവും നേടിയ ദൃഷ്ടികളുണ്ട്. ആ കണ്ണുകള്‍ക്ക് മുന്പില് അവിടുന്ന് ഈ മായയുടെ ആവരണം മാറ്റി, സ്വയം വെളിപ്പെടുത്തി, ഞങ്ങളെ അനുഗ്രഹിച്ചാലും. ഏത് തരം കര്‍മ്മമായാലും ഈശ്വരാനുഗ്രഹം കൊണ്ടേ പൂര്ണതയിലെത്തുയെന്ന പാഠമാണ് ഈ പ്രവൃത്തിയിലൂടെ അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നത്). (സൂര്യ)ദേവനോടുള്ള പ്രാര്‍ത്ഥനയ്ക്ക് പിന്നിലെ യുക്തി എന്താണെന്ന് നമ്മളോട് പറഞ്ഞിട്ടുണ്ട്.
ഇതുവരെ പഠിപ്പിച്ച ദര്‍ശനത്തെ, ഒരു ജീവിതപദ്ധതിയായി ഇവിടെ അവതരിപ്പിക്കുകയാണ്. ആദ്യം നാം നേടേണ്ടത് അറിവാണ്. കാണായ ലോകത്തിന്റെ നിജസ്ഥിതിയെ അറിയിക്കുന്ന വിദ്യാഭ്യാസമാണ് മനുഷ്യക്കുഞ്ഞുങ്ങള്‍ക്ക് വേണ്ടത്.
ഈ ലോകത്ത് ജഡങ്ങള്‍ ഒരുപാടുണ്ട്, എന്നാല്‍ ചൈതന്യം ഒന്നേയുള്ളു. ആ ഒന്നാണ് അനേകങ്ങളായ ജഡങ്ങളെയെല്ലാം പ്രകാശിപ്പിക്കുന്നത്. ആ മഹാസത്യത്തെ, പ്രത്യക്ഷമായി നാം കണ്ടെത്തുന്നത് ഈ സൂര്യനിലാണ്. ഇതും ഒന്നാണ് എങ്കിലും പ്രകാശിപ്പിക്കുന്നത് അനേകങ്ങളെയാണ്. വാതകരൂപിയായ ഇവന് ജ്വലിച്ചുണ്ടാക്കുന്ന ചൈതന്യവും സ്ഥൂലമാണ്. ഈ ചൈതന്യം അല്ല യഥാര്‍ത്ഥചൈതന്യം. അത് സൂര്യനെ സൂര്യനാക്കുന്ന, ചന്ദ്രനെ ചന്ദ്രനാക്കുന്ന, ഭൂമിയെ ഭൂമിയാക്കുന്ന ഇച്ഛയായി എല്ലാത്തിനും പിന്നില്‍ ഉണ്ട്. അതായത് ഒന്നിനെ അതാക്കിമാറ്റുന്ന ഒരു ഇച്ഛാരൂപിയായ ജ്യോതിസ്, സൃഷ്ടിയ്ക്ക് അകത്തും പുറത്തുമായി വ്യാപിച്ചു നില്‍ക്കുന്നുണ്ട്. പക്ഷേ, ഈ ലോകമാകുന്ന അന്ധകാരം മൂടിനില്‍ക്കുന്നതിനാല്‍ എനിക്ക് അവനെ കാണുവാന്‍ കഴിയുന്നില്ല. എന്നാല്‍ ഈ ഇരുട്ടില്‍ വെളിച്ചമാകുന്ന സൂര്യനില്‍ ഞാന്‍ നിന്നെ കാണുന്നു. എന്തുകൊണ്ടെന്നാല്‍ അഗോചരനായ നീ അവതരിപ്പിക്കുന്ന നിന്റെ ഒരു വിഗ്രഹം തന്നെയല്ലേ ഈ സൂര്യനും. (ഇതിന്റെ പരിമിതി നന്നായി അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാന്‍, നിന്നെ ഇതില്‍ ആ രോപിക്കുന്നത്).
അല്ലയോ ആദിത്യമണ്ഡലസ്ഥനായ ദേവാ, ഈ പ്രകാശത്തിനും അപ്പുറത്തുള്ളവനേ… സത്യധര്‍മ്മങ്ങള്‍ കൊണ്ട് തെളിഞ്ഞ എന്റെ ഉള്ക്കണ്ണിനു മുമ്പില്‍, അങ്ങയുടെ സ്ഥൂലമായ പ്രകാശത്താല്‍ കത്തിജ്വലിക്കുന്ന, ദീപ്തമായ ഈ മുഖംമൂടി ഒന്ന് മാറ്റിയാലും. (അവനെ പ്രകാശിപ്പിക്കുവാനുള്ള കഴിവ് നിന്നിലെ ഈ വെളിച്ചത്തിനില്ലല്ലോ) നിന്നെയും, നിന്നിലൂടെ ഈ ലോകത്തേയും പ്രകാശിപ്പിക്കുന്ന, ആ യഥാര്ത്ഥരൂപത്തെയാണ് എനിക്ക് കാണേണ്ടത്. അതൊന്ന് കാട്ടി തരൂ… ചുരുക്കത്തില്‍ പുറത്തുകാണുന്ന നിന്റെ ഈ ഐശ്വര്യത്താല് (സ്വര്‍ണവര്‍ണത്താല്‍) ഞാന്‍ വഞ്ചിക്കപ്പെടരുത് ദേവാ… കണ്ണ് മഞ്ഞളി പ്പിക്കുന്ന ഈ ലോകത്തെ സ്വര്ണപ്രഭകളില് നിന്ന് മാറി, നിന്നിലെ നിന്നെ അറിയാന്‍ ഒരു വഴിയേയുള്ളൂ.
സത്യധര്‍മ്മങ്ങളെ മുറുകെപ്പിടിക്കുക. അതാണ് സ്വയം കണ്ടെത്തുന്നതിനുള്ള, ഇന്നത്തെ ഏകമാര്‍ഗ്ഗം. അതില്ലാതെ ആര്‍ക്കും ഒരു നാളിലും ഈശ്വരനെ, അഥവാ അവനവനെ പ്രാപിക്കുവാന്‍ കഴിയില്ല. ഈശ്വരന്റെ വ്യാവഹാരികമായ ഈ ലോകത്ത്, നിങ്ങള്‍ കാണിക്കാത്ത, സത്യവും ധര്‍മ്മവും നീതിബോധവും ഒന്നും സത്യം സ്വരൂപമായുള്ള അവനില്‍ നിന്നും തിരിച്ചും പ്രതീക്ഷിക്കേണ്ട (മഹാഭാരതത്തിലെ കൃഷ്ണന്റെ ചെയ്തികള്‍ക്കെല്ലാമുള്ള ഒരേയൊരുത്തരവും, ഇതാണ്.) എന്തെന്നാല്‍ ആ മാര്‍ഗ്ഗത്തില്‍ ഈ ലോകത്തുള്ളതെല്ലാം ദിവ്യമാണ്. ആയതിനാല്‍ ഓരോന്നുമായി ഇടപഴകുമ്പോഴും, ഓര്‍ക്കുക. ഒരു വസ്തുവിനെ ആ രൂപത്തില്‍ എത്തിക്കുന്നത് അതിലുള്ള ഈശ്വരന്റെ ഇച്ഛാശക്തിയാണ്. ദേവനായി നില്ക്കുന്ന ആ ശക്തിയുമായാണ് നമ്മള് ഇടപെടുന്നത്. അത് ഉള്‍ക്കൊണ്ടാകണം, അതായത് സര്‍വതിനേയും ഹൃദയത്തില്‍ കരുതികൊണ്ടാകണം, ഇവിടെ ജീവിക്കേണ്ടത്. ഇങ്ങനെ എല്ലാത്തിനെയും അറിഞ്ഞും ബഹുമാനിച്ചും കൊണ്ടുള്ള ഒരു കാഴ്ചയും, വേഴ്ചയുമാണ്, സത്യത്തിന്റെയും ധര്‍മത്തിന്റെയും മാര്‍ഗ്ഗം. ആ വഴിയേ നീങ്ങുന്ന നിനക്ക് മുന്പില് സര്വരഹസ്യത്തെയും വെളിവാക്കുവാന്‍ സൂര്യന് മാത്രമല്ല, ഇവിടത്തെ ഓരോ മണ്‍തരിക്കും കഴിവുണ്ടെന്നറിയുക. എന്തെന്നാല്‍ സംവത്സരപ്രജാപതിയുടെ വിഗ്രഹങ്ങളാണ്, സചേതനങ്ങളും അചേതനങ്ങളുമായി നിനക്ക് ചുറ്റുമുള്ളത്.
ഓരോരോ രൂപങ്ങളിലെത്തിയ അവന്റെ ശരീരഭാഗങ്ങള്‍ ഒത്തുചേര്‍ത്ത് നിര്‍മ്മിച്ച, അവന്റെ മൂര്‍ത്തമായ വിഗ്രഹമാണ് ഈ ലോകം. അതറിയുന്നതാണ് ആധുനികമായ ലോക വീക്ഷണം. അവിടെയാണ് സൂര്യനെപ്പോലെ ജനിക്കേണ്ടതും, സമന്വയിപ്പിച്ച വിദ്യയെ ദേവന്മാര്ക്ക് മുമ്പില്‍ പ്രാര്‍ത്ഥനയായി ചൊല്ലി പഠിക്കേണ്ടതും.
(ഈ അറിവാണ്, നവരാത്രി നാളിലെ ആയുധപൂജയ്ക്കും, വിവിധങ്ങളായ മണ്രൂപങ്ങളുടെ ബൊമ്മകൊലുവിന്റെ ആരാധനയ്ക്കും അടിസ്ഥാനമാകുന്നത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: