ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനും രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ക്കും നൂറുശതമാനം വിശ്വാസ്യത ഉറപ്പുനല്‍കി സുപ്രീംകോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധിന്യായം പ്രതിപക്ഷ പാര്‍ട്ടികളുടെ ഇരട്ടത്താപ്പിനേറ്റ കനത്ത പ്രഹരമാണ്. കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും സുപ്രീംകോടതി വിധി വന്നതോടെ രാജ്യത്തെ 140 കോടി ജനങ്ങളുടെ മുന്നില്‍ നാണംകെട്ടുനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുമ്പോള്‍ മിണ്ടാതിരിക്കുകയും തോല്‍ക്കുമ്പോള്‍ വോട്ടിംഗ് തന്ത്രത്തില്‍ ബിജെപി അട്ടിമറി നടത്തുന്നുവെന്ന വ്യാജ ആരോപണം ഉന്നയിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇനിയെങ്കിലും നന്നാവാന്‍ തയ്യാറാവണം. രാജ്യത്തെ തന്നെ പിന്നോട്ടടിക്കുന്ന ദുരൂഹശക്തികളായാണ് ഇവിഎം വിരുദ്ധ ഹര്‍ജിയുമായെത്തിയവരെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. രാഹുല്‍ഗാന്ധി മുതല്‍ ആന്റോ ആന്റണി വരെയുള്ള നേതാക്കള്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ അപകീര്‍ത്തിപ്പെടുത്താന്‍ നിരന്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം. ഭാരതത്തിന്റെ മുന്നേറ്റത്തെ അപമാനിക്കുകയെന്നത് മാത്രമാണ് ഹര്‍ജിക്കാരുടെ ലക്ഷ്യമെന്ന ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ വിധിന്യായത്തിലെ വിമര്‍ശനത്തിന് വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് മറുപടി പറയേണ്ടിവരുമെന്നുറപ്പാണ്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ ജനമനസ്സില്‍ സംശയത്തിന്റെ വിത്തുപാകി ഭാരതത്തിന്റെ ജനാധിപത്യത്തേയും തെരഞ്ഞെടുപ്പ് പ്രക്രിയയേയും നാണംകെടുത്തുകയായിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ഇതിനായി ചില എന്‍ജിഒകളെയും മോദി-ബിജെപി വിരുദ്ധരായ വ്യക്തികളെയും കൂട്ടുപിടിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. വിവിപാറ്റുകള്‍ മുഴുവനും എണ്ണണം, ഇവിഎമ്മുകള്‍ക്ക് പകരം പഴയ ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരണം തുടങ്ങിയവയായിരുന്നു ആവശ്യം.
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഇത്തരത്തിലുള്ള ഹര്‍ജികളുമായെത്തി ജനമനസ്സില്‍ സംശയമുണ്ടാക്കാനും അന്തര്‍ദ്ദേശീയ തലത്തില്‍ ഭാരതത്തിലെ ജനാധിപത്യ സംവിധാനം സുതാര്യമല്ലെന്നും കൃത്രിമത്തിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തുന്നതെന്നുമുള്ള പ്രചാരണം ശക്തമാക്കാനുമാണ് ഹര്‍ജിക്കാര്‍ ലക്ഷ്യമിട്ടത്. വിവിപാറ്റ് ഹര്‍ജിക്ക് പിന്നില്‍ സുപ്രീംകോടതി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദുരൂഹശക്തികളാണെന്ന ആരോപണം ഉന്നയിച്ച് മുതിര്‍ന്ന അഭിഭാഷകന് മഹേഷ് ജത്മലാനി രംഗത്തെത്തിയിട്ടുമുണ്ട്. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധി തകര്‍ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ സംഘം ഹര്‍ജി നല്‍കിയതെന്നും മഹേഷ് ജത്മലാനി ആരോപിക്കുന്നു. പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള എന്‍ജിഒയായ അസോസിയേഷന് ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് ആയിരുന്നു പ്രധാന ഹര്‍ജിക്കാര്‍. യാതൊരു അടിസ്ഥാനവുമില്ലാതെ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ക്കെതിരെ സുപ്രീംകോടതിയിലെ വാദത്തിനിടയില്‍ ഇവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് കോടതി തന്നെ പലവട്ടം തടഞ്ഞിരുന്നു. വിവാദത്തിനായി മനപ്പൂര്‍വ്വം ശ്രമിക്കുകയാണ് ഹര്‍ജിക്കാരെന്നും ഗൂഢാലോചനാ സിദ്ധാന്തം ആരോപിച്ച് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് വിശ്വാസ്യത ഇല്ലെന്ന് വരുത്തിതീര്‍ക്കാനുള്ള നടപടികളാണ് വാദത്തിലൂടെ നടത്തുന്നതെന്നും കോടതി ഇവരെ വിമര്‍ശിച്ചിരുന്നു.
പ്രതിപക്ഷ നേതാക്കളുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ് സുപ്രീംകോടതി വിധിയെന്ന പ്രതികരണത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പ്രതിപക്ഷത്തെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിക്കഴിഞ്ഞു. പ്രതിപക്ഷം രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും ഇവിഎമ്മുകളേപ്പറ്റി ജനമനസ്സുകളില്‍ സംശയം നിറച്ച കുറ്റത്തിന് തിരിച്ചടി ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ബൂത്തുപിടിച്ചും കള്ളവോട്ടുകള്‍ ചെയ്തും ബാലറ്റ് പേപ്പറുകള്‍ തട്ടിയെടുത്തും പതിറ്റാണ്ടുകളോളം തെരഞ്ഞെടുപ്പ് വിജയിച്ച കോണ്‍ഗ്രസ്-ആര്‍ജെഡി പോലുള്ള പാര്‍ട്ടികള്‍ക്ക് ബാലറ്റ് പേപ്പര്‍ തിരിച്ചുവരണമെന്നാണ് ആഗ്രഹം. പാവപ്പെട്ടവരെ പോളിംഗ് സ്റ്റേഷനുകളിലെത്താന്‍ പോലും അനുവദിക്കാതെ കള്ളവോട്ട് ചെയ്ത് അധികാരത്തില്‍ തുടര്‍ന്നവരാണ് അവര്‍. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് രംഗത്തുവരുത്തിയ മാറ്റങ്ങളെ അംഗീകരിക്കാന്‍ ഈ പാര്‍ട്ടികള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. ഇത്തരത്തിലുള്ള ഹര്‍ജികള്‍ക്ക് പിന്നിലെ കാരണങ്ങള്‍ ഇവയൊക്കെയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കഴിഞ്ഞമാസം ദല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ നടന്ന ഇന്‍ഡി മുന്നണി യോഗത്തില്‍ രാഹുല്‍ഗാന്ധി തന്നെ ഇവിഎമ്മുകള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ബിജെപിക്ക് ഇവിഎമ്മില്ലാതെ വിജയിക്കാനാവില്ലെന്നും നേരത്തെ തന്നെ ഫലം ഉറപ്പിച്ച മത്സരമാണ് നടക്കുന്നതെന്നുമായിരുന്നു രാഹുലിന്റെ ആരോപണം. കഴിഞ്ഞ വര്‍ഷം അവസാനം ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ് പറഞ്ഞത് തനിക്ക് വോട്ടിംഗ് യന്ത്രങ്ങളില്‍ വിശ്വാസമില്ലെന്നായിരുന്നു. ഇവിഎമ്മിലെ ചിപ്പുകള്‍ ഹാക്ക് ചെയ്താണ് ബിജെപി വിജയമെന്നും സിങ് ആരോപിച്ചിരുന്നു.
അതേസമയം, ഹിമാചല്‍ പ്രദേശില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തിലെത്തിയ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെയും ടിആര്‍എസിനെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തിയ തെലങ്കാനയിലെ ഫലത്തെയും ചോദ്യം ചെയ്യാത്ത പ്രതിപക്ഷ പാര്‍ട്ടികളും ഇത്തരം ഹര്‍ജിക്കാരും എന്തുകൊണ്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പിനേയും ബിജെപി വിജയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെയും വ്യാജ ആരോപണങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്നതെന്ന് എല്ലാവര്ക്കും മനസ്സിലാകും. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച അതേ വോട്ടിംഗ് യന്ത്രങ്ങള്‍ തന്നെയാണ് ഇന്നലെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും കര്‍ണ്ണാടകയില്‍ ഉപയോഗിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അനുകൂലമായപ്പോള്‍ വോട്ടിംഗ് യന്ത്രങ്ങള്‍ മികച്ചതും ലോക്സഭയിലേക്ക് പരാജയം ഉണ്ടാകുമ്പോള്‍ മാത്രം വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുന്നതും എങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. വോട്ടിംഗ് യന്ത്രത്തില്‍ ആന്റോ ആന്റണിക്ക് കുത്തിയെങ്കിലും വിവിപാറ്റില്‍ അനില്‍ ആന്റണിക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന പരാതി ഉന്നയിച്ച വോട്ടര്‍ക്കൊപ്പം ചേര്‍ന്ന് തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താന്‍ ഇന്നലെ പത്തനംതിട്ടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി കാണിച്ച അതേ ഉത്സാഹമാണ് ഇന്‍ഡി മുന്നണിയിലെ ഓരോ നേതാവും തെരഞ്ഞെടുപ്പ് പരാജയമുറപ്പിക്കുമ്പോള്‍ കാണിക്കുന്നത്. ഇത്തരക്കാര്‍ക്കുള്ള മറുപടി, വിശ്വാസമില്ലെങ്കില്‍ മത്സര രംഗത്തുനിന്ന് പിന്മാറിക്കൂടേ എന്നു മാത്രമാണ്. ജനാധിപത്യ സംവിധാനങ്ങളില്‍ വിശ്വാസമുള്ളവര്‍ക്ക് ഇത്തരക്കാര്‍ വഴിമാറിക്കൊടുക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: