കാലമായ പ്രകൃതി, അമ്മയായും സഹോദരിയായും ഭാര്യയായും മകളായും പുരുഷന് കൂടെ നില്ക്കുമ്പോള് അക്ഷരാര്‍ഥത്തില്‍ ഒരു കൃഷി സ്ഥലം പോലെയാണ്. ഇവിടെ അവന് നടത്തുന്ന കര്‍മ്മങ്ങള്‍ ഫലങ്ങളായി നാളത്തെ അവനെ തന്നെയാണ് ഉണ്ടാക്കുന്നത്. ഒടുവില്‍ അത് അമ്മയായ സ്ത്രീയിലൂടെ അവനില്‍ എത്തും. അന്ന് അവന്റെ ദിവ്യത്വത്തിലേക്ക് തിരിച്ചെത്തുന്നതിനുള്ള കാലത്തിന്റെ സമ്മതപത്രം അവരിലൂടെ അവന് കിട്ടും. ഇങ്ങനെ തന്റെ ജനനമരണ വീഥിയില്‍ പടര്‍ന്നു കിടക്കുന്ന സ്ത്രീയുടെ സത്ത വെറും ശാരീരികമായ തലത്തില്‍ ഒതുങ്ങുന്നില്ലെന്നും, അവളിലെ മാതൃഭാവത്തിന് മൂന്നില്‍, എത്ര വലിയ ഈശ്വരസ്ഥാനവും ഒന്നും അല്ലെന്നും, ആദ്ധ്യാത്മികമായി ഉയര്‍ന്ന പുരുഷന് കാണുവാന്‍ കഴിഞ്ഞു. (അവന് എന്നും നിലനില്‍പ്പുള്ള പുരുഷനാണെങ്കിലും കാലത്തിന്റെ ഇന്നും നാളെയും പ്രകൃതിയായ അവളിലൂടെ കടന്നിട്ടേ മറ്റന്നാളായി സ്വരൂപത്തില്‍ എത്തുവാന്‍ കഴിയൂ). ആ തിരിച്ചറിവാണ് അവളിലെ ‘അമ്മയെ വ്യാവഹാരികമായ തലം വിട്ട്, പാരമാര്‍ത്ഥിക സത്തയുള്ള ഈശ്വരനും മുകളിലായി കാണുവാന്‍ ഭാരതീയരെ പഠിപ്പിച്ചത്.
ഇനി ഭാര്യയിലേക്ക് വരാം. ശരീരതലത്തില്‍ നിന്നും മാറി, പ്രകൃതിയുടെ ഭാഗമല്ലാതെ നില്ക്കുന്ന സ്വന്തം പുരുഷസത്തയിലേക്ക് എത്തുവാനുള്ള ശാരീരികമായ പരിമിതിയെ, ഭര്‍ത്താവിലൂടെ അവര്‍ക്ക് മറികടക്കുവാന്‍ കഴിയും. തന്നിലെ ഈശ്വരസത്തയുമായുള്ള ഐക്യത്തെ അറിയുന്ന പുരുഷനുമായി പൂര്‍ണമായും ലയിച്ച്, പ്രകൃതിയായ സ്ത്രീ ശരീരങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന ഒരു ശക്തി വിശേഷമുണ്ട്. അതാണ് പതിയെ വ്രതമായി കാണുന്നവര്‍ നേടുന്ന പാതിവ്രത്യം. (താപസപത്നിമാരില് അത് പ്രകടമാണ്) അതിന്റെ പരിശുദ്ധിയില്‍ ജനിച്ചവര്‍ക്കാണ് സത്യത്തെ അറിയുവാനുള്ള കഴിവുണ്ടാകുന്നത്. അതായത് സത്യദര്‍ശനത്തിനു അര്‍ഹതയില്ലാത്ത ശരീരമാണ് അമ്മയില്‍നിന്ന് കിട്ടിയതെങ്കില്, സ്വരൂപപ്രാപ്തി ആ ജന്മത്തില് സാദ്ധ്യമല്ല. ഇങ്ങനെ ഈശ്വരനെ പ്രാപിക്കുവാനുള്ള കാലത്തിന്റെ സമ്മതപത്രം അമ്മയിലൂടെ അഥവാ സ്ത്രീയിലൂടെയാണ് പുരുഷന് നേടേണ്ടത്. കാലത്തെ കടന്ന് തന്റെയുള്ളിലെ ഈശ്വരനെ പുരുഷനിലൂടെയാണ് സ്ത്രീയും നേടേണ്ടത്. ഈവിധം പരസ്പരം വേര്‍തിരിക്കുവാന്‍ കഴിയാത്ത ഒരു വ്യാകരണത്തി ലാണ് സ്ത്രീയേയും പുരുഷനേയും പ്രകൃതി അവതരിപ്പിച്ചിരിക്കുന്നത്.
ഈ ആദേശം തിരിച്ചറിഞ്ഞ പൂര്‍വികര്‍, വെറൂം മൃഗാവസ്ഥയില്‍ മനുഷ്യന് എത്താതിരിക്കുവാനാണ്, പ്രകൃതിയായ സ്ത്രീയുടെ പരിപാലനം പുരുഷനിലും ഈശ്വരനായ പുരുഷന്റെ പരിപാലനം സ്ത്രീയിലുമാക്കിയത്. സ്വയം ഈശ്വരന്‍തന്നെ കുടുംബമായാണ് അവരോട് സംവദിച്ചത്. എന്തെന്നാല്‍ ഈശ്വരനും സംന്യാസിയും കുടുംബത്തിലെ പരിശുദ്ധിയിലാണ് ജനിക്കേണ്ടത്.
അവിടെ രണ്ടുപേര്‍ക്കും സംശുദ്ധി അത്യന്താപേക്ഷിതമാണ്. എന്നാല്‍ കാലത്തിന്റെ സമ്മതപത്രം തലമുറകള്‍ക്ക് നല്‍കേണ്ടത് സ്ത്രീയായതിനാല്‍ അവര്‍ സംശുദ്ധിയോടെ ജീവിക്കുവാന്‍ കൂടുതല്‍ ശ്രദ്ധിക്കണം.
രോഗിയായ പാണ്ഡു വ്യാവഹാരികനായ പുരുഷനാണ്. അവനിലുള്ള പാരമാര്‍ത്ഥികനായ പുരുഷനാണ് ഈ പ്രപഞ്ചത്തിലെ ദേവന്മാരായി നില്‍ക്കുന്നത്. കുന്തി അവരില്‍ നിന്നാണ് കുഞ്ഞുങ്ങളെ നേടിയത്. അതായത് വെറും ശരീരത്തിന്റെ തലത്തില്‍ രമിച്ചു ണ്ടായവരല്ല അവര്‍. അമ്മയുടെ ഈശ്വരനുമായുള്ള ചേര്‍ച്ചയില്‍ നിന്ന് ജനിച്ചവരാണ് പാണ്ഡവരായ കുഞ്ഞുങ്ങള്‍. അവര്‍ക്കാണ് ഇവിടെ ഈശ്വരന്റെ സൗഹൃദവും കിട്ടുന്നത്. അവരിലൂടെയാണ് ഈശ്വരന് ഈ ലോകത്തെ ധര്‍മ്മത്തില്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നത്. എന്നാല്‍ ഗാന്ധാരിയില്‍ ജനിച്ച കുഞ്ഞുങ്ങള്‍ മാംസപിണ്ഡത്തില്‍ നിന്ന് വന്നവരാണ്. അവരുടെ ശരീരങ്ങള്‍ക്ക് ഈ ശ്വരനെ കാണുവാനുള്ള കഴിവ് ഉണ്ടായിരിക്കില്ല (കൗരവന്മാരുടെ ദുര്യോഗവും അതായിരുന്നു). കാലങ്ങള്‍ മാറിയപ്പോള്‍ നിങ്ങള്‍ വ്യക്തിശുദ്ധിയെ അവഗണിച്ചു. അപ്പോള്‍ ലോകത്തിന് ഈശ്വരന് എന്ന ധര്മ്മപാലകനിലേക്കുള്ള ദൂരവും വര്‍ദ്ധിച്ചു. (ഇതാണ് നമ്മുടെ സംന്യാസേതര ജീവിതങ്ങളിലെ കാണാപ്പുറം)
ആത്മാവിനെ ആധുനിക വിദ്യാഭ്യാസം നേടി വരുന്ന സ്ത്രീ
പുരുഷന്മാരിലെ കാഴ്ചയുടെ പരിമിതി വളരെ വ്യക്തമാണ്. വെറും ശരീരമാണ് തങ്ങള്‍ എന്നും, കാണുന്ന ഈ ലോകം മാത്രമാണ് സത്യമെന്നും ഉറച്ച് വിശ്വസിച്ചുകൊണ്ടാണ്, അവര്‍ തങ്ങളുടെ ജീവിതങ്ങളെ രൂപപ്പെടുത്തുന്നത്. സ്വാഭാവികമായും അവരില്‍ നിന്ന് സംഭവിക്കുന്ന തലമുറയ്ക്കും ബാഹ്യമായ ഈ ലോകസത്ത മാത്രമേ കാണൂ. ഇതിനപ്പുറമുള്ള കാഴ്ചയോ ലോകമോ അവരിലുമുണ്ടാകില്ല. ഇങ്ങനെ തന്റെ പരിമിതി അറിയാതെ സ്ത്രീ വിഭാവനചെയ്യുന്ന ക്ഷണികമായ ലോകത്തെ, തന്നിലെ സാധ്യത അറിയാത്ത പുരുഷനും ചേര്‍ന്ന് വീണ്ടും വീണ്ടും സൃഷ്ടിച്ചെടുത്തപ്പോള്‍, ആത്മാവിനെ പ്രകാശിപ്പിക്കാന്‍ കഴിയാത്ത കൂറേ ജഡങ്ങളായി മനുഷ്യനും ലോകവും മാറി. ഇന്ന് ലോകം അനുഭവിക്കുന്ന വീര്‍പ്പുമുട്ടലുകള്‍ക്കെല്ലാം പിന്നില്‍ ദ്രവ്യത്തിന്റെ (പിണ്ഡത്തിന്റെ) മാത്രം കഥകളായി മാറിയ ഈ സ്ത്രീപുരുഷന്മാരാണ്.
നൂറ്റാണ്ടുകള്‍ അടിമത്വത്തില്‍ കിടന്നതു കൊണ്ടും, ഉള്‍ക്കാഴ്ചയില്ലാത്ത പഠിപ്പുകൊണ്ടും തനിക്ക് പാരമാര്‍ത്ഥികമായ ഒരു തലം കൂടിയുണ്ട് എന്ന സത്യം തന്നെ ഭാരതീയരായ സ്ത്രീയും പുരുഷനും മറന്ന് പോയി. തങ്ങളൂടെ അകത്തും പുറത്തും ദ്രവ്യത്തെ മാത്രം കണ്ട് നീങ്ങുന്ന നിങ്ങളും, ഇന്ന് പാശ്ചാത്യരുടെ ദിക്കിലേക്കാണ് പോകുന്നത്. ആ സംസ്കൃതിയില്‍ നഷ്ടമാകുന്നത് അവനവ നെത്തന്നെയാണ്. ലോകമഹായുദ്ധങ്ങളും ദുരന്തങ്ങളും ആ ജീവിതത്തിന്റെ ഭാഗമാണ്. നമ്മളേയും കാത്തിരിക്കുന്നത് ആ വിധിയാണ്. കണ്ണഞ്ചുന്ന വിധം ബാഹ്യമായി പുരോഗമിക്കുകയും, കണ്ണുചിമ്മുന്ന വേഗതയില്‍ സമ്പൂര്‍ണ്ണമായും നാശമടയുകയും ചെയ്യുന്ന വിധി
യഥാര്‍ത്ഥത്തില്‍ ആദ്ധ്യാത്മികതയെ അവനവനിലെ പാരമാര്‍ത്ഥിക സത്തയായ ഈശ്വരീയതയെ അനുഭവപ്പെടുത്തലാണ്. കാലങ്ങളായി മനുഷ്യന് പല പല മതങ്ങളില്‍ കൂടി മുന്നേറുന്നത് അവിടേക്കാണ്. തന്നില്‍ത്തന്നെ മറഞ്ഞിരിക്കുന്ന ഈശ്വരനിലേക്കുള്ള ആ യാത്ര, കാലമെത്ര മാറിയാലും അവന് തുടര്‍ന്ന് കൊണ്ടേയിരിക്കും. ശാസ്ത്രം വളരുന്നതിനാല്‍ ഉപേക്ഷിക്കാന്‍ കഴിയുന്നതല്ല ആദ്ധ്യാത്മികത.
നിന്റെ യാത്രയില്‍ ഒരു കൂട്ടുകാരനായാണ് ശാസ്ത്രത്തെ വളര്‍ത്തേണ്ടത്, അല്ലാതെ വഴി മുടക്കുന്ന യജമാനനായല്ല. അത് കാണാതെ സ്വന്തം ഈശ്വരീയതയിലേക്കുള്ള അന്വേഷണത്തെ തന്നെ അവഗണിച്ച്, സ്വയം മറന്ന് വളര്‍ത്തുന്ന ഈ ശാസ്ത്രം, കൂടുതല്‍ കൂടു തല്‍ ദ്രവ്യങ്ങളുടെ കൂട്ടായ, വെറും യന്ത്രമനുഷ്യരായി, നിങ്ങളെത്തന്നെ മാറ്റുകയാണ്.
അതിനാല്‍, പ്രകൃതിയില്‍ നിന്ന് അകന്ന് ജീവിക്കാതിരിക്കുക. അതിന് ഒരു സത്യമുണ്ട്. അത് നിലനില്പ്പിന്റെറെ സത്യമാണ്. സര്‍വ്വചരാചരങ്ങളെയും സൃഷ്ടിച്ച് നിലനിര്‍ത്തുന്ന ഈ ആവാസവ്യവസ്ഥിതി, ഈശ്വരന് തന്നെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ച് നടത്തുന്ന ഒരു യജ്ഞമാണ്.
ഈ ലോകത്തിന് ആധാരമാകുന്നത് അന്നമാണ് (ആഹാരം). അന്നത്തെ സമൃദ്ധമാക്കുന്നത് മഴയാണ്. മഴയായി പെയ്ത് ഇറങ്ങുന്നത് മേഘങ്ങളാണ്. മേഘങ്ങളെ സൃഷ്ടിക്കുന്നത്, സ്വാര്‍ത്ഥതയില്ലാതെ പ്രവര്‍ത്തിക്കുന്ന സൂര്യനും ജലവും വായുവും, ഭൂമിയുമൊക്കെയാണ്. എല്ലാപേരുംകൂടി നടത്തുന്ന കര്‍മ്മങ്ങളാണ് അഥവാ മഹായജ്ഞങ്ങളാണ് ഈ ലോകമായി കാണുന്നത്. (ഇതാണ് ഭഗവദ്ഗീതയില്‍, ‘യജ്ഞാര്ത്ഥമായാണ് അതായത് തന്റെ യജ്ഞത്തിലേക്കാണ് പ്രജകളെയെല്ലാം സൃഷ്ടിച്ചതെന്നും’ അതുകൊണ്ട് ‘നിങ്ങള്‍ യജ്ഞം ചെയ്ത് ദേവന്മാരെ ആരാധിക്കുവാനും അതുവഴി പരമമായ ശ്രേയസിനെ പ്രാപിക്കുവാനും’, ഭഗവാന് പറഞ്ഞത്). ആ രഹസ്യം അറിഞ്ഞിട്ടാണ് പൂര്‍വ്വികര്‍ ആണുങ്ങളോട് പറഞ്ഞത്, നിന്റെ വാക്കും ചിന്തയും പ്രവൃത്തിയും എല്ലാം ഈശ്വരാര്പ്പണമായാലേ നിനക്കുള്ള മോചനം സാധ്യമാകൂയെന്ന്. അതായത് എങ്ങും നിറഞ്ഞ് നില്ക്കുന്ന നിന്നിലെ പാരമാര്‍ത്ഥികസത്തയെ, എപ്പോഴും സ്മ രിച്ചുകൊണ്ട് ഒരു യജ്ഞം പോലെ, സ്വാര്‍ഥരഹിതനായി, എന്നുപറഞ്ഞാല്‍ നിന്റെ സത്തയോട് ഒന്നും കൂട്ടിവയ്ക്കാതെ ജീവിച്ച്, സ്വരൂപത്തെ പ്രാപിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. എന്തെന്നാല്‍ സൂര്യനും ചന്ദ്രനും മണ്ണില്‍ നിന്ന് ഉയിര്‍കൊണ്ട നമ്മളും എല്ലാം, വിശ്വമനസ്സ് നടത്തുന്ന ആ യജ്ഞത്തിന്റെ ഭാഗമാണ്.
സ്ത്രീകളോട് പറഞ്ഞത്, സ്വന്തം ഭര്‍ത്താവിനെ ഈശ്വരനാണെന്ന് അറിഞ്ഞ് കര്‍മ്മനിരതരാകുവാനും അതുവഴി മോചനം നേടുവാ നുമാണ്. ഇവിടെ സ്ത്രീയായാലും പുരുഷനായാലും ജീവിത ധര്‍മ്മം ഒന്നുതന്നെയാണ്; സ്വരൂപപ്രാപ്തി. പാരമാര്‍ത്ഥികമായ പുരുഷ സത്തയോട് ചേര്‍ന്നാണ് അവന്റെ ആദ്യശക്തിയായ ഈ പ്രകൃതി വര്‍ത്തിക്കുന്നത്. ശക്തിതന്നെയാണ് ഇവിടെ മനുഷ്യസ്ത്രീയായി അവനോടൊപ്പം നില്ക്കുന്നതും. (കഥകള്‍ എങ്ങനെ മാറ്റി എഴുതിയാലും ഇതാണ് പ്രകൃതിയിലെ സത്യം). അതുകൊണ്ട് സഹധര്‍മ്മിണിയായി നിന്ന്, അവനിലെ സത്തയോട് പൂര്‍ണ്ണമായും ലയിച്ച് ഒന്നായി തീര്‍ന്ന്, വിശ്വമനസ്സിലേക്കാണ് അവരും പ്രയാണം ചെയ്യേണ്ടത്. സ്വരൂപത്തിലേക്ക് മടങ്ങുമ്പോള്‍ സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള ഭേദങ്ങള്‍ ഉണ്ടായിരിക്കുവാന്‍ പാടില്ല. അങ്ങനെ ഒന്നായി, ധര്‍മ്മാചരണത്തിന്റെ വഴിയിലെ നേട്ടത്തിന് നിങ്ങള്‍ തുല്യ അവകാശികളാകണമെന്നാണ്, ഭര്‍ത്താവിലുള്ള ഈശ്വരസത്തയെ മുന്‍നിര്‍ത്തി കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ പറഞ്ഞതിലെ ഉദ്ദേശ്യം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: