കൊച്ചി: ‘ഇടപ്പള്ളി കുന്നുംപുറത്തേക്ക് ഉടന്‍ പോസ്റ്റര്‍ എത്തിക്കണം.’ കേള്‍ക്കേണ്ട താമസം ബിജെപി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് സി.കെ. ബിനു മോന്‍ ഒരു കെട്ട് പോസ്റ്ററുമായി ബൈക്കില്‍ എട്ടു കിലോമീറ്റര്‍ അകലെയുള്ള കുന്നുംപുറത്തേക്ക് പുറപ്പെട്ടു കഴിഞ്ഞു. എറണാകുളം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ ഒരു രംഗമാണിത്.
മുന്‍നിരയിലുള്ള ആയിരക്കണക്കിനു പ്രവര്‍ത്തകരെ ആവേശഭരിതരാക്കി നിര്‍ത്താനുള്ള ആസൂത്രണം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ഓഫിസില്‍നിന്നാണ്. കടവന്ത്ര എളംകുളം മെട്രോ സ്റ്റേഷന് സമീപമാണ് എന്‍ഡിഎയുടെ കേന്ദ്ര കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തൃപ്പൂണിത്തുറ മുന്‍ മണ്ഡലം പ്രസിഡന്റ് നവീന്‍ ശിവനാണ് ഓഫീസിന്റെ ചുമതല. ഉറങ്ങുകയും ഉണരുകയും ചെയ്യുന്നില്ലെങ്കിലും രാവിലെ ആറിന് ഓഫീസ് പ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിക്കുന്നു.
അനുദിന പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ കഴിഞ്ഞ് പിറ്റേന്നത്തേക്കുള്ള ആസൂത്രണവും കഴിഞ്ഞ് ഭാരവാഹികള്‍ പിരിയുമ്പോള്‍ പുലര്‍ച്ചെ രണ്ടരയാവും. പലരും നിലത്തു വിരിച്ച പായയിലോ കസേരകള്‍ അടുപ്പിച്ചുണ്ടാക്കിയ ‘കട്ടിലി’ലോ ഒന്നു മയങ്ങുന്നു.
എറണാകുളം ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന 14 സംഘടനാ മണ്ഡലങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയിലാണ് ഇവിടെ ഏകോപിപ്പിക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജുവാണ് ജനറല്‍ കണ്‍വീനര്‍. ജില്ലയുടെ പ്രഭാരി നാരായണന്‍ നമ്പൂതിരിക്കാണ് മണ്ഡല ചുമതല. സ്ഥാനാര്‍ത്ഥിയുടെ പര്യടനത്തിന്റെ ചുമതല വഹിക്കുന്നത് കെ.എസ്. ഉദയന്‍. ഓരോ നിമിഷവും സ്ഥാനാര്‍ത്ഥി എവിടെയാണെന്ന് ഉദയന് അറിയാം. കൃത്യം ടൈം ടേബിളിലാണ് സ്ഥാനാര്‍ത്ഥി കെ.എസ്. രാധാകൃഷ്ണന്‍ ചലിക്കുന്നത്.
ഓഫീസില്‍ ഒരോരുത്തര്‍ക്കും ചുമതല നിശ്ചയിച്ചിട്ടുണ്ട്. കുടിവെള്ളം നിറയ്‌ക്കാന്‍ പോലും ഡ്യൂട്ടി ഇട്ടിട്ടുണ്ട്. 42 ഡിപ്പാര്‍ട്‌മെന്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എല്ലാ ഡിപ്പാര്‍ട്ടുമെന്റിലെയും ചുമതലക്കാര്‍ പാതിരാത്രിയോടെ ഒത്തുകൂടുമ്പോള്‍ ആരവമാണ്. പ്രതീക്ഷയില്‍ കവിഞ്ഞ പ്രകടനത്തിന്റെയും സ്വീകാര്യതയുടെയും കഥയാണ് ഓരോ ഡിപ്പാര്‍ട്‌മെന്റിനും പറയാനുള്ളത്. സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന സോഷ്യല്‍ മീഡിയ വിങ് മണ്ഡലത്തില്‍ മുഴുവന്‍ വിര്‍ച്വല്‍ വല വിരിച്ചിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. എവിടെ എന്തിന്റെ കുറവ് വന്നാലും നികത്താന്‍ ‘എമര്‍ജന്‍സി ടീമും’ റെഡി. ക്ഷീണത്തിനും വിശ്രമത്തിനും അവധി നല്‍കി ‘മിഷന്‍ 2024’ന്റെ ലഹരിയിലാണ് തെരഞ്ഞെടുപ്പ് ഓഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: