ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് പ്രചാരണത്തില്‍ നിറഞ്ഞ് ബിജെപിയും നരേന്ദ്ര മോദിയും. ഇടതുവലതു മുന്നണികളുടെ പ്രചാരണം സംഘടിത മതന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യത്തിലേക്ക് മാത്രമായി ചുരുങ്ങുകയാണ്. ബിജെപി വിരുദ്ധ ചാമ്പ്യന്‍ ആരെന്നതിലാണ് ഇടതും വലതും മത്സരിക്കുന്നത്. സിഎഎ വിഷയത്തില്‍ മുസ്ലീം സംഘടനകള്‍ ഇട്ടുകൊടുത്ത ചൂണ്ടയില്‍ ഇരു മുന്നണികളും കൊത്തിയതോടെ പ്രചാരണം ബിജെപി, നരേന്ദ്ര മോദി വിമര്‍ശനത്തില്‍ ഒതുങ്ങി.
രണ്ടാം പിണറായി വിജയന് സര്‍ക്കാരിനെതിരെ കടുത്ത ജനരോഷമുള്ളതിനാല്‍ കേന്ദ്രവിരുദ്ധ പ്രചാരണങ്ങളില്‍ ഊന്നിയാണ് ഇടതു പ്രചാരണ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഒന്നും തന്നെ സ്ഥാനാര്‍ത്ഥികളും നേതാക്കളും പറയുന്നില്ല.
സംസ്ഥാന സര്‍ക്കാരിനെതിരെ പൊതുജനങ്ങളില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയരുമ്പോള്‍, തങ്ങളാണ് മോദിയെയും, ബിജെപിയും ശക്തമായി എതിര്‍ക്കുന്നതെന്ന മറുപടിയാണ് ഇടതുപക്ഷം നല്‍കുന്നത്. മുന്‍ കാലങ്ങളില്‍ മുഖ്യമന്ത്രിമാരാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്നാല്‍ ഇതുവരെ നാമമാത്രമായ കണ്‍വന്‍ഷനുകളില്‍ മാത്രമാണ് പിണറായി വിജയന് പങ്കെടുത്തത്. നവകേരള സദസും, പിന്നീട് കൊട്ടിഘോഷിച്ച് നടത്തിയ മുഖാമുഖം പരിപാടികളും ദയനീയമായി പൊളിഞ്ഞു എന്ന് മാത്രമല്ല, സര്‍ക്കാരിനും, മുന്നണിക്കും ഗുണത്താക്കാളേറെ ദോഷമാണ് വരുത്തിവെച്ചതെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് വിമര്‍ശനവും ഉയരുന്നു. എസ്എഫ്ഐ ഗുണ്ടായിസവും, നവകേരള സദസിലെ ‘രക്ഷാ പ്രവര്‍ത്തന’വും വ്യാപക പ്രതിഷേധത്തിനിടയാക്കായ സാഹചര്യത്തില്‍ മതന്യൂന പക്ഷങ്ങള്‍ക്കിടയില്‍ ഭീതി പരത്തി മുതലെടുക്കുക എന്ന തന്ത്രമാണ് ഇടതുപക്ഷം പയറ്റുന്നത്.
എന്നും കുത്തകയായി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മതന്യൂനപക്ഷ വോട്ടുകള്‍ മറുപക്ഷത്തേക്ക് പോകാതിരിക്കാന്‍ ഇടതിനെയും വെല്ലുന്ന കുപ്രചാരണങ്ങളാണ് യുഡിഎഫ് നടത്തുന്നത്. മുസ്ലീംലീഗ് നയിക്കുന്ന മുന്നണിയായി യുഡിഎഫ് മാറിയെന്ന് കോണ്‍ഗ്രസ് അണികള്‍ പോലും വിമര്‍ശനം ഉന്നയിച്ച് തുടങ്ങി. മുന്നണിയുടെ അജണ്ട പോലും ലീഗാണ് നിശ്ചയിക്കുന്നത്. ലീഗീന്റെ വര്‍ഗീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് കോണ്‍ഗ്രസും മറ്റു ഘടകകക്ഷികളും പ്രവര്‍ത്തിക്കേണ്ട അവസ്ഥയാണുള്ളത്. സംഘടിത വോട്ടുബാങ്ക് കാണിച്ച് ഇടതുവലതു മുന്നണികളോട് ഒരു പോലെ വിലപേശാന്‍ ലീഗിന് കഴിയുന്നു. ഇതോടെ കോണ്‍ഗ്രസും യുഡിഎഫും വ്യക്തമായ പ്രചാരണ വിഷയങ്ങള്‍ പോലും ഇല്ലാതെ സംഘടിത മത പ്രീണനമെന്ന ഒറ്റ അജണ്ടയില്‍ കുടുങ്ങി. ബിജെപി, സിപിഎം അവിശുദ്ധ ബന്ധമെന്ന് പ്രചാരണം നടത്തി മതന്യൂന പക്ഷങ്ങളെ തങ്ങള്‍ക്കൊപ്പം നിലനിര്‍ത്താനാകുമോ എന്നാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
ഇരു മുന്നണികളും ലക്ഷ്യമിടുന്നത് ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും എതിരെയുള്ള കുപ്രചാരണമാണ്. വികസന രാഷ്ട്രീയം ഉയര്‍ത്തി പ്രചാരണം നടത്തുന്നത് എന്‍ഡിഎ മാത്രമാണ്. കഴിഞ്ഞ പത്തു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ പറഞ്ഞും, മോദി ഗ്യാരന്റി ഉയര്‍ത്തിക്കാട്ടിയും ഭരണത്തുടര്‍ച്ചയ്ക്കാണ് എന്‍ഡിഎ വോട്ട് തേടുന്നത്. ഇടതുവലതു മുന്നണികളുടെ നെഗറ്റീവ് കാമ്പയിനും എന്‍ഡിഎയുടെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിയുമുള്ള പ്രചാരണത്തില്‍ നിറയുന്നത് നരേന്ദ്ര മോദിയും ബിജെപിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: