ദേവിയുടെ അവതാരവും പിന്നെ പട്ടാഭിഷേകവും ഭണ്ഡാസുരനെ വധിച്ചതും ആദ്യമായി വിശദീകരിക്കുന്നു. ബ്രഹ്മാണ്ഡപുരാണം ലളിതോപാഖ്യാനത്തില്‍ ലളിതാദേവി ചരിത്രം വിശദീകരിക്കുന്നുണ്ട്. ദക്ഷയാഗത്തില്‍ അപമാനിതയായ സതീദേവി യാഗാഗ്നിയില്‍ സ്വശരീരം വെടിഞ്ഞ് പുതിയ ഗാത്രം സ്വീകരിച്ച് ഹിമവാന്റെ പുത്രിയായി ജനിച്ച് ശിവനെ ഭര്‍ത്താവായി ലഭിക്കുവാന്‍ തപസ്സനുഷ്ഠിച്ചു. ശിവനെ തപസ്സില്‍ നിന്ന് ഉണര്‍ത്തുന്നതിന് ദേവന്മാര് കാമദേവന്റെ സഹായം തേടി. ഭഗവാന് പരമേശ്വരന് മൂന്നാം കണ്ണ് തുറന്ന് മന്മഥനെ ഭസ്മമാക്കി. മന്മഥന്റെ ശരീരഭസ്മമെടത്ത് ചിത്രകര്മ്മ എന്ന ഗണനാഥന് അതിസുന്ദരമായ മനുഷ്യരൂപം നിര്‍മ്മിച്ചു. ശിവന് അതിനെ കടാക്ഷിച്ചപ്പോള്‍ ആ രൂപത്തിന് ജീവന് വന്നു. ഇതാണ് ഭണ്ഡാസുരന്‍. അഹങ്കാരിയായ ഭണ്ഡാസുരന്‍ ശിവഭഗവാനെ തപസ്സ് ചെയ്ത് ശത്രുക്കളുടെ പകുതി ശക്തി തനിക്ക് ലഭിക്കണമെന്ന് വരം വാങ്ങി കൂടുതല്‍ അപകടകാരിയായി. ത്രിലോകങ്ങള്‍ പിടിച്ചടക്കി. അറുപതിനായിരം വര്‍ഷത്തേയ്ക്കാണ് ഈ വരം വാങ്ങിയത്. ഈ കാലാവധി കഴിഞ്ഞിട്ടും ഇതുപോലെ ശത്രുവിനെ ക്ഷയിപ്പിച്ച് വരം നേടാന്‍ അസുരഗുരു ശുക്രാചാര്യര്‍ ഉപദേശിച്ചിട്ടും അത് ഭണ്ഡാസുരന്‍ അനുസരിച്ചില്ല. വിഷ്ണു ഭഗവാന് ദേവന്മാരെ സഹായിക്കാനായി അതിസുന്ദരിയായ ഒരു സ്ത്രീയെ തോഴികള്‍ സഹിതം ഭണ്ഡാസുരന്റെ അടുക്കലേയ്ക്ക് അയച്ച് മോഹിപ്പിച്ച് കാമാന്ധനായിരുന്നതിനാല് ഈ സമയം ഭണ്ഡാസുരന്‍ ഗുരുവിന്റെ ഉപദേശം ചെവിക്കൊണ്ടില്ല. ദേവന്മാര് ത്രിപുരസുന്ദരീദേവിയെ പ്രീതിപ്പെടുത്താന്‍ യാഗം തുടങ്ങി. യാഗത്തില്‍ ദേവി പ്രസാദിക്കുവാന്‍ താമസം നേരിട്ടപ്പോള്‍ സ്വന്തം ശരീരം തന്നെ അറുത്ത് ദഹിപ്പിക്കാന്‍ തുടങ്ങി. തത്സമയം ദേവി, ത്രിപുരസുന്ദരി പ്രത്യക്ഷപ്പെട്ടു. ത്രിപുരത്തിലെ മഹാറാണിയായി പട്ടാഭിഷേകവും നടത്തി സന്തോഷിച്ചുനിന്ന ത്രിപുരസുന്ദരി ദേവി, ബാല, മന്ത്രിണി, ദണ്ഡിനി, ജ്വാലാമാല, അശ്വാരൂഢാ, സമ്പല്‍ക്കരീ തുടങ്ങിയ സൈന്യത്തോടുകൂടി ഭണ്ഡാസുരനുമായി യുദ്ധം ചെയ്ത് ഭണ്ഡാസുരനെയും അവന്റെ ആസ്ഥാനമായ ശോണിതപുരത്തെയും നശിപ്പിച്ചു. ദേവകാര്യം നിര്‍വഹിച്ച ദേവിയെ സ്തുതിക്കുന്ന നാമരൂപമാണ് ലളിതോപാഖ്യാനം.
ഓം ദേവകാര്യസമുദ്യതായൈ നമഃ ദേവന്മാരുടെ കാര്യസാന്നിദ്ധ്യത്തിനായി സമ്യക്കായി ഉത്ഭവിച്ചവള്. സജ്ജനങ്ങളെ ഉപദ്രവിക്കുന്നവര്‍ ആസുരീഭാവമുള്ളവരാണ്. ദേവിയെ ഭജിക്കുന്ന ഭക്തരെ അസുരന്മാരില് നിന്നും രക്ഷിക്കുന്നതിനായി എവിടെയും ആവിര്‍ഭവിക്കുന്നു. ദേവാരാധന ആരംഭിക്കുന്നതിന് മുമ്പ് സാധകന്റെ ശരീരത്തില്‍ ഓരോ അണുവിലും ആരാധനാ ദേവതയെ നിലനിര്‍ത്തേണ്ടതുണ്ട്, സാധകനും ദേവതയും ഐക്യമുണ്ടാകുമ്പോഴേ ആരാധന പൂര്‍ണമാവുകയുള്ളൂ. ഇതിന് ന്യാസ വിധികളുണ്ട്. ഇവയില്‍ ആറ് എണ്ണം വളരെ പ്രചാരമുള്ളവയാണ്. അവ ഗണേശ-ഗ്രഹ-നക്ഷത്ര-യോഗിനി-രാശി-പീഠന്യാസങ്ങള് എന്നിവയാണ്. ഈ ആറെണ്ണത്തെയാണ് ഷോഢന്യാസം എന്നു പറയുന്നത്. ഇവ ഓരോന്നിലും പല ക്രമവ്യത്യാസങ്ങളും ഉണ്ട്. ഭൂഷണം മാലിനി, ചക്രം തുടങ്ങിയവയാണ് മറ്റ് ന്യാസങ്ങള്‍. സാധകന് ഗുരു ഉപദേശിക്കുന്ന ന്യാസം ചെയ്യേണ്ടതാണ്. ഹോമദ്രവ്യങ്ങള്‍ എന്തെല്ലാമെന്നും അവ എങ്ങനെ ഏത് സമയം ഉപദേശിക്കണമെന്നും വിധിയുണ്ട്. രഹസ്യഖണ്ഡത്തില് ഉപാസകന്, ചക്രം, വിദ്യ, ഗുരു, ദേവീ എന്നീ അഞ്ചെണ്ണവും ഒന്നുതന്നെ. ചക്രങ്ങള്‍ ബിന്ദു തുടങ്ങി 9 എണ്ണമുണ്ട്. സര്‍വാനന്ദമയചക്രം, സര്‍വസിദ്ധിപ്രദചക്രം, സര്‍വരോഗഹരചക്രം, സര്വരക്ഷാകരചക്രം, സര്വാര്ത്ഥസാധകചക്രം, സര്വസൗഭാഗ്യദായകചക്രം, സര്വസംക്ഷോഭരണചക്രം, സര്വശാപരിപൂരകചക്രം, ത്രൈലോക്യമോഹനചക്രം.
ത്രൈലോക്യങ്ങളുടെ മഹാരാജ്ഞിയാണ് ത്രിപുരസുന്ദരി. ഭരണകാര്യങ്ങളില്‍ അവരെ സഹായിക്കുന്നത് മന്ത്രിണീദേവിയാണ്. രാജശ്യാമള എന്ന പേരില്‍ തന്ത്രങ്ങളില്‍ കാണുന്ന ദേവി മന്ത്രിണിയാണ്. ശത്രുക്കളെ അമര്‍ച്ച ചെയ്ത് രാജ്യരക്ഷ നടത്തുന്നതാണ് ദണ്ഡിനിയുടെ ചുമതല. വാരാഹി എന്ന നാമത്തിലാണ് തന്ത്രങ്ങളില്‍ അറിയപ്പെടുന്നത്. മന്ത്രിണീദേവിയുടെ പതിനാറ് നാമങ്ങള്‍ ജപിച്ചാലും ദേവിയുടെ അനുഗ്രഹം ലഭിക്കും.
സംഗീതയോഗിനി, രാജശ്യാമളാ, മന്ത്രനായിക, മന്ത്രിണി, സചിവാ, ഈശാനി, പ്രധാനേശി, ശുക്രപ്രിയ, വീണാവതി, വൈണകീ, മുദ്രിണീ, പ്രിയപ്രിയാകാദംബരി, കദംബവനവാസിനി, സദാമദാ.
ദണ്ഡിനിക്കുമുണ്ട് 12 നാമങ്ങള്‍. പഞ്ചമി, ദണ്ഡനാഥാ, സംകേതാ, സമയേശ്വരീ, സമയസങ്കേതാ, വാരാഹീ, ബോധ്രിണി, ശിവാ, വാര്ത്താലീ, മഹാസേനാ ളപ്യജ്ഞാ, ചക്രേശ്വരീ, അമഘ്നീ ഈ 12 നാമങ്ങള്‍ ജപിച്ചാല്‍ ശത്രബാധയെ ഇല്ലാതാക്കും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: