ഗുരുവായൂരിലും കോഴിക്കോട്ടെ തളിക്ഷേത്രത്തിലും പൂക്കളെത്തിക്കുന്ന പൊന്നാനി മണ്ഡലത്തിലെ തിരുനാവായയിലെ താമരപ്പൂപ്പാടത്ത് ഇക്കുറി നല്ല വിളവെടുപ്പാണ്. ഉരുണ്ടു കൂടിയ കാര്‍മേഘം, വീശിയടിക്കുന്ന ഉഷ്ണക്കാറ്റ്, ആര്‍ത്തിരമ്പുന്ന തിരമാലകള്‍… ഇതാണ് കാലാവസ്ഥ. തെരഞ്ഞെടുപ്പ് രംഗവും സമാനമായ രാഷ്ട്രീയ കാലാവസ്ഥയിലൂടെയാണ് ഇവിടെ കടന്നുപോകുന്നത്.
കാറ്റ് മാറി വീശിയാല്‍ പൊന്നാനിയും മാറും. വലതിനും ഇടതിനും ഒപ്പംതന്നെ എന്‍ഡിഎക്കും ശക്തമായ പ്രാതിനിധ്യമുള്ള മണ്ഡലം. ലീഗിന്റെ പൊന്നാപുരം കോട്ട എന്ന് വിശേഷിപ്പിക്കുമ്പോഴും പൊന്നാനി ലോക്സഭയിലെ ഏഴ് നിയമയഭാ മണ്ഡലത്തില്‍ നാലും എല്‍ഡിഎഫിനൊപ്പമാണ്. എന്‍ഡിഎയ്ക്ക് ഒരു ലക്ഷത്തിലധികം വോട്ടുള്ള മണ്ഡലം. ബിജെപി പ്രതിപക്ഷമായിരിക്കുന്ന താനൂര്‍ നഗരസഭയും പൊന്നാനിയിലാണ്. മുസ്ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റായ ഡോ. എം.പി. അബ്ദുസമദ് സമദാനി, ലീഗില്‍ നിന്ന് പുറത്താക്കിയ തൃശൂര്‍ സ്വദേശിയും വ്യവസായിയുമായ, ഇടത് ചിഹ്നത്തില്‍ മത്സരിക്കുന്ന കെ.എസ്. ഹംസ, ബിജെപി മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യന് എന്നിവര്‍ മത്സരിക്കാനിറങ്ങിയതോടെ ഇക്കുറി പൊടിപാറുന്ന മത്സരമാവും.
2009 മുതല്‍ തുടര്‍ച്ചയായി മൂന്ന് പ്രാവശ്യം പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ച ഇ.ടി. മുഹമ്മദ് ബഷീറിന് മലപ്പുറം മണ്ഡലം വച്ചുമാറിയാണ് സമദാനി പൊന്നാനിയില്‍ എത്തിയത്. മണ്ഡലം മാറ്റം പരാജയം ഭയന്നാണെന്ന ആക്ഷേപം
ലീഗിനുള്ളില്‍നിന്നുതന്നെ ഉയരുന്നുണ്ട്. നെഞ്ചിടിപ്പോടെയാണ് സമദാനി പൊന്നാനിയിലെ ഗോദയില്‍ ഇറങ്ങിയിരിക്കുന്നത്.
ലീഗിന്റെ വോട്ട് ബാങ്കായ സമസ്തയിലെ നല്ലൊരു വിഭാഗം ഇക്കുറി ലീഗ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ്. ലീഗിനുള്ള ഉത്തരം തെരഞ്ഞെടുപ്പില്‍ നല്‍കുമെന്ന് മുമ്പുതന്നെ സമസ്തയിലെ ലീഗ് വിരുദ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. സമസ്ത കാലുവാരിയാല്‍ വോട്ട് എണ്ണിത്തുടങ്ങുന്നതിന് മുമ്പുതന്നെ വീഴുമെന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് ബോധ്യപ്പെട്ടതാണ്. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത് വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് സിപിഎമ്മിനോട് മൃദുസമീപനമാണെന്ന് വിമര്‍ശിച്ചതിന്റെ പേരില്‍ ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട കെ.എസ്. ഹംസ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു എന്ന കൗതുകവും ഇക്കുറിയുണ്ട്. ഇടതു വലതു മുന്നണികള്‍ക്ക് വോട്ട് ചെയ്യുന്നത് അക്ഷരാര്‍ത്ഥത്തില്‍ ലീഗിന് വോട്ട് ചെയ്യുന്നതിന് സമാനമാണെന്ന വിലയിരുത്തലിലാണ് വോട്ടര്‍മാരും.
ലീഗിലെ ജി.എം. ബനാത്ത്വാല 1977ല്‍ സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്ത മണ്ഡലത്തില്‍ പിന്നെ മറ്റൊരു പതാകയും പാറിയിട്ടില്ല. 2019 തെരഞ്ഞെടുപ്പില്‍ ഇ.ടി. മുഹമ്മദ് ബഷീറിന് ലഭിച്ച വോട്ട് 521824. അതായത് 51.29 ശതമാനം. ഇടത് സ്വതന്ത്രനായി മത്സരിച്ച പി.വി. അന്‍വറിന് 328551 വോട്ട് ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി.ടി. രമ 110603 വോട്ടാണ് നേടിയത്. 2009ല്‍ 385801, 2014ല്‍ 378503 വോട്ടുകളാണ് ലീഗിലെ ഇ.ടി നേടിയത്. ഇവിടെ നിന്നാണ് 2019ല്‍ അഞ്ച് ലക്ഷത്തില്‍ അധികം വോട്ടായി വര്‍ധിപ്പിച്ചത്.
ലീഗിന്റെ പിന്തുണയോടെ വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ പ്രധാനമന്ത്രിയാകും, ഇ ടി കേന്ദ്രമന്ത്രിയാവുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇക്കുറിയും രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലും ഇല്ലാത്ത സാഹചര്യത്തില്‍ സമദാനിയുടെ നില കൂടുതല്‍ പരുങ്ങലിലാവും.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പൊന്നാനിയില്‍ ഇടതിന് പറയാനുള്ളത് വോട്ട് ചോര്‍ച്ചയുടെ കണക്കുകളാണ്. 2009ല്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച ഹുസൈന് രണ്ടത്താണിക്ക് ലഭിച്ചത് 30.4 ശതമാനം വോട്ടാണ്. എന്നാല്‍ 2014ല്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച വി. അബ്ദുറഹ്മാന്റെ വോട്ട് 29.95 ശതമാനമായി താഴ്ന്നു. തെരഞ്ഞെടുപ്പില്‍ 353093 വോട്ടാണ് 2014ല്‍ ഇടതിന് ലഭിച്ചത്. 2019ല്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച പി.വി. അന്‍വറിന് ലഭിച്ചത് 328551 വോട്ട് മാത്രം. 2014നെ അപേക്ഷിച്ച് മണ്ഡലത്തില്‍ ഇടതിന് 24,542 വോട്ടിന്റെ കുറവ്.
തുടര്‍ച്ചയായി വോട്ട് വിഹിതം കൂട്ടിയ പ്രകടനമാണ് പൊന്നാനിയില്‍ ബിജെപിയുടേത്. 1991ല്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ. ജനചന്ദ്രന് 45388 വോട്ടാണ് നേടിയത്. 7.9 ശതമാനം വോട്ട്. 1996ല്‍ വീണ്ടും ജനചന്ദ്രന് മത്സരിച്ചപ്പോള്‍ വോട്ട് 56234 വര്‍ധിച്ചു. 1998ല്‍ അഹല്യ ശങ്കര്‍ ബിജെപിയുടെ അത് 65008 ആയി ഉയര്‍ത്തി. 1999ല്‍ കെ. നാരായണന് 66427, 2004ല്‍ അരവിന്ദന് 71609, 2009ല്‍ കെ. ജനചന്ദ്രന് 57710, 2014ല്‍ കെ. നാരായണന് 75212, 2019ല്‍ വി.ടി. രമ 110603 വോട്ടും നേടി. നിലവില്‍ 10.87 ശതമാനം വോട്ട് എന്‍ഡിഎക്ക് മണ്ഡലത്തിലുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും മോദി പ്രഭാവവും മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മുത്തലാഖ് നിരോധനം, പൊതുസിവില്‍ കോഡ് എന്നിവ മുസ്ലിം സ്ത്രീകളുടെ വോട്ട് ഇക്കുറി എന്‍ഡിഎ അക്കൗണ്ടില്‍ എത്തും. സ്ഥാനാര്‍ത്ഥി നിവേദിത സുബ്രഹ്മണ്യന്റെ പ്രവര്‍ത്തനങ്ങളും വ്യക്തിപ്രഭാവവും എന്‍ഡിഎയ്ക്ക് കരുത്ത് പകരുമെന്നാണ് വിലയിരുത്തല്‍.
2019ലെ പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം
ഇ.ടി. മുഹമ്മദ് ബഷീര്‍- മുസ്ലിം ലീഗ്-521824 (51.29%)
പി.വി. അന്‍വര്‍-ഇടത് സ്വതന്ത്രന്-32855-(32.29%)
വി.ടി. രമ- എന്‍ഡിഎ-110603-(10.87%)
പ്രതികരിക്കാൻ ഇവിടെ എഴുതുക: