പോരാളിയാണ് ശോഭാ സുരേന്ദന്. അനീതിക്കും അഴിമതിക്കും എതിരെ, വിശ്വാസത്തിന് നേരെയുള്ള കടന്നു കയറ്റത്തിനെതിരെ, മനുഷ്യന്റെ ആത്മാഭിമാനത്തിന് നേരെയുള്ള വെല്ലുവിളികള്‍ക്കെതിരെ സമരമുഖത്ത് തീയായി പടരുന്നവള്‍. കേരളത്തിലെ പൊതുമണ്ഡലത്തിലെ വനിതാ നേതാക്കളില്‍, ജനപ്രതിനിധിയാകാതെ ആദ്യ പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു നേതാവില്ല.
രാഷ്ട്രീയ നേതാക്കളില്‍ ശോഭയുടെ വിമര്‍ശനത്തിന്റെ ചൂട് അറിയാത്തവരില്ല. സത്യം ശക്തമായി പറയുക എന്നതാണ് നയം. ഇടത് വലത് ഒത്തുതീര്‍പ്പുകള്‍, പിണറായിയുടെ കുടുംബത്തിന്റെയും അഴിമതി വാഴ്ച…. എല്ലാം ശോഭയുടെ വിമര്‍ശനത്തിന്റെ ചൂടറിഞ്ഞു. ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ഇടതു സര്‍ക്കാരും സിപിഎമ്മും ശ്രമിച്ചപ്പോള്‍, മൗനമായി കോണ്‍ഗ്രസ് അതിന് കുടപിടിച്ചപ്പോള്‍, മീശവിവാദത്തിലൂടെ ഹിന്ദുസ്ത്രീകളെ അപമാനിച്ചപ്പോള്‍, ഗണപതി ഭഗവാനെ മിത്ത് എന്ന് പറഞ്ഞ് സ്പീക്കര്‍ ഷംസീര്‍ അവഹേളിച്ചപ്പോള്‍ ആ പ്രതികരണത്തിന്റെ മൂര്‍ച്ച നാട് കണ്ടു. സ്ത്രീ ശാന്തരൂപിണി മാത്രമല്ല, കാളിയും, ദുര്ഗയുമാണെന്ന സങ്കല്‍പ്പമാണ് തന്നെ നയിക്കുന്നതെന്ന് പ്രഖ്യാപിച്ച് തന്നെ ശോഭാ സുരേന്ദ്രന് തല ഉയര്ത്തിനില്ക്കുന്നു.
തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലെ കര്‍ഷക തൊഴിലാളി കുടുംബത്തിലാണ് ജനനം. ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു കുട്ടിക്കാലം. പ്രാരബ്ധങ്ങളോട് പടപൊരുതിയാണ് ജീവിതത്തില്‍ ജയിച്ചുകയറിയത്. അച്ഛന് മരിച്ചതോടെ ദുരിതമേറി. ഇതിനിടെയിലും പഠനത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലുമെല്ലാം സജീവമായി. ബാലഗോകുലത്തിലും എബിവിപിയിലും തുടര്‍ന്ന് ബിജെപിയിലുമെത്തി. പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട അമ്മയാണ് ശോഭയ്ക്ക് റോള്‍ മോഡല്‍.
യുവമോര്‍ച്ചയിലൂടെ 1995ല്‍ രാഷ്ട്രീയ രംഗത്തേക്ക്. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചു. മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരിക്കെ 2004ല്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആയി. തുടര്‍ന്ന് രണ്ട് ടേമില്‍ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്. പിന്നീട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. ദേശീയ നിര്‍വാഹക സമിതി അംഗം, ഇപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്.
2004ല്‍ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പായിരുന്നു കന്നി അങ്കം. തുടര്‍ന്ന് രണ്ട് തെരഞ്ഞെടുപ്പുകളില്‍ പാലക്കാട്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ മത്സരിച്ചു. രണ്ട് തെരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്തെത്തി. ലോക്സഭയിലേക്കുള്ള കന്നിയങ്കം 2014ല്‍ പാലക്കാട് നിന്നായിരുന്നു. അവിടെ 2009ലെ 60000 ബിജെപി വോട്ടുകള്‍ 1,38,688 ആക്കി ഉയര്‍ത്തി. അടുത്ത ലോക്സഭാ പോരാട്ട വേദി ആറ്റിങ്ങല്‍ ആയിരുന്നു. 2014ലെ 90000 എന്ന വോട്ട് 2,48,688 ആയി വര്‍ധിച്ചു. ഇത്തവണ ആലപ്പുഴയിലാണ് പോരാട്ടം. വിജയത്തില്‍ കുറഞ്ഞൊന്നുമല്ല ലക്ഷ്യമെന്ന് ഉറപ്പിച്ച് മത്സരം കടുപ്പിക്കുകയാണ്. ഇടതുംവലതും കൂട്ടുമുന്നണിയാണെന്നും, ആലപ്പുഴയ്ക്ക് വേണ്ടത് മോദിയുടെ ഗ്യാരന്റിയാണെന്നും ശോഭ പറയുന്നത് ജനത ഏറ്റെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: