ബെംഗളൂരു: ക്ഷേത്രങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയ ബില്ലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് തിരിച്ചടി. കര്‍ണാടക ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബില്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ പാസാക്കാന്‍ സര്‍ക്കാരിനായില്ല. കഴിഞ്ഞ ചൊവ്വാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കിയ ഭേദഗതി ബില്‍, കൗണ്‍സിലില്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാതായതോടെ വോട്ടിങ്ങില്‍ തള്ളപ്പെടുകയായിരുന്നു.
75 അംഗ കൗണ്‍സിലില്‍ 29 ആണ് കോണ്‍ഗ്രസിന്റെ അംഗബലം. ബിജെപിക്കു 34ഉം ജെഡിഎസിന് എട്ടും അംഗങ്ങളുണ്ട്. തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ച സാഹചര്യത്തില്‍ ബിജെപിയും ജെഡിഎസും ഒറ്റക്കെട്ടായി കൗണ്‍സിലില്‍ എതിര്‍ത്തതോടെയാണ് ബില്‍ തള്ളിയത്. വെള്ളിയാഴ്ചയായിരുന്നു ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മുമ്പാകെ അംഗീകാരം തേടി ഭേദഗതി ബില്‍ അവതരിപ്പിച്ചത്.
ബില്‍ തള്ളിയതോടെ ജയ്ശ്രീറാം വിളികളുമായി ബിജെപി അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി ആഹ്ലാദപ്രകടനം നടത്തി. കോണ്‍ഗ്രസ് നിരയില്‍ നിന്ന് ഭാരത് മാതാ കി ജയ്, ജയ് ഭീം വിളികളും ഉയര്‍ന്നു. ശബ്ദവോട്ടെടുപ്പ് ആണ് ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നടത്തിയത്. ബില്ലിനെ അനുകൂലിച്ച് ഏഴ് വോട്ടുകളും എതിര്‍ത്ത് 18 വോട്ടുകളും രേഖപ്പെടുത്തി. പിന്നാലെ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എം.കെ. പ്രാണേഷിന്റെ നേതൃത്വത്തില്‍ ബില്‍ തള്ളുകയുമായിരുന്നു.
നിയമസഭ പാസാക്കിയതിന് പിന്നാലെ ബില്ലിനെതിരെ സംസ്ഥാന വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച നിയമസഭാ കൗണ്‍സിലില്‍ മുസ്രയ് വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡിയാണ് ബില്‍ അവതരിപ്പിച്ചത്. കര്‍ണാടകയില്‍ 1997ല്‍ സമാനമായ നിയമം പാസാക്കിയിരുന്നെങ്കിലും എതിര്‍പ്പുകള്‍ വന്നതോടെ നടപ്പാക്കിയിരുന്നില്ല. ഇതേ നിയമം പരിഷ്‌കരിച്ചാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ഭേദഗതി വരുത്തി ബില്‍ അവതരിപ്പിച്ചത്. കര്‍ണാടകയിലെ വന്‍ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് നികുതി ഈടാക്കി വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണവും ക്ഷേത ജീവനക്കാരുടെ ക്ഷേമവും ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് സിദ്ധരാമയ്യയുടെ അവകാശവാദം. ഒരു കോടി രൂപയ്‌ക്കു മുകളില്‍ വരുമാനമുള്ള ക്ഷേത്രങ്ങള്‍ വരുമാനത്തിന്റെ പത്തു ശതമാനവും 10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപയുടെ അടുത്തു വരുമാനമുള്ള ക്ഷേത്രങ്ങള്‍ വരുമാനത്തിന്റെ അഞ്ച് ശതമാനവും സര്‍ക്കാരിലേക്ക് നല്കണമെന്നായിരുന്നു ഭേദഗതി. കോണ്‍ഗ്രസ് ഹിന്ദുവിരുദ്ധ നയങ്ങള്‍ നടപ്പാക്കുകയാണെന്ന ആരോപണവുമായി ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു.
ബില്ലിനെതിരെ ഹിന്ദുമത വിശ്വാസികള്‍ക്കിടയില്‍ ബോധവത്കരണ പരിപാടികള്‍ ബിജെപിയുടേ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. ഹിന്ദു ക്ഷേത്രങ്ങളുടെ പണം തട്ടിയെടുത്തു സര്‍ക്കാര്‍ ഖജനാവ് നിറയ്‌ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര വ്യക്തമാക്കി.
സര്‍ക്കാരിനെതിരെ നോ ഹുണ്ടി കാണിക്ക (ഹുണ്ടിയില്‍ കാണിക്ക ഇടരുത്) എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഹാഷ് ടാഗ് കാമ്പയിനും ആരംഭിച്ചിരുന്നു. മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളില്‍ പോയി ഇത് പോലെ കണക്കു ചോദിച്ചു പണം വാങ്ങാന്‍ സിദ്ധരാമയ്യ സര്‍ക്കാരിന് ധൈര്യമുണ്ടോയെന്ന് ബിജെപി നേതാക്കള്‍ വെല്ലുവിളിച്ചു. ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ഭൂരിപക്ഷം ലഭിക്കും വരെ ഏതു ബില്‍ നിയമസഭയില്‍ പാസാക്കിയാലും അത് നിയമമാക്കാന്‍ ഇതേ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: