രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഗതിവേഗം വര്‍ദ്ധിച്ചിരിക്കുകയാണല്ലോ! രാഷ്ട്രജീവിതത്തിന്റെ ഓരോ മേഖലകളിലും സ്വത്വത്തിന്റെ പുനരാവിഷ്ക്കാരം നടന്നുകൊണ്ടിരിക്കുകയാണ്. സത്യയുഗത്തിന്റെ നന്മയും മേന്മയും സമൂഹത്തില്‍ ആവിഷ്ക്കരിക്കാന്‍ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. യുഗങ്ങളായി, മന്വന്തരങ്ങളായി, കല്പാന്തകാലമായി ഒഴുകിക്കൊണ്ടിരിക്കുന്ന ഹിന്ദു ജീവിതരീതി ഓരോ കുടുംബത്തിലും ആവിഷ്ക്കരിക്കാന്‍ കഴിയണം. കച്ചവടത്തിനായി വന്ന അറബികള്‍ കേരളീയ ജീവിതത്തില്‍ ഉണ്ടാക്കിയ സ്വാധീനവും ടിപ്പുവിന്റെ അധിനിവേശവും അതിന്റെ തുടര്‍ച്ചയായി പോര്‍ച്ചുഗീസുകാരുടെ സ്വാധീനവും ഇംഗ്ലീഷുകാര്‍ അടിച്ചേല്‍പ്പിച്ച വിദ്യാഭ്യാസ വ്യവസ്ഥയും കോണ്‍വെന്റ് വിദ്യാഭ്യാസവും കേരളത്തിലെ ഹിന്ദുജീവിതത്തില് കൊണ്ടുവന്ന മാറ്റങ്ങള്‍ കുറച്ചൊന്നുമല്ല. പക്ഷേ, സാവധാനത്തില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ കുടുംബജീവിതത്തില്‍ വരുത്തിക്കൊണ്ട് പരമ്പരാഗത ജീവിതമൂല്യങ്ങള്‍ നമുക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിയും. അതിനായി വളരെ ലളിതമായ രീതിയില്‍ തയ്യാറാക്കിയ പദ്ധതിയാണ് ‘മംഗളസംവാദം’. തികച്ചും ലളിതമാണ് അത്. ആഴ്ചയിലൊരിക്കല്‍, ഒരു മണിക്കൂര്‍ സമയം കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചു ചേരുക. അതില്‍ 40 മിനിട്ട് ഭക്തിപരമായ കാര്യക്രമം നടക്കണം. ഹിന്ദു ജീവിതരീതിയുടെ പ്രത്യേകതയായ ആരാധനാ സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട്, ഓരോ കുടുംബത്തിനും സ്വന്തം താല്പര്യമനുസരിച്ച് അത് തീരുമാനിക്കാം. ഭക്തി മനുഷ്യനെ ശുദ്ധീകരിക്കുമല്ലോ. 40 മിനിട്ട് ഭക്തിപരമായ കാര്യക്രമം നടക്കുന്നതിലൂടെ വീട് ‘ഭക്തിമയമായി’ മാറുന്നു. ബാക്കിയുള്ള 20 മിനിട്ട് കുടുംബാംഗങ്ങള്‍ക്കിടയില്‍ വീട്ടിലെ എല്ലാ കാര്യങ്ങളെയും കുറിച്ചുള്ള ചര്‍ച്ച നടക്കണം. ഈ ചര്‍ച്ച കുടുംബത്തിന്റെ കെട്ടുറപ്പ് വര്‍ദ്ധിപ്പിക്കും. അഥവാ വീട് ശക്തിമയമായിത്തീരുന്നു. ഭക്തിമയവും ശക്തിമയവുമായ ഒരു കുടുംബത്തില്‍ സന്തോഷം, അതിലുമുപരി ആനന്ദം അലയടിക്കും. ഇത്തരത്തില്‍ ഓരോ കുടുംബത്തെയും ‘ഭക്തിമയവും ശക്തിമയവും ആനന്ദമയവുമാക്കി’ മാറ്റിയെടുക്കുന്ന പ്രവര്‍ത്തനമാണ് നടക്കേണ്ടത്.
ഇത് പ്രാരംഭ നടപടികള്‍ മാത്രമാണ്. കൃഷി ചെയ്യുന്നതിന് പ്രാരംഭമായി നിലമൊരുക്കണമല്ലോ. നമ്മുടെ ചിന്തകളെ സ്വാധീനിച്ചിരിക്കുന്ന ഭൗതിക പുരോഗതിയെക്കുറിച്ചുള്ള ചിന്തയോടൊപ്പം ആദ്ധ്യാത്മിക ഉന്നതിക്കായുള്ള പ്രേരണ സമൂഹത്തില്‍ സൃഷ്ടിക്കുന്ന കാര്യം കുടുംബങ്ങളില്‍ മംഗളസംവാദം മുഖേന നടന്നുകൊള്ളും. 20 മിനിട്ടുനേരത്തെ സംവാദം ക്രമേണ നമ്മുടെ ആദ്ധ്യാത്മിക ഭണ്ഡാരത്തിന്റെ വാതായനങ്ങള്‍ തുറന്നിടാതിരിക്കില്ല. അതിനകത്തെ കണ്ണഞ്ചിപ്പിക്കുന്ന കമനീയ ദൃശ്യങ്ങള്‍ പുത്തന്‍ തലമുറയെ ആകര്ഷിക്കാതിരിക്കുകയുമില്ല.
ആദ്ധ്യാത്മിക അനുഭൂതി നിറഞ്ഞ കുടുംബാന്തരീക്ഷം എന്തെന്ത് അദ്ഭുതങ്ങള്‍ കാഴ്ച്ചവെക്കില്ല? മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനം ക്രമേണ ഇല്ലാതാകും. കുടുംബവഴക്കുകള്‍ കടംകഥയാകും. വിവാഹമോചനങ്ങള്‍ കേട്ടുകേള്‍വിയാകും. വിദ്യാഭ്യാസമെന്നാല്‍ തൊഴില്‍ നേടാനുള്ള വ്യായാമം മാത്രമെന്ന ചിന്താഗതി ക്രമേണ ഇല്ലാതാകും. പണം സമ്പാദിക്കുക മാത്രമാണ് ജീവിതലക്ഷ്യം എന്നതിന് മാറ്റം വരും. ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മുടെ പൂര്‍വ്വികര്‍ നമുക്കായി കരുതിവെച്ച ഉന്നതചിന്തകള്‍, ഉന്നതസംസ്ക്കാരം, മഹത്തായ ആചാരങ്ങള്‍ ഇവയെല്ലാം പുതിയ തലമുറയെ ആകര്‍ഷിക്കും. ആയിരത്താണ്ടുകളായി തടസ്സം നേരിട്ട അറിവിന്റെ ഗംഗാപ്രവാഹം ഉറവ് കണ്ടെത്തി അതിന്റെ പുനഃപ്രയാണം ആരംഭിക്കാതിരിക്കില്ല. അതോടൊപ്പം കുടുംബസദസ്സുകളില്‍ രാഷ്ട്രചിന്ത വളര്‍ത്തുന്ന കാര്യക്രമങ്ങളും ആചാരങ്ങളും കൊണ്ടുവരാന്‍ സാധിക്കും. സ്വാര്‍ത്ഥചിന്ത രാഷ്ട്രചിന്തയായി വളര്‍ത്തിയെടുക്കാം. രാഷ്ട്രത്തിന്റെ ഉന്നതി ഓരോ പൗരന്റെയും ലക്ഷ്യമായി മാറും. രാഷ്ട്രവിരുദ്ധചിന്ത സമൂഹത്തില്‍ നിന്ന് തുടച്ചു മാറ്റാം. ഇത്തരത്തില്‍ ഭാരതാംബ ജഗജ്ജനനിയായി വിരാജിക്കുന്ന മഹനീയ ദൃശ്യം വൈകാതെ സാക്ഷാത്ക്കരിക്കാം.
അടുത്തതായി കുടുംബങ്ങളില്‍ നടക്കേണ്ട ചില ആചാരങ്ങളും വിചാരങ്ങളും പ്രചരിപ്പിക്കുക എന്നതാണ്. നേരത്തെ ഈ പംക്തിയില്‍ വിശദീകരിച്ചിരുന്ന ഷഡ് ‘ഭ’ കാരങ്ങള്‍ കുടുംബങ്ങളില്‍ പ്രാവര്‍ത്തികമാക്കണം. ഓരോ കുടുംബവും ഭാരതീയ ജീവിതം ആദര്ശമാക്കണം. പിന്നീട് പഞ്ചമഹായജ്ഞങ്ങള്‍ കുടുംബത്തിന്റെ ജീവിതക്രമമായി മാറണം. പിതൃയജ്ഞം, ദേവയജ്ഞം, ബ്രഹ്മയജ്ഞം, നരയജ്ഞം, ഭൂതയജ്ഞം എന്നിവ ഓരോ കുടുംബവും നിത്യജീവിതത്തില്‍ ആചരിക്കണം. ഓരോ യജ്ഞത്തിലെയും ഓരോ കൊച്ചു കാര്യം ആദ്യം നടപ്പാക്കാന്‍ ശ്രമിക്കാം. ക്രമേണ അഞ്ചു യജ്ഞങ്ങളും ആചരിക്കുന്നത് സമൂഹത്തിന്റെ ശീലമാക്കി മാറ്റാന്‍ കഴിയും. ഇത്തരത്തിലുള്ള ഒരു സമൂഹം രാഷ്ട്രത്തിന്റെ കരുത്തായി മാറും. പിന്നീട് ചിന്തിക്കാനുള്ളത് ‘യമനിയമ’ ങ്ങളെക്കുറിച്ചാണ്. ഓരോ കുടുംബാംഗവും യമനിയമങ്ങള്‍ ആചരിക്കണം. ഓരോ പൗരനും യമനിയമങ്ങള്‍ ആചരിക്കുന്ന അവസ്ഥയിലെത്തിയാല്‍ രാമരാജ്യം അഥവാ ധര്‍മ്മരാജ്യം എന്ന അവസ്ഥയിലേക്ക് അധികം ദൂരം കാണാനിടയില്ല. രാഷ്ട്രത്തിന്റെ പരമമായ വൈഭവം ഇതുതന്നെയല്ലേ ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: