യമങ്ങളില്‍ രണ്ടാമത്തേത് സത്യം. ഉണ്മയാണ് സത്യം. ഉണ്മ അല്ലാത്തത് അസത്യവും. ഉണ്മയെന്നാല് നിലനില്‍ക്കുന്നത്. എന്താണോ ഉള്ളത് അതാണ് സത്യം. സത്യത്തിനെ സാക്ഷാത്ക്കരിച്ചവരുടെ വാക്കുകള്‍ക്ക് ചൈതന്യമുണ്ടാവും, ശക്തിയുണ്ടാകും. അതുകൊണ്ട് സത്യത്തെ സാക്ഷാത്ക്കരിച്ചവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ ആളുകള്‍ തടിച്ചുകൂടും. അവരെ പിന്തുടരാന് ആയിരങ്ങള്‍ കാത്തുനില്ക്കും. ഭാരതത്തിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ സത്യത്തിനെ സാക്ഷാത്ക്കരിച്ച എത്രയോ മഹത്തുക്കള്‍ക്ക് ജന്മം നല്കിയ നാടാണ് ഇത്. അതുകൊണ്ടുതന്നെ സത്യത്തിന് ഏറ്റവും ഉയര്‍ന്ന സ്ഥാനം ഹിന്ദു ധര്‍മ്മത്തിലുണ്ട്.
‘സത്യമേവ ജയതേ’ എന്ന ഉപനിഷത് വചനം ഭാരതത്തിന്റെ സന്ദേശമാണ്. ഹരിശ്ചന്ദ്രന്റെ സത്യനിഷ്ഠയാണ് ഭാരതീയന്റെ ആദര്‍ശം. ജീവിതത്തില്‍ സത്യം മുറുകെ പിടിക്കുക എന്നാണ് ഓരോ അമ്മയും കുഞ്ഞിന്നാളുമുതല് വരുംതലമുറയെ പഠിപ്പിക്കാറുള്ളതും. സത്യമാണ് എന്ന് നേരിട്ട് ബോദ്ധ്യമുണ്ടെങ്കില്‍ മാത്രമേ അതിനെക്കുറിച്ച് സംസാരിക്കാനും അത് പ്രചരിപ്പിക്കാനും പാടൂള്ളൂ എന്ന് ഗുരുപരമ്പര ഉദ്ബോധിപ്പിക്കാറുമുണ്ട്. സത്യസന്ധമായ ജീവിതം സാമൂഹ്യജീവിതത്തിന് ശക്തിപകരുന്നു. സത്യത്തെ സ്വാംശീകരിക്കുന്നത് പൗരധര്‍മ്മം തന്നെയാണ്.
എന്നാല്‍ സത്യത്തെക്കാളും ഭാരതം ഉയര്‍ത്തിപിടിക്കുന്നത് ‘ധര്‍മ്മത്തെ’യാണ് എന്നതാണ് രസകരമായ ‘സത്യം’. ധര്‍മ്മവും സത്യത്തില്‍ അധിഷ്ഠിതമാണല്ലോ. ഈ ലേഖനം ധര്‍മ്മത്തെക്കുറിച്ച് വിചിന്തനം നടത്താനുള്ള അവസരമല്ലാത്തതുകൊണ്ട് അതിനു മുതിരുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: