കൊച്ചി: പടിവാതില്ക്കല് എത്തിയിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബൂത്തുകളില്‍ വിജയിച്ചാല്‍ കേരളം പിടിക്കാമെന്നും മോദി പറഞ്ഞു. ദല്‍ഹിയില്‍ കേരളത്തിന്റെ പ്രാതിനിധ്യം അനിവാര്യമാണെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. എറണാകുളം മറൈന്‍ ഡ്രൈവില്‍ ബിജെപി ബൂത്ത് ശക്തികേന്ദ്ര ഇന്‍ ചാര്‍ജുമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ പ്രവര്‍ത്തകനും ബിജെപിയുടെ ശക്തിയാണ്. അടിസ്ഥാന വര്‍ഗത്തിന്റെ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മോദി ഗ്യാരന്റി എന്ന മുദ്രാവാക്യം ജനങ്ങളില്‍ എത്തിക്കണം, അതിലൂടെ കേന്ദ്രപദ്ധതികള്‍ വോട്ടര്‍മാരോട് വിശദീകരിക്കണം.
കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനം എടുത്തുപറയേണ്ടതാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ശക്തികേന്ദ്ര പ്രവര്‍ത്തകരെന്ന നിലയില്‍ ജനങ്ങളിലേക്ക് വികസന സന്ദേശമെത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. ബൂത്ത് തലത്തില്‍ കഠിനപ്രയത്നം നടത്തിയാലേ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കൂ. കേരളത്തിലെ പ്രവര്‍ത്തകരില്‍ വിശ്വാസമുണ്ടെന്നും അവര്‍ക്ക് അതിന് കഴിയുമെന്നും മോദി പറഞ്ഞു.
ബിജെപി ഇന്ന് രാജ്യത്തെ എല്ലാ പ്രദേശത്തിന്റെയും എല്ലാ വിഭാഗങ്ങളുടെയും പാര്‍ട്ടിയാണ്. ബിജെപിക്ക് മാത്രമാണ് വേഗത്തിലുള്ള വികസനത്തിന്റെ ട്രാക്ക് റെക്കോഡും ഭാവിയെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുമുള്ളത്.
പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് വാക്കുകളില്‍ മാത്രമായിരുന്നു ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉണ്ടായിരുന്നത്. അത് പ്രാവര്‍ത്തികമാക്കിയത് ബിജെപി
യാണ്. കഴിഞ്ഞ ഒന്‍പതു വര്‍ഷം കൊണ്ട് 25 കോടി പേരെ ദാരിദ്ര്യരേഖയുടെ മുകളിലെത്തിച്ചു. ജനങ്ങളുടെ സമ്പാദ്യവും വരുമാനവും വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ വിജയകരമായി നടപ്പാക്കാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള മാര്‍ഗമാണ് പ്രാവര്‍ത്തികമാക്കേണ്ടത്. സോഷ്യല്‍ മീഡിയയിലടക്കം വികസന പ്രവര്‍ത്തനങ്ങളുടെ സന്ദേശം കൃത്യമായി എത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിയണം. ഇതിനായി നമോ ആപ്പ് പോലെയുള്ളവ ഉപയോഗിക്കണം.
കേരളത്തിലെ ബിജെപിപ്രവര്‍ത്തകരുടെ കഴിവ് വളരെ വലുതാണ്. കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നടന്ന സ്ത്രീശക്തി സംഗമത്തില്‍ ഇത് കാണാന്‍ കഴിഞ്ഞു. ദരിദ്രരുടെ ക്ഷേമമാണ് ബിജെപിയുടെ മുഖമുദ്ര. ഒട്ടേറെ പദ്ധതികളിലൂടെ അത് ഉറപ്പാക്കി. കേന്ദ്രസര്‍ക്കാര്‍ ആദായനികുതി പരിധി കുറച്ചു. ഭാരതീയരോട് ആഗോളതലത്തില്‍ ബഹുമാനം കൂടി. ഗള്‍ഫ് രാജ്യങ്ങളുമായി നമുക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച ബന്ധമാണ് ഇപ്പോഴുള്ളതെന്നും മോദി പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അധ്യക്ഷനായി. കേന്ദ്ര മന്ത്രി വി. മുരളീധരന്, സംസ്ഥാന പ്രഭാരി പ്രകാശ് ജാവ്ദേക്കര്‍ എംപി, ദേശീയ സെക്രട്ടറി അനില്‍ ആന്റണി, വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്, സി.കെ പത്മനാഭന്, പി.കെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ജോര്‍ജ് കുര്യന്, സി. കൃഷ്ണകുമാര്‍, ഉപാധ്യക്ഷരായ എ.എന്‍ രാധാകൃഷ്ണന്, ഡോ.കെ.എസ് രാധാകൃഷ്ണന്, പ്രൊഫ. വി.ടി രമ, ശോഭ സുരേന്ദ്രന്, വി.വി രാജന്, വി. ശിവന്‍കുട്ടി, മേജര്‍ രവി, നടന് ദേവന്, സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, മുന്‍ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, വക്താക്കളായ ടി.പി സിന്ധുമോള്‍, കെവിഎസ് ഹരിദാസ്, കെ.എന്‍. നാരായണന് നമ്പൂതിരി, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി ജോസഫ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ് ഷൈജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: