തൃശ്ശൂര്‍: രണ്ട് ലക്ഷത്തിലധികം വരുന്ന സ്ത്രീ ശക്തിയുടെ മഹാസംഗമ വേളയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് കായിക താരവും എംപിയുമായ പി.ടി. ഉഷ. 1976 മുതല്‍ ദേശീയ രാഷ്ട്രീയത്തെയും കായിക രംഗത്തെയും അടുത്തറിയാവുന്ന ആളാണ് താന്‍. 1980 ലാണ് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ നേരില്‍ കാണുന്നത്. അതിനുശേഷം നമ്മുടെ രാജ്യം ഭരിച്ച എല്ലാ പ്രധാനമന്ത്രിമാരെയും നേരില്‍ കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള അടുപ്പം വേറെ പ്രധാനമന്ത്രിമാരോട് തോന്നിയിട്ടില്ല.
അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ പ്രത്യേക ഊര്‍ജ്ജമാണ് നമുക്ക് അനുഭവപ്പെടുന്നത്. 2013 ല്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയുടെ ആഗ്രഹ പ്രകാരം ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്റെ ഒരു ശാഖ ഗുജറാത്തിലെ ബറോഡയില്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹവുമായുള്ള ആദ്യ സംഭാഷണം. തുടര്‍ന്ന് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ശേഷം നിരവധി തവണ രാജ്യത്തിന് വേണ്ടി മെഡലുകള്‍ വാങ്ങിയ തന്റെ സ്കൂളിലെ കുട്ടികള്‍ക്കൊപ്പവും സഹപ്രവര്‍ത്തകരായ റെയില്‍വേ താരങ്ങള്‍ക്കൊപ്പവും പല പരിപാടികളിലും പങ്കെടുത്തു.
2022 ജൂലൈയിലാണ് രാജ്യസഭയില്‍ നോമിനേറ്റഡ് അംഗമാകാന്‍ താല്പര്യമുണ്ടോയെന്ന് പ്രധാനമന്ത്രി ചോദിക്കുന്നത്. പിന്നീട് സത്യപ്രതിജ്ഞക്കു ശേഷം പാര്‍ലമെന്റിലും പല പ്രവശ്യം കണ്ടു. അദ്ദേഹത്തിന്റെ സാമിപ്യം ഉണ്ടെങ്കില്‍ പറഞ്ഞറിയിക്കാനാവാത്ത ചൈതന്യം നമ്മളിലേക്ക് കൂടി പ്രസരിക്കുമെന്നും പി.ടി. ഉഷ പറഞ്ഞു. 2014 ന് ശേഷം നമ്മുടെ രാജ്യത്ത് കായികരംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. കഴിവുള്ളവരെ കണ്ടെത്തി അവരെ സിസ്റ്റമാറ്റിക്കായി പരിശീലിപ്പിച്ചെടുക്കാനുള്ള പല പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്.
വരാന്‍ പോകുന്ന പാരീസ് ഒളിമ്പിക്സിലും നമ്മുടെ രാജ്യം മെഡലുകളുടെ കാര്യത്തില്‍ ചരിത്ര നേട്ടം കുറിക്കുമെന്നും പി.ടി. ഉഷ പറഞ്ഞു. സ്ത്രീ ഉണര്‍ന്നാല്‍ നാടുണര്‍ന്നു എന്നാണ്. ഈ ഉണര്‍ത്ത് പാട്ട് നമ്മുടെ പ്രധാനമന്ത്രിയുടെ ഭരണത്തിന്റെ ആദ്യ നാളുകളില്‍ തന്നെ നമുക്ക് അനുഭവിച്ചറിയാന്‍ ഇടവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: