ഒട്ടനവധി വിശേഷ ദിവസങ്ങളും വ്രതാദികളും ആചരിക്കുന്ന പതിവ് ഹിന്ദുജനങ്ങള്ക്കിടയിലുണ്ട്. വിഷു, ദീപാവലി, നവരാത്രികാലം, വിനായകചതുര്‍ത്ഥി, ഉത്തരായണവും ദക്ഷിണായനവും ആരംഭിക്കുന്ന മാസസംക്രമങ്ങള്, അമാവാസി (വിശേഷിച്ചും കര്‍ക്കിടകവാവ്), പൗര്‍ണമി, ശിവരാത്രി, തൃക്കാര്‍ത്തിക, ഏകാദശിദ്വാദശികള്‍, പ്രദോഷം, ഹരിവാസരം, ധനുമാസത്തിലെ തിരുവാതിര, സ്കന്ദഷഷ്ഠി, മണ്ഡലപൂജ ഇവകള്‍ ഏറിയ കൂറും വ്രതകാലവും പുണ്യവേളയും ആകുന്നു. ഇവ പലതും പുരാണകഥകള്കൊണ്ടും ഈശ്വരാവതാരങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടും അനുഷ്ഠാനകാലമാണ്.
ശുഭകര്‍മ്മങ്ങള്‍ക്കു വര്ജ്ജിക്കേണ്ടതായ ചില കാലങ്ങളും ഉണ്ട്. അനദ്ധ്യായങ്ങള്, ആശൗചകാലങ്ങള്, സ്ത്രീകളുടെ ആര്‍ത്തവ കാലങ്ങള്‍ ഇവയെല്ലാം അക്കൂട്ടത്തില്‍പെടുന്നു. ഇതിന് മിക്കവാറുംസജ്ജനാചാരങ്ങളാണ് പ്രമാണമായി വര്‍ത്തിക്കുന്നത്.
യദ്യദാചരതിശ്രേഷ്ഠഃ
തത്തദേവേതരോജനഃ
സ യദ്പ്രമാണം കുരുതേ
ലോകസ്തദനുവര്‍ത്തതേ
(ഭഗവദ്ഗീത)
(ശ്രേഷ്ഠനായ വ്യക്തി ഏതേതു കര്‍മ്മങ്ങളെ ആചരിക്കുന്നുവോ മറ്റുള്ളവര്‍ അതുതന്നെ ചെയ്യുന്നു. അയാള്‍ പ്രമാണീകരിക്കുന്നത് മറ്റുള്ളവരും അനുവര്‍ത്തിക്കുന്നു) എന്ന് ഭഗവാന് തന്നെ വ്യക് ക്കിയിട്ടുമുണ്ടല്ലോ. പുണ്യശ്ലോകനായ രുഗ്മാംഗദനും മഹാഭാഗവതനായ അംബരീഷനും (ഭാഗവതം) ഏകാദശീവ്രതം, ദേവമാതാവായ അദിതീദേവി പയോവ്രതം; ഗോപകുമാരിമാര് കാത്യായനിവ്രതം (ഭാഗവതം); സീമന്തിനി (നളപൗത്രനായ ചന്ദ്രാംഗദന്റെ പത്നി); സോമവാരവ്രതം; വിവിധ മഹാപുരുഷന്മാര് പ്രദോഷവ്രതം; ശിവരാത്രിവ്രതം (ശിവപുരാണം) എന്നിങ്ങനെ സജ്ജനങ്ങള്‍ ഓരോരോ വ്രതങ്ങള്‍ ഉദ്ദേശ്യസിദ്ധിക്കായി അനു ഷ്ഠിച്ചുപോന്നിരുന്നു. പുരാണപ്രസിദ്ധരായ ഇമ്മാതിരി മഹാന്മാരേയും മഹതികളേയുമാണ് നാം ഇന്ന് അനുകരിക്കുന്നത്.
തീര്‍ത്ഥയാത്രകളുടെ കാര്യവും മേല്പറഞ്ഞതുപോലെതന്നെ. പാപപരിഹാരാര്‍ത്ഥം ബലഭദ്രര്‍ ഒരു സംവത്സരക്കാലം തീര്‍ത്ഥ യാത്ര നടത്തുകയുണ്ടായി. വ്രതങ്ങളും തീര്‍ത്ഥയാത്രകളും എല്ലാം തന്നെ ആഗമസ്രോതസ്സുകളില്നിന്ന് വന്നിട്ടുള്ളതും പില്ക്കാലത്ത് പുരാണങ്ങളില്‍ക്കൂടി ഹിന്ദുത്വത്തില്‍ പ്രവേശിച്ചിട്ടുള്ളവയുമാണ്. ഇവ പലതും ആത്മശുദ്ധീകരണത്തിനും ആസ്തിക്യബോധം വിക സിപ്പിക്കുന്നതിനും സജ്ജന സംസര്‍ഗ്ഗത്തിനും ഉതകുന്നവയുമാണ്.
(ഇവിടെ ഒരു കാര്യം പ്രത്യേകം പ്രസ്താവിക്കണമെന്നു തോന്നുന്നു. കേവലം അക്ഷയമായ ദാനപുണ്യം ആര്‍ജിക്കുന്നതിന് ഉപയുക്തമാണെന്നു മാത്രം പറയപ്പെട്ടിട്ടുള്ള ‘അക്ഷയ തൃതീയ’ സ്വര്‍ണ്ണം വാങ്ങുന്നതിന് വളരെ വിശേഷമാണെന്ന് പരസ്യങ്ങള്‍ കൊടുത്ത് വിശ്വസിപ്പിച്ച് ജനങ്ങളെ പ്രലോഭിപ്പിക്കുന്ന ഏര്‍പ്പാടുകള്‍ നടപ്പുണ്ട്. ഇത്തരം പരസ്യങ്ങളില്‍ ഒട്ടുമേ സത്യമില്ലെന്ന കാര്യം ഓര്‍മ്മയില്‍ വയ്ക്കുക.)
ആചാരാനുഷ്ഠാനങ്ങളും പിതൃകര്‍മ്മങ്ങളും
എല്ലാ മതവിശ്വാസക്കാര്ക്കിടയിലും അനേകം ആചാരങ്ങള്‍ നിലവിലുണ്ട്. ഒരാള്‍ അനുഷ്ഠിക്കുന്ന ആചാരങ്ങളുടെ പ്രത്യേകത നിരീക്ഷിച്ചാണ് അയാളുടെ മതം ഏതെന്ന് സാധാരണ ജനങ്ങള്‍ നിര്‍ണ്ണയിക്കാറുള്ളത്. ‘ആചാരപ്രഭവോ ധര്‍മ്മഃ’ എന്നത് തികച്ചും സത്യമാണ്.
ഹിന്ദുധര്‍മ്മത്തിന്റെ അവശ്യഘടകങ്ങളായി അനേകം ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. സമുദായങ്ങളുടെയും വര്‍ണ്ണങ്ങളുടേയും ആശ്രമങ്ങളുടേയും പാരമ്പര്യത്തിന്റെ ഭാഗമായി ഹിന്ദു ജനത അനുവര്‍ത്തിക്കുന്ന നിരവധി ആചാരങ്ങളുണ്ട്. ധര്‍മ്മശാസ്ത്രങ്ങളിലും സ്മൃതികളിലും ഇവയില്‍ പല പ്രധാനപ്പെട്ട ആചാരങ്ങളും അനുഷ്ഠാനക്രമങ്ങളും വിവരിച്ചിട്ടുണ്ട്.
വേദാംഗമായ കല്പശാസ്ത്രത്തില്‍ ആചാരങ്ങളെ പ്രതിപാദിക്കുന്ന നാലുതരം സൂത്രങ്ങള്‍ കാണാവുന്നതാണ്. ശ്രൗതസൂത്രങ്ങള്‍,ഗൃഹ്യസൂത്രങ്ങള്‍, പിതൃമേധസൂത്രങ്ങള്‍, ധര്‍മ്മസൂത്രങ്ങള്‍ എന്നിവയാണ് ആ നാലുതരം സൂത്രങ്ങള്‍. യാഗങ്ങളുടെ സമയം, അനുഷ്ഠാനം തുടങ്ങിയവയുടെ വിധികളാണ് ശ്രൗതസൂത്രങ്ങളില്‍ (യജ്ഞവേദികളുടേയും ഹോമകുണ്ഡങ്ങളുടേയും ആകൃതിയും വിസ്താരവും കണക്കും മറ്റും പ്രതിപാദിക്കുന്ന ‘സുല്ബ’സൂത്ര ങ്ങള് എന്നു പറയുന്ന ഒരു വിഭാഗവും ശ്രൗതസൂത്രങ്ങളുടെതന്നെ ഭാഗമായാണ് പരിഗണിച്ചുവരുന്നത്.) ഷോഡശാചാരങ്ങളെ അഥവാ ഷോഡശകര്മ്മ (സംസ്കാര)ങ്ങളെപ്പറ്റി വളരെ വിശദമായി വിവരി ക്കുന്നവയാണ് ഗൃഹ്യസൂത്രങ്ങള്‍. അനേകം ആചാര്യന്മാര് ഗൃഹ്യ സൂത്രങ്ങള്‍ രചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. അക്കാരണത്താല്‍ ഗൃഹ്യസൂത്രങ്ങളുടെ വിഭാഗം വളരെ വിപുലമാണ്. മരണാനന്തര ക്രിയകളെക്കുറിച്ച് വിവരിക്കുന്നതാണ് പിത്യമേധ സൂത്രങ്ങള്‍. (ഇവയില്‍ പലതും ‘അപരഷോഡശക്രിയകള്’ എന്ന നിലയില്‍ ഗൃഹ്യസൂത്രങ്ങളിലും പെടുത്താവുന്നവയാണ്.) സജ്ജനങ്ങള്‍ അനുഷ്ഠിക്കേണ്ട ദാനാദിധര്മ്മാചാരങ്ങളെപ്പറ്റി പ്രതിപാദി ക്കുന്നവയാണ് ധര്‍മ്മസൂത്രങ്ങള്‍.
ലക്ഷണശാസ്ത്രങ്ങള്‍
മേല്പറഞ്ഞ വിവിധങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് ജ്യോതിഃശാസ്ത്രം, ശകുനശാസ്ത്രം, ഹസ്ത രേഖാശാസ്ത്രം, സാമുദ്രിക ലക്ഷണശാസ്ത്രം എന്നിങ്ങനെ പല ശാസ്ത്രശാഖകളും ഭാരതത്തില്‍ വളര്‍ന്നു വികസിച്ചിട്ടുണ്ട്. (ഇവയില്‍ ചിലതിന്റെയെങ്കിലും ശാസ്ത്രീയത സന്ദിഗ്ധ കോടിയില്‍ പെടുന്നതുമാകുന്നു.) ഇങ്ങനെയുള്ള ശാസ്ത്രശാഖകളില്‍ ലൗകിക ജ്യോതിഷം അടക്കം പലതും ഹൈന്ദവാചാരങ്ങളുമായി ബന്ധ പ്പെട്ട് വളര്‍ന്നു വന്നവയാണ്. ഇവയില്‍ പലതും പ്രാചീനമായ വൈദിക ജ്യോതിഷത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് വികസിച്ചു വന്നത്.
ജ്യോതിഷം
ലൗകികജ്യോതിഷം അഥവാ കേവലം ജജ്യോതിഷം എന്നു മാത്രം പറഞ്ഞുപോരുന്ന ശാസ്ത്രശാഖ വളരെ വികസിതമാണ.് (ഇതേപ്പറ്റി വളരെ ചുരുക്കി വേദാംഗങ്ങളെപ്പറ്റി പറഞ്ഞ സ്ഥലല് പരാമര്‍ശിച്ചിട്ടുണ്ട്.) ജ്യോതിഷത്തിന് ഗണിതജ്യോതിഷമെന്നും ഫലിതജ്യോതിഷമെന്നും രണ്ടു വിഭാഗങ്ങള്‍ ഉണ്ട്. ഗണിതജ്യോതിഷം പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുന്ന പല ശാസ്ത്രസത്യങ്ങളുടെയും അടിസ്ഥാനത്തില്‍ വളര്‍ന്നിട്ടുള്ള ജ്യോതിശ്ശാസ്ത്ര ശാഖയാണ്. പഞ്ചാംഗ വിഷയങ്ങളും ഗ്രഹണാദികളും ആചരിക്കുന്നത് ഗണിതജ്യോതിഷത്തിന്റെ വെളിച്ചത്തില്‍ കണക്കുകള്‍ കൂട്ടിയിട്ടാണ്. എന്നാല്‍ ഫലിത ജ്യോതിഷത്തിന്റെ ഭാഗമായ പ്രവചനങ്ങള്‍ ജ്യോതിശ്ശാസ്ത്ര വിദ്വാന്മാരുടെ പാണ്ഡിത്യത്തെ ആശ്രയിച്ചാണ് ഫലിക്കുകയും ഫലിക്കാതിരിക്കുകയും ചെയ്യുക. തത്സംബന്ധിയായി ജാതകാദികള്, മുഹൂര്‍ത്തങ്ങള്‍ തുടങ്ങിയവ പൂര്‍ണ്ണമായി ആചരിക്കുന്നവരും ഭാഗികമായി ആചരിക്കുന്നവരും ഒക്കെ ഉണ്ട്. പൊതുവേ പറഞ്ഞാല്‍ ഹിന്ദുക്കള്‍ ജ്യോതിശ്ശാസ്ത്രാചാരങ്ങളില് വിശ്വാസമുള്ളവരാണ്.
ആശൗചകാര്യങ്ങള്‍
ആശൗചകാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഒരുതരം ഗ്രന്ഥങ്ങളും നിലവിലുണ്ട്. അവ ശുദ്ധാശുദ്ധങ്ങളെപ്പറ്റിയാണ് വിവരിക്കുന്നത്. പെറ്റ പുല (വാലായ്മ), മരിച്ച പുല ഇവ വ്യക്തികളേയും അവരുടെ (മാതാവിന്റെ വഴിക്കും പിതാവിന്റെ വഴിക്കും ഉള്ള) ബന്ധുക്കളേയും ബാധിക്കുന്ന അശുദ്ധികളാണ്. അവ ഏതേതെല്ലാം തരം ബന്ധുക്കള്‍ക്കാണ് ബാധകമാവുക, എത്ര ദിവസം ഓരോ പ്രകാരത്തി ലുള്ളവര്‍ക്കും ബാധകമാവും എന്നിവ വിശദീകരിക്കുന്ന ആശൗച ഗ്രന്ഥങ്ങളുണ്ട്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: