ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിലെ മതാതീതമായ സൗന്ദര്യബോധത്തിന്റേയും ആത്മീയ പ്രഭാവത്തിന്റേയും മഹനീയമായ മാതൃകയാണ് അന്നപൂര്‍ണ. ആയുഷ്കാലം മുഴുവന്‍ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് അകന്നുനിന്ന അവര്‍ പ്രസരിപ്പിച്ച ഊര്‍ജ്ജവും കൈമാറിയ ജീവിത സന്ദേശവും സംഗീതത്തോട് പ്രകടിപ്പിച്ച അതുല്യമായ പ്രതിബദ്ധതയും തലമുറകളെ പ്രചോദിപ്പിക്കാന്‍ പോന്നതായി. അന്നപൂര്‍ണ തന്റെ വാദനത്തില്‍ പൂര്‍ണമായി ലയിച്ചിരിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ അഭൗമമായൊരു സൗരഭ്യം പരക്കാറുണ്ടായിരുന്നുവെന്ന് അവരുടെ ശിഷ്യന്മാര് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈയനുഭവം ദിവ്യമായൊരു അനുഗ്രഹമായാണ് പിതാവും ഗുരുനാഥനും ഹിന്ദുസ്ഥാനി സംഗീത രംഗത്തെ ഭീഷ്മാചാര്യന്മാരിലൊരാളുമായ ഉസ്താദ് അലാവുദ്ദീന്‍ ഖാന് കരുതിയത്.
ജീവിതത്തിന്റെ സിംഹഭാഗവും ഒറ്റയ്ക്കായിരുന്ന അന്നപൂര്‍ണ അവശേഷിപ്പിച്ച ഉജ്ജ്വലമായ സംഗീത പാരമ്പര്യം പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, നിത്യാനന്ദ് ഹാല്‍ദിപൂര്‍, ചന്ദ്രകാന്ത് സര്ദേശ്മുഖ്, ബസന്ത് കാബ്ര, അനന്തിരവന് കൂടിയായ ഉസ്താദ് ആഷിഷ്ഖാന് തുടങ്ങിയ പ്രഗത്ഭ ശിഷ്യരിലൂടെ പില്‍ക്കാലത്തിലേക്ക് വേരുകളാഴ്ത്തി നില്ക്കുന്നു. ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ പ്രകാശ സ്തംഭമെന്നു വിശേഷിപ്പിക്കാവുന്ന ഉസ്താദ് അലാവുദ്ദീന്‍ ഖാന് മകള്‍ക്ക് പകര്‍ന്നു നല്‍കിയത് ക്ളേശകരമായ സാധനയിലൂടെ കൈവന്ന സംഗീതം മാത്രമായിരുന്നില്ല, സഹിഷ്ണുതയുടേയും കുലീനതയുടേയും വലിയ പാരമ്പര്യം കൂടിയായിരുന്നു.
മധ്യപ്രദേശിലെ മൈഹര്‍ കേന്ദ്രമായ സെനിയ മൈഹര്‍ ഖരാന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത ബോധന സമ്പ്രദായത്തിലെ സുപ്രധാന ധാരകളിലൊന്നാണ്. ഗുരുകുല ശൈലിയില്‍ ഇവിടെ ഉസ്താദ് അലാവുദ്ദീന്‍ ഖാന്റെ കീഴില്‍ അഭ്യസിച്ചവരാണ് പിന്നീട് ലോകം മുഴുവന്‍ ഇന്ത്യന്‍ സംഗീതത്തിന്റെ ഖ്യാതി എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച പണ്ഡിറ്റ് രവിശങ്കര്‍, ഉസ്താദ് അലി അക്ബര്ഖാന്, പണ്ഡിറ്റ് നിഖില്‍ ബാനര്‍ജി, ഉസ്താദ് ബഹാദൂര്‍ ഖാന് തുടങ്ങി എണ്ണമറ്റ വിദ്വാന്മാര്.
വിഖ്യാത നര്‍ത്തകനായ ഉദയ്ശങ്കറിന്റെ ഇളയ സഹോദരനും ബങ്കാളി ബ്രാഹ്മണനുമായ രൊബീന്ദ്രശങ്കര് ചൗധരി അലാവുദ്ദീന്‍ഖാന്റെ ശിഷ്യത്വം തേടി മൈഹറിലെത്തിയതോടെയാണ് റോഷ്നാരയുടെ ജീവിതം മാറി മറിഞ്ഞത്. 1940ല്‍ ആയിരുന്നു അത്. അന്നവള്‍ക്ക് 13 വയസായിരുന്നു. പിന്നീട് രവിശങ്കറായി മാറിയ രൊബീന്ദ്ര ശങ്കറിന് 20 ഉം. ചെറുപ്പത്തിലേ സംഗീതത്തില്‍ അപാരമായ സിദ്ധി പ്രകടിപ്പിച്ച റോഷ്നാരയുടെ വ്യക്തിത്വത്തില്‍ ആകൃഷ്ടനായി അവരെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി രവിശങ്കര്‍ ഗുരുവായ അവളുടെ പിതാവിനെ സമീപിക്കുന്നു. ഇരുവരുടേയും സ്വഭാവ സവിശേഷതകള്‍ നന്നായി മനസിലാക്കിയിരുന്ന ഉസ്താദ് വഴങ്ങിയില്ല. പരിശീലനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണദ്ദേഹം ഉപദേശിച്ചത്. ശിഷ്യന്റെ നിര്‍ബന്ധം സഹിക്കവയ്യാതായപ്പോള്‍ ഒരു വര്‍ഷത്തിനു ശേഷം അദ്ദേഹം സമ്മതം മൂളി. കൊട്ടാരം സംഗീതജ്ഞനായ അലാവുദ്ദീന്‍ഖാന്‍ മൈഹര്‍ മഹാരാജവിനു മുമ്പാകെ പ്രശ്നം അവതരിപ്പിച്ചു. മഹാരാജാവ് ഇവരുടെ വിവാഹത്തിന് പിന്തുണയും ആശീര്‍വാദവും നല്കി അനുഗ്രഹിച്ചു. റോഷ്നാരയെ ഹിന്ദുമതത്തിലേക്കു മാറ്റുന്ന ചടങ്ങു നിര്‍വഹിച്ചതും അന്നപൂര്‍ണാ ദേവി എന്നു നാമകരണം ചെയ്തതും അദ്ദേഹമായിരുന്നു. റോഷ്നാരയെ അന്ന പൂര്‍ണ ആക്കി മാറ്റുക വഴി ഇന്ത്യന്‍ സംഗീതത്തില്‍ മതമോ ജാതിയോ ഇല്ല എന്ന ബോധ്യം ഉറക്കെ പ്രഖ്യാപിക്കുക കൂടിയാണ് ഉസ്താദ് അലാവുദ്ദീന്‍ ഖാന് ചെയ്തത്.
പിന്നീട് അവരുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ കഥയെപ്പോലും വെല്ലുന്നതായിത്തീര്ന്നു. ഋഷികേശ് മുഖര്‍ജി തന്റെ പ്രശസ്ത ചിത്രമായ ‘അഭിമാന്’ ആധാരമാക്കിയത് അന്നപൂര്‍ണയുടേയും രവിശങ്കറിന്റേയും ജീവിതമായിരുന്നു. സിതാര്‍ വിദ്വാനായ രവിശങ്കറും സുര്‍ബഹാറില്‍ അദ്വിതീയയായ അന്നപൂര്‍ണയും സിനിമയില്‍ ഗായക കഥാപാത്രങ്ങളായി മാറി എന്ന വ്യത്യാസം മാത്രം. അമിതാബ് ബച്ചനും ജയ ഭാദുരിയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ജീവിതത്തില്‍ ശുഭാന്ത്യം അഭിമുഖീകരിച്ചപ്പോള്‍ അന്നപൂര്‍ണയുടേത് വേദനാ നിര്‍ഭരമായ ഏകാന്തതയായിരുന്നു. എങ്കിലും സംഗീതത്തിന്റെ അനന്തവിഹായസില്‍ മുങ്ങിപ്പൊങ്ങി അവരത് അനുഗ്രഹമാക്കി മാറ്റിയെടുത്തു.
രവിശങ്കറിനോടൊപ്പം 1950 ല്‍ ഒന്നോ രണ്ടോ പരിപാടികളില്‍ സംബന്ധിച്ചതൊഴിച്ചാല്‍ ഒരിക്കല്‍ പോലും പൊതു പരിപാടികളില്‍ അവരെ കാണാന്‍ കഴിഞ്ഞില്ല. അപൂര്‍വമായ ഈ സംഗീതക്കച്ചേരികളുടെ റിക്കാര്‍ഡ് ചെയ്ത കോപ്പി കൈയിലുള്ളവര്‍ അതൊരു അമൂല്യ നിധിയായി സൂക്ഷിക്കുന്നു. സിതാറിനേക്കാള് സങ്കീര്‍ണമായ പ്രത്യേകതകളുള്ള തന്ത്രിവാദ്യമാണ് സുര്‍ബഹാര്‍. അതിലെ അന്നപൂര്‍ണയുടെ വേഗവും വൈദഗ്ദ്യവും മനോധര്‍മ്മ പ്രയോഗങ്ങളും അതുല്യമായിരുന്നു. പൊതുപരിപാടികളില്‍ രണ്ടിലും രവിശങ്കറിനേക്കാള്‍ കയ്യടി നേടിയത് അവരായത് സ്വാഭാവികം. വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. എന്നും വെള്ളിവെളിച്ചത്തില്‍ നില്ക്കാനിഷ്ടപ്പെട്ടിരുന്ന, സൗന്ദര്യാരാധകനായിരുന്ന രവിശങ്കറിന് നര്‍ത്തകിയായ കമലാ ശാസ്ത്രിയുമായി രൂപപ്പെട്ട ബന്ധം വിവാഹ ബന്ധത്തില്‍ വലിയ തോതില്‍ വിള്ളലുകളുണ്ടാക്കി.
രണ്ടുവര്‍ഷം കഴിഞ്ഞ് 1942ല്‍ മകന് ശുഭേന്ദ്ര ശങ്കര്‍ ജനിച്ചു. അമ്മയുടെ ശിക്ഷണത്തില്‍ വളര്‍ന്ന ശുഭേന്ദ്ര മികച്ച സിതാറിസ്റ്റായി മാറിയത് അമേരിക്കയിലേക്കു താമസം മാറിയ രവിശങ്കര്‍ അറിഞ്ഞില്ല. ഒരിക്കല്‍ മുംബൈയിലെത്തിയ അദ്ദേഹം റിക്കാര്‍ഡു ചെയ്യപ്പെട്ട അവന്റെ സിതാര്‍ വാദനം വളരെ യാദൃശ്ചികമായി കേള്‍ക്കാനിടയായി. മൈഹര്ഖരാനയുടെ കൈയൊപ്പുള്ള അതിസുന്ദരമായ ആ വാദനം ആരുടേതാണെന്നന്വേഷിച്ച അദ്ദേഹത്തോട് സുഹൃത്ത് ചോദിച്ചു: ”പണ്ഡിറ്റ്ജി കളിയാക്കുകയാണോ? ശുഭേന്ദ്രയല്ലേ ഇത്”. വൈകാതെ മകനെ കാണാനെത്തിയ രവിശങ്കര്‍ അവനെ അമേരിക്കയില്‍ തന്നോടൊപ്പം താമസിക്കാന്‍ ക്ഷണിച്ചു. അല്പകാലം കൂടി അവനു പഠനം ബാക്കിയുണ്ട് അതു കഴിഞ്ഞു പോയാല്‍ പോരേ എന്ന അമ്മയുടെ ചോദ്യം ഇരുവരേയും കുഴക്കി. അമേരിക്കയില്‍ പോകാന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നു ഭീഷണി മുഴക്കിയ മകനെ മനസില്ലാ മനസോടെ അന്നപൂര്‍ണയ്ക്കു കൈവിടേണ്ടി വന്നു. കൂടുതല്‍ കാലം അകന്നു കഴിഞ്ഞ ശേഷം 20 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് 1960 ല്‍ ഇരുവരും വിവാഹമോചിതരായി.
വിവാഹ ജീവിതം സംരക്ഷിക്കുന്നതിന് പൊതുവേദികളിലെ സംഗീതം ഉപേക്ഷിച്ച അന്നപൂര്‍ണ്ണയുടെ സുര്‍ബഹാര്‍ വാദനം ആസ്വദിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരില്‍ പ്രധാനമായും ഉള്‍പ്പെടുന്നത് ശിഷ്യരാണ്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ അഭ്യര്‍ത്ഥന മാനിച്ച് വിഖ്യാത ബിറ്റില്‍സ് ഗിതാറിസ്റ്റ് ജോര്‍ജ് ഹാരിസണ്‍ അകത്തെ മുറിയിലിരുന്ന് പരിശീലനം കേള്‍ക്കാന്‍ അവസരം നല്കിയതു മാത്രമാണ് ഇതിനൊരപവാദം.
സംഗീതം ഒരിക്കലും തൊഴിലായി സ്വീകരിക്കാതിരുന്ന അന്നപൂര്‍ണാ ദേവിയെ 1977ല്‍ രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ചു. 1991ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡും 1999ല്‍ വിശ്വഭാരതി സര്‍വകലാശാലയുടെ ദേശികോത്തം ബഹുമതിയും അവരെ തേടിയെത്തി. പണ്ഡിറ്റ് രവിശങ്കറിനോടൊപ്പം സുര്‍ബഹാറില്‍ അവര്‍ വായിച്ച യെമന്‍, കൗഷി കാനറ, മഞ്ജ് ഖമാജ് രാഗങ്ങള്‍ മാത്രമാണ് അപൂര്‍വം ശ്രോതാക്കളുടെ പക്കല്‍ ഇന്നുള്ളത്. ഇതു രണ്ടും 1950 ലെ സ്റ്റേജ് പരിപാടിയില്‍ നിന്നു പകര്‍ത്തിയതാണ്. മാധ്യമ ലാളനകള്‍ക്കായി യാതൊന്നും ചെയ്യാതെ ജീവിച്ചു മരിച്ച അന്നപൂര്‍ണാദേവി മാധ്യമങ്ങള്‍ക്ക് എന്നും ഒരു അത്ഭുത കഥാപാത്രമായിരുന്നു. അന്നപൂര്‍ണയുടെ ജീവിതവും സംഗീതവും മലയാളികള്‍ക്കായി പകര്‍ത്തിയ വേണു വി ദേശത്തിന്റെ ശ്രമം ചരിത്ര പ്രാധാന്യമുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: