തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ മഹാദേവന്‍ കിഴക്കോട്ട് ദര്‍ശനമായും പാര്‍വ്വതി
ദേവി പടിഞ്ഞാട്ട് ദര്‍ശനമായും ഒരേ ശ്രീകോവിലിലാണ് പ്രതിഷ്ഠ. ആദ്യകാലങ്ങളില്‍ ദേവിയുടെ തിരുനട പതിവായി തുറക്കുമായിരുന്നുവെന്നും എന്നാല്‍ പിന്നീട് ഈ രീതിക്കുമാറ്റം വന്നു എന്നുമാണ് വിശ്വാസം.
ഐതീഹ്യപ്രകാരം മഹാദേവനുള്ള നിവേദ്യ സാമഗ്രികള്‍ തിടപ്പള്ളിയില്‍ വച്ചു വാതിലടച്ചു
ശാന്തിക്കാരന്‍ തിരികെ പോരും. ഈ സമയം പാര്‍വ്വതിദേവിയാണ് നിവേദ്യം ഒരുക്കുന്നത്. ശ്രീകോവിലിലെ കര്‍മങ്ങള്‍ കഴിഞ്ഞു തിടപ്പള്ളി തുറക്കുമ്പോള്‍ നിവേദ്യം തയ്യാറായിരിക്കും. ഒരിക്കല്‍ അകവൂര്‍ മനയിലെ അന്നത്തെ കാരണവര്‍ തിടപ്പള്ളിയിലെ അത്ഭുത നിവേദ്യ
ത്തിന്റെ രഹസ്യമറിയാനായി പൂജാസമയത്തിനു മുന്‍പ് തിടപ്പള്ളിയുടെ വാതില്‍ തുറന്നുനോക്കി.
ഭഗവാനായി നിവേദ്യം തയാറാക്കുന്ന ദേവിയെ കണ്ടു ഭക്തപരവശനായ നമ്പൂതിരിപ്പാട് അമ്മേ ജഗദംബികേ! എന്ന് ഉച്ചത്തില്‍ വിളിച്ചുപോയി. അതീവ കോപിഷ്ടയായ ദേവി ഇനി തന്റെ സാന്നിധ്യം ഇവിടെയുണ്ടാകില്ല എന്ന് അരുളിചെയ്തു. ജിജ്ഞാസ കൊണ്ട് ഇങ്ങനെ ഒരു തെറ്റുവന്നുപോയതാണ്. പൊറുക്കണമെന്നും ഭക്തര്‍ക്ക് വേണ്ടിയെങ്കിലും ദേവി സാന്നി
ധ്യമുണ്ടാകണമെന്ന് അതീവഭക്തിയോടുകൂടി പ്രാര്‍ഥിച്ചപ്പോള്‍ ദേവിയുടെ മനസലിഞ്ഞ് ഭഗവാന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിര മുതല്‍ പന്ത്രണ്ടുദിവസം ദര്‍ശനഭാഗ്യം നല്‍കാമെന്നും നടയടഞ്ഞു കിടന്നാലും തന്റെ സാന്നിധ്യമുണ്ടാകുമെന്നും അനുഗ്രഹിച്ചു. ഇത് പ്രകാരമാണ് പതിവായി തുറന്നിരുന്ന പാര്‍വ്വതിദേവിയുടെ തിരുനട വര്‍ഷത്തില്‍ പന്ത്രണ്ടുനാള്‍ മാത്രം തുറക്കാന്‍ തുടങ്ങിയത് എന്നാണ് ഐതിഹ്യം.
നടഅടഞ്ഞുകിടക്കുമ്പോഴും ദേവിയുടെ സാന്നിധ്യമുണ്ടെന്ന വിശ്വാസത്താല്‍ നടതുറപ്പു മഹോത്സവശേഷവും വര്‍ഷം മുഴുവന്‍ നിരവധി ഭക്തര്‍ ദേവിയുടെ അനുഗ്രഹം തേടി ക്ഷേത്രത്തില്‍ എത്തുന്നു.
ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന വഴികള്‍
ആലുവ-പെരുമ്പാവൂര്‍ റൂട്ടില്‍ മാറമ്പിള്ളി ജങ്ഷനില്‍നിന്ന് ശ്രീമൂലനഗരം പാലം കടന്നാല്‍ ക്ഷേത്രത്തിലെത്താം. ദേശീയപാതയിലൂടെ വരുന്നവര്‍ക്ക് ദേശം, ചൊവ്വര, ശ്രീമൂലനഗരം വഴിയും ക്ഷേത്രത്തിലെത്താം. ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒന്‍പത് കിലോമീറ്ററും നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്ന് 10 കിലോമീറ്ററും ക്ഷേത്രത്തിലേക്ക്. കാലടി കാഞ്ഞൂര്‍ വഴി ഏഴ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.
ചരിത്രപ്രസിദ്ധമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രവും പുണ്യപെരിയാറിന്‍ തീരവും നടത്തുറപ്പ് മഹോത്സവത്തിന്റെ ധന്യതയിലാണ്. ദക്ഷിണ കൈലാസമെന്നും
സ്ത്രീകളുടെ ശബരിമലയെന്നും വിശേഷിപ്പിക്കപ്പെടുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ പാര്‍വ്വതി ദേവിയുടെ മഹോത്സവം 26ന് രാത്രി 8 മുതല്‍ ജനുവരി 6 രാത്രി 8 വരെയാണ് ആഘോഷിക്കുന്നത്.
തിരുവൈരാണിക്കുളം ശ്രീമഹാദേവ ക്ഷേത്രത്തില്‍ വര്‍ഷം രണ്ട് ഉത്സവമുണ്ട്. കുംഭമാസത്തില്‍ തിരുവാതിര ആറാട്ടായി മഹാദേവന് ഉത്സവം. കൂടാതെ, ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസം നീളുന്ന നടതുറപ്പ് ഉത്സവം. അപൂര്‍വ്വങ്ങളില്‍ ചില ക്ഷേത്രങ്ങളില്‍ മാത്രമേ ഇങ്ങനെ കാണാറുള്ളൂ. കേരളമെങ്ങും സ്ത്രീകളുടെ ആഘോഷമായി കൊണ്ടാടുന്ന തിരുവാതിര വ്രതം തുടങ്ങിയാല്‍ ആര്‍ദ്രാ ജാഗരണത്തിന്റെ അന്നു രാത്രി നടതുറക്കും.
തിരുവാതിരനാള്‍ സന്ധ്യയോടെ അകവൂര്‍ മനയില്‍ നിന്നു തിരുവാഭരണം ഘോഷയാത്രയായി എഴുന്നെള്ളിക്കുന്നു. വിഗ്രഹങ്ങളില്‍ തിരുവാഭരണം ചാര്‍ത്തിയ ശേഷം ശാന്തിക്കാരും ഊരാഴ്മക്കാരും ബ്രാഹ്മണിയമ്മയും ചേര്‍ന്നുള്ള ചടങ്ങുകളോടെ നടതുറക്കും. ദേവിയുടെ തിരുനട തുറക്കുമ്പോള്‍ സര്‍വാഭരണ വിഭൂഷിതയായി ദേവിയെ ദര്‍ശിക്കാം.
തുടര്‍ന്ന് പാട്ടുപുര എന്നറിയപ്പെടുന്ന പ്രത്യേകം തയാറാക്കിയ പന്തലിലേക്ക് ദേവിയെ ആനയി
ക്കും.
ചാത്തനും പെരുന്തച്ചനും
പറയിപെറ്റ പന്തിരുകുലത്തോളം പോകുന്നതാണ് തിരുവൈരാണിക്കുളത്തിന്റെ ഐതിഹ്യം. വരരുചിയുടെ 12 മക്കളില്‍ ഒരാളായ ചാത്തന്‍ അകവൂര്‍ മനയില്‍ വാല്യക്കാരനായി കഴിയുന്ന
കാലം. അവിടുത്തെ മുതിര്‍ന്ന ബ്രാഹ്മണന്‍ ദിവസവും കുറച്ചകലെയുള്ള തൃശൂര്‍ ജില്ലയിലെ
മാളയ്‌ക്കടുത്ത് ഐരാണിക്കുളം ക്ഷേത്രത്തില്‍ പോയി തൊഴുതു മടങ്ങുക പതിവായിരുന്നു.
മാന്ത്രിക സിദ്ധികള്‍ വശമാക്കിയിരുന്ന ചാത്തന്‍ നിര്‍മിച്ച കരിങ്കല്‍ത്തോണിയിലായിരുന്നു
യാത്ര. വര്‍ഷങ്ങള്‍ക്കു ശേഷം പ്രായാധിക്യം മൂലം ഇനി യാത്ര വയ്യ, മഹാദേവന്റെ ദര്‍ശനം മുടങ്ങുമല്ലോ എന്നു വിഷമിച്ച അദ്ദേഹത്തിനൊപ്പം ഓലക്കുടയില്‍ എഴുന്നള്ളിയതാണ് തിരുവൈരാണിക്കുളം മഹാദേവന്‍ എന്നാണ് ഐതിഹ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: