ശബരിമല: കുഞ്ഞ് മണികണ്ഠന്മാരുടെയും മാളികപ്പുറങ്ങളുടെയും കളിചിരികളാല്‍ ശബരീശ സന്നിധി മുഖരിതമാവുകയാണ്. തിക്കും തിരക്കും നിയന്ത്രണങ്ങളും ഒരുഭാഗത്ത് ഉണ്ടെങ്കിലും അതൊന്നും ഇവര്‍ക്ക് ഒരു തടസമാകുന്നില്ല.
അയ്യന്റെ സന്നിധിയില്‍ അവരുടെ കളിചിരികള്‍ക്കും സന്തോഷങ്ങള്‍ക്കും തെല്ലും കുറവില്ല. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി ധാരാളം കുട്ടികളാണ് മലചവിട്ടാന്‍ എത്തുന്നത്. അച്ഛന്റെയും മറ്റ് ബന്ധുക്കളുടെയും കൈപിടിച്ചും തോളിലിരുന്നും മറ്റ് അയ്യപ്പന്മാരോട് കുറുമ്പ് കാട്ടിയുമൊക്കെയാണ് ഇവര്‍ സന്നിധാനത്ത് എത്തുന്നത്. ഈ തീര്‍ത്ഥാടന കാലത്ത് ശബരീശ സന്നിധിയില്‍ 10 വയസോ അതില്‍ താഴെയോ പ്രായമുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിന് നടതുറന്ന ശേഷം ഇതുവരെ 1,23,239 ല്‍ അധികം കുട്ടി തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തിയെന്നാണ് പോലീസ് നല്കുന്ന വിവരം.
കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് ഇത് 80,000 ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വലിയ വര്‍ദ്ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് അധികം കുട്ടികള്‍ എത്താറില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ കുട്ടികളും എത്തുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച മാത്രം 5,601 കുട്ടികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: