നാലുപാദങ്ങളായി ‘തന്ത്രപദ്ധതി’ യെന്ന ഗ്രന്ഥം വിഭജിക്കപ്പെട്ടിരിക്കുന്നു. 1 മുതല്‍ 14 വരെയുള്ള പടലങ്ങളില്‍ സാമാന്യപാദവും 15 മുതല്‍ 52 വരെ യുള്ള പടലങ്ങളില്‍ മന്ത്രപാദവും 53 മുതല്‍ 64 വരെയുള്ള പടല ങ്ങളില്‍ ക്രിയാപാദവും 65 മുതല്‍ 123 വരെയുള്ള പടലങ്ങളില്‍ യോഗപാദവുമായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. ഗ്രന്ഥത്തിന് രണ്ടു ഭാഗങ്ങളിലുള്ള ഒരു വിഭജനവുമുണ്ട്. 1 മുതല്‍ 51 വരെയുള്ള പടലങ്ങള്‍ ‘പൂവാര്ദ്ധ’മായും പിന്നത്തെ 72 വരെയുള്ള പടലങ്ങള്‍, ഉത്തരാര്‍ദ്ധമായുമാണ് തിരിച്ചിട്ടുള്ളത്. ഈ പ്രകൃഷ്ടമായ ഗ്രന്ഥത്തിന് ഒട്ടനവധി വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പ്രയോഗമഞ്ജരി
താന്ത്രികന്മാരുടെ ഇടയില്‍ മഞ്ജരി എന്നു മാത്രം പറഞ്ഞു വരുന്ന ഈ ഗ്രന്ഥവും എഡി. 11ാം ശതകത്തിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. (കൃത്യമായി പറഞ്ഞാല്‍ ഈ ഗ്രന്ഥത്തിന്റെ ആവിര്‍ഭാവത്തിനുശേഷമാണ് ഈശാന ശിവാചാര്യന്റെ തന്ത്രപദ്ധതിയുടെ നിര്‍മ്മാണം. അതിന്റെ തെളിവ് ഇതില്‍ നിന്നും പല പദ്യങ്ങളും ‘പദ്ധതി’യില്‍ ഉദ്ധരിച്ചിട്ടുണ്ടെന്നുള്ളതാണ്)
ഈ ഗ്രന്ഥത്തിന്റെ പ്രണേതാവ് രവി എന്ന നാമധേയത്തോടെ ശുകപുരം ഗ്രാമത്തില്‍ വസിച്ചിരുന്ന ഋഷികല്പനായ ഒരു ദ്വിജോത്തമനാണ്. അദ്ദേഹത്തിന്റെ അച്ഛന് അഷ്ടമൂര്‍ത്തി എന്ന പേരിലാണ് അറിയപ്പെട്ടിരിക്കുന്നത്. മഠാരകുലം (കൊടുമണ്ട) എന്നായിരുന്നു ഇല്ലപ്പേര്.
‘സാരാര്‍ത്ഥ വിന്യാസ മധുസ്രവന്തീ
വിചിത്ര വൃത്തച്ഛദ സംപ്രദീപ്താ
പ്രയോഗമജ്ഞര്യ വതംസഭൂമൗ
സതാം നവേയം പദമാദധാതു’
എന്ന സങ്കല്പത്തോടെയാണ് ഈ ഗ്രന്ഥത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്. ആചാര്യപരിഗ്രഹം, ഭൂപരിഗ്രഹം വാസ്തുയാഗം, ഇഷ്ട്ടകാധാനം, ഗര്ഭഗൃഹാധാനം, പ്രാസാദലക്ഷണം, ശിലാലക്ഷണം, ലിംഗലക്ഷണം, (നപുംസകശില തന്നെയാണോ വിഗ്രഹത്തിന് പരിഗ്രഹിച്ചിരിക്കുന്നത് എന്നു പരിശോധിക്കുന്നതിനാണ് ലിംഗലക്ഷണങ്ങള് പറഞ്ഞിരിക്കുന്നത്.) ദീക്ഷ അങ്കുരാര്‍പ്പണം (മുളയിടീല്‍) ജലാധിവാസം, വിഗ്രഹപ്രതിഷ്ഠ, രക്ഷോഘ്നഹോമം, വാസ്തുഹോമം, ചതുര്ത്ഥദിനസ്വപ്നം, ക്ഷേത്രോത്സവം, തീര്ത്ഥസ്നാനവിധികള്, സ്നാനം ജീര്‍ണ്ണോദ്ധാരണം ഈ വിഷയങ്ങള്‍ പ്രസ്തുത ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
21 പടലങ്ങളായി വിഭജിക്കപ്പെട്ടുള്ള ഈ ഗ്രന്ഥം വളരെയധികം പ്രാമാണികമായി ഗണിക്കപ്പെടുന്നു. അനേകം ശൈവാഗമങ്ങള്‍ സംഗ്രഹിച്ച് എഴുതപ്പെട്ടിട്ടുള്ളതാണ് പ്രസ്തുതഗ്രന്ഥം. ഇത് സാധാരണക്കാര്‍ക്ക് ഇക്കാലത്ത് വളരെ ദുര്‍ല്ലഭമായിരിക്കുന്നു എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. (തൃപ്പൂണിത്തുറ സംസ്കൃത കോളേജ് ഗ്രന്ഥശാലയില്‍ റഫറന്‍സ് പുസ്തകമായി ഇത് ഇപ്പോഴും സൂക്ഷിച്ചു വരുന്നുണ്ട്) ഒട്ടനവധി ഭാഷ്യഗ്രന്ഥങ്ങള്‍ ഈ പുസ്തകത്തെ അധി കരിച്ച് ചമയ്ക്കപ്പെട്ടിട്ടുണ്ട്. ത്രിവിക്രമാഖ്യനായ ഒരു പണ്ഡിതന് ‘പ്രദ്യോതം’ എന്ന പേരില്‍ വളരെ വിസ്തൃതമായ ഒരു വ്യാഖ്യാനവും രചിച്ചിട്ടുണ്ട്.
ക്രിയാസാരം
വിശ്രുതയശസ്വിയും ജ്ഞാനതപസ്വിയും ആയിരുന്ന രവിനമ്പൂതിരി എന്ന തന്ത്രാചാര്യന് വളരെ മനോയോഗപൂര്വ്വം രചിച്ചിട്ടുള്ള തന്ത്രഗ്രന്ഥമാണ് ക്രിയാസാരം. പുതുശ്ശേരി ഇല്ലത്തെ സുബ്രഹ്മണ്യന് എന്ന പണ്ഡിതനാണ് രവിയുടെ പിതാവ്. കാലം അജ്ഞാതമാണ്.
ഗണപതി, വിഷ്ണു, ശാസ്താവ് ഇത്യാദി അനേകം ദേവതകളുടെ പ്രതിഷ്ഠാവിധാനം, നവീകരണം, നിത്യപൂജകള്‍, ഉത്സവവിധി, സപ്തമാതൃക്കളുടെ സ്ഥാനം, സ്ഥാപനം തുടങ്ങിയവയുടെ വിധികള്‍ ഇവയെല്ലാം വിസ്തരിച്ചു നല്കിയിരിക്കുന്നു. ഈ ബൃഹത്ഗ്രന്ഥത്തില്‍ ഓരോരോ ദേവതകളുടെ സപര്യാക്രമങ്ങള് പ്രത്യേകം പ്രത്യേകം പടലശ്രേണികളില് ഉള്‍പ്പെടുത്തിയാണ് വിവരിച്ചിരിക്കുന്നത്, ആകെ 69 പടലങ്ങള്‍ ഉണ്ട്. സങ്കീര്‍ണ്ണമായ എല്ലാ ക്രിയകളുടേയും സാരം തന്ത്രരത്നാകരത്തില് നിന്ന് ഉദ്ധരിച്ചെടുത്തിട്ടുള്ളതാണ്, ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം എന്ന് ഗ്രന്ഥാവ സാനം തല്‍ പ്രണേതാവ് പറഞ്ഞിട്ടുണ്ട്.
‘സാമ്യക് തന്ത്രമഹോദധേഃ
സുവിശദം സങ്കീര്ണ്ണസര്വ്വക്രിയാ
സാരം രത്നമിവോദ്ധൃതം
ഗുരുപദാംഭോജപ്രസാദാന്മയാ’
സകലസപര്യാ സാരഭൂതമായത്തിന്റെ കര്‍ത്താവായ കേളല്ലൂര്‍ ചോമാതിരിക്ക് ക്രിയാസാരം ഉപജീവ്യമായിരുന്നു എന്നറിയുന്നതില്‍ നിന്ന് ഈ ഗ്രന്ഥത്തിന്റെ പ്രാചീനതയും പ്രാമാണികതയും വ്യക്തമാവുന്നുണ്ടല്ലോ. ഈ ഗ്രന്ഥത്തിന്റെ സര്വ്വങ്കഷവും സംശയഛേദിയുമായ വ്യാഖ്യാനമാണ് ക്രിയാസാരവ്യാഖ്യ. രചയിതാവ് പുലിയന്നൂര്‍ നാരായണന് നമ്പൂതിരി. ഈ വ്യാഖ്യാനം തന്ത്രസമുച്ചയത്തിന് ശേഷമുള്ള രചനയാണ്. പണ്ഡിതമൂര്‍ദ്ധന്യനായ ഈ മഹാനുഭാവന് സുമതിയുടെ പ്രശസ്ത തന്ത്രഗ്രന്ഥമായ വിഷ്ണു സംഹിതയ്ക്ക് ഹാരിണി എന്ന വ്യാഖ്യാനവും നിര്‍മ്മിച്ചിട്ടുണ്ട്. (പുലിയന്നൂര്‍ ഇല്ലക്കാര് പാരമ്പര്യമായിത്തന്നെ പ്രസിദ്ധമായ ചോറ്റാനിക്കര ക്ഷേത്രത്തിലെ തന്ത്രി മാരാണ്. മണയത്താറ്റ് തന്ത്രികുടുംബം ഇവരുടെ തന്നെ ഒരു ശാഖയാണ്.)
തന്ത്രസമുച്ചയം
കേരളീയ തന്ത്രഗ്രന്ഥങ്ങളില് പ്രാമാണികതകൊണ്ടും വ്യാപകമായ ഉപയോഗിതകൊണ്ടും പ്രഥമഗണനീയമായ തന്ത്രഗ്രന്ഥം തന്ത്രസമുച്ചയം തന്നെയാണ്. തന്ത്രാഗമ പാരാവാരത്തിന്റെ പാരദ്യശ്വാവായ ചേന്നാസ് നാരായണന് നമ്പൂതിരിപ്പാടാണ് ഈവാങ്മയത്തിന്റെ കര്‍ത്താവ്. കോഴിക്കോട് സാമൂതിരിയുടെ സദസ്സിലെ പ്രസിദ്ധരായ പതിനെട്ടരകവികളില്‍ (പണ്ഡിതന്മാരില്) ഇദ്ദേഹം അന്യതമനായിരുന്നു. ആ കാലഘട്ടത്തിലെ ‘ദുഷ്കവികുഞ്ജര’ന്മാര്‍ക്ക് അത്യന്തം ഭീതിദനും ‘വേദാന്തവനസഞ്ചാരി’യും പണ്ഡിത സാര്‍വ്വ ഭൗമനുമായിരുന്ന ‘ഉദ്ദണ്ഡ കേസരി’. ചേന്നാസിന്റെ സുഹൃത്തും പ്രശംസകനുമായിരുന്നെന്നും മാനവിക്രമന്റെ രാജസദ സ്സിലേയ്ക്ക് ഉദ്ദണ്ഡനെ പരിചയപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു എന്നും പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ രചനകളായി തന്ത്രസമുച്ചയത്തിനു പുറമെ ദേവാലയ ചന്ദ്രിക എന്നും മനുഷ്യാലയ ചന്ദ്രിക എന്നും (യഥാക്രമം ക്ഷേത്രനിര്‍മ്മാണ വിധിയും ഗൃഹനിര്‍മ്മാണ വിധിയും) വാസ്തുശാസ്ത്രപരമായ രണ്ടു കൃതികളും ഉണ്ട്.
ഇദ്ദേഹത്തിന്റെ മൂലകുടുംബം പൊന്നാനി താലൂക്കിലുള്ള വെന്നേരിയിലായിരുന്നു. ജയന്തമംഗലം എന്നായിരുന്നു അന്നത്തെ കുടുംബപ്പേരെന്നും അതുതന്നെയാണ് ‘ചേന്നാസ്’ ആയിട്ടുള്ളതെന്നും പറയപ്പെടുന്നു. ഇപ്പോള്‍ ആ കുടുംബം പല ശാഖകളായി പിരിഞ്ഞ് പല സ്ഥലങ്ങളിലായി പാര്‍ത്തുവരുന്നു. ഇവര്‍ പാരമ്പര്യമായി സുപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രത്തിലെ തന്ത്രിമാരാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: