വ്യത്യസ്ത സംസ്കാരങ്ങളെ പ്രതിനിധീകരിച്ചിരുന്ന ഒരുകൂട്ടം രാഷ്ട്രങ്ങള്‍, പരസ്പരം പോരടിച്ചിരുന്ന ഒരുകൂട്ടം രാജ്യങ്ങള്‍ ബ്രിട്ടീഷ് ഭരണാനന്തരം ഏകീകരിക്കപ്പെട്ട ചരിത്രമാണ് ഭാരതത്തിന്റേതായി അറിയപ്പെടുന്നത്. പഞ്ചാബ്, കശ്മീര്‍, വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങള്‍ മുതല്‍ കന്യാകുമാരി വരെയാണ് ഇന്നത്തെ ഭാരതം. അഖണ്ഡഭാരതമായി ആഗോള തലത്തില്‍ സ്വാധീനം ചെലുത്തിയ ഭാരതവര്‍ഷമെന്ന ഹിന്ദുഭൂമി അഫ്ഗാനിസ്ഥാന്, നേപ്പാള്‍, ഭൂട്ടാന്, ടിബറ്റ്, പാക്കിസ്ഥാന്, ബംഗ്ലാദേശ്, മ്യാന്മര് എന്നിങ്ങനെ വിവിധ ആധുനിക-ദേശ രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടു. എന്നാല്‍ അഖണ്ഡ ഭാരതമെന്നത് ഒരു സങ്കല്‍പ്പം മാത്രമാണെന്നും, ആദ്യം സൂചിപ്പിച്ചതുപോലെ അത് അനേകം രാഷ്ട്രങ്ങളെ കൂട്ടിച്ചേര്‍ത്തതാണെന്നും ആര്യ-ദ്രാവിഡ സിദ്ധാന്തവും വടക്കേന്ത്യ, ദക്ഷിണേന്ത്യ, വടക്ക് കിഴക്കന്‍ ഇന്ത്യ എന്നിവ വ്യത്യസ്ത സംസ്കാരം പിന്തുടരുന്നവയും വ്യത്യസ്ത രാജ്യങ്ങളാവാന്‍ യോഗ്യമായ പ്രദേശങ്ങളാണെന്നുമുള്ള അഖ്യാനമാണ് ഭാരതത്തിന്റെ പൊതു ബോധത്തില്‍ ഇന്നും നിറച്ചിരിക്കുന്നത്. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ഭാരതീയവും അല്ലാത്തതുമായ വിവിധ സ്രോതസ്സുകളില്‍ അഖണ്ഡ ഭാരതത്തെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഭാരതീയരുടെ കാഴ്ചപ്പാടില്‍
വടക്ക്-പടിഞ്ഞാറ് അഫ്ഗാനിസ്ഥാനിലെ ഗസ്നി മുതല്‍ കിഴക്ക് അസമിലെ സാദിയ വരെയും, തെക്ക് കന്യാകുമാരി വരെ തൃകോണാകൃതിയാണ് മഹാഭാരതം അനുസരിച്ചു ഭാരതത്തിന്റെ ഭൂമിശാസ്ത്രം. ഇന്നും യഥാര്‍ത്ഥ കാലനിര്‍ണയം സാധിക്കാത്ത ഉപനിഷത്തുകളും വേദങ്ങളും രാമായണവും രചിക്കപ്പെട്ടതും ഈ ഭൂമികയിലാണ്. ഈ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്ന സ്ഥലങ്ങളും അഖണ്ഡ ഭാരതത്തിന് പുറത്തായിരുന്നില്ല. മഹാഭാരത കാലഘട്ടത്തില്‍ ഭാരതവര്‍ഷമെന്നാണ് അറിയപ്പെട്ടിരുന്നത്. ഭീഷ്മപര്‍വ്വത്തിലെ ആറാം അധ്യായത്തിലെ പന്ത്രണ്ടാം ശ്ലോകം മുതല്‍ പതിമൂന്നാം അധ്യായത്തിലെ മുപ്പത്തിയേഴാം ശ്ലോകം വരെ ഭരതവര്‍ഷത്തിന്റെ ഭൂമിശാസ്ത്രം വിശദമായി വിവരിച്ചിരിക്കുന്നു. ഭൂമി ഒരു ചക്രം പോലെയാണെന്ന് സഞ്ജയന് ധൃതരാഷ്ട്രനോട് പറയുന്നു. ഈ ചക്രത്തില്‍ മുയലുകളെപ്പോലെ രണ്ട് ഭാഗങ്ങളും, ബോധി വൃക്ഷത്തിന്റെ ഇലകള്‍ പോലെ രണ്ട് ഭാഗങ്ങളുമുണ്ട്. ഇത് ഭൂമിയുടെ പോളാര്‍ അംശങ്ങളുടെ വിവരണമാണ്. അന്റാര്‍ട്ടിക്ക ഇതിന്റെ മധ്യഭാഗത്തും ആര്‍ട്ടിക് അതിന്റെ അരികിലുമാണ്. യുറേഷ്യയും വടക്കേ അമേരിക്കയുമാണ് രണ്ട് മുയലുകള്‍. രണ്ട് ഇലകള്‍ ആഫ്രിക്കയും തെക്കേ അമേരിക്കയുമാണ്. ഹിമവന്‍, ഹേമകൂട, നിഷാദ, നീല, ശ്വേത, ശൃംഗവന്‍ എന്നിങ്ങനെ യുറേഷ്യയെ ആറ് പര്വതനിരകളാല് ഏഴ് പ്രദേശങ്ങളായി തിരിച്ചിരിക്കുന്നു. ഇതില്‍ ഹിമവന്‍ ഹിമാലയമാണ്. ടിബറ്റിലെ കൈലാസം, ചൈനയിലെ കിന്‍ലുന്‍, പാമീറിലെ ടിയാന് ഷാന്‍, മംഗോളിയയിലെ അല്‍തായ് റേഞ്ചുകള്‍, സൈബീരിയയിലെ സയാന് പര്‍വതങ്ങള്‍ എന്നിവയാണ് മറ്റ് അഞ്ച് പര്‍വതങ്ങള്‍. ഇതില്‍ ഹിമാലയത്തിന്റെ തെക്കും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കുമുള്ള പ്രദേശമാണ് ഭരത വര്‍ഷം. 150 നദികള്‍, 30 വനങ്ങള്‍, 30 തടാകങ്ങള്‍, 80 മലനിരകള്‍ 300 തീര്‍ഥാടന കേന്ദ്രങ്ങള്‍, 220 ചെറുരാജ്യങ്ങള്‍ എന്നിങ്ങനെ ഭാരതവര്‍ഷത്തിലെ ഓരോ കോണുകളെക്കുറിച്ചും മഹാഭാരതത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പുരാണങ്ങളും ഭാരത ഭൂമിശാസ്ത്രത്തെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. പുരാണങ്ങളനുസരിച്ചു ഭാരത ഭൂമി ജംബു ദ്വീപ്, പ്ലക്സ ദ്വീപ്, സൈമലി ദ്വീപ്, കുശ ദ്വീപ്, ക്രൗഞ്ച ദ്വീപ്, ശക ദ്വീപ്, പുസ്കര ദ്വീപ് എന്നിങ്ങനെ ഏഴ് ദ്വീപുകള്‍ അല്ലെങ്കില്‍ ഭൂഖണ്ഡങ്ങള്‍ ചേരുന്നതാണ്. ഈ ദ്വീപുകള്‍ ഏഴ് സമുദ്രങ്ങളാല്‍ ചുറ്റപ്പെട്ടിരുന്നു. ഏഴ് ദ്വീപുകളുടെ കേന്ദ്രസ്ഥാനത്തുള്ള ജംബു ദ്വീപിന് നടുവില്‍ കരയുടെ വളയമുള്ള മേരു (പാമിര്‍ പര്‍വതം) എന്ന സ്വര്‍ണ്ണ പര്‍വതമുണ്ടായിരുന്നു. അതില്‍ നിന്ന് ഹിമാലയം ഉള്‍പ്പെടെയുള്ള മറ്റ് നിരവധി പര്‍വതങ്ങള്‍ താമരയുടെ ദളങ്ങള്‍ പോലെ വ്യത്യസ്ത ദിശകളിലേക്ക് വ്യാപിച്ചിരിക്കുന്നു. പുരാണ ഭൂമിശാസ്ത്രമനുസരിച്ച്, ജംബു ദ്വീപിനെ ഒമ്പത് ‘വര്‍ഷ’ങ്ങളായി അല്ലെങ്കില്‍ ഉപഭൂഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. അതിലൊന്നാണ് ഭരത-വര്‍ഷം.
പരാശര മഹര്‍ഷിയും വരാഹമിഹിരനും ഭാരതത്തെ ഒന്‍പത് ദേശങ്ങളായി അഥവാ നവ ഖണ്ഡങ്ങളായി തിരിക്കുന്നു. പാഞ്ചാലം മധ്യഭാഗ തലസ്ഥാനവും കിഴക്ക് മഗധവും തെക്ക് -കിഴക്ക് കലിംഗവും തെക്ക് അവന്തവും തെക്ക് പടിഞ്ഞാറ് അനാര്‍തവും പടിഞ്ഞാറ് സിന്ധു സൗവിരയും വടക്ക് പടിഞ്ഞാറ് ഹര വൗരയും വടക്ക് മദ്രയും വടക്ക് കിഴക്ക് കൗനിന്ദയുമായിരുന്നതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാര്‍ക്കണ്ഡേയ പുരാണം, വായുപുരാണം, മത്സ്യ പുരാണം, വിഷ്ണു പുരാണം എന്നിവയിലും ചെറിയ വ്യത്യാസങ്ങളോടെ ഭാരതത്തെ ഒന്‍പത് ഭാഗങ്ങളയി തിരിച്ചിരിക്കുന്നു. ഇതില്‍ വിഷ്ണു, വായു, മത്സ്യ എന്നീ പുരാണങ്ങളില്‍ മഹാഭാരതത്തിലേതുപോലെ അഞ്ച് ഭാഗങ്ങള്‍ മാത്രമാണ് വിവരിച്ചിരിക്കുന്നത്. വിഷ്ണു പുരാണത്തില്‍ പറയുന്നത് ഇപ്രകാരമാണ് ”ഉത്തരം യത് സമുദ്രസ്യ, ഹിമദ്രേശ്ചൈവ ദക്ഷിണം, വര്‍ഷം തദ് ഭരതം നാമ ഭാരതീ യത്ര സന്തതിഃ.” അതായത്, സമുദ്രത്തിന് വടക്കും ഹിമാലയത്തിന്റെ തെക്കും സ്ഥിതിചെയ്യുന്ന രാജ്യം ഭരതന്റെ പിന്‍ഗാമികള്‍ വസിക്കുന്നതിനാല്‍ ഭാരതം എന്ന് വിളിക്കപ്പെടുന്നു. മൈത്രേയ പുരാണത്തിലെ ഒരു വാക്യം പറയുന്നത് ‘മനു ഭരിച്ച നാടിന്റെ പേരാണ് ഭാരതവര്‍ഷ’ മെന്നാണ്. വരാഹ മിഹിരന്റെ വിവരണത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ദ്ര, കാശേരു മഠം, താമ്ര വര്‍ണം, ഗബസ്ഥി മഠം, കുമാരികം, നാഗ, സൗമ്യ, വരുണം, ഗാന്ധര്‍വ്വം എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ ഭാരതത്തെ പുരാണങ്ങള്‍ തരംതിരിക്കുന്നു. ഇവകൂടാതെ അഗ്നിപുരാണം, ഭാഗവത പുരാണം, ബ്രഹ്മപുരാണം, ദേവീഭാഗവത പുരാണം, ബ്രഹ്മാണ്ഡ പുരാണം, ബ്രഹ്മ വൈവര്‍ത്ത പുരാണം, ഗരുഡപുരാണം തുടങ്ങിയ മറ്റ് പുരാണങ്ങളിലും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ ഇതിഹാസങ്ങളിലും ഉപനിഷത്തുകളിലും വേദങ്ങളിലും ഉള്ളതുപോലെ ഭാരതത്തിന്റെ ഭൂമിശാസ്ത്രം വ്യക്തമായി വിവരിക്കുന്നുണ്ട്.
വൈദേശികര്‍ കണ്ട ഭാരതം
പുരാതന ഭാരതീയര്‍ക്ക് അവരുടെ രാജ്യത്തിന്റെ യഥാര്‍ത്ഥ രൂപത്തെയും വലുപ്പത്തെയും സംബന്ധിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് വിവിധ ഗ്രീക്ക് സ്രോതസ്സുകള്‍ വ്യക്തമാക്കുന്നുണ്ട്. ഭാരതത്തെ ആക്രമിക്കുവാന്‍ രാജ്യത്തിന്റെ ഘടനയെയും വലുപ്പത്തെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ അലക്സാണ്ടര്‍ ശേഖരിച്ചത് ഭാരതീയരുടെ പക്കല്‍ നിന്നായിരുന്നുവെന്ന് ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞനായ സ്ട്രാബോ രേഖപ്പെടുത്തുന്നു. ഗ്രീസിലെ മാസിഡോണിയന്‍ ഭരണാധികാരി അമിന്റാസ് തയ്യാറാക്കിയ യാത്രകളെ സംബന്ധിച്ചുള്ള രേഖകളിലും, അലക്സാണ്ടറുടെ പിന്‍ഗാമിയായ സെല്യൂക്കസ് നികറ്റോറിന്റെ പ്രതിനിധിയായി പാടലീപുത്രം സന്ദര്‍ശിച്ച മെഗസ്തനീസ് നല്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലും വിശകലനം ചെയ്യുമ്പോള്‍ പുരാതന ഭാരതത്തിന് അസമമായ ചതുര്‍ഭുജാകൃതിയായിരുന്നുവെന്ന് മനസിലാക്കാം. ബി. സി 302 നും 288 നും ഇടയില്‍ ഭാരതം സന്ദര്‍ശിച്ച അദ്ദേഹം എഴുതിയ ‘ഇന്‍ഡിക്ക’യില്‍ തെക്കും കിഴക്കും സമുദ്രവും, പടിഞ്ഞാറും വടക്ക് -പടിഞ്ഞാറും സിന്ധു നദിയും സമുദ്രവും വടക്കന്‍ അതിര്‍ത്തി തെക്കന്‍ തുര്‍ക്കിയിലെ ടൗറോസ് പര്‍വതങ്ങള്‍ വരെ വ്യാപിച്ചു കിടന്നിരുന്ന ഭൂമികയായിരുന്നു ഭാരതമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡസ് (സിന്ധു) നദിയുടെ അതിര്‍ത്തിക്കപ്പുറമുള്ളവരെന്ന നിലയില്‍ ‘ഇന്‍ഡി’ എന്നാണ് ഗ്രീക്കുകാര്‍ ഭാരതീയരെ വിശേഷിപ്പിച്ചത്. ഭാരതത്തിലുടനീളം സഞ്ചരിച്ച മെഗസ്തനീസ് തദ്ദേശീയമായ വംശവൈവിധ്യത്താല്‍ സമ്പന്നമായ ഭാരതത്തില്‍ വിദേശ കോളനികളുണ്ടായിരുന്നില്ലയെന്നും, തദ്ദേശീയര്‍ പുറത്തും കോളനികളുണ്ടാക്കിയിരുന്നില്ലയെന്നുമുള്ള വിവരങ്ങള്‍ നല്‍കുന്നുണ്ട്. ജല-ഭക്ഷണ, ശുദ്ധവായുവിനാല്‍ സമൃദ്ധമായ ഭാരതത്തിലെ ജീവിത നിലവാരം ശരാശരിക്ക് മുകളിലായിരുന്നുവെന്നും, തദ്ദേശീയരുടെ കലാപ്രാവിണ്യം കേമമായിരുന്നുവെന്നും രേഖപ്പെടുത്തി. തത്വചിന്തകര്‍, കര്‍ഷകര്‍, ഇടയന്മാര്, കൈത്തൊഴിലാളികള്‍, സൈനിക മേല്‍നോട്ടക്കാര്‍, കൗണ്‍സിലര്‍, അളവ് തൂക്കക്കാര്‍ എന്നിങ്ങനെയാണ് ഭാരതീയരെ മെഗസ്തനീസ് തരംതിരിച്ചത്.
”ആദാമിന്റെ ആവിര്‍ഭാവം മുതല്‍ ഇസ്ലാമിന്റെ ആഗമനം വരെ അവിശ്വാസികള്‍ക്ക് ഹിന്ദ് ഒരു സ്വര്‍ഗമായിരുന്നു. ഈ അടുത്ത കാലത്ത് പോലും ഈ അവിശ്വാസികള്‍ വീഞ്ഞും തേനും പോലെ സ്വര്‍ഗ്ഗത്തിന്റെ എല്ലാ സുഖവും അനുഭവിച്ചിട്ടുണ്ട്” എന്നാണ് കവിയായിരുന്ന അമീര്‍ ഖുസ്രു (12531325 എഡി) രേഖപ്പെടുത്തിയത്. ദല്‍ഹി സുല്‍ത്താനേറ്റിന്റെ കാലത്ത് ജീവിച്ചിരുന്ന അദ്ദേഹം ‘അടുത്ത കാലം’ എന്ന് ഉദ്ദേശിക്കുന്നത് ഇസ്ലാമിന്റെ അഗമനത്തിന് മുന്‍പായിരുന്നുവെന്ന് വ്യക്തമാണ്. ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യം അതിന്റെ ഭാഷകളില്‍ പ്രകടമായിരുന്നുവെന്ന് അദ്ദേഹം തന്നെ രേഖപ്പെടുത്തുന്നുണ്ട്. സിന്ധി, ലഹൗരി (പഞ്ചാബി), കാശ്മീരി, കുബ്രി, ധൂര്-സത്നന്ദ്രി (കന്നഡ), തിലങ്കി (തെലുങ്ക്), ഗുജാര്‍ (ഗുജറാത്തി), മാബാരി (തമിഴ്) ഗൗരി (വടക്കന്‍ ബംഗാളിന്റെ ഭാഷ), ബംഗാളി, അവദ് (അവദി), ദേഹ്ലി എന്നിങ്ങനെ വിഭജിക്കപ്പെട്ടിരുന്ന ഭാഷകള്‍ പുരാതന കാലം മുതല്‍ ഭാരതത്തില്‍ നിലനിന്നിരുന്നു. എന്നാല്‍ ഈ വൈവിധ്യങ്ങളൊന്നും ഭാരതത്തിന്റെ മാനസിക ഐക്യത്തിന് വിഘാതമായിരുന്നില്ല.
ക്രിസ്തുവിന് ഒരു നൂറ്റാണ്ട് മുന്‍പ് ചൈന ഭരിച്ചിരുന്ന ഹാന്‍ രാജവംശത്തിലെ ഏഴാമത്തെ ചക്രവര്‍ത്തിയായ ‘വുതി’യുടെ കാലത്ത് ഭാരതം ‘യുവാന്തു’ അല്ലെങ്കില്‍ ‘യിന്തു’വെന്നായിരുന്നു ചൈനയില്‍ അറിയപ്പെട്ടിരുന്നത്. ‘ഷിന്ധു’ അഥവാ ‘സിന്ധു’ വിന്റെ ചൈനീസ് രൂപമായിരുന്നു ഇത്. പിന്നീട് ‘തിയാന്തു’ എന്ന പേരിലും അറിയപ്പെട്ടു. എ.ഡി ഏഴാം നൂറ്റാണ്ടില്‍ ഭാരതം സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി ഹുയാന് സാങ് അഞ്ച് മേഖലകളടങ്ങുന്ന ഒരു രാജ്യമായാണ് ഭാരതത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ബാമിയാന്‍ വഴി ഭാരതത്തില്‍ പ്രവേശിച്ച അദ്ദേഹം തമിഴ്നാട്ടിലെ കാഞ്ചിപുരം വരെയും വടക്ക്-കിഴക്ക് കാമരൂപി വരെയും യാത്ര ചെയ്തു. പതിനഞ്ച് വര്‍ഷം ഭാരതത്തില്‍ ജീവിച്ച അദ്ദേഹം നേര്‍ത്ത ദക്ഷിണ ഭാഗവും വിശാലമായ ഉത്തര ഭാഗവുടങ്ങുന്ന അര്‍ദ്ധ ചന്ദ്രാകൃതിയിലുള്ള രാജ്യമായാണ് ഭാരതത്തെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ വിവരണം അനുസരിച്ച് ഭാരതം എണ്‍പതോളം നാട്ടുരാജ്യങ്ങളായി അന്ന് വിഭജിക്കപ്പെട്ടിരുന്നു. ഒരോ രാജവംശങ്ങളും പ്രധാന രാജവംശങ്ങളുടെ ഉപവംശങ്ങളായിരുന്നു. ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ കാബൂള്‍, ഗസ്നി, ജലധാബാദ്, പാകിസ്ഥാനിലെ പെഷവാര്‍, തെക്ക് കന്യാകുമാരി വരെ ഒരു രാജ്യമായാണ് അദ്ദേഹം ഭാരതത്തെ കണക്കാക്കിയത്. ഹുയാന് സാങ് പശ്ചിമ ഭാരതത്തെ മൂന്ന് മേഖലകളായി തിരിച്ചു. സിന്ധ്, ഗുജ്ജാര, ബല്ലഭി. സിന്ധു നദീതടം മുതല്‍ പഞ്ചാബ്, കടല്‍വരെയായിരുന്നു സിന്ധ്. പശ്ചിമ രജപുത്താന മുതല്‍ ഥാര്‍ മരുഭൂമി വരെയായിരുന്നു ഗുജ്ജാര.
സിന്ധുനദിക്കുമപ്പുറം
ഇന്നത്തെ ഗുജറാത്ത് ഉപദ്വീപ് മുതല്‍ കടല്‍ തീരം വരെയായിരുന്നു ബല്ലഭി. ഹുയാന് സാങ് നല്കിയ വിവരങ്ങള്‍ അനുസരിച്ചു മധ്യ ഭാരതം സത്ലജ് നദി മുതല്‍ ഗംഗ നദീ മുഖംവരെയും, ഹിമാലയം മുതല്‍ നര്‍മ്മദ-മഹാനദി വരെയുമായിരുന്നു. ഭാരതത്തിന്റെ ഏറ്റവും സമ്പന്നമായ പ്രദേശമായിരുന്നു ഇത്. പൂര്‍വ്വ ഭാരതം ഇന്നത്തെ അസം അടങ്ങുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബംഗാള്‍, ബംഗ്ലാദേശ്, സമ്പല്‍പൂര്‍, ഒറീസയിലെ ഗഞ്ചം വരെയായിരുന്നു. മേഖലയെ കമരൂപീ, സമതതീ, തമ്രലിപ്തി, കൈരാണ സുവര്‍ണ്ണ, ഓദ്ര, ഗഞ്ചാം എന്നിങ്ങനെ ആറു പ്രാവിശ്യകളായി ഹുയാന് സാങ് തിരിച്ചു. എഡി 639 നും 640 നും ഇടയില്‍ ദക്ഷിണ ഭാരതത്തില്‍ കാഞ്ചിപുരം വരെയെത്തിയ അദ്ദേഹം പടിഞ്ഞാറ് താപ്തി, മഹാനദി, നാസിക് മുതല്‍ തെക്ക് -കിഴക്ക് ഒഡിഷയിലെ ഗഞ്ചാം വരെയും തെക്ക് കന്യാകുമാരിവരെയും ദക്ഷിണ ഭാരതം വ്യാപിച്ചുകിടന്നിരുന്നതായി രേഖപ്പെടുത്തുന്നു. മധേഷ്യയില്‍ നിന്നുമെത്തിയ അദ്ദേഹം തന്റെ ഭാരത സന്ദര്‍ശനം ആരംഭിക്കുവാന്‍ തെരെഞ്ഞെടുത്തത് അഫ്ഗാനിസ്ഥാനിലെ ബാമിയാന്‍ മുതലാണെന്നുള്ളത് ശ്രദ്ധേയമാണ് .
ഫ-കായി-ലി – തോ എന്ന ചൈനീസ് കൃതിയിലും നേര്‍ത്ത ദക്ഷിണ ഭാഗവും വിശാലമായ ഉത്തര ഭാഗവും സമാന മുഖസാദൃശ്യമുള്ള ജനങ്ങള്‍ അടങ്ങുന്ന ഒരു രാജ്യമായാണ് ഭാരതത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. ഹുയാന് സാങ്ങിന് മുന്‍പ് ഫാഹിയാനെന്ന ചൈനീസ് തീര്‍ത്ഥാടകനും ഭാരതം സന്ദര്‍ശിച്ചിരുന്നു. ചൈനീസ് സഞ്ചരികളുടെ വിവരണങ്ങള്‍ അനുസരിച്ചു പഞ്ചാബ്, കശ്മീര്‍, അഫ്ഗാനിസ്ഥാന്, സിന്ധു നദിക്ക് അപ്പുറം, സരസ്വതി നദിക്ക് പടിഞ്ഞാറ് ഭാഗവും ചേരുന്നതായിരുന്നു ഭാരതത്തിന്റെ വടക്കന്‍ ഭാഗം. സിന്ധ്, രാജ്പുത്, കച്ച്, നര്‍മദ നദിയുടെ താഴ്വാര ഭാഗങ്ങള്‍ പശ്ചിമ ഭാഗവും, ഗംഗ നദീ തടം മുതല്‍ നര്‍മദ നദീ തടം വരെ മധ്യ ഭാഗവും അസം-ബംഗാള്‍ അടങ്ങുന്ന മുഴുവന്‍ പ്രദേശങ്ങളും കിഴക്കന്‍ ഭാഗവും നാസിക്ക് മുതല്‍ കന്യാകുമാരി വരെ ഭാരതത്തിന്റെ ദക്ഷിണ ഭാഗവുമായിരുന്നു. പുരാണങ്ങളിലും വരാഹ മിഹിരനും നല്കിയ ഒന്‍പത് ഭാഗങ്ങളെക്കാള്‍ ലളിതമായാണ് ചൈനീസ് സഞ്ചാരികള്‍ നല്കിയ വിവരങ്ങള്‍.
എ. ഡി 130 ല്‍ ഭാരതം സന്ദര്‍ശിച്ച ടോളമി എഴുതിയ ‘ഭൂമിശാസ്ത്രത്തിലും’ സമുദ്രങ്ങള്‍ കൂടി ചേരുന്ന കന്യാകുമാരി മുതല്‍ ഹിമാലയം വരെയും സിന്ധു നദി മുതല്‍ ഗംഗ തടം വരെയുമായിരുന്നു ഭാരത ഭൂമി. ഭാരതത്തിന്റെ പ്രകൃത്യായുള്ള അതിര്‍ത്തികള്‍ ഹിമാലയവും സിന്ധു നദിയും സമുദ്രവുമാണെന്ന് പറയാമെങ്കിലും പശ്ചിമ ഭാഗത്തെ സ്വാധീനം സിന്ധു നദിക്കപ്പുറത്ത് അഫ്ഗാനിസ്ഥാനും കടന്ന് ഇറാന്റെ കിഴക്കന്‍ ഭാഗം വരെയായിരുന്നു. കിഴക്കന്‍ അരിയാന എന്നാണ് ഈ സ്ഥലം രേഖപ്പെടുത്തിയിരുന്നത്. റോമന്‍കാരനായ പ്ലിനി എഡി ഒന്നാം നൂറ്റാണ്ടില്‍ രേഖപ്പെടുത്തിയത് പ്രകാരം ഭൂരിഭാഗം ചരിത്രകാരന്മാരും സിന്ധു നദിയെ ഭാരതത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയായി കണ്ടിരുന്നില്ല. അന്നത്തെ കോഫസ് നദി അഥവാ ഇന്നത്തെ കാബൂള്‍ വരെ അത് വ്യാപിച്ചു കിടന്നിരുന്നതായി രേഖപ്പെടുത്തുന്നു. പുരാതന റോമുമായി ശക്തമായ വ്യാപാരം നടത്തിയിരുന്ന ഈ രാജ്യത്തിലേക്ക് (ഭാരതം) റോമിന്റെ സമ്പത്തും സ്വര്‍ണവും ഒഴുകുന്നുവെന്ന് അദ്ദേഹം എ. ഡി ഒന്നാം നൂറ്റാണ്ടില്‍ തന്നെ രേഖപ്പെടുത്തി.
അല്‍ഹിന്ദിന്റെ അതിര്‍ത്തി
ഭാരതത്തിന്റെ ഭാഷകളും സംസ്കാരവും അഫ്ഗാനിസ്ഥാനിലെ ഇന്നത്തെ ബാമിയാന്‍ മുതല്‍ കാണ്ഡഹാര്‍ വരെയും തെക്ക് ഭാഗത്ത് ബോലാന്‍ ചുരം വരെയും വ്യാപിച്ചിരുന്നു. ഭാരതത്തിന്റെ വടക്ക് ഭാഗം പത്ത് ചെറു നാട്ടുരാജ്യങ്ങളായി ഇക്കാലഘട്ടത്തില്‍ വിഭജിക്കപ്പെട്ടിരുന്നു. പടിഞ്ഞാറ് ഭാഗത്ത് കാബൂളും ഗസ്നിയും വടക്ക് ഭാഗത്ത് ലംഘാനും ജലാദാബാദും, കിഴക്ക് ഭാഗത്ത് സ്വാത്-പെഷവാറും വടക്ക് കിഴക്ക് ഭാഗത്ത് ബൊലോറും തെക്ക് ഭാഗത്ത് ഒപോകിയന്‍-ബനി എന്നീ സ്ഥലങ്ങളും ചേരുന്നതായിരുന്നു. ഈജിപ്ത്, കിഴക്കന്‍ ആഫ്രിക്ക, തെക്കന്‍ അറേബ്യ, ഭാരതം എന്നിവിടങ്ങളില്‍ വ്യാപാരം നടത്തുന്ന ഗ്രീക്ക് വ്യാപാരികളെ ഉദ്ദേശിച്ച് എ.ഡി ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ‘പെരിപ്ലസ് ഓഫ് എറിത്രേയന്‍ സീ’ എന്ന ഗ്രീക്ക് ഗ്രന്ഥത്തില്‍ ഭാരതത്തിന്റെ പശ്ചിമ തീരം കറാച്ചി മുതല്‍ കന്യാകുമാരി വരെയെന്ന് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ആധുനിക അഫ്ഗാനിസ്ഥാനിലെ കപിസ-ഗാന്ധാര, സബുലിസ്ഥാന്‍, സിന്ധ് എന്നീ രാജ്യങ്ങള്‍ സാംസ്കാരികമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു. ‘അല്‍-ഹിന്ദിന്റെ അതിര്‍ത്തി’യെന്നാണ് അറബികള്‍ ഇതിനെ വിശേഷിപ്പിച്ചത്.
അഖണ്ഡ ഭാരതത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ ഹിന്ദുത്വ ഏകത്വത്തിന് ഭീക്ഷണിയുയര്‍ന്നത് ഇസ്ലാമിന്റെ അധിനിവേശത്തോടെയാണ്. ഭാരതത്തിന്റെ സമ്പത്തു കൊള്ളയടിക്കലും അവിശ്വാസിയെ ഇല്ലായ്മ ചെയ്യുകയെന്നതും ഇസ്ലാം പ്രചരിപ്പിക്കുകയെന്ന പ്രത്യേയശാസ്ത്രവുമാണ് ഭാരതത്തെ ആക്രമിക്കാന്‍ മുസ്ലിങ്ങളെ പ്രേരിപ്പിച്ചത്. എ. ഡി 712 ല്‍ മുഹമ്മദ് കാസിമിന്റെ ഇസ്ലാമിക സൈന്യം സിന്ധും മുള്‍ട്ടാനും കീഴടക്കി. പിന്നീട് കാബൂള്‍ താഴ്വര, ഗാന്ധാര, പശ്ചിമ പഞ്ചാബ് എന്നിവിടങ്ങളിലുണ്ടായിരുന്ന അവസാനത്തെ ഹിന്ദു ഷാഹിവംശം പതിനൊന്നാം നൂറ്റാണ്ടില്‍ ഗസ്നിയില്‍ നിന്നുണ്ടായ അക്രമണത്തോടെ അവസാനിച്ചു. ഒപ്പം ബുദ്ധമതവും മറ്റ് മതങ്ങളും ഇല്ലാതായി. ഗസ്നവിദ് സാമ്രാജ്യത്തിന്റെ സുല്‍ത്താന്‍ ഗസ്നിയിലെ മഹമൂദ്, പതിനൊന്നാം നൂറ്റാണ്ടില്‍ പഞ്ചാബിന്റെയും ഗുജറാത്തിന്റെയും വിസ്തൃതമായ ഭാഗങ്ങള്‍ ആക്രമിച്ചു കീഴ്പ്പെടുത്തി. ലാഹോര്‍ പിടിച്ചെടുക്കലിനും ഗസ്നാവിദുകളുടെ അന്ത്യത്തിനും ശേഷം ഭരണാധികാരി മുഹമ്മദ് ഘോറി 1192-ല്‍ ഭാരതത്തില്‍ മുസ്ലീം ഭരണത്തിന് അടിത്തറയിട്ടു. 900 വര്‍ഷത്തോളം മുസ്ലിങ്ങളും 200 വര്‍ഷത്തോളം ബ്രിട്ടീഷ് ഭരണവും ഭാരതത്തിന്റെ സംസ്കാരവും അതിനോട് അലിഞ്ഞു ചേര്‍ന്നിരുന്ന ഭൂമിയും ഒരുപോലെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും, ഭാഗികമായി വിജയിക്കുകയും ചെയ്തു. ഇസ്ലാമിക അധിനിവേശംവരെ അഖണ്ഡ ഭാരതമെന്നത് യാഥാര്‍ത്ഥ്യമായിരുന്നു.
(ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: