മധ്യകേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതും, ചരിത്രപരമായി ഏറെ ഐതിഹ്യ പ്രധാന്യമുള്ളതുമായ ഒന്നാണ് വില്വമലയിലെ പുനര്‍ജ്ജനി ഗുഹ. തൃശൂര്‍ ജില്ലയിലുള്ള തിരുവില്വാമലയില്‍, വില്വാദിനാഥ ക്ഷേത്രത്തില്‍ നിന്നും ഉദ്ദേശം രണ്ട് കിലോമീറ്ററോളം കിഴക്കോട്ടു സഞ്ചരിച്ചാല്‍ തെക്കുഭാഗത്തായി പുനര്‍ജ്ജനി ഗുഹയുടെ കവാടം ദൃശ്യമാകും.
വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശി (ഗുരുവായൂര്‍ ഏകാദശി) ദിവസം മാത്രമാണ് മനുഷ്യര്‍ക്ക് ഈ ഗുഹയിലൂടെ നൂഴുന്നതിന് അനുവാദമുള്ളത്.
മഹാദേവന് കൈലാസത്തില്‍ പൂജിച്ചിരുന്ന ചതുര്‍ബാഹുവായ മഹാവിഷ്ണു വിഗ്രഹം ശിഷ്യനായ പരശുരാമന് നല്‍കുകയും ഭൂമിയില്‍ ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠ നടത്താന്‍ ഉപദേശിക്കുകയും ചെയ്തു. തുടര്‍ന്ന് വില്വാദ്രിമലയിലെത്തിയ അദ്ദേഹം കിഴക്കോട്ടു ദര്‍ശനമായി പ്രതിഷ്ഠ നടത്തിയ സ്ഥലമാണ് ഇന്നു കാണുന്ന വില്വാദിനാഥ ക്ഷേത്രം എന്നതാണ് ഐതിഹ്യം. പരശുരാമന് മൂവേഴു വട്ടം നിഗ്രഹം നടത്തിയ ക്ഷത്രിയരുടെ പ്രേതങ്ങള്‍ക്ക് മഹാവിഷ്ണുദര്‍ശനം ഇതിലൂടെ സാധ്യമായെങ്കിലും മോക്ഷം ലഭിച്ചില്ല. ഇക്കാരണത്താല്‍ ദുഃഖിതനായ അദ്ദേഹം പരിഹാരമാരായാന്‍ ദേവഗുരുവായ ബൃഹസ്പതിയെ ചെന്നുകണ്ടു; പ്രേതങ്ങള്‍ക്കു പുനര്ജന്മങ്ങളെടുത്തു കര്‍മ്മഫലത്തിലൂടെ പാപം നീക്കി മോക്ഷം നേടാന്‍ സാധിക്കില്ലെന്നും അതിനാല്‍ വില്വമലയില്‍ പുനര്‍ജ്ജനി ഗുഹ നിര്‍മ്മിക്കാനും അതിലൂടെ പ്രേതാത്മാക്കള്‍ നൂണാല്‍ ജന്മമൊടുങ്ങി അവര്‍ക്ക് പാപമുക്തി ലഭിക്കുമെന്നും ദേവഗുരു പരശുരാമനെ ഉപദേശിച്ചുവത്രെ. ഉടന്‍ തന്നെ അദ്ദേഹം വിശ്വകര്‍മ്മാവിനെ വിളിച്ചുവരുത്തി പ്രേതാത്മാക്കള്ക്ക് പാപമുക്തി ലഭിക്കാനായി വില്വാദ്രിമലയില്‍ ഗുഹാ നിര്‍മ്മാണം നടത്താന്‍ ആവശ്യപ്പെട്ടു.
ദേവേന്ദ്രനും, ബൃഹസ്പതിയ്ക്കുമൊപ്പം വില്വാദ്രിയിലെത്തിയ വിശ്വകര്‍മ്മാവ് ക്ഷേത്രത്തിന് വളരെ സമീപത്തായി വിഘ്ന നിവാരണത്തിനായി ഗണപതിതീര്‍ത്ഥം ഉണ്ടാക്കിയെങ്കിലും പ്രേതസാന്നിദ്ധ്യം ഒരിയ്ക്കലും ക്ഷേത്രത്തിനടുത്തുണ്ടാകാന്‍ പാടില്ലെന്ന ചിന്തയില്‍ കുറച്ച് കൂടി കിഴക്കോട്ട് നീങ്ങിയപ്പോള്‍, ത്രിമൂര്ത്തീസാന്നിധ്യം അനുഭവപ്പെടുകയും അവിടെ ഗുഹ നിര്‍മ്മാണം ആരംഭിക്കാം എന്ന് തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് ബൃഹസ്പതി പൂജകള്‍ നടത്തിയ ശേഷം വിശ്വകര്‍മ്മാവ് ഗുഹ നിര്‍മ്മിച്ചു നല്കി എന്നും പറയപ്പെടുന്നു. ഗുഹയോട് ചേര്‍ന്ന് പാപനാശിനി തീര്‍ത്ഥം, പാതാളതീര്‍ത്ഥം എന്നിവയെ കൂടാതെ ദേവേന്ദ്രന് അമ്പ് എയ്തുണ്ടാക്കിയതെന്നു വിശ്വസിക്കുന്ന അമ്പ് തീര്‍ത്ഥം, ഐരാവതം കൊമ്പ് കുത്തി ഉണ്ടാക്കിയ കൊമ്പ് തീര്‍ത്ഥം എന്നിവയും ഉണ്ട്.
തുടര്‍ന്ന് പ്രേതാത്മാക്കള്‍ ഈ പുണ്യ തീര്ത്ഥങ്ങളിലാറാടി ഓരോ പ്രാവശ്യവും ഈ ഗുഹയിലൂടെ നൂഴുമ്പോള്‍ ഓരോ ജന്മത്തിലെയും പാപങ്ങള്‍ നശിക്കുകയും, നിരന്തരമായ നൂഴലിലൂടെ ജന്മ ജന്മാന്തര പാപങ്ങള്‍ ഒടുങ്ങി അവരുടെ ആത്മാവിന് മുക്തി ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
ദേവേന്ദ്രനും, മറ്റെല്ലാ ദേവന്മാരും പുനര്‍ജനിയുടെ നിര്‍മ്മാണ പ്രക്രിയയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നാണ് ഐതിഹ്യം. ഗുഹയുടെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ദേവഗണങ്ങളും, ബ്രാഹ്മണരും പരശുരാമനോട് തങ്ങള്‍ക്കും ഗുഹയിലൂടെ നൂഴണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. അപ്രകാരം ദേവന്മാരും ബ്രാഹ്മണരും ഗുഹ നൂണത് വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശി നാളില്‍ ആയിരുന്നുവെന്ന് പറയപ്പെടുന്നു. ഈ ദിവസം തന്നെ സാധാരണക്കാരായ ജനങ്ങളും ഇവിടെയെത്തി പുനര്‍ജ്ജനി നൂണ് സായൂജ്യം അടയുന്നു. മറ്റ് ദിവസങ്ങളില്‍ ഗുഹ നൂഴുന്നത് പ്രേതാത്മാക്കളാണെന്ന വിശ്വാസമാണ് ഗുരുവായൂര്‍ ഏകാദശി ദിവസം മാത്രം ഭക്തജനങ്ങള്‍ക്ക് ഗുഹ നൂഴാന്‍ അനുവാദം നല്‍കുന്നതിന് കാരണമായി പറയപ്പെടുന്നത്.
കുരുക്ഷേത്രയുദ്ധത്തിനുശേഷം പഞ്ചപാണ്ഡവര്‍, പൂര്‍വ്വികര്‍ക്കും, യുദ്ധത്തില്‍ കൊല്ലപ്പെട്ട ബന്ധുക്കള്‍ക്കും ബലിയര്‍പ്പിക്കാനായി ഇവിടെ എത്തിയതായും, തങ്ങള്‍ ചെയ്ത പാപങ്ങളില്‍ നിന്ന് മുക്തി നേടാനായി പുനര്ജ്ജനിയിലൂടെ നൂണതായും കഥകളുണ്ട്. ഏകദേശം ആറടിയോളം ഉയരമുള്ളതാണ് ഗുഹാ കാവാടം. നൂറ്റാണ്ടുകളായി വെളിച്ചമില്ലാതെ തുറന്ന് കിടക്കുന്ന ഗുഹയ്ക്കകത്ത് ഇക്കാലം വരെ ഇഴജന്തുക്കളോ, മറ്റ് മൃഗങ്ങളോ ഇല്ലാത്തതും ഒരു അത്ഭുതമായി തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: