ഹൂസ്റ്റൺ: ശ്രീ ഗുരുവായൂരപ്പനും മധുര മീനാക്ഷിയും വാണരുളുന്ന ഹൂസ്റ്റൺ നഗരം രണ്ടു പതിറ്റാണ്ടിനുശേഷം വീണ്ടും കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ സമ്മേളനത്തിന് സാക്ഷ്യം വഹിക്കുന്നു.
‘അശ്വമേധം’ എന്ന് പേരിട്ടിരിക്കുന്ന അമേരിക്കൻ മലയാളി ഹിന്ദുക്കളുടെ ഏറ്റവും വലിയ ഉത്സവത്തിന് നവംബർ 23, 24, 25 തീയതികളിൽ ഹിൽട്ടൺ അമേരിക്കാസ് വേദിയാകും. ആത്മീയതയുടേയും സംസ്ക്കാരത്തിന്റേയും കലയുടേയും സാഹിത്യത്തിന്റേയും മൂന്നു രാപ്പകലുകൾക്കാണ് അമേരിക്കയുടെ ഊർജ്ജനഗരി സാക്ഷ്യം വഹിക്കുക. ആത്മീയതയും ശാസ്ത്രവും രാജനൈതികതയും കലയും സമന്വയിക്കുന്ന ലോക ഹിന്ദു പാർലമെന്റ് എന്ന സ്വാമി സത്യനന്ദ സരസ്വതിയുടെ ദർശനത്തന് തുല്യംചാർത്തുന്ന പരിപാടികളോടെയാണ് 12മത് കെഎച്ച്എൻഎ കൺവൻഷന് കൊടി ഉയരുക.
23 ന് രാവിലെ ശ്രീമീനാക്ഷി ക്ഷേത്രത്തിൽ ആറ്റുകാൽ തന്ത്രി തെക്കേടത് കുഴിക്കാട്ടിൽ ഇല്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് പണ്ടാരഅടുപ്പിൽ തീപകർന്ന് ആരംഭിക്കുന്ന മഹാപൊങ്കാലയോടെയായിരിക്കും കൺവെൻഷൻ തുടക്കം. അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർത്ഥി വിവേക് രാമസ്വാമിയുടെ അമ്മ ഡോ ഗീതാ രാമസ്വാമിയും തിരുവിതാംകൂർ രാജകുടുംബത്തിലെ ഗൗരി പാർവതിബായി തമ്പുരാട്ടിയും ഭദ്രദീപം തെളിയിക്കും. ഉച്ചക്ക് മൂന്നുമണിക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ, നാമജപാലാപനത്തോടെ, കേരളീയ വസ്ത്രങ്ങൾ അണിഞ്ഞുള്ള വിളംബരഘോഷയാത്ര നടക്കും.
യോഭായാത്ര സമ്മേളന വേദിയായ അയോധ്യ നഗരിയിൽ എത്തുമ്പോൾ ആചാര്യ ശ്രേഷ്ഠരെ പ്രവേശന കവാടത്തിൽ പൂർണ്ണകുംഭം നൽകി സ്വീകരിച്ച് ആനയിക്കും. മേളവിദഗ്ധൻ കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തിൽ കേളികൊട്ട് ഉയരും. തുടർന്ന് സമ്മേളനവേദിയിൽ പ്രത്യേകം തയ്യാറാക്കിയ ക്ഷേത്രത്തിൽ ദീപാരാധന. ക്ഷേത്രമുറ്റത്തെ ധ്വജത്തിൽ കെഎച്ച്എൻഎ പ്രസിഡന്റ് ജി.കെ.പിള്ള ഉത്സവത്തിന്റെ കൊടിക്കൂറ മാനത്തേയ്ക്കുയർത്തും. സഭാഗൃഹത്തിലേക്ക് അതിഥികളും ആളുകളും എത്തുമ്പോൾ സഭാമധ്യത്തിൽ അംഗനമാരുടെ മഹാതിരുവാതിര അരങ്ങേറും.
കെഎച്ച്എൻഎ എന്ന ഹൈന്ദവ കൂട്ടായ്മയ്ക്ക് കാരണഭൂതനായ സ്വാമി സത്യാനന്ദസരസ്വതിയുടെ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന നടത്തി അതിഥികൾ സഭാവേദിയിലെത്തും. ഡോ.കൃഷ്ണദാസ് ബാലുശ്ശേരിയുടെ സോപാനസംഗിതം ഉയരും.
ഡയറക്ടർ ബോർഡ് അംഗങ്ങൾ, ട്രസ്റ്റി ബോർഡ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ മാതൃകരങ്ങളാണ് സമ്മേളനവേദിയിലെ നിലവിളക്കിലേക്ക് ദിപം പകരുന്നത്.
പാരമ്പര്യവും സംസ്ക്കാരവും കെടാതെ സൂക്ഷിച്ച് പുതുതലമുറയിലേക്ക് പകരുന്ന അമ്മമാരുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട 9 അമ്മമാർ ഭദ്രദീപം തെളിയിക്കും.
ജി.കെ.പിള്ളയുടെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്വാമി ചിദാനന്ദപുരി, ശ്രീ ശക്തി ശാന്താനന്ദ മഹർഷി, ആറ്റുകാൽ തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. സർവശ്രീ കുമ്മനം രാജശേഖരൻ, ശ്രീകുമാരൻ തമ്പി, ഗൗരി പാർവതി ബായി തമ്പുരാട്ടി, നമ്പി നാരായണൻ, സൂര്യ കൃഷ്ണമൂർത്തി, ഡോ.രാംദാസ് പിളള, ഡോ.രഞ്ജിത് പിളള , സുരേഷ് നായർ എന്നിവർ സംസാരിക്കും. 24, 25 തീയതികളിൽ നാലുവേദികളിലായി വേറിട്ടതും പുതുമയാർന്നതുമായ സാംസ്കാരിക കലാ പരിപാടികൾ നടക്കും.
ഭാരത ചരിത്രത്തിലെ സ്ത്രീരത്നങ്ങളെ അവരുടെ വേഷവിധാനമായിരുന്ന സാരിയിൽ അവതരിപ്പിക്കുന്ന നൂതന പരിപാടിയായിരിക്കും ‘ജാനകി’. ഇതിനായി കൈതപ്രം എഴുതി ഈണം നൽകിയ ഒൻപതു ഗാനങ്ങളാണ് മുഖ്യ ആകർഷണം. ആർ.മാധവനാണ് ഷോ സംവിധാനം ചെയ്യുന്നത്.
കുട്ടികൾക്കായി ‘ശാസ്ത്രലോകം ഇന്ന്’ എന്ന പരിപാടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പക്കാർക്കായി അവർതന്നെ ബാസ്കറ്റ് ബോൾ, ഡീജെ ഉൾപ്പടെയുള്ള പരിപാടികൾ ഒരുക്കുന്നുണ്ട്. പ്രായമായ കുട്ടികൾക്കായി പരസ്പരം കാണാനും അറിയാനുമുള്ള അവസരങ്ങളും ‘മംഗല്യ സൂത്ര’എന്ന പരിപാടിയിലൂടെ ഒരുക്കുന്നുണ്ട്. കുട്ടികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിക്കുന്ന കലോത്സവം നടക്കുന്നുണ്ട്.
സൂര്യകൃഷ്ണ മൂർത്തി ഒരുക്കുന്ന താരങ്ങളാൽ സമ്പുഷ്ഠമായ ‘ഗണേശം’ പരിപാടി ആകർഷകമാകും. സിനിമാതാരങ്ങളായ നരേൻ, ആശാ ശരത്, പദ്മപ്രിയ, ലക്ഷ്മി ഗോപാലസ്വാമി, രചന നാരായണൻകുട്ടി, ദിവ്യാ ഉണ്ണി, പ്രിയങ്ക നായർ, ദേവനന്ദ (മാളികപ്പുറം), സോനാ നായർ, കലാമണ്ഡലം ഡോ.ധനുഷ, കലാമണ്ഡലം ശ്രീദേവി, എം.കെ.ശങ്കരൻ നമ്പൂതിരി തുടങ്ങിയവർ കലാപരിപാടികളുടെ ഭാഗമാകും.
ശ്രീകുമാരൻ തമ്പിയോടുള്ള ആദരവായി ‘ശ്രീകുമാരം മധുരം’ സംഗീത നിശ, സി.രാധാകൃഷ്ണന്റെ നോവലിനെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ ‘എഴുത്തച്ഛൻ’ നാടകം, ശബരി സംവിധാനം ചെയ്യുന്ന ‘പൊൻചിലമ്പ്’ നാടകം, ഹൈന്ദവകുടുംബം എന്ന വിഷയത്തിൽ നടക്കുന്ന ആചാര്യസംഗമം, ഹൈന്ദവ നേതാക്കളുടെ ഹിന്ദു കോൺക്ലേവ്, ബിസിനസ്സ് കോൺക്ലേവ്, വനിതാ കോൺക്ലേവ്, സയൻസ് കോൺക്ലേവ്, സാഹിത്യ സെമിനാർ, വിവിധ സിറ്റികളുടെ കലാപരിപാടികൾ.. ‘അശ്വമേധ’ത്തെ സമ്പന്നമാക്കാൻ പരിപാടികളുടെ നീണ്ടനിരതന്നെയാണുള്ളത്.
ശാസ്ത്രജ്ഞൻ സുബ്രഹ്മണ്യൻ അരുണൻ, മുതിർന്ന പത്രപ്രവർത്തകൻ പി.ശ്രീകുമാർ, സംവിധായകരായ കെ.മധു, ജോണി ആന്റണി, തിരക്കഥാകൃത്ത് സുനീഷ് വരനാട് എന്നിവരും അതിഥികളായിഎത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: