ഭാരത പേസ് ബോളര്‍ മുഹമ്മദ് ഷമി ആറ് കളികളില്‍ നിന്ന് 23 വിക്കറ്റുമായി 13-ാം ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍ പറക്കുന്ന താരം. രണ്ടാമതുള്ള ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ പത്ത് കളികളില്‍ നിന്ന് നേടിയത് 22 വിക്കറ്റാണ്. അവിടെയാണ് അതിന്റെ പകുതിയോളം മത്സരങ്ങളില്‍ നിന്നും ഭാരതതാരത്തിന്റെ തകര്‍പ്പന്‍ വിക്കറ്റ് കൊയ്‌ത്ത്. വെറുമൊരു വിക്കറ്റ് വേട്ടയല്ല. ഏതവസരത്തിലും നായകന്‍ പന്തേല്‍പ്പിച്ചാല്‍ അതിന് കൃത്യമായി ഫലം നല്‍കിക്കൊണ്ടാണ് ഷമിയുടെ മറുപടി. ആദ്യ നാല് കളിയില്‍ പുറത്തിരുത്തിയതിനുള്ള പ്രഹരമാണ് താരത്തിന്റെ ഓരോ വിക്കറ്റിനും പറയാനുള്ളത് ഒടുവില്‍ ആ വിലപ്പെട്ട ബോളിങ് പ്രകടനം തുണയായത് നിര്‍ണായകമായ സെമി പോരാട്ടത്തിലാണ്.
ലോകകപ്പില്‍ ആദ്യമായി ഭാരതത്തിന്റെ സൂപ്പര്‍ ബോളര്‍ ജസ്പ്രീത് ബുംറയ്‌ക്ക് ആദ്യ പന്തില്‍ തന്നെ പ്രഹരമേറ്റു തുടങ്ങിയ മത്സരം. രചിന്‍ രവീന്ദ്രയും ഡെവോന്‍ കോണ്‍വേയും ചേര്‍ന്ന് തകര്‍ത്തടിച്ചുകൊണ്ടിരുന്ന അവസരത്തില്‍ രോഹിത് പതിവുപോലെ വിശ്വാസപൂര്‍വ്വം ഷമിയെ വിളിച്ച് പന്തേല്‍പ്പിച്ചു. വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന്റെ കൈകളിലേക്ക് കിവി ഓപ്പണര്‍മാരെ രണ്ട് മികച്ച ഔട്ട്‌സ്വിങ്ങറുകളിലൂടെ എത്തിച്ച് ഷമി നായകന് തന്നിലുള്ള വിശ്വാസം കാത്തു. പിന്നീട് സെഞ്ചുറി നേടിയ ഡരന്‍ മിച്ചലിനൊപ്പം ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍ ടീമിനെ ഭദ്രമായ ബാറ്റിങ്ങിലൂടെ മുന്നോട്ടു കൊണ്ടുപോയ്‌കൊണ്ടിരുന്നു. ഈ ഘട്ടത്തിലാണ് രോഹിത് ശര്‍മ തികച്ചും അസ്വസ്ഥനായ നായകന്റെ ശരീരഭാഷ ഗ്രൗണ്ടില്‍ പ്രകടിപ്പിച്ചത്. ഒരിക്കല്‍ക്കൂടി ഷമി തന്നെ തന്റെ ടീമിന്റെ രക്ഷക്കെത്തി. കെയിന്‍ വില്യസണെ ഡീപ് സ്‌ക്വയര്‍ ലഗിലേക്ക് ഫഌക്ക് ചെയ്യാന്‍ പ്രേരിപ്പിച്ച ഷമിയുടെ ബോള്‍ സൂര്യകുമാറിന്റെ കൈകളിലേക്ക് ഭദ്രമായി എത്തിചേര്‍ന്നു. പൊരുതിക്കൊണ്ടിരുന്ന ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്സും അവസാന ഘട്ടത്തില്‍ ക്ഷമകെട്ട് വമ്പന്‍ അടിക്ക് മുതിര്‍ന്നതിനെ മുതലെടുത്ത ഷമി തന്റെ മികച്ച പന്തുകളിലൂടെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. ഇതോടെ ന്യൂസിലാന്‍ഡിന്റെ സെമിപോരാട്ടം അവസാനിക്കുവാന്‍ തുടങ്ങിയിരുന്നു. ഭാരതം ആശ്വാസത്തിലായി.
തന്റെ ആദ്യ സ്‌പെല്ലില്‍തന്നെ വിക്കറ്റുകള്‍ ഉറപ്പായും വീഴ്‌ത്തുന്ന വിശ്വസിക്കാവുന്ന ബൗളറാണ് ഷമി. പിന്നീട് ഇടവേള സ്‌പെല്ലുകളും കൃത്യതയാര്‍ന്ന മുനവച്ച ഏറുകളിലൂടെ എതിര്‍ ടീം ബാറ്റര്‍മാരെ അങ്കലാപ്പിലാക്കി വിക്കറ്റുമായി ഷമി പൂര്‍ത്തിയാക്കും. കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ 31 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുള്ള ഷമി മൊത്തം ലോകകപ്പ് വിക്കറ്റ് നേട്ടം 54ല്‍ എത്തിച്ചിട്ടുണ്ട്. 23 മത്‌സരങ്ങളില്‍നിന്നും 44 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുള്ള സഹീര്‍ഖാനും, 34 മത്‌സരങ്ങളില്‍നിന്നും 44 വിക്കറ്റുകള്‍ കീശയിലാക്കിയിട്ടുള്ള ഈ ലോകകപ്പില്‍ മാച്ച് റഫറികൂടിയായ ജവഗല്‍ ശ്രീനാഥും കൈവരിച്ച നേട്ടങ്ങളെക്കാള്‍ ഏറെ മുന്നിലാണ് ഷമി. ഓസ്‌ട്രേലിയയുടെ പേസര്‍ ഗ്ലെന്‍ മക്ഗ്രാത്ത് നേടിയ 71 വിക്കറ്റുകളാണ് ഇക്കാര്യത്തില്‍ മുന്നില്‍.
ഒരിക്കല്‍ക്കൂടി ഇന്ത്യ-ഓസ്‌ട്രേലിയ ക്ലാസിക് ഫൈനലില്‍, മുഹമ്മദ് ഷമിക്ക് തന്റെ ആവനാഴിയിലെ അമ്പുകള്‍ തേച്ചുമിനുക്കി ഉപയോഗിക്കേണ്ടിവരും. കഴിഞ്ഞ ആറ് മത്‌സരങ്ങളിലെ ഈ തളരാത്ത പോരാളിയുടെ അസാമാന്യ പ്രകടനം മൂന്നാംവട്ടം ലോകകപ്പില്‍ മുത്തമിടുവാന്‍ ഭാരതത്തിനെ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: