പത്തനംതിട്ട: ഇനി ശരണംവിളികളുടെ നാളുകള്‍. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നു മാത്രമല്ല, കടലുകള്‍ താണ്ടിയും ഭക്തസഹസ്രങ്ങള്‍ ശരണമന്ത്രമലരുകളുമായി അയ്യപ്പസന്നിധിയില്‍ എത്തിച്ചേരുന്ന മണ്ഡലമകരവിളക്കുത്സവക്കാലം.
ഓരോവര്‍ഷം കഴിയുമ്പോഴും ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നുണ്ട്. പക്ഷേ തീര്‍ത്ഥാടക ബാഹുല്യത്തിനനുസരിച്ച് പമ്പയിലും സന്നിധാനത്തും ഭക്തര്‍ക്ക് സുഖദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നില്ല.
പമ്പയിലും സന്നിധാനത്തും മാത്രമല്ല കേരളത്തിലെ പ്രധാനക്ഷേത്രങ്ങള്‍ കേന്ദ്രമാക്കിയുള്ള ഇടത്താവളങ്ങളില്‍ ശബരിമലതീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന ദേവസ്വംബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും അവകാശം ശരിയല്ലെന്നാണ് ഭക്തരുടെ അനുഭവസാക്ഷ്യം.
പ്രളയത്തിന്റെ മുറിപ്പാടുകളില്‍ പമ്പ
അഞ്ചുവര്‍ഷം മുമ്പത്തെ പ്രളയം കശക്കിയെറിഞ്ഞ പമ്പയില്‍ ഈ തീര്ത്ഥാടനക്കാലമായപ്പോഴും അതിന്റെ മുറിപ്പാടുകള്‍ പരിഹരിക്കാനാകാത്തത് ഭക്തര്‍ക്ക് ഏറെ വിഷമതകള്‍ ഉണ്ടാക്കുന്നു. പ്രളയത്തിനുമുമ്പുവരെ ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ വാഹനങ്ങള്‍ പമ്പയില്‍ പാര്ക്കുചെയ്യാന് സൗകര്യമുണ്ടായിരുന്നു. ത്രിവേണിയിലും ചക്കുപാലത്തും ഹില്ടോപ്പിലുമടക്കം നൂറുകണക്കിന് വാഹനങ്ങള്‍ക്ക് നിര്‍ത്തിയിടാം.
പ്രളയകാലത്ത് കലിതുള്ളിയെത്തിയ പമ്പയും കക്കിയാറുമെല്ലാം നദീതീരത്തെ പാര്‍ക്കിങ് ഗ്രൗണ്ടുകളെ മണല്ക്കൂനകളാക്കി. തിമിര്ത്തെത്തിയ മലവെള്ളം ഹില്‍ടോപ്പിലെ സംരക്ഷണഭിത്തികളെയും തകര്‍ത്തെറിഞ്ഞു. കാലമിത്രയുമായിട്ടും ഇ പാര്‍ക്കിങ് ഇടങ്ങള്‍ പൂര്വസ്ഥിതിയിലാക്കാനായില്ല. ഹില്ടോപ്പിലടക്കം പാഴ് വസ്തുക്കളുടെ ഡമ്പിങ് യാര്‍ഡായി. വാഹനങ്ങളുടെ പാര്‍ക്കിങ് നിലക്കലിലേക്ക് മാറ്റിയത് തീര്‍ത്ഥാടകര്‍ക്ക് സമയനഷ്ടത്തിനൊപ്പം ധനവ്യയത്തിനും ഇടയാക്കി.
നിലയ്ക്കലില്‍ നിന്ന് പമ്പയിലെത്താനും തിരികെ നിലയ്ക്കലിലെത്താനും കെഎസ്ആര്‍ടി സി ബസുകളെ ആശ്രയിക്കേണ്ടിവരുന്നു. കെഎസ്ആര്‍ടിസിയാകട്ടെ ഇരുപത് കിലോമീറ്ററിന് താഴെ യാത്രചെയ്യാന്‍ തീര്‍ത്ഥാടകരില്‍ നിന്ന് ഭീമമായ തുകയാണ് ഈടാക്കുന്നത്. നിലയ്ക്കല്‍ പമ്പാ സര്‍വീസിനായി എസി നോണ്‍ എസി ബസുകളാണ് കെഎസ്ആര്‍ടിസി ഉപയോഗിക്കുന്നത്. എസി ബസിന് 80രൂപയും നോണ്‍ എസിബസിന് 50 രൂപയുമാണ് ഈടാക്കുന്നത്. ഇത് ശബരിമലയിലെത്തുന്ന ഓരോ അയ്യപ്പഭക്തനും മിനിമം നൂറുരൂപ അധികച്ചിലവ് വരുത്തുന്നു.
ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെന്നു വരുത്താന്‍ നെട്ടോട്ടം
തീര്‍ത്ഥാടകരെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി എന്ന് വരുത്തിത്തീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും. എവിടെനോക്കിയാലും തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒരുവഴിക്ക്, അറ്റകുറ്റപണികള്‍ മറ്റൊരിടത്ത്, സന്നിധാനത്തേക്കാവശ്യമായ സാധനസാമഗ്രികളുമായി ഇരമ്പിനീങ്ങുന്ന ട്രാക്ടറുകള്‍. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പോലീസ്അടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകളുടെ അവലോകനയോഗങ്ങള്‍. പമ്പയിലെത്തിയാല്‍ തിരക്കോടെ തിരക്കാണ്. ഇതിനിടയിലൂടെ വേണം ഭക്തര്‍ക്ക് സന്നിധാനത്തേക്ക് നീങ്ങാന്‍. ഇതിനിടയിലും ഇനിയും വൃത്തിയാക്കാനുള്ള കുളിക്കടവുകളും, ചെളിനിറഞ്ഞ ടോയ്ലറ്റുകളും കാണാനാകും.
നിലയ്ക്കലില്‍ കുടിവെള്ളം കിട്ടാക്കനി
ശബരിമലയുടെ സാറ്റ്ലൈറ്റ് ടൗണ്‍ ആണ് നിലയ്ക്കല്‍. വാഹനപാര്‍ക്കിങ് അടക്കം വിപുലമായ സൗകര്യം ഇവിടെ ഒരുക്കിയതായി അധികൃതരുടെ അവകാശവാദം. തീര്‍ത്ഥാടകത്തിരക്ക് ഏറുന്നതോടെ കുടിവെള്ളം പോലും കിട്ടാക്കനിയായും എന്നതാണ് യാഥാര്‍ത്ഥ്യം.
തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ 2016ല്‍ ആരംഭിച്ച നിലയ്ക്കല്‍ കുടിവെള്ളപദ്ധതി ആറുവര്‍ഷങ്ങള്‍ക്കിപ്പുറവും പൂര്‍ത്തിയായില്ല. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ ആരംഭിച്ച പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ നിലയ്ക്കലില്‍ മാത്രമല്ല സീതത്തോട്, നാറാണംമൂഴി, ളാഹ എന്നീ സമീപസ്ഥലങ്ങളിലേയും കുടിവെള്ളപ്രശ്നത്തിന് പരിഹാരമാകുമായിരുന്നു.
ഒരു തീര്ത്ഥാടനക്കാലയളവില് ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്ന നിലയ്ക്കലില്‍ ഇപ്പോഴും ടാങ്കറില്‍ കുടിവെള്ളമെത്തിക്കുകയാണ്. ദിനംപ്രതി പതിനായിരങ്ങള്‍ തങ്ങുന്ന ഇവിടെ പ്രാഥമികകൃത്യങ്ങള്ക്കുപോലും വെള്ളത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടും. പള്ളിയറക്കാവ് ദേവീക്ഷേത്രത്തിന് സമീപമുള്ള വിരിപ്പന്തലുകളുടെയടക്കം ചുറ്റുപാടുകള്‍ ഇനിയും വൃത്തിയാക്കിയിട്ടില്ല.
ഇനിയും തെളിയിക്കാത്ത റോഡരികുകള്‍
പത്തനംതിട്ട മുതല്‍ പമ്പ വരെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ദുരന്തനിവാരണ സുരക്ഷായാത്ര നടത്തിയെങ്കിലും ഇപ്പോഴും തീര്‍ത്ഥാടനപാതയില്‍ പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനപ്പുറം ഇലവുങ്കല്‍ വരെയുള്ള റോഡരികെ കാടുകള്‍ തെളിച്ചില്ല. അഭിമുഖമായി വരുന്ന വാഹനങ്ങള്‍ കടന്നുപോകണമെങ്കില്‍ ഈറ്റകമ്പുകളടക്കമുള്ള കാടുകളില്‍ ഉരയണം. ഇത് ബസുകളുടെ വശങ്ങളില് ഇരിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് അപകടസാധ്യതയുണ്ടാക്കുന്നു.
ദര്‍ശനം വെര്‍ച്വല്‍ക്യൂ വഴി
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഇക്കുറിയും വെര്‍ച്വല്‍ക്യൂ വഴിയാണ് ദര്‍ശനത്തിനവസരം. ദേവസ്വംബോര്‍ഡ് നേരിട്ടാണ് ബുക്കിങ് നടത്തുന്നത്. sabarimalaonline.org എന്ന സൈറ്റിലാണ് ബുക്ക് ചെയ്യേണ്ടത്. ഇന്നലെ ദര്‍ശനത്തിനായി 14,232 പേരാണ് ബുക്കുചെയ്തത്. വൃശ്ചികപുലരിയായ ഇന്ന് അമ്പതിനായിരത്തോളം ഭക്തര്‍ വെര്‍ച്വല്‍ക്യൂ വഴി ബുക്കുചെയ്ത് ദര്‍ശനത്തിനെത്തും.
പാര്‍ക്കിങ് ഫാസ്ടാഗ് വഴി
തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നിലക്കലിലാണ് പാര്‍ക്കിങ് അനുവദിച്ചിട്ടുള്ളത്. ഇവിടെ വാഹനങ്ങള്‍ക്ക് ടോള്‍പിരിവ് ഫാസ്ടാഗ് വഴിയാണ്. ഐസിഐസിഐ ബാങ്കാണ് ടോള്‍പിരിവ് നടത്തിപ്പ്. ബസുകള്‍ക്ക് 100 രുപയും മിനിബസിന് 75രൂപയും കാര്‍, ജീപ്പ് എന്നിവയ്ക്ക് 30രൂപയും നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: