നവംബര്‍ 20 മുതല്‍ 28 വരെ. ചലച്ചിത്രാസ്വാദകര്‍ കാത്തിരിക്കുന്ന ദിനങ്ങള്‍. ദേശീയവും അന്തര്‍ദേശീയവുമായ ചലച്ചിത്ര നിരൂപകരുടെയും ആസ്വാദകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഒരുപിടി ചലനചിത്രങ്ങള്‍ കാണാനും ഒന്‍പത് ദിവസംകൊണ്ട് ലോകം ചുറ്റിവരാനുമുള്ള സുവര്‍ണ്ണാവസരം. മാറുന്ന ലോകം എങ്ങനെ ചിന്തിക്കുന്നുവെന്ന് അറിയാനുള്ള അവസരം. ഭാരതത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ നാളുകള്‍. പതിവു തെറ്റിക്കാതെ ഈ വര്‍ഷത്തെ മേളയ്ക്കുള്ള ഒരുക്കങ്ങള്‍ ഗോവയിലെ പനാജിയില്‍ പൂര്‍ത്തിയാവുകയാണ്.
ഈ വര്‍ഷത്തെ പ്രത്യേകത ഇന്ത്യന്‍ പനോരമയിലെ മലയാളചിത്രങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യമാണ്. ഇന്ത്യന്‍ പനോരമയില്‍ തെരഞ്ഞെടുക്കപ്പെട്ട 20 ചലച്ചിത്രങ്ങളില്‍ ആറെണ്ണം മലയാള ഭാഷയിലുള്ളതാണ്. അഞ്ച് ഹിന്ദി ഭാഷാ ചിത്രങ്ങള്‍, ബംഗാളി, തമിഴ് ഭാഷകളില്‍നിന്നും മൂന്നു വീതം, കന്നഡ ഭാഷയില്‍ നിന്നും രണ്ടെണ്ണം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കര്‍ബി ഭാഷയിലുള്ള ഒരു ചലച്ചിത്രം എന്നിവയാണ് മറ്റുള്ളവ. മുഖ്യധാരാ ചലച്ചിത്ര വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ചു ചിത്രങ്ങളില്‍ ഭാരതത്തിന്റെ ഓസ്കര് എന്‍ട്രിയായ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018- എവരിവണ്‍ ഈസ് എ ഹീറോ’ എന്ന ചലച്ചിത്രവും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മറാത്തി ഭാഷയില്‍ നിന്നും തെലുങ്കു ഭാഷയില്‍ നിന്നുമുള്ള ചലച്ചിത്രങ്ങള്‍ പനോരമയില്‍ സ്ഥാനം പിടിച്ചില്ല എന്നത് ആസ്വാദകരെ നിരാശപ്പെടുത്തുന്നു.
ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ‘ആട്ടം’ എന്ന മലയാളചലച്ചിത്രമാണ് ഇന്ത്യന്‍ പനോരമ വിഭാഗത്തിന്റെ ഉദ്ഘാടനചിത്രം. സറിന് ഷിഹാബ്, വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ അഭിനയിച്ച ഈ ചലച്ചിത്രം ഒരു നാടകസംഘത്തിലുള്ള ഏക വനിതയുടെയും, അവര്‍ക്കു ചുറ്റുമുള്ള പുരുഷ മനസ്സുകളുടെയും കഥ പറയുന്നു.
മലയാളികള്‍ ഏറ്റെടുത്ത് വന്‍വിജയമാക്കിയ വിഷ്ണു ശശിശങ്കറിന്റെ ‘മാളികപ്പുറം’ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ എന്ന ചലച്ചിത്രം സംവിധാനം ചെയ്ത ജിയോ ബേബിയുടെ പുതിയ ചിത്രമായ ‘കാതല്‍’ പനോരമയില്‍ ഇടം നേടിയിട്ടുണ്ട്. ജ്യോതിക, മമ്മൂട്ടി, സുധി നായര്‍ ബാലുശ്ശേരി എന്നിവരാണ് ഇതിലെ പ്രധാന അഭിനേതാക്കള്‍.
രോഹിത് എം.ജി കൃഷ്ണന് സംവിധാനം ചെയ്ത ഇരട്ട, രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട്, ഗണേഷ് രാജ് സംവിധാനം ചെയ്ത പൂക്കാലം എന്നീ ചിത്രങ്ങളും പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്നു.
ഹിന്ദി ഭാഷാ ചിത്രങ്ങളില്‍, വിവേക് രഞ്ജന്‍ അഗ്നിഹോത്രിയുടെ ദ വാക്സിന് വാര് ആണ് ശ്രദ്ധേയം. ആഗോളതലത്തില്‍ ഭാരതത്തിന്റെ യശസ്സുയര്‍ത്തിയ കൊവിഡിനെതിരായ ചെറുത്തു നില്പിന്റെയും വാക്സിന് വിപ്ലവത്തിന്റെയും ഇതര രാജ്യങ്ങളെ സഹായിച്ചതിന്റെയും വാസ്തവം ദ വാക്സിന് വാര് പറയുന്നു. രാകേഷ് ചതുര്‍വേദി ഓമിന്റെ മണ്ഡലി, പ്രവീണ്‍ അറോറയുടെ ധയി ആഖര്‍, സുധാംശു സാരിയയുടെ സനാ, ജസ് പാല് സിംഗ് സന്ധുവിന്റെ വധ് എന്നിവയാണ് മറ്റു ഹിന്ദി ഭാഷാചിത്രങ്ങള്‍.
കന്നഡ ഭാഷാ ചിത്രങ്ങളായ വി. സന്ദീപ് കുമാറിന്റെ ആരാരീരാരോ, ഋഷഭ് ഷെട്ടിയുടെ ജനപ്രിയ ചിത്രമായ കാന്താര, തമിഴ് ഭാഷാ ചിത്രങ്ങളായ ജയപ്രകാശ് രാധാകൃഷ്ണന്റെ കാതല്‍ എന്‍പത് പൊതു ഉടമൈ, സംയുക്ത വിജയന്റെ നീല നിറ സൂരിയന്, വെട്രി മാരന്റെ വിടുതലൈ -ഭാഗം ഒന്ന്, ബംഗാളി ഭാഷാ ചിത്രങ്ങളായ കൗശിക് ഗാംഗുലിയുടെ അര്‍ദ്ധാംഗിനി, അര്ജ്ജുന് ദത്തയുടെ ഡീപ് ഫ്രിഡ്ജ്, സായന്തന്‍ ഘോഷാലിന്റെ രബീന്ദ്ര കാവ്യ രഹസ്യ എന്നിവയെക്കൂടാതെ മൃദുല്‍ ഗുപ്ത സംവിധാനം ചെയ്ത, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭാഷയായ കര്ബിയിലുള്ള മിര്‍ബീന്‍ എന്ന ചലച്ചിത്രവും പ്രദര്‍ശിപ്പിക്കുന്നു.
മുഖ്യധാരാവിഭാഗത്തില് സുദീപ്തോ സെന്‍ സംവിധാനം ചെയ്ത് അന്താരാഷ്ട്ര തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട, മതം മാറ്റത്തിന്റെ കെണികളും ആകുലതകളും പങ്കുവെച്ച, മനുഷ്യ മനഃസാക്ഷിയെ ഉണര്‍ത്തിയ വന്‍ ഹിറ്റായ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നുണ്ട്. മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്വന്-ഭാഗം രണ്ട് (തമിഴ്), രാഹുല്‍ വി ചിറ്റെല്ലയുടെ ഗുല്‍മോഹര്‍ (ഹിന്ദി), അപൂര്‍വ സിംഗ് കര്‍ക്കിയുടെ സിര്‍ഫ് ഏക് ബന്ദാ കാഫി ഹെ (ഹിന്ദി) എന്നിവയാണ് മറ്റു ചലച്ചിത്രങ്ങള്‍.
പനോരമയുടെ നോണ്‍-ഫീച്ചര്‍ വിഭാഗത്തില്‍ 20 ചിത്രങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇതില്‍ മലയാള ഭാഷയില്‍ നിന്നും ആനന്ദ ജ്യോതിയുടെ ശ്രീ രുദ്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
പ്രശസ്ത സംവിധായകനും നടനും നിര്‍മാതാവുമായ ഡോ. ടി.എസ്. നാഗഭരണ അദ്ധ്യക്ഷനായ പന്ത്രണ്ടംഗ ജൂറിയാണ് പനോരമ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. മലയാള സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി വ്യാസന് ജൂറി അംഗങ്ങളില്‍ ഉള്‍പ്പെടുന്നു.
പ്രമുഖ ഡോക്യുമെന്ററി സംവിധായകന് അരവിന്ദ് സിന്‍ഹ അധ്യക്ഷനായ ആറംഗ ജൂറിയാണ് നോണ്‍-ഫീച്ചര്‍ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.
ഭാരതത്തിന്റെ അന്‍പത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെട്ട് 105 രാജ്യങ്ങളില്‍ നിന്നുമായി 2926 എന്‍ട്രികളാണ് ലഭിച്ചത്. ഇതാകട്ടെ ഇതുവരെയുള്ള ചലച്ചിത്ര മേളകളുമായി താരതമ്യം ചെയ്യുമ്പോള്‍ റെക്കോഡുമാണ്.
15 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ, ബഫ്ത അവാര്‍ഡും ഗോള്‍ഡന്‍ ഗ്ലോബും ഓസ്കര് നോമിനേഷനുകളും ലഭിച്ച, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര ജൂറിയായിരുന്ന വിഖ്യാത ഫിലിംമേക്കര്‍ പത്മശ്രീ ശേഖര്‍ കപൂര്‍ അധ്യക്ഷനായ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അഞ്ചംഗ ജൂറിയാണ് മത്സരവിഭാഗത്തിലെ ചലച്ചിത്രങ്ങള്‍ വിലയിരുത്തുക.
പ്രശസ്ത ഹോളിവുഡ് നടനും നിര്‍മ്മാതാവും ഓസ്കര്, ഗോള്‍ഡന്‍ ഗ്ലോബ്, എമ്മി അവാര്‍ഡ് ജേതാവുമായ മൈക്കേല്‍ ഡഗ്ലസിനെ ഈ ചലച്ചിത്രമേളയില്‍ ഭാരതത്തിന്റെ അഭിമാനമായ ‘സത്യജിത് റേ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ്’ നല്കി ആദരിക്കും. മൈക്കേല്‍ ഡഗ്ലസിനൊപ്പം അദ്ദേഹത്തിന്റെ പത്നിയും ഹോളിവുഡ് നടിയുമായ കാതറീന് സേറ്റാ ജോണ്‍സ്, മകനും ഹോളിവുഡ് നടനുമായ ഡൈലന് ഡഗ്ലസ് എന്നിവരും ചടങ്ങില്‍ അതിഥികളായി എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: