തിരുവനന്തപുരം: നവംബര്‍ 8, ബുധന്‍ വൈകിട്ട് 6… കോടികള്‍ ചെലവഴിക്കുന്ന അടുത്ത കേരളീയത്തിന്റെ വിപുല സംഘാടക സമിതിയെക്കുറിച്ചു വിശദീകരിക്കാന്‍ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍. അതേ പകല്‍ മുഴുവന്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ കുറെ സ്ത്രീകള്‍ പ്ലക്കാര്‍ഡുകളുമായി ധര്‍ണ നടത്തുകയായിരുന്നു. പിണറായി വിജയന്‍ സര്‍ക്കാരിനെ വിശ്വസിച്ച് ജനകീയ ഹോട്ടല്‍ വഴി ജനങ്ങള്‍ക്ക് ഊണു വിളമ്പിയവര്‍ വിലപിക്കുകയായിരുന്നു. സര്‍ക്കാരിന്റെ സബ്‌സിഡി കിട്ടാതെ വഞ്ചിക്കപ്പെട്ട സ്ത്രീകള്‍…
”താലിമാല വരെ ഊരി പണയംവച്ചാ മോനെ വിശപ്പിന് ആഹാരം കൊടുത്തത്. കൊച്ചിന്റെ കാതില്‍ക്കിടന്ന പൊട്ടുകമ്മലുപോലും പണയം വച്ചവരുണ്ട്. അഞ്ചര ലക്ഷമാ കിട്ടാനുള്ളത്. കടക്കാര് വീട്ടില്‍ കയറിയിറങ്ങുന്നു. വീട്ടിലുള്ളവരുടെ പോലും മുഖത്തു നോക്കാന്‍ പറ്റണില്ല. കേരളീയത്തിന് ലൈറ്റിട്ട് ആഘോഷിക്കാനൊക്കെ പണമുണ്ട്. ഞങ്ങള്‍ക്കു തരാനില്ല. സര്‍ക്കാരിന്റെ വാക്കു വിശ്വസിച്ചുപോയി… അതാ ഞങ്ങള്‍ക്കു പറ്റിയ തെറ്റ്…” വിതുമ്പലോടെയാണ് പൂക്കോട്ടൂരിലെ ജനകീയ ഹോട്ടല്‍ നടത്തുന്ന സൗമിനി പറഞ്ഞു നിര്‍ത്തിയത്.
തീരെ നിവൃത്തിയില്ലാഞ്ഞിട്ടാണ് മലപ്പുറത്തു നിന്നു സൗമിനിയും സംഘവും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിനെത്തിയത്. വിശപ്പുരഹിത കേരളത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 144 ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചപ്പോഴാണ് സൗമിനിയും മറ്റു നാലു പേരുമടങ്ങുന്ന കുടുംബശ്രീ യൂണിറ്റ് ജനകീയ ഹോട്ടല്‍ തുടങ്ങിയത്. സപ്ലൈകോ സബ്സിഡി നിരക്കില്‍ അരിയും പലവ്യഞ്ജനങ്ങളും നല്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും ലഭിച്ചില്ല. സ്വകാര്യ കടകളില്‍ നിന്നാണ് അരിയും പലവ്യഞ്ജനങ്ങളും വാങ്ങുന്നത്. അവര്‍ക്കും വലിയൊരു തുക കൊടുക്കാനുണ്ട്. സൗമിനിയുടെ യൂണിറ്റിന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ സബ്സിഡിയിനത്തില്‍ അഞ്ചര ലക്ഷം രൂപ കുടിശികയാണ്. ബാങ്കില്‍ നിന്ന് ഒന്നര ലക്ഷം ലോണെടുത്തും പണയംവച്ചും വായ്പ വാങ്ങിയുമൊക്കെയാണ് ഹോട്ടല്‍ നടത്തുന്നത്. കൊണ്ടോട്ടി ബ്ലോക്കില്‍ മതിവല്ലുര്‍ പഞ്ചായത്തില്‍ ഫാത്തിമയും മറ്റു മൂന്നു പേരും ചേര്‍ന്നു നടത്തുന്ന ജനകീയ ഹോട്ടലിന് സബ്സിഡിയിനത്തില്‍ ലഭിക്കാനുള്ളത് ആറു ലക്ഷത്തോളം രൂപയാണ്. ഇങ്ങനെ സബ്സിഡി കിട്ടാനുള്ള നിരവധിപേരാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിനെത്തിയത്. പലരും ആത്മഹത്യയുടെ വക്കിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: