മാനനീയ ഹരിയേട്ടന് വിടവാങ്ങി. അനുസ്മരണങ്ങള്‍ പലതും വായിച്ചു. ഓരോരുത്തര്‍ക്കും ഹരിയേട്ടനെക്കുറിച്ച് പറയാന്‍ നിരവധി അനുഭവങ്ങള്‍. ഒരാള്‍ കേട്ടത് ഹരിയേട്ടനില്‍ നിന്ന് മറ്റൊരാള്‍ കേട്ടിട്ടുണ്ടാവില്ലെന്ന് എനിക്ക് തോന്നി. കാരണം ഓരോരുത്തരോടും അപ്പോള്‍ സംസാരിക്കുന്ന വിഷയത്തിനെ അടിസ്ഥാനമാക്കിയാണ് ഹരിയേട്ടന്റെ വാക്കുകള്‍. അത്തരത്തില്‍ എനിക്ക് ഉണ്ടായിട്ടുളള മൂന്ന് അനുഭവങ്ങളാണ് എഴുതുന്നത്.
# എന്റെ ചേട്ടന് മനു നാരായണന് ഏതാണ്ട് 10 വര്‍ഷത്തിലധികമായി അമേരിക്കയിലാണ് ജോലിയും സ്ഥിരതാമസവും. ആദ്യം താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് നാഷ്വില്‍ എന്ന സ്ഥലത്തേക്ക് മാറിയ ശേഷം ആദ്യമായി നാട്ടില്‍ വന്നു. തിരികെ പോകുന്നതിനിടെ ഞങ്ങള്‍ എല്ലാവരും (അച്ഛന്, അമ്മ, എന്റെയും ചേട്ടന്റെയും കുടുംബങ്ങളും) എളമക്കരയിലെ മാധവനിവാസ് കാര്യാലയത്തില്‍ പോയി. ഹരിയേട്ടനെ കണ്ടു. ചേട്ടന് ഇപ്പോളെവിടെയാണെന്നായി ചോദ്യം. നാഷ്വില്‍ എന്നു പറഞ്ഞപ്പോള്‍, ഈ സ്ഥലത്തിന് നമ്മുടെയൊക്കെ നിത്യജീവിതത്തില്‍ ഒരു സ്ഥാനമുണ്ടെന്ന് ഹരിയേട്ടന് പറഞ്ഞു. വര്‍ഗീയത അഥവാ കമ്മ്യൂണലിസം എന്ന വാക്ക് ഉത്ഭവിച്ച സ്ഥലമാണത്രേ നാഷ്വില്‍. പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള ശാസ്ത്രീയ സമീപനം മിഷണറി വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഏറെക്കാലം അംഗീകരിച്ചിരുന്നില്ല. അതിനാല്‍ ഉത്പത്തിയെക്കുറിച്ചുള്ള ശാസ്ത്രീയ സമീപനം സ്കൂളുകളില്‍ പഠിപ്പിക്കാനാകില്ലെന്നും, അതെക്കുറിച്ച് ബൈബിളില്‍ പറഞ്ഞിട്ടുള്ളത് ചോദ്യം ചെയ്യരുതെന്നും അവര്‍ തീട്ടൂരമിറക്കി. ആ തീരുമാനം നടപ്പാക്കുന്നതിനു വേണ്ടി അവര്‍ തുടങ്ങിയ കൂട്ടായ്മയാണ് കമ്മ്യൂണലിസമെന്ന് ഹരിയേട്ടന് പറഞ്ഞു. അമേരിക്കയില്‍ എവിടെയാണ് താമസമെന്ന ഒറ്റ ചോദ്യത്തില്‍ നിന്നാണ് ഈ അറിവ് ലഭിച്ചത്.
# ദീന്‍ദയാല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാന്‍ 2015 ഒക്ടോബറില്‍ ഹരിയേട്ടന് ദല്‍ഹിയിലെത്തി. സങ്കല്പ് ഐഎഎസ് അക്കാദമിയുമായി ചേര്‍ന്നായിരുന്നു പരിപാടി. അതു കഴിഞ്ഞ് ഹരിയേട്ടന് വിശ്രമിക്കുന്ന സമയത്താണ് ഞാനവിടെയെത്തിയത്. അതില്‍ ഞാനും മറ്റൊരാളും മാത്രമെ മലയാളികളുള്ളൂ. ദല്‍ഹി പോലീസ് മുന്‍ കമ്മീഷണര്‍ (അന്ന് അദ്ദേഹം സങ്കല്പിന്റെ ഡയറക്ടറാണ്) ഹിന്ദി ഭാഷയുടെ മേന്മയെക്കുറിച്ചും ഇംഗ്ലീഷിന്റെ കൊള്ളരുതായ്മകളെക്കുറിച്ചും സംസാരിച്ചു. അതിന് മറുപടിയായി ഇംഗ്ലീഷിന്റെ ഗുണഗണങ്ങളെക്കുറിച്ചും ആ ഭാഷയുടെ കൗതുകത്തെക്കുറിച്ചും ഹരിയേട്ടന് വാചാലനായി. ചില ഉദാഹരണങ്ങളും പറഞ്ഞു. ഹിന്ദിയെ പൊക്കിപ്പറഞ്ഞാല്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ പെരുത്തിഷ്ടമാകും എന്ന തോന്നലാകാം മുന്‍ കമ്മീഷണറെക്കൊണ്ട് അത് പറയിച്ചത്. ഭാഷകള്‍ ആശയവിനിമയത്തിനുള്ളതാണെന്നും, അതില്‍ ഒന്നു മെച്ചം മറ്റൊന്ന് മോശം എന്നൊന്നില്ലെന്നും ഹരിയേട്ടന് പറഞ്ഞുവച്ചു.
# കഴിഞ്ഞ ജൂണില്‍ അച്ഛനെ കാണണമെന്ന് ഹരിയേട്ടന് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രാവിലെ ഓഫീസിലേക്ക് പോകുമ്പോള്‍ അച്ഛനെ മാധവ നിവാസ് കാര്യാലയത്തില്‍ വിട്ടിട്ട് പോകാമെന്ന് വച്ചു. ഹരിയേട്ടന് ആരോഗ്യം അല്‍പ്പം മെച്ചമായിരുന്ന സമയമായിരുന്നു അത്. ചെന്നപ്പോള്‍ തന്നെ ഞങ്ങളെ കാത്തിരിക്കുകയാണ്. പതിവുപോലെ മാമ്പഴം തന്നു. അച്ഛനോട് വലതു വശത്തേക്ക് ഇരിക്കാന്‍ പറഞ്ഞു. കാരണം ആ ചെവിയാണ് ഭേദപ്പെട്ട് കേള്‍ക്കുക. അപ്പോഴാണ് അച്ഛന്റെ ചെവിയിലെ ശ്രവണ സഹായി കണ്ടത്. ഇതെപ്പോള്‍ വച്ചെന്നായി ചോദ്യം. എന്നിട്ട് പറഞ്ഞു:
”നാരായണ്‍ജി, ഞാനും ഇതുപോലൊന്ന് ഏതാനും വര്‍ഷം മുമ്പ് വച്ചിരുന്നു. പിന്നീടത് ഉപേക്ഷിച്ചു. കാരണം മൂന്നാഴ്ച കൂടുമ്പോള്‍ അതിന്റെ ബാറ്ററി മാറണം. ഒരു സെറ്റ് ബാറ്ററിക്ക് 300 രൂപയാണ് വില. ഒന്നര മാസം കൂടുമ്പോള്‍ 300 രൂപ ചെലവ് ചെയ്യുന്നത് പ്രചാരകന് ചെയ്യാന്‍ പാടില്ല. ഉപേക്ഷിക്കാനുള്ള ഒരു കാരണമത്. രണ്ട്, നമ്മള്‍ക്ക് പ്രായമാകുമ്പോള്‍ പല ചെയ്തികളും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകും. അത് നമ്മുടെ കൂടെയുള്ളവര്‍ക്ക് എല്ലായ്പ്പോഴും ഉള്‍ക്കൊള്ളാനാകില്ല. അവര്‍ നമ്മെ കുറ്റം പറയും. ചിലപ്പോള്‍ പതുക്കെ, ചിലപ്പോള്‍ അല്പം ഉറക്കെ. അത് കേട്ടാല്‍ നമുക്ക് വിഷമമാകും. ഇത്തരം കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കാതിരിക്കാനാണ് ഒരു പ്രായമാകുമ്പോള്‍ സ്വാഭാവികമായി കേള്‍വി കുറയുന്നത്.” ഇതും പറഞ്ഞ് രണ്ട് പേരും പൊട്ടിച്ചിരിച്ചു. മൂന്നു മണി വരെ അന്ന് രണ്ട് പേരും വര്‍ത്തമാനവുമായി അവിടെയിരുന്നു.
ഹരിയേട്ടനെ കാണുമ്പോള്‍ എനിക്ക് എന്റെ അമ്മൂമ്മയുടെ ഓര്‍മ്മയാണ് വന്നിരുന്നത്. സംഭാഷണത്തിലെ സാദൃശ്യം കൊണ്ടാകാം. പിന്നെ ഇംഎംഎസിന്റെ മുഖച്ഛായയും.
ഹരിയേട്ടന്റെ ജീവിതം ഒരു പൂര്‍ണവൃത്തമാണ്. ഒരു ബിന്ദുവില്‍ നിന്ന് തുടങ്ങി സാര്‍ത്ഥകമായി പ്രയാണം പൂര്‍ത്തിയാക്കി അതേ ബിന്ദുവില്‍ അവസാനിച്ചു. നിയോഗം ഹരിയേട്ടന് പൂര്‍ത്തിയാക്കി. നഷ്ടം സമാജത്തിനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: