കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ രാത്രികാല സുരക്ഷയ്‌ക്ക് വിമുക്ത ഭടന്മാരെ നിയോഗിക്കാന്‍ നടപടി സ്വീകരിക്കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് പത്ത് വര്‍ഷമായിട്ടും നടപ്പായില്ല. 2013 ഫെബ്രുവരി 25നാണ് ബോര്‍ഡിന് കമ്മിഷന്‍ നിര്‍ദേശം നല്കിയത്.
ബോര്‍ഡ് ക്ഷേത്രങ്ങളുടെ രാത്രിസുരക്ഷയ്‌ക്കായി ഇപ്പോള്‍ ക്ഷേത്ര ജീവനക്കാരെയാണ് നിയോഗിക്കുന്നത്. കിടമുറ ഡ്യൂട്ടി എന്ന പേരില്‍ രണ്ട് പേര്‍ക്ക് വീതമാണ് കാവല്‍ ചുമതല. ജീവനക്കാര്‍ക്ക് മാറി മാറിയായിരിക്കും ഡ്യൂട്ടി. ഇതേ ജീവനക്കാര്‍ പിറ്റേന്ന് ക്ഷേത്ര ജോലികള്‍ നിര്‍വഹിക്കുകയും വേണം. ഇവര്‍ക്ക് മതിയായ വിശ്രമമോ ന്യായമായ വേതനമോ ലഭിക്കാറില്ലെന്നും മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
വൈക്കം ഗ്രൂപ്പിലെ തൃപ്പക്കുടം മഹാദേവക്ഷേത്രത്തിലെ തകില്‍ വിദ്വാന്‍ ടി.വി.പുരം കുറിച്ചിയില്‍ കെ.എം.മഹേഷ് കഴിഞ്ഞ ദിവസം മരിച്ചത് കിടമുറ ഡ്യൂട്ടിയിലിരിക്കെ ഹൃദയാഘാതം മൂലമാണ്. ഇത് കൂടാതെ മറ്റ് മൂന്നുപേരും അടുത്തിടെ കിടമുറ ജോലിക്കിടെ മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ജീവനക്കാരെ കിടമുറ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധവും ശക്തമാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 1250 ക്ഷേത്രങ്ങളാണുള്ളത്. വരുമാനം കുറവുള്ള ചെറിയ ക്ഷേത്രങ്ങളില്‍ ഒഴികെ എല്ലായിടത്തും കിടമുറ ഡ്യൂട്ടിയുണ്ട്.
ക്ഷേത്രങ്ങളില്‍ വിലപിടിപ്പുള്ള ഉരുപ്പടികളുണ്ടെന്നും മോഷണമോ മറ്റ് അനധികൃത പ്രവര്‍ത്തനങ്ങളോ തടയാന്‍ കിടമുറ ഡ്യൂട്ടി ചെയ്യുന്നവരെക്കൊണ്ട് സാധിക്കില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ വിമുക്തഭടന്മാരെ നിയോഗിക്കണമെന്നായിരുന്നു ഉത്തരവ്.
പൊന്‍കുന്നം ചിറക്കടവ് ദേവസ്വത്തില്‍ കഴകക്കാരനായിരുന്ന കൊല്ലം സ്വദേശി ശ്രീനാഥാണ് മനുഷ്യാവകാശ കമ്മിഷനില്‍ കിടമുറ ഡ്യൂട്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പരാതി നല്കിയത്. തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം നീതി ലഭിക്കാതെ മരണമടഞ്ഞു.
2021ല്‍ കിടമുറ ഡ്യൂട്ടി സംബന്ധിച്ച ഉത്തരവില്‍ ഭേദഗതി വരുത്തിയിരുന്നു. പല ക്ഷേത്രങ്ങളിലും ഡ്യൂട്ടി നോക്കുന്നതിന് ജീവനക്കാരില്ലാത്ത സാഹചര്യം ഉണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് ശാന്തിക്കാരും സ്ത്രീജീവനക്കാരും ഗുരുതര രോഗമുള്ളവരും ഒഴികെ കാരാണ്മാ ജീവനാക്കാരുള്‍പ്പടെയുള്ള എല്ലാ ജീവനക്കാരും കിടമുറ ഡ്യൂട്ടി ചെയ്യണമെന്ന ഉത്തരവ് ഇറക്കിയത്.
2013 ലെ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് പാടേ തള്ളിക്കൊണ്ടുള്ള സമീപനമാണ് ബോര്‍ഡ് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: