ഹിന്ദുമതത്തോടും ബുദ്ധമതത്തോടും മഹാകവി കുമാരനാശാനുണ്ടായിരുന്ന മനോഭാവങ്ങളെക്കുറിച്ച് ആശാന് ജീവിച്ചിരുന്ന കാലത്തുതന്നെ തര്‍ക്കമുണ്ടായിരുന്നു. ഈ വിഷയത്തില്‍ നടന്നിട്ടുള്ള ചര്‍ച്ചകളിലിടപെട്ടുകൊണ്ട് ആശാന് ഒരു ഘട്ടത്തില്‍ തന്റെ നിലപാട് വ്യക്തമാക്കേണ്ടിവന്നു. മിതവാദി പത്രാധിപര്‍ സി.കൃഷ്ണന് ആശാന് അയച്ച സുദീര്‍ഘമായ കത്ത് അതിന്റെ സാക്ഷ്യപത്രമാണ്. എന്നാല്‍ 1923 ല്‍ ആശാന് എഴുതിയ കത്ത് വെളിച്ചം കാണുന്നത് 1933 ലാണ്, മതപരിവര്‍ത്തനരസവാദം എന്ന പേരില്‍. ഈ പത്തുവര്‍ഷത്തിനിടയില്‍ പ്രസ്തുത വിഷയത്തിലുള്ള കുമാരനാശാന്റെ അഭിപ്രായം മിതവാദി പത്രാധിപരൊഴികെ മറ്റാരും അറിഞ്ഞിട്ടില്ല. അതിനാല്‍ ആശാന്റെ മതബോധ്യങ്ങളെ സംബന്ധിച്ച ആശയക്കുഴപ്പം നിലനിന്നു. ആശാന് ഹിന്ദുമതപരിഷ്ക്കരണവാദിയാണെന്നും അതല്ല ബുദ്ധമതപ്രചാരകനാണെന്നമുളള രണ്ട് അഭിപ്രായമുണ്ട്. മതപരിവര്‍ത്തനരസവാദം പ്രസിദ്ധീകരിച്ചതോടുകൂടി ഈ ആശയക്കുഴപ്പം പൂര്‍ണ്ണമായും മാറേണ്ടതായിരുന്നു. കാരണം അതില്‍ താന്‍ ഹിന്ദുമതപരിഷ്കരണവാദിമാത്രമാണെന്ന് ആശാന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആശാന്റെ കൃതികളില്‍ നേരെ മറിച്ചാണ് കാണുന്നത് എന്നായി ചിലരുടെ വാദം. ചുരുക്കത്തില്‍ മതപരിവര്ത്തനരസവാദത്തിനുശേഷവും ആശാന്റെ മതബോധ്യങ്ങളെക്കുറിച്ച് അഭിപ്രായഭേദമുണ്ടായി. ഒരു നൂറ്റാണ്ടു മുമ്പ് ജീവിച്ചിരുന്ന ഒരു കവിയുടെ മതബോധ്യങ്ങളെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നതെന്തിന് എന്ന സംശയമുണ്ടാവാം. അതിനുള്ള ഉത്തരം ഈ അഭിപ്രായഭേദങ്ങളില്‍ മതം മാത്രമല്ല രാഷ്ട്രീയവുംകൂടിയുണ്ട് എന്നുള്ളതിനാലാണ്.
വാസ്തവത്തില്‍ ഹിന്ദുമതത്തിന്റെയും ബുദ്ധമതത്തിന്റെയും സ്വാധീനം ആശാന്റെ ചിന്തയെയും ഭാവനയെയും ഏറെ സങ്കീര്‍ണമാക്കിയിരുന്നു എന്നുവേണം കരുതാന്‍. ബുദ്ധമതത്തെ ഭാരതത്തില്‍നിന്നും നിഷ്കാസനം ചെയ്യിച്ച് തല്‍സ്ഥാനത്ത് ഹിന്ദുമതത്തെ പ്രതിഷ്ഠിച്ച സാക്ഷാല്‍ ശങ്കരാചാര്യരുടെ സൗന്ദര്യലഹരി പരിഭാഷപ്പെടുത്തിക്കൊണ്ടാണ് കുമാരനാശാന് കവിതയുടെ രംഗത്ത് ആദ്യമായി കടന്നുവരുന്നത് എന്നോര്‍ക്കണം. കാലം കുറഞ്ഞതെങ്കിലും അര്‍ത്ഥദീര്‍ഘമായ കാവ്യജീവിതത്തിന്റെ ഒടുവില്‍ ആശാന് രചിച്ച ‘കരുണ’യാവട്ടെ ബുദ്ധമതസംബന്ധമായ കഥയെ ഉപജീവിച്ചെഴുതിയതാണ്. സൗന്ദര്യലഹരിയില്‍ തുടങ്ങി കരുണയിലവസാനിക്കുന്ന ആശാന്റെ കാവ്യജീവിതം അങ്ങനെ പ്രബലമായ രണ്ട് പൗരസ്ത്യമതബോധങ്ങളുടെ സമന്വയമായി മാറി. ആശാന് രചിച്ച ബാലരാമായണം പരിഭാഷ, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ എന്നീ കൃതികളില്‍ ഹൈന്ദവസംസ്കാരമാണെങ്കില് ശ്രീബുദ്ധചരിതം പരിഭാഷ, ചണ്ഡാലഭിക്ഷുകി, കരുണ എന്നീ കൃതികളില്‍ ബൗദ്ധസംസ്കാരമാണുള്ളത്. ആശാന്റെ മറ്റു കൃതികള്‍ പൊതുവെ മതനിരപേക്ഷമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
ഹിംസയെ തിരസ്കരിച്ച് അഹിംസയെയും തൃഷ്ണയെ തിരസ്കരിച്ച് മോക്ഷത്തെയും കൈകൊണ്ട മതമാണ് ബുദ്ധമതം. വേദകാലത്തെ സനാതനധര്‍മ്മം വഴിപിഴച്ചുപോയ ഘട്ടത്തിലാണ് ബുദ്ധന് ജനിക്കുന്നത് എന്ന കാര്യത്തില്‍ ചരിത്രകാരന്മാരെല്ലാം ഏകാഭിപ്രായക്കാരാണ്. സനാതനധര്‍മ്മം പില്ക്കാലത്ത് ഹിന്ദുമതം എന്ന് അറിയപ്പെട്ടു. ബുദ്ധമതം ഹിന്ദു മതത്തിനെതിരായി വന്ന പുതിയ മതമാണെന്നും, അതല്ല ഹിന്ദുമതത്തിന്റെ അനാചാരങ്ങളെ ഒഴിവാക്കിക്കൊണ്ട് ഹിന്ദുമതത്തെ പരിഷ്കരിച്ച മതമാണെന്നും രണ്ടഭിപ്രായങ്ങളുണ്ട്. ഹിന്ദുമതവും ബുദ്ധമതവും വ്യത്യസ്ത മതങ്ങളാണെന്ന് ബ്രിട്ടീഷ് ചരിത്രകാരന്മാര് കരുതി. ദൈവസത്തയാണ് ഹിന്ദുമതത്തിന്റെ കേന്ദ്രം. എന്നാല്‍ ബുദ്ധനാവട്ടെ ദൈവസത്തയില്‍ വിശ്വസിക്കുന്നില്ല. ഹിന്ദുമതത്തിന്റെ വലിയ ശാപമായിരുന്ന ജാതിവ്യവസ്ഥ ബുദ്ധമതത്തിലില്ല. ഇക്കാരണത്താല്‍ ഈ രണ്ടു മതങ്ങളും പരസ്പരവിരുദ്ധമാണെന്ന് അവര്‍ കരുതി. അതേസമയം ഭാരതീയ ചിന്തകര്‍ക്ക് ബുദ്ധമതം ഹിന്ദുമതത്തിന്റെ അനുബന്ധമതം മാത്രമായിരുന്നു. വിവേകാനന്ദസ്വാമികളും ഡോ.എസ്. രാധാകൃഷ്ണനും ഇക്കാര്യം പ്രത്യേകം പറയുന്നുണ്ട്. വിവേകാനന്ദസ്വാമികളുടെ അഭിപ്രായത്തില്‍ ബ്രാഹ്മണപുരോഹിതവര്ഗ്ഗവും ക്ഷത്രിയരാജവര്ഗ്ഗവും തമ്മിലുള്ള അധികാരവടംവലിയില് സനാതനധര്‍മ്മത്തിന് ഇടിവ് തട്ടിയപ്പോള്‍ ക്ഷത്രിയ വര്‍ഗ്ഗത്തില്‍ ജനിച്ച രണ്ടുപേര്‍ ഈ ധര്‍മ്മത്തെ സംരക്ഷിക്കാനെത്തി. ആ ക്ഷത്രിയരാണ് ശ്രീകൃഷ്ണും ഗൗതമബുദ്ധനും. ഇവര്‍ രണ്ടുപേരും ജാതിലിംഗഭേദമെന്യേ ജ്ഞാനകവാടം എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തു. അതുകൊണ്ട് സനാതനധര്‍മ്മത്തിന്റെ പരിഷ്കാരികളായി കൃഷ്ണനെയും ബുദ്ധനെയും വിവേകാനന്ദസ്വാമികള്‍ കാണുന്നു.(2011: 358 ) ലോകത്ത് ചരിത്രാധിഷ്ഠിതങ്ങളായ മതങ്ങള്‍ ഏഴാണെന്ന് ഡോ.എസ്.രാധാകൃഷ്ണന് പറയുന്നുണ്ട്. സെമിറ്റിക്ക് വര്‍ഗ്ഗക്കാരുടെ യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം മതം, ആര്യവര്ഗ്ഗക്കാരുടെതായ ബുദ്ധമതം, ശിഖമതം, ജൈനമതം എന്നീ അവാന്തരവിഭാഗങ്ങളുളള ഹിന്ദുമതം, സൊരാഷ്ട്രിയന്‍ മതം, കണ്ഫ്യൂഷിയന് മതം, താവോമതം എന്നിവയാണവ. (2013: 31) ഹിന്ദുമതത്തിന്റെ അനുബന്ധമായി മാത്രമാണ് അദ്ദേഹം ബുദ്ധമതത്തെ കാണുന്നത് എന്ന് വ്യക്തം.
വേദകാലത്തുണ്ടായിരുന്ന സനാതനധര്‍മ്മം പില്ക്കാലത്ത് ദുഷിച്ചതുപോലെ ബുദ്ധന്റെ കാലത്തുണ്ടായിരുന്ന ബുദ്ധമതവും പില്ക്കാലത്ത് ദുഷിച്ചിരുന്നു. ദൈവസത്തയെ നിഷേധിച്ച ബുദ്ധന്‍തന്നെ പില്ക്കാലത്ത് അനുയായികള്‍ക്ക് ദൈവമായി മാറി. എല്ലാവരെയും സമന്മാരായി കാണാന്‍ ബുദ്ധന് അനുശീലിപ്പിച്ച അനുയായികള്‍തന്നെ വ്യത്യസ്ത വിഭാഗങ്ങളായി മാറി. എങ്കിലും ഹിന്ദുമതത്തിലുണ്ടായിരുന്നതുപോലുള്ള തൊട്ടുകൂടായ്മ ബുദ്ധമതത്തിലുണ്ടായിരുന്നില്ല. ജാതിയില്‍ താഴ്ന്നവര്‍ക്ക് ബുദ്ധമതത്തോട് ഉണ്ടായിരുന്ന ആകര്‍ഷണീയതയുടെ പ്രധാന കാരണം ഇതായിരുന്നു. അതുകൊണ്ടുതന്നെ തൊട്ടുകൂടായ്മ കൊടികുത്തിവാണ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തിവന്ന കുമാരനാശാന് ബുദ്ധമതത്തോട് പ്രത്യേക മമത തോന്നിയത് സ്വാഭാവികമാണ്. 1903 മുതല്‍തന്നെ എഡ്വിന് അര്‍നോള്‍ഡിന്റെ ‘ലൈറ്റ് ഓഫ് ഏഷ്യ’ എന്ന കൃതി ‘ശ്രീബുദ്ധചരിതം’ എന്ന പേരില്‍ കുമാരനാശാന് പരിഭാഷപ്പെടുത്താന്‍ ആരംഭിച്ചിരുന്നു. ഒന്നും രണ്ടും കാണ്ഡങ്ങള്‍ 1915 ലും മൂന്നും നാലും കാണ്ഡങ്ങള്‍ 1917 ലും അഞ്ചാം കാണ്ഡം ആശാന്റെ മരണശേഷം 1929 ലുമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അങ്ങനെ നോക്കുമ്പോള്‍ ബൗദ്ധസംസ്കാരം ആശാന്റെ വ്യക്തിജീവിതത്തിലും കാവ്യജീവിതത്തിലും തുടക്കം മുതല്‍ ഒടുക്കം വരെ കൂടെയുണ്ടായിരുന്നു എന്നര്‍ത്ഥം. ഇതിനിടയില്‍ 1922 ല്‍ എഴുതിയ ‘ചണ്ഡാലഭിക്ഷുകിയിലും 1923 ലെഴുതിയ കരുണയിലും ബൗദ്ധപശ്ചാത്തലമാണുള്ളത്.
1895 മുതല്‍ 1901യുള്ള കാലത്താണ് ശങ്കരാചാര്യരുടെ ‘സൗന്ദര്യലഹരി’യുടെ പരിഭാഷ ആശാന് നടത്തുന്നത്. ഇതിനിടയില്‍ സുബ്രഹ്മണ്യശതകം, ശങ്കരശതകം, ശിവസ്തോത്രമാല തുടങ്ങിയ കൃതികളും ആശാന് രചിക്കുന്നു. 1916 ല്‍ അദ്ദേഹം കുട്ടികള്‍ക്കായി ബാലരാമായണം എന്ന പേരില്‍ വാല്മീകിരാമായണം സംഗ്രഹിച്ച് പരിഭാഷപ്പെടുത്തി. 1914 മുതല്‍ 1919വരെയുള്ള കാലഘട്ടത്തിലാണ് ചിന്താവിഷ്ടയായ സീത രചിക്കുന്നത്. 1922 ല്‍ ദുരവസ്ഥയും. ഹിന്ദുമതസംസ്കാരത്തിന്റെ പശ്ചാത്തലത്തില്‍ ആശാന് രചിച്ച ഈ കൃതികളില്‍ ചിന്താവിഷ്ടയായ സീത, ദുരവസ്ഥ എന്നിവയില്‍ ഹിന്ദുമതത്തിന്റ ശാപമായ വര്‍ണ്ണവ്യവസ്ഥയെയും പിതൃദായകക്രമത്തെയും ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. അതേസമയം സനാതനധര്‍മ്മത്തിന്റെ മഹിതപാരമ്പര്യത്തെ അറിഞ്ഞാദരിക്കുകയും ചെയ്യുന്നു. ദുരവസ്ഥയില്‍ ഈ പാരമ്പര്യത്തെ ഹിന്ദുധര്‍മ്മം എന്ന പേരുകൊണ്ടാണ് ആശാന് സൂചിപ്പിക്കുന്നത്. വഴിപിഴച്ചുപോയ സനാതനധര്‍മ്മത്തെ സൂചിപ്പിക്കാന്‍ നമ്പൂരിമതം എന്ന വാക്കും ഉപയോഗിക്കുന്നു. അപ്പോള്‍ ആശാന് ഹിന്ദുമതത്തിന്റെ യഥാര്‍ത്ഥ അന്തസത്തയോട് ബഹുമാനവും അതിന്റെ വഴിപിഴച്ച ജാതിവ്യവസ്ഥയോട് പുച്ഛവുമായിരുന്നു എന്നര്‍ത്ഥം. ദുരവസ്ഥയിലും ചണ്ഡാലഭിക്ഷുകിയിലും കാണുന്ന ജാതിവിമര്‍ശം ഹിന്ദുമതത്തെ പ്രതിക്കൂട്ടില്നിര്ത്തുന്നുണ്ട്. എന്നാല്‍ ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷുകി, കരുണ എന്നീ കൃതികളിലൂടെ ബുദ്ധമതത്തിന്റെ മഹിതപാരമ്പര്യത്തെ വാഴ്ത്തിയ ആശാന് അതിന്റെ വഴിപിഴച്ച അവസ്ഥയെക്കുറിച്ച് മൗനം പാലിച്ചു. ഇതുകൊണ്ടാണ് ആശാന്റെ മതബോധത്തെ സംബന്ധിച്ച് അക്കാലത്ത് സംശയങ്ങളുണ്ടായത്.
മതപരിവര്‍ത്തന രസവാദത്തിന്റെ മതം
കുമാരനാശാന് ഹിന്ദുമതത്തേക്കാള്‍ മഹത്തായ മതമായി ബുദ്ധമതത്തെ കാണുന്നു എന്ന ആരോപണം ഇങ്ങനെയുണ്ടായതാണ്. ഈ ആരോപണങ്ങള്‍ക്ക് കവിതയിലൂടെയല്ല, മിതവാദി പത്രാധിപര്‍ സി. കൃഷ്ണന് അയച്ച കത്തിലൂടെയാണ് ആശാന് മറുപടി പറഞ്ഞത്. ജാതിവ്യവസ്ഥയില്‍നിന്ന് പുറത്തുകടക്കാന്‍ ഈഴവര്‍ മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യണം എന്ന് ഈഴവരില്‍ ചില നേതാക്കന്മാര്ക്ക് അഭിപ്രായമുണ്ടായിരുന്നു. അവര്‍ അത് പൊതുവേദിയില്‍ ആവര്‍ത്തിച്ച് പറയുകയും ചെയ്തു. ഏത് മതം സ്വീകരിക്കണം എന്ന കാര്യത്തില്‍ പക്ഷേ അവര്‍ക്ക് അഭിപ്രായൈക്യമുണ്ടായിരുന്നില്ല. ഈ സന്ദര്‍ഭത്തിലാണ് കുമാരനാശാന് കൊല്ലത്ത് നടന്ന എസ്.എന്‍.ഡി.പി. വാര്‍ഷികയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് മതപരിവര്ത്തനവാദക്കാരുടെ ആശയങ്ങളെ വിമര്‍ശിച്ചുകൊണ്ട് സംസാരിക്കുന്നത്. ഈഴവര്‍ നിലവിലുള്ള മതം ഉപേക്ഷിച്ച് ഏത് മതത്തില്‍ പോയാലും കാര്യമായ പ്രയോജനമില്ലെന്നും നിലവിലെ മതം പരിഷ്കരിക്കുകയാണ് നല്ലത് എന്നുമാണ് അദ്ദേഹം ആ പ്രസംഗത്തില്‍ സ്ഥാപിച്ചത്. ആശാന്റെ ഈ വാദത്തിന് മതപരിവര്ത്തനവാദികളില്നിന്നും രൂക്ഷമായ എതിര്‍പ്പുണ്ടായി. കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന മിതവാദിയില്‍ ആശാന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് പത്രാധിപരായ സി. കൃഷ്ണന് ശക്തമായ ഭാഷയില്‍ എഴുതി. ഈ ഖണ്ഡനവിമര്‍ശനത്തിന് ആശാന് മറുപടി അയച്ചു. എന്നാല്‍ അത് പ്രസിദ്ധീകരിക്കാതെ പത്രാധിപര്‍ ആശാന് തിരിച്ചയച്ചുകൊടുത്തു.
ദുരവസ്ഥയിലും ചണ്ഡാലഭിക്ഷുകിയിലും ഹിന്ദുമതത്തെ വിമര്‍ശിക്കുകയും കരുണയുള്‍പെടെയുള്ള ബൗദ്ധസംസ്കാരമുള്ള കൃതികളില്‍ ബുദ്ധമതത്തെ പ്രകീര്‍ത്തിക്കുകയും ചെയ്ത കുമാരനാശാന് ഇപ്പോള്‍ ഹൈന്ദവപക്ഷപാതിയായി മാറിയത് വിരോധാഭാസമാണെന്നാണ് അക്കാലത്ത് സി. കൃണ്ഷണനുള്‍പ്പെടയുള്ളവര്‍ ആരോപണമുന്നയിച്ചത്. ഇതിന് മറുപടിയായി ആശാന് മിതവാദി പത്രാധിപകര്‍ക്ക് അയച്ച കത്തില്‍ ഇങ്ങനെ പറയുന്നു, ‘ദുരവസ്ഥയിലോ ചണ്ഡാലഭിക്ഷുകിയിലോ എന്നല്ല എന്റെ ഏതെങ്കിലും കൃതികളില്‍ മതത്തെ ഉപാലംഭിച്ചു ഞാന്‍ ചെയ്യുന്ന നിര്‍ദ്ദേശങ്ങളെല്ലാം മതപരിഷ്കരണത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടാണെന്നും പരിവര്‍ത്തനത്തെ മുന്‍നിര്‍ത്തിയല്ലെന്നും നിഷ്ക്കര്‍ഷിച്ചു വായിച്ചുനോക്കുന്ന ആര്‍ക്കും അറിയാമെന്നാണ് എന്റെ ധാരണ. (2012: 23) അപ്പോള്‍ മതപരിഷ്ക്കരണമാണ് തന്റെ ലക്ഷ്യം എന്ന് ആശാന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. മാത്രമല്ല ഈ കത്തില്‍ ഹിന്ദുമതത്തിന്റെയും ബുദ്ധമതത്തിന്റെയും ആശയാടിത്തറകളും അതിന്റെ പില്ക്കാല പരിവര്‍ത്തനങ്ങളും ഇഴകീറി പരിശോധിക്കാന്‍ ആശാന് തയ്യാറാവുന്നുണ്ട്. ഹിന്ദുമതം മോശം, ബുദ്ധമതം നല്ലത്. അതിനാല്‍ ഈഴവര്‍ മുഴുവന്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണം എന്നാണ് സി.കൃഷ്ണന്റെ അഭിപ്രായം. സി.കൃഷ്ണന് ഉന്നയിക്കുന്ന ഓരോ ആരോപണങ്ങള്‍ക്കും അക്കമിട്ട് മറുപടി പറയുന്ന രീതിയിലാണ് ആശാന് ഇതെഴുതിയിരക്കുന്നത്.
ഹിന്ദുമതത്തിനും ബുദ്ധമത്തിനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസത്തെയും സാമ്യത്തെയുംകുറിച്ചുള്ള ആശാന്റെ കാഴ്ചപ്പാട് ഇങ്ങനെ സംഗ്രഹിക്കാം- മതങ്ങളെല്ലാം മലയരുവികള്‍പോലെ ഉന്നതങ്ങളായ സ്ഥാനങ്ങളില്‍നിന്ന് പുറപ്പെടുന്നവയാണ്. അവയുടെ അതാതുകാലത്തെ ശുദ്ധി അവ ഒഴുകുന്ന ദിക്കുകളുടെ ഗുണദേഷങ്ങളെ ആശ്രയിച്ചിരിപ്പാനേ വഴിയുള്ളൂ. ഹിന്ദുമതം ദൈവവിശ്വാസത്തില്‍ കേന്ദ്രീകരിക്കുന്നു. എന്നാല്‍ ബുദ്ധന് ഒരിക്കലും ദൈവത്തെ അംഗീകരിച്ചിരുന്നില്ല. ഒരു ജാതി, ഒരു മതം എന്നിവയോടൊപ്പം ഒരു ദൈവം എന്ന ആശയം ശ്രീനാരായണഗുരു സ്വീകരിച്ചത് ഹിന്ദുമതത്തില്‍നിന്നാണ്. അതിനാല്‍ ഈഴവര്‍ ബുദ്ധമതത്തിലേക്ക് പോവേണ്ടതില്ല. ബുദ്ധമതം ജാതിവ്യവസ്ഥയെ അംഗീകരിക്കുന്നില്ല. ബുദ്ധമതം ജാതിയില്‍ താഴ്ന്നവരെ ഉയര്‍ത്തിയിട്ടുമുണ്ട്. അതുപോലെതന്നെ വൈദികധര്മ്മവും ജാതിവ്യവസ്ഥയെ അംഗീകരിക്കുന്നില്ല. ശങ്കരന്, രാമാനുജന്, ശ്രീകൃഷ്ണചൈതന്യന്‍ മുതലായ ഹിന്ദുസന്യാസിമാര്‍ പലവര്‍ഗ്ഗക്കാരെ ഉന്നമിപ്പിച്ചിട്ടുണ്ട്. ധര്‍മ്മം, മോക്ഷം എന്നീ അടിസ്ഥാന കാര്യങ്ങളില്‍ ബുദ്ധമതവും ഹിന്ദുമതവും യാതൊരു വ്യത്യാസവുമില്ല. പ്രവര്‍ത്തിപഥത്തില്‍ ഈ രണ്ടുമതങ്ങള്‍ക്കും ഒരുപോലെ പരിമിതികളുണ്ട്. അതിനാല്‍ ഒന്ന് ഉല്‍കൃഷ്ടം മറ്റൊന്ന് അപകൃഷ്ടം എന്ന് പറയാന്‍ കഴിയില്ല. അഹിംസയാണ് ബുദ്ധമത്തിന്റെ മുഖമുദ്ര. എന്നാല്‍ അഹിംസ ഇന്ന് ഏറ്റവും അധികമായി അനുഷ്ഠിക്കുന്നത് ഹിന്ദുവൈദികന്മാരാണ്. കേവലം സസ്യഭുക്കായ ഒരു സമുദായം ഹിന്ദുക്കളിലല്ലാതെ കാണാന്‍ കഴിയില്ല. ബുദ്ധമതത്തില്‍ ജാതിവ്യവസ്ഥയെ അംഗീകരിച്ചിട്ടില്ലെങ്കിലും സമൂഹത്തിലെ ജാതിവ്യത്യാസത്തെ ഇല്ലാതാക്കാന്‍ ബുദ്ധമതം ഒന്നും ചെയ്തിട്ടില്ല. ബര്മ്മയൊഴിച്ച് ബുദ്ധമതം പ്രധാനമതമായ എല്ലാ രാജ്യങ്ങളും ജാതിവ്യവസ്ഥയുണ്ട്. ഹിന്ദുമതത്തില്‍ അനേകം അനാചാരങ്ങളുണ്ട്. എന്നാല്‍ അതിനേക്കാള്‍ പ്രാകൃതമായ അനാചാരങ്ങള്‍ ബുദ്ധമതത്തിലുമുണ്ട്. മഹായാന ബുദ്ധമതത്തില്‍ ജന്തുബലി, പ്രേതമൊഴിപ്പിക്കല്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. ആത്യന്തികമായി നോക്കിയാല്‍ സാംഖ്യം, വൈശേഷികം തുടങ്ങിയ പുരാതന ഹിന്ദുദര്ശനങ്ങളിലൊന്ന് മാത്രമാണ് ബുദ്ധമതം. ബുദ്ധമതവിശ്വാസിയും യൂറോപ്യനുമായ റോയിഡ് ഡേവിഡ് എന്ന പണ്ഡിതന് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
കുമാരനാശാന്റെ മതസങ്കല്പം ഈ മറുപടിയില്‍നിന്നും വ്യക്തമാണ്. ഹിന്ദു-ബുദ്ധമതങ്ങളെക്കുറിച്ച് എത്രമാത്രം ആഴത്തില്‍ ആശാന് മനസ്സിലാക്കിയിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. ഒടുവില്‍ ‘സര്വ്വമതസാരമേകം’ എന്ന ശ്രീനാരായണമതത്തിലാണ് ആശാനും എത്തിനില്‍ക്കുന്നത് എന്ന് നമുക്ക് കാണാം. മിതവാദി പത്രാധിപര്‍ക്ക് ആശാന് എഴുതിയ ഈ കത്ത് പുറത്തുവരുന്നത് 1933 ലാണ്. അതുവരെ ആശാന്റെ മതബോധത്തെക്കുറിച്ച് വായനക്കാര്‍ക്ക് ആശയക്കുഴപ്പമുണ്ടാവാം. ആശാന് ഹിന്ദുവിരോധിയോ ബുദ്ധാനുയായിയോ എന്നൊക്കെയുള്ള സംശയങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ഈ കത്ത് പുറത്തുവന്നതിനുശേഷവും ആശാന്റെ മതബോധത്തെക്കുറിച്ച് സംശയമുണ്ടാവുന്നുണ്ടെങ്കില് അതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടാവാനേ തരമുള്ളൂ.
കേസരിയുടെ കുതര്‍ക്കങ്ങള്‍
ഈ വിഷയത്തില്‍ കേസരി എ. ബാലകൃഷ്ണപ്പിള്ള നടത്തിയ നിരീക്ഷണങ്ങള്‍ ഇന്ന് പരിശോധിക്കുമ്പോള്‍ ചിരിക്കാനുള്ള വകയുണ്ടാവും. മതപരിവര്‍ത്തനരസവാദം വായിക്കുന്നതിനുമുമ്പായാലും ശേഷമായാലും ആശാന് ഹിന്ദുവിരോധിയും ബുദ്ധപക്ഷപാതിയുമായിട്ടാണ് തനിക്ക് തോന്നിയിരുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. കേസരിയെ സംബന്ധിച്ച് ദുരവസ്ഥയില്‍ ആശാന് സങ്കുചിതമായ ഹിന്ദുവീക്ഷണകോടിയാണ് അവതരിപ്പിക്കുന്നത്. ചിന്താശീലനായ ഒരു മനുഷ്യന് വ്യക്തിയെ മുന്‍നിര്‍ത്തി ചിന്തിച്ചാല്‍ ആദിഹീനയാനമതമാണ് നല്ലതെന്ന് തോന്നും. സമുദായത്തെ മുന്‍നിര്‍ത്തി ചിന്തിച്ചാല്‍ ഇസ്ലാം മതമാണ് നല്ലെതെന്ന് തോന്നും. ആശാന് ഈ രണ്ട് വീക്ഷണകോടികളിലൂടെയും കടന്നുപോയിട്ടുണ്ട് എന്നും അതില്‍ കൂടുതല്‍ നല്ലത് ആദിഹീനയാനമതമാണെന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു എന്നുമാണ് കേസരി പറയുന്നത്. പിന്നെ എന്തുകൊണ്ട് ആശാന് ഈ രണ്ട് മതങ്ങളിലേക്കും പോകാതെ ഹിന്ദുമതത്തില്‍തന്നെ ഉറച്ചു നിന്നു എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരവും കേസരിക്കുണ്ട്. അതിങ്ങനെയാണ്- ‘ആശാന് ബുദ്ധമതപ്രസ്ഥാനത്തെ പ്രസ്തുത അദ്ധ്യക്ഷപ്രസംഗത്തിലും മറുപടിയിലും എതിര്‍ത്തത് കേവലം ഒരു വ്യക്തിയെന്ന നിലയിലല്ല, പിന്നെയോ, ഹിന്ദുമതപരിഷ്ക്കരണത്തിനും സമുദായോന്നമനത്തിനും മാത്രം ശ്രമിക്കണമെന്നുദ്ദേശ്യങ്ങളുള്ള എസ്.എന്‍.ഡി.പി. യോഗത്തിലെ അച്ചടക്കബോധമുള്ള ഒരംഗവും അതിന്റെ പ്രധാനപ്രവര്‍ത്തകരില്‍ ഒരാളും എന്ന നിലയില്‍ മാത്രമാണുതാനും. (2021: 293). വ്യക്തി എന്ന നിലയിലും കവി എന്ന നിലയിലും ആശാന് ബുദ്ധപക്ഷത്തായിരുന്നു എന്നും പക്ഷേ ഈഴവന് എന്ന നിലയില്‍ അദ്ദേഹം ഹൈന്ദവപക്ഷത്തായിപ്പോയി എന്നുമാണ് കേസരി പറഞ്ഞതിന്റെ അര്‍ത്ഥം. ഇത് എത്രമാത്രം ശരിയാണ്? ആശാന്റെ കാവ്യജീവിതവും വ്യക്തിജീവിതവും ലളിതമായി മനസ്സിലാക്കിയാല്‍പോലും കേസരിയുടെ വാദങ്ങള്‍ക്ക് അടിത്തറയില്ലെന്ന് വ്യക്തമാവും.
മതപരിവര്ത്തനരസവാദത്തില് മാത്രമല്ല ദുരവസ്ഥയുടെ മുഖവുരയിലും ആശാന് കൃത്യമായി തന്റെ ഉദ്ദേശ്യം വ്യക്തമാക്കിയിട്ടുണ്ട്. ദുരവസ്ഥ മുന്നോട്ടുവെക്കുന്ന പ്രധാന ആശയം ഹൈന്ദവമതത്തിന്റെ പുനരുദ്ധാരണമാണ്. അവിടെ നമ്പൂരിമതത്തില്നിന്ന് ഹിന്ദുമതത്തിലേക്ക് സനാതനധര്‍മ്മത്തെ എത്തിക്കാനാണ് ആശാന് ആഹ്വാനം ചെയ്യുന്നത്. ഇക്കാര്യം പ്രത്യക്ഷമായി നില്‍ക്കെ കേസരി പറയുന്നതിലെന്ത് ന്യായം എന്ന് നിശ്ചയമായും സംശയമുണ്ടാവാം. ഇക്കാര്യം കേസരിക്കുതന്നെ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ദുരവസ്ഥയിലേത് സങ്കുചിതമായ ഹൈന്ദവവീക്ഷണമാണെന്ന് ആദ്യമേ മുന്‍കൂര്‍ജാമ്യമെടുത്തത്. പക്ഷേ, ദുരവസ്ഥയില്‍ എന്ത് സങ്കുചിതമതബോധമാണുള്ളതെന്ന് അദ്ദേഹം പറയുന്നില്ല. എല്ലാ വിഭാഗം ജനങ്ങളെയും ഒരു പൂന്തോട്ടത്തിലെ വ്യത്യസ്ത നിറങ്ങളുള്ള പൂക്കളായി സങ്കല്‍പ്പിച്ചുകൊണ്ടാണല്ലോ ദുരവസ്ഥ അവസാനിപ്പിക്കുന്നത്. ഇതിലെവിടെയാണ് സങ്കുചിതത്വം? വാസ്തവത്തില്‍ ഏറ്റവും വിശാലമായ മതസങ്കല്പ്പമല്ലേ ആശാന് ഇവിടെ അവതരിപ്പിച്ചത്. അപ്പോള്‍ ആശാനെക്കുറിച്ചുള്ള കേസരിയുടെ മുന്‍വിധി ഇവിടെനിന്നുതന്നെ ആരംഭിക്കുന്നു എന്ന് കാണാം.
കേസരിയുടെ അഭിപ്രായത്തില്‍ ആശാന്റെ ഏറ്റവും ഉത്തമമായ കൃതി ‘ശുദ്ധപുരോഗമന(വീരപുരോഗമന) പ്രസ്ഥാനകൃതിയായ’ ചണ്ഡാലഭിക്ഷുകിയാണ്. രണ്ടാമത്തേത് ‘റൊമാന്റിക് ഹ്യൂമനിസ്റ്റ് പ്രസ്ഥാനകൃതിയായ’ കരുണയും. ആദ്യത്തേതില്‍ ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയെ പരിഹസിക്കുകയും ബുദ്ധമതത്തിലെ ജാതിരഹിത സമീപനത്തെ വാഴ്ത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് കേസരിക്ക് ഈ കാവ്യം ഉത്തമമായി തോന്നിയത്. കരുണയാവട്ടെ ബുദ്ധമതത്തിന്റെ സാരാംശം അവതരിപ്പിക്കുന്ന കവിതയാണ്. നിശ്ചയമായും ഈ രണ്ട് കാവ്യങ്ങളിലും പശ്ചാത്തലമാവുന്ന ബൗദ്ധദര്‍ശനം മഹത്തരമാണ്. അതിനുകാരണം ഈ കൃതികളിലുള്ളത് ബുദ്ധന് ജീവിച്ചിരുന്ന കാലത്തെ ശുദ്ധമായ മതദര്ശനമായതുകൊണ്ടാണ്. കേസരി സൂചിപ്പിച്ച ആദിഹീനയാനമതം തന്നെയിത്. ബുദ്ധമതത്തില്‍ പില്ക്കാലത്തുണ്ടായ അനാചാരങ്ങളുടെ പശ്ചാത്തലത്തില്‍ ആശാന് കവിതയെഴുതിയിട്ടില്ല. കാരണം ആശാന്റെ കാലത്ത് ബുദ്ധമതത്തിന് ഭാരതത്തില്‍ യാതൊരു പ്രാധാന്യവുമില്ലായിരുന്നു. എന്നാല്‍ ഹിന്ദുമതത്തിന്റെ സ്ഥിതി അതല്ല. തന്റെ സമുദായമുള്‍പ്പെടെ അനേകം പിന്നോക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന മതമാണ് ഹിന്ദുമതം. ആ മതത്തിന്റെ പരിഷ്ക്കരണത്തിലൂടെ മാത്രമേ പിന്നോക്കവിഭാഗങ്ങള്‍ക്ക് ഉയരുവാന് സാധിക്കൂ എന്ന് ആശാന് കരുതി. അതുകൊണ്ട് ചിന്താവിഷ്ടയായ സീതയിലും ദുരവസ്ഥയിലും ഹിന്ദുമതത്തിലെ അടിസ്ഥാന പ്രശ്നങ്ങള്‍ ആശാന് പുറത്തെടുത്തിട്ടു. അതേസമയം സനാതനഹിന്ദുധര്മ്മത്തിന്റെ മഹിതപാരമ്പര്യത്തെ ഈ രണ്ട് കാവ്യങ്ങളിലും കവി ആദരിക്കുകയും ചെയ്തു. വാസ്തവത്തില്‍ ബുദ്ധമതത്തോട് ആശാന് കാണിച്ച അടുപ്പത്തേക്കാള്‍ ഗാഢമായ അടുപ്പമായിരുന്നു സനാതനധര്മ്മത്തോട് ആശാനുണ്ടായിരുന്നത്. ചിന്താവിഷ്ടയായ സീതയും ദുരവസ്ഥയും ശ്രദ്ധിച്ചു വായിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. ജാതിവ്യവസ്ഥയെ തന്റെ കവിതകളിലൂടെ വിമര്‍ശിക്കുമ്പോള്‍ ഹിന്ദുമതത്തെ ഒന്നടങ്കം എതിര്‍ക്കുകയായിരുന്നില്ല ആശാന്. പകരം ഹിന്ദുമതത്തിലെ പുഴുക്കുത്തുകളെ ചൂണ്ടിക്കാട്ടുക മാത്രമായിരുന്നു. എന്നാല്‍ കേസരി ബാലകൃഷ്ണപ്പിള്ളയെ ആശാന് ഹിന്ദുവിരോധിയാണെന്ന് തെറ്റിദ്ധരിച്ചു. ഈ തെറ്റിദ്ധാരണയുടെ പുറത്താണ് കേസരി മതപരിവര്‍ത്തനരസവാദത്തെ കേവലം എസ്.എന്‍.ഡി.പി.ക്കാരന്റെ ബുദ്ധിപരമായ അടവ് മാത്രമായി കണ്ടത്.
മതത്തിനു പകരം ധര്‍മ്മം
ഹിന്ദുമതത്തെയും ബുദ്ധമതത്തെയും സംബന്ധിച്ച് ആശാന് നടത്തിയ സുവ്യക്തമായ പ്രസ്താവനയില്‍ സംശയമുള്ളവര്‍ക്ക് ആശാന്റെ കവിതകള്‍ പരിശോധിച്ചുനോക്കാം. അവിടെയും ആശാന് നില്‍ക്കുന്നത് എവിയെയാണെന്ന് വ്യക്തമാണ്. ഈ രണ്ടു മതങ്ങള്‍ തമ്മിലുള്ള ബാഹ്യവ്യത്യാസങ്ങളേക്കാള് പ്രധാനമായി ആശാന് കണ്ടത് അവയ്ക്കിടയില്‍ അന്തര്‍ലീനമായി നില്ക്കുന്ന ധര്മ്മചിന്തകളെയാണ്. വീണപൂവിലും നളിനിയിലും ലീലയിലും പരോക്ഷമായി ഈ ധര്മ്മചിന്തയുണ്ട്. ചിന്താവിഷ്ടയായ സീതയിലും ദുരവസ്ഥയിലും ചണ്ഡാലഭിക്ഷുകിയിലും കരുണയിലും പ്രത്യക്ഷമായി ഈ ധര്‍മ്മചിന്ത കാണാം. ഇക്കാര്യം മനസ്സിലാക്കാന്‍ വീണപൂവിലെ ഈ വരികള്‍ ശ്രദ്ധിക്കുക-
ഹാ ശാന്തിയൗപനിഷദോക്തികള്‍ തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്‍ വെയ്ക്കുക പിന്നെ
യീശാജ്ഞപോലെവരുമൊക്കെയുമോര്ക്ക പൂവേ’
ചിരപുരാതമായ സനാതനധര്‍മ്മത്തിന്റെ ആഴക്കാഴ്ചകളിലേക്കാണ് കവി വീണപൂവിനെ തൊട്ടുണര്‍ത്തുന്നത്. ഈ ദര്‍ശനത്തിന് കരുണയിലെത്തിച്ചേരുമ്പോള് കൂടുതല്‍ വ്യക്തതയുണ്ടാവുന്നു. അവിടെ വീണുകിടക്കുന്നത് വാസവദത്തയാണ്. കരതലമുയര്ത്തി വാസവദത്തയുടെ ശിരസ്സില്‍വെച്ച് ഉപഗുപ്തന് പറയുന്നു-
ഭുക്തഭോഗയായ് സഹിച്ച പരിവേദനയാല്‍ പാപ-
മുക്തയായ്, സഹജേ, നീ മുക്തിപാത്രമായ്.
ശ്രദ്ധയാര്‍ന്നു വിദ്യയിനി ശ്രവിക്കുക പവിത്രയായ്
ബുദ്ധമാതാവെഴും പുണ്യലോകം പൂകുക’
മരണത്തിന് തൊട്ടുമുമ്പ്, മോക്ഷത്തിന്റെ പടിവാതിലില്വെച്ച് പൂവും വാസവദത്തയും ഒന്നായിത്തീരുന്നു. രണ്ടുപേരും ഒരു കാലത്ത് രാജ്ഞിയെപ്പോലെ വാണവരാണ്. പൂവ് അധികതുംഗപദത്തില്‍ രാജ്ഞികണക്കെ ശോഭിച്ചിരുന്നു. വാസവദത്തയാവട്ടെ കഞ്ജബാണന്‍തന്റെ പട്ടംകെട്ടിയ രാജ്ഞിപോലെയും. എങ്കിലും നശ്വരമായ ലൗകികജീവിതത്തിന്റെ രണ്ട് മുഖങ്ങളാണ് ഇവര്‍ക്കുള്ളത്. പൂവ് ദോഷങ്ങളേതുമില്ലാത്ത ജീവിതമാണ് നയിച്ചത്.
ആരോമലാം ഗുണഗണങ്ങളിണങ്ങി,ദോഷ-
മോരാതുപദ്രവവുമൊന്നിനു ചെയ്തിടാതെ
പാരം പരാര്‍ത്ഥമിഹ വാണൊരു നിന് ചരിത്ര-
മാരോര്‍ത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?’
അതേസമയം വാസവദത്തയുടെ ജീവിതം നേരെ മറിച്ചാണ്. അവിടെ കാമവും ധനാര്‍ത്തിയും അഹങ്കാരവും വഞ്ചനയും കൊലപാതകവുമല്ലാം നാം കാണുന്നു.
നിയതം സ്നേഹയോഗ്യ നീ നിജവൃത്തിവശയായ് ദുര്-
ന്നിയതിയാല്‍ ഘോരകൃത്യം ചെയ്തുപോയല്ലോ!
ദയനീയം! നീയിയന്ന ധനദാഹവും സൗന്ദര്യ-
സ്മയവും ഹാ! മുഗ്ദ്ധേ നിന്നെ വഞ്ചിച്ചായല്ലോ!’
ലൗകികജീവിതത്തിന്റെ വിരുദ്ധധ്രുവങ്ങളില്‍ നില്ക്കുന്ന പൂവിനും വാസവദത്തയ്ക്കും ഒടുവില്‍ ആശാന് നല്‍കുന്നത് ഒരേ ശാന്തിമന്ത്രമാണ് എന്ന് ശ്രദ്ധിക്കണം. ഈ ശാന്തിമന്ത്രം ആശാന് സ്വീകരിച്ചിരിക്കുന്നത് ഉപനിഷത് സൂക്തത്തില്‍നിന്നും ബുദ്ധസൂക്തത്തില്‍നിന്നുമാണ്. ആശാന്റെ ധര്‍മ്മചക്രം സനാതനമായ ഈ രണ്ട് മതസങ്കല്‍പ്പങ്ങളുടെയും മധ്യത്തിലാണ് കറങ്ങിക്കൊണ്ടിരുന്നത് എന്നതിന്റെ തെളിവാണിത്.
മതത്തില്‍നിന്ന് രാഷ്ട്രീയത്തിലേക്ക് സംഗതി ഇത്രയും വ്യക്തമായിരിക്കെ കുമാരനാശാനെ ഹിന്ദുമതവിരോധിയും ബുദ്ധമതപ്രചാരകനുമായി അവതരിപ്പിക്കുന്നത് അത്ര നിഷ്കളങ്കമായി കാണാന്‍ ഇന്ന് നമുക്കാവില്ല. കാരണം ഈ രണ്ടു മതങ്ങളുടെയും ചരിത്രപരമായ വളര്‍ച്ചയും വികാസവും പലപ്പോഴും സംഘര്‍ഷത്തിന്റെ പാതയിലൂടെയായിരുന്നു. അതിന് പുതിയകാലത്തും തുടര്‍ച്ചയുണ്ടാക്കുക എന്ന ദുരുദ്ദേശ്യം ചില കോണുകളില്‍നിന്ന് ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ച് ദളിത് വിഭാഗങ്ങള്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണം എന്നൊക്കെയുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍. ഇത് അനാരോഗ്യകരമായ സാമൂഹികാന്തരീക്ഷത്തിലേക്കാണ് നയിക്കുക. ഈ സാഹചര്യം രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായും ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. മതപരമായ വിഷയം എന്ന നില വിട്ട് അവ രാഷ്ട്രീയവിഷയമായി മാറുമ്പോള്‍ സംഗതി കൂടുതല്‍ സങ്കീര്‍ണമാവും. ഇത്തരം സങ്കുചിതവൃത്തങ്ങളിലേക്ക് കുമാരനാശാന് എന്ന മഹാകവിയും അദ്ദേഹത്തിന്റെ കവിതകളും ആണ്ടുപോയിക്കൂടാ. അതിനാല്‍ ആശാന് കവിതയെ മതപരമായ ചട്ടക്കൂടില്‍നിന്ന് അടര്‍ത്തിമാറ്റി ധര്‍മ്മശാസ്ത്രപരമായ വിശാലവീക്ഷണത്തില്വെച്ച് വായിക്കാന്‍ നാം ഇനിയെങ്കിലും തയ്യാറാവണം.
പരിശോധിച്ച കൃതികള്‍
ബാലകൃഷ്ണപ്പിള്ള എ. കേസരി(2021) കേസരിയുടെ സാഹിത്യവിമര്‍ശനങ്ങള്‍, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, കണ്ണൂര്‍
കുമാരനാശാന്, ആശാന്റെ പദ്യകൃതികള്‍(2009), ഡി. സി. ബുക്സ്, കോട്ടയം, 2009
കുമാരനാശാന്(2012) മതപരിവര്‍ത്തനരസവാദം, Ebook Published By http://malayalamebooks.org/
മുണ്ടശ്ശേരി ജോസഫ് പ്രൊഫ.(2018) മുണ്ടശ്ശേരി കൃതികള്‍ വാല്യം 2, ഡി.സി. ബുക്സ്, കോട്ടയം
രാധാകൃഷ്ണന് എസ്. ഡോ.(2013), മതം പൗരസ്ത്യ പാശ്ചാത്യ രാജ്യങ്ങളില്‍, മാതൃഭൂമി ബുക്സ്, കോഴിക്കോട്.
റൊമീല ഥാപ്പര്‍(2009) ആദിമ ഇന്ത്യാചരിത്രം, ഡി.സി. ബുക്സ്, കോട്ടയം.
ശ്രീധരമേനോന് എ.(2009) ഇന്ത്യാ ചരിത്രം, ഡി.സി. ബുക്സ്, കോട്ടയം.
വിവേകാനന്ദസ്വാമികള്‍(2011)വിവേകാനന്ദസാഹിത്യ സര്‍വ്വസ്വം വാല്യം 3, ശ്രീരാമകൃഷ്ണമഠം, തൃശ്ശൂര്‍
Edwin Arnold (2021)The Light of Asia, globalgreyebooks.com/lightofasiaebook.html
Paul Carus(1915)The Gospel Of Buddha, The Open Court Publishing Company, london
പ്രതികരിക്കാൻ ഇവിടെ എഴുതുക: