കേരളത്തില്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രവും പാലാ ഇടമുള കുളങ്ങരക്കാവ് ഭഗവതി ക്ഷേത്രവും പോലെ പടിഞ്ഞാറു മുഖദര്‍ശനമുള്ള അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ ശ്രീചേറ്റില്‍ വെട്ടിയ ഭഗവതി ക്ഷേത്രം. ഏകദേശം 5000 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെന്ന് പഴമക്കാര്‍ പറയുന്ന ക്ഷേത്രത്തില്‍ ഒരേസമയം ഭഗവാന് പരമശിവന്റെയും ഭഗവതിയുടെയും ചൈതന്യമാണ് ഇവിടെ കുടികൊള്ളുന്നത്.
ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏതാണ്ട് 6 കിലോമീറ്റര്‍ ദൂരമുള്ള ധോണി വനമേഖലയില്‍ നിന്ന് 200 മീറ്റര്‍ ഉള്ളിലായി മൂലപ്പാടം എന്ന പ്രദേശത്ത് പ്രശാന്ത സുന്ദരമായ നെല്വയലിന് നടുവിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ആന, പുലി, കരടി തുടങ്ങിയ വന്യജീവികള്‍ കാടിറങ്ങി സൈ്വരവിഹാരം നടത്തിയിരുന്ന ഇവിടെ ഏതാണ്ട് 50 വര്‍ഷം മുമ്പാണ് മനുഷ്യര്‍ കൂടുതലായി താമസിക്കാന്‍ തുടങ്ങിയത്. ഇവിടെയുള്ളവര്‍ക്ക് രോഗങ്ങള്‍, ദുരിതങ്ങള്‍, അകാലമൃത്യു, കൃഷിനാശം എന്നിവ പതിവായിരുന്നു. കാരണം തേടി ജ്യോല്സ്യരെ സമീപിച്ച പ്രദേശവാസികള്‍ക്കു മുന്നില്‍ ദേവപ്രശ്നത്തില്‍ ഉഗ്രകോപിയായ ചേറ്റില്‍ വെട്ടിയ ഭഗവതിയുടെ തട്ടകമാണ് ഈ പ്രദേശമെന്നും നൂറ്റാണ്ടുക ളായി പൂജാദി ചടങ്ങുകള്‍ മുടങ്ങിക്കിടക്കുന്ന ഇവിടെ മുടക്കം കൂടാതെ അവ നടത്തി ദേവിയുടെ കോപം ത ണുപ്പിക്കണമെന്നും വെളിപാടുണ്ടായി. അന്നുമുതല്‍ ഇവിടെ ചടങ്ങുകള്‍ നടത്തുന്നതില്‍ മുടക്കം വരുത്തിയിട്ടില്ല.
പണ്ട് നാട്ടുരാജാക്കന്മാരുടെ അധീനതയിലായിരുന്നു പാലക്കാട്, അകത്തെതറ, മലമ്പുഴ, ധോണി, ഉമ്മിണി തുടങ്ങിയ സ്ഥലങ്ങള്‍. കൊടുംകാടായതിനാല്‍ ഈ പ്രദേശത്ത് മനുഷ്യവാസമില്ലായിരുന്നു. ധോണി ഉള്‍വനത്തിലെ നായാട്ടിനിടയില്‍ ചെളിയില്‍ പാതി താഴ്ന്ന നിലയില്‍ ഒരു ദേവീവിഗ്രഹം രാജാവ് ദര്‍ശിക്കാനിടയായി. ഇതിന്റെ പൊരുളറിയാന്‍ കൊട്ടാരത്തില്‍ വിളിച്ചുവരുത്തിയ ജ്യോതിഷ പണ്ഡിതര്‍ സജ്ജന ദ്രോഹികളായ അസുരന്മാരെ കൂട്ടത്തോടെ കൊന്ന് ചെളിയില്‍ താഴ്ത്തിയത് ഉഗ്രമൂര്‍ത്തിയായ ചേറ്റില്‍ വെട്ടിയ ഭഗവതിയാണെന്ന് അരുള്‍ ചെയ്തു. ദേവി ഇവിടെ സ്വയംഭൂവായതാണെന്നും പറയപ്പെടുന്നുണ്ട്. കോപത്താല്‍ ജ്വലിച്ചു പുറംതിരിഞ്ഞു നില്ക്കുന്ന ദേവീകോപ ശമനത്തിനു വേണ്ടി വടക്ക് കിഴക്ക് ഭാഗത്ത് ശിവ ഭഗവാനെയും പ്രതിഷ്ഠിച്ചുവെന്നും പിന്നീട് ക്ഷേത്രം നിര്‍മിച്ചെന്നും കരുതപ്പെടുന്നു.
നാട്ടുരാജാക്കന്മാരുടെ കാലശേഷം കൊടുംവനമായതിനാലും ഈ മേഖലകളില്‍ മനുഷ്യവാസമില്ലാത്തതിനാലും ക്ഷേത്രത്തെ പറ്റി അധികമാരും അറിഞ്ഞിരുന്നില്ല. ക്ഷേത്രത്തിനു സമീപമുള്ള ചെങ്കുത്തായ കൂര്‍മ്പാച്ചി മലയുടെ മുകളില്‍ വിശ്രമിച്ചിരുന്ന ചേറ്റില്‍ ഭഗവതി ദുര്‍ജ്ജന നിഗ്രഹത്തിനു വേണ്ടി മലയിറങ്ങി വന്നതാണെന്നും വിശ്വാസമുണ്ട്.
എല്ലാ വര്‍ഷവും മീനത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ഇവിടുത്തെ പ്രതിഷ്ഠാമഹോത്സവം. എല്ലാ മലയാളമാസം ഒന്നാം തീയതിയും അന്നദാനവും നടത്തുന്നു. കടുമധുര പായസമാണ് ദേവിയുടെ ഇഷ്ടവഴിപാട്.
ഉച്ചപൂജ മാത്രമാണ് ക്ഷേത്രത്തില്‍ നടത്തുന്നത്. എന്നാല്‍ ശിവരാത്രി, ഉത്സവ കൊടിയേറ്റ്, മണ്ഡല കാലമായ വൃശ്ചികമാസം ഒന്നു മുതല്‍ 41 ദിവസം… ഇത്യാദി വിശേഷങ്ങളില്‍ വൈകുന്നേരം നട തുറന്നുള്ള പൂജയും പതിവാണ്. കൂറ്റന്‍ കരിങ്കല്‍ ചുമരുകള്‍ക്കുള്ളില്‍ പണികഴിക്കപ്പെട്ട ക്ഷേത്രത്തിന്റെ ചുറ്റുമതിലിനു മാത്രം ഏതാണ്ട് ഇരുപതടിയോളം ഉയരമുണ്ടാകും. മേല്‍ക്കൂര മാത്രമേ പുറമെ നിന്ന് കാണപ്പെടുകയുള്ളൂ ക്ഷേത്ര നടപ്പന്തലും ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള കുളവും പ്രദേശവാസികളാണ് നവീകരിച്ചത്. വര്‍ഷത്തില്‍ മകര മാസം ഒന്നാം തീയതി ക്ഷേത്രത്തിലെ പൂജയ്ക്കു ശേഷം ഇവിടെ നിന്നും മൂന്നു കിലോമീറ്റര്‍ ഉള്‍വനത്തിലുള്ള അയ്യപ്പന്‍കുണ്ട് എന്ന സ്ഥലത്തെ അയ്യപ്പന് ശിലയില്‍ പ്രത്യേക വഴിപാട് പൂജയും പതിവ് തെറ്റാതെ നടത്താറുണ്ട്. നാട്ടുകാര്‍ ചേര്‍ന്നുള്ള ക്ഷേത്ര കമ്മറ്റിക്കാണ് ഈ അമ്പലത്തിന്റെ നടത്തിപ്പു ചുമതല. കാടും മലയും നിറഞ്ഞ് പ്രകൃതിസുന്ദരമാണ് ധോണി ഉള്‍പ്പെടുന്ന പ്രദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: