തറവാട്ടില്‍ പൂജവെപ്പ് നടത്തിയിരുന്നതിന്റെ സ്നിഗ്ധ സ്മൃതികളാണ് നവരാത്രിയോടനുബന്ധിച്ചുള്ള നല്ലോര്മകള്.
പൂജയും നാമജപവും സംഗീതാരാധനയും വ്രതവും മറ്റുമായി ഞങ്ങള്‍ നവരാത്രി പൊടിപൊടിക്കുമായിരുന്നു. സകല ഒരുക്കങ്ങള്‍ക്കും തുടക്കമിടുന്നത് മുത്തച്ഛന്റെ നേതൃത്വത്തിലായിരുന്നു. വിശാലമായ പൂമുഖത്താണ് പൂജവെപ്പ്. നിലവിളക്കുകള്‍, തൂക്കുവിളക്കുകള്‍, വിളക്കു തിരി, എണ്ണ, ചന്ദനത്തിരി, ചന്ദനം, പൂക്കള്‍, അവല്, മലര്, പഴങ്ങള്‍, അരി, ശര്‍ക്കര, നാളികേരം തുടങ്ങിയ പൂജാസാധനങ്ങള്‍ കലവറയില്‍ നിന്നെടുത്ത് ഞങ്ങള്‍ കുട്ടികളാണ് പൂമുഖത്തെത്തിച്ചിരുന്നത്. സ്വര്‍ണവര്‍ണമുള്ള സിംഹാസനത്തില്‍ ഇരിക്കുന്ന സരസ്വതീ വിഗ്രഹം, രാമായണം, മഹാഭാരതം, മുത്തച്ഛന് നിധിപോലെ സൂക്ഷിച്ചിരുന്ന താളിയോല ഗ്രന്ഥങ്ങള്‍, ഞങ്ങളുടെ പാഠപുസ്തകങ്ങള്‍, നിരവധി പണിയായുധങ്ങള്‍ തുടങ്ങിയവ പൂജയ്ക്കെത്തിക്കുന്നതില്‍ ഞങ്ങള്‍ ഉത്സാഹിച്ചിറങ്ങിയിരുന്നു.
ദുര്‍ഗാഷ്ടമി ദിവസത്തെ പൂജവപ്പോടെയാണ് നവരാത്രി ആഘോഷങ്ങള്‍ക്ക് ചൈതന്യം വര്‍ദ്ധിക്കുക. മഹാദേവിയേയും മഹാലക്ഷ്മിയേയും മഹാസരസ്വതിയേയും പൂജിക്കുന്നു. തുടര്‍ന്ന് നിറദീപസന്ധ്യയില്‍ ലളിതാ സഹസ്രനാമസ്തോത്രം, മഹിഷാസുരമര്‍ദ്ദിനി സ്തോത്രം എന്നിവയുടെ ആലാപനം കൊണ്ട് ചുറ്റുപാടും ആദ്ധ്യാത്മികാന്തരീക്ഷം നിലനിര്‍ത്തിപ്പോന്നിരുന്നു. വിദ്യാ പ്രകാശത്തിനായി ചുവന്ന പട്ടുകൊണ്ടു മൂടിയ പീഠത്തിലിരിക്കുന്ന സരസ്വതീദേവിയെ താമരപ്പൂക്കള്‍ സമര്‍പ്പിച്ച് വന്ദിക്കും.
അഷ്ടമി സന്ധ്യയ്ക്കുള്ള പൂജ മുതല്‍ മഹാനവമിയിലെ ത്രികാല പൂജയും വിജയദശമി രാവിലെയുള്ള പൂജയും മുത്തച്ഛന് തന്നെയാണ് നടത്തിയിരുന്നത്. മുത്തച്ഛന് പലകയിലിരിക്കും.
ഞങ്ങള്‍ കുട്ടികള്‍ പായ വിരിച്ച് ചുറ്റുമിരിക്കുമായിരുന്നു. ചന്ദനത്തിരിയുടെയും കര്‍പ്പൂരത്തിന്റെയും മണവും മണിമുഴക്കവും കേള്‍ക്കുമ്പോള്‍ എവിടെ നിന്നോ ഒരു ഊര്‍ജം ലഭിക്കുമായിരുന്നു.
പുസ്തകങ്ങളും സംഗീതോപകരണങ്ങളും പണിയായുധങ്ങളും സരസ്വതീ വിഗ്രഹത്തിനു മുന്നില്‍ പൂജയ്ക്കായി വച്ചുകഴിഞ്ഞാല്‍ പിന്നെ അക്ഷരം നോക്കുകയോ ഉപകരണം ഉപയോഗിക്കുകയോ പാടില്ലെന്ന് മുത്തച്ഛന് നിരന്തരം ഓര്‍മിപ്പിക്കുമായിരുന്നു. മഹാനവമി ദിവസം ഈര്ക്കിലികള് ചെറു കെട്ടാക്കി കലത്തിലിട്ട് മലര് വറുക്കുന്നതിലും അത് നെല്പോള കളഞ്ഞ് വൃത്തിയാക്കുന്നതിലും പൂജയ്ക്കു വച്ച കെടാവിളക്കില്‍ എണ്ണ പകരുന്നതിലും ഒക്കെ ഞങ്ങള്‍ മത്സരിക്കുമായിരുന്നു.
വിജയദശമി ദിവസം രാവിലെ കുളിച്ച് കുറിതൊട്ട് സ്വര്‍ണ നിറമുള്ള തളികയില്‍ ഉണങ്ങലരിയില്‍ മോതിരം കൊണ്ട് ഓരോരുത്തരായി ‘ഹരിശ്രീ’ കുറിക്കും. പിന്നീട് പ്രായഭേദമന്യേ ഉച്ചരിച്ചുകൊണ്ട് തറയില്‍ സ്വര-വ്യഞ്ജനങ്ങളും എഴുതണം. അവിടെയും ചടങ്ങുകള്‍ തീരുന്നില്ല. ഗുരുതുല്യനായ മുത്തച്ഛനില്‍ നിന്ന് പൂജയ്ക്കു വച്ച പുസ്തകങ്ങള്‍ തിരിച്ചു സ്വീകരിക്കുന്നത് അവാച്യമായ ഒരനുഭവം തന്നെയായിരുന്നു.
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് പകുത്ത് തുറന്ന് അവരവര്‍ക്കു കിട്ടിയ ഭാഗങ്ങള്‍ ഉറക്കെ ചൊല്ലുകയോ മനസ്സില്‍ ചൊല്ലുകയോ ചെയ്യുന്നത് പതിവുണ്ടായിരുന്നു. രാമായണം തുറക്കുമ്പോള്‍ നല്ലഭാഗം കിട്ടാനായി ഉള്ളുകൊണ്ട് പ്രാര്‍ത്ഥിച്ചിരുന്നു. അവലും മലരും പഴവും ശര്‍ക്കരയും ചേര്‍ത്തുള്ള പ്രസാദം കഴിച്ചു കഴിഞ്ഞാല്‍ പൂമുഖത്തെ സരസ്വതീ മണ്ഡപത്തില്‍ നിന്ന് ഞങ്ങളെല്ലാവരും എഴുന്നേല്ക്കും.
ദീപാലങ്കാര ശോഭയില്‍ ജ്ഞാനവും നന്മയും സമൃദ്ധിയും ഉണ്ടാകാനുള്ള പ്രാര്‍ത്ഥനാ ഭാവം. തിന്മയുടെ മേല്‍ നന്മയുടെ ജയം… അധര്‍മ്മത്തിനു മേല്‍ ധര്‍മ്മത്തിന്റെ വിജയം. അതാണ് നവരാത്രിയെന്ന് മുത്തച്ഛന് പറയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: