ബ്രഹ്മസൂത്രങ്ങളില്‍ നാലുഭാഗങ്ങളിലായി 560 സൂത്രങ്ങള്‍ ഉണ്ട്. പ്രഥമഭാഗത്തില്‍ ബ്രഹ്മവിഷയകമായ ശാസ്ത്രത്തിന്റെ പ്രത്യേകതകള്‍ പൂര്‍വസൂരികളുടെ അഭിപ്രായത്തില്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുകയും അവയില്‍ സ്വീകാര്യമായവയെ ഏകീകരിക്കുകയും ചെയ്യുന്നു. രണ്ടാംഭാഗത്തിലാകട്ടെ വേദാന്തത്തിന്റെ കാഴ്ചപ്പാടിന് വിരുദ്ധമായ വാദഗതികളെ പൂര്‍വപക്ഷമായി ഉന്നയിച്ച് അവയ്ക്ക് സമാധാനം പറയുകയും വേദാന്തശാസ്ത്രപ്രകാരം ജഗത്തിനും ജീവനും ബ്രഹ്മത്തോടുള്ള ബന്ധം എന്താണെന്ന് സ്പഷ്ടമാക്കുകയും ചെയ്തിരിക്കുന്നു. മൂന്നാം ഭാഗത്തില്‍ ബ്രഹ്മവിദ്യ സമ്പാദിക്കാനുള്ള മാര്‍ഗങ്ങളെ വിശ്ലേഷണപരമായി വിശദീകരിക്കുന്നു. അവസാനഖണ്ഡമായ നാലാം ഭാഗത്തില്‍ ശരീരപാതത്തിന് (മരണത്തിന്) ശേഷമുള്ള ആത്മാവിന്റെ നിഷ്ക്രമണത്തെപ്പറ്റി പ്രതിപാദിക്കുന്നു.
ബ്രഹ്മസൂത്രങ്ങളിലെ നാലുഭാഗങ്ങളില് ഓരോ ഭാഗത്തിനേയും നന്നാലു പാദങ്ങളായി തിരിച്ചിട്ടുണ്ട്. അങ്ങനെ പതിനാറു പാദങ്ങളുണ്ട്. സൂത്രങ്ങളുടെയെല്ലാം ആന്തരാര്‍ഥവും സാംഗത്യവും മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. അവയെ ഭാഷ്യം വഴിക്കേ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.
ബ്രഹ്മസൂത്രങ്ങളുടെ ആരംഭത്തിലുള്ള നാലു സൂത്രങ്ങളെ ‘ചതുഃസൂത്ര’ എന്നു വിളിക്കാറുണ്ട്.
1. ‘അഥാതോ ബ്രഹ്മജിജ്ഞാസാ’ (അതു കഴിഞ്ഞ് അക്കാരണത്താല്‍ ബ്രഹ്മത്തെപ്പറ്റിയുള്ള ജിജ്ഞാസ ഉണ്ടാകുന്നു).
2. ‘ജന്മാദ്യസ്യ യതഃ’ (ഇക്കാണുന്ന ജനനം ആദിയായവ -ജനനം, വളര്‍ച്ച, മരണം എന്നിവയെല്ലാം- യാതൊന്നില്‍ നിന്ന് )
3. ‘ശാസ്ത്രയോനിത്വാത്’ (ശാസ്ത്രങ്ങളില്‍ നിന്ന് ഉത്പന്നമാകുന്നതിനാല്. പ്രത്യക്ഷമാകുന്നതിനാല്‍)
4. ‘തത്തു സമന്വയാത്’ (അതു തന്നെ സമന്വയത്തില്‍ നിന്ന്. വിവിധ ശാസ്ത്ര പ്രഖ്യാപനങ്ങളുടെ സമന്വയത്തില്‍ നിന്ന്)
അത്യന്തം ഹ്രസ്വങ്ങളായ ഈ നാലു സൂത്രങ്ങള്‍ വേണ്ടവണ്ണം വ്യാഖ്യാനിക്കുന്നതിനു തന്നെ വലിയ ഗ്രന്ഥങ്ങള്‍ അവയെപ്പറ്റി എഴുതേണ്ടി വരുന്നു. അപ്രകാരം ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുമുണ്ട്.
‘ബ്രഹ്മസൂത്ര’ത്തിന് ആദ്യമായി ഭാഷ്യം രചിച്ചത് ശ്രീശങ്കരഭഗവത്പാദരാണ്. ശാരീരിക ഭാഷ്യം എന്നാണ് അതിന്റെ പേര്. ഭാരതീയ തത്ത്വശാസ്ത്രത്തിന് ശങ്കരന്റെ ഏറ്റവും മഹത്തായ സംഭാവന അദൈ്വതവാദമാണല്ലോ. വേദമഹാവാക്യങ്ങളിലൂടെയും യുക്തിവിചാരത്തിലൂടെ വിനിശ്ചിതങ്ങളായ ബ്രഹ്മസൂത്രപദങ്ങളില് കൂടിയും അഗാധമായ തത്ത്വബോധത്തിലൂടെയും അദ്ദേഹം സ്വരൂപിച്ചെടുത്തതാണ് അദൈ്വത സിദ്ധാന്തം. അതിന്റെ അനപലപനീയമായ സത്യാത്മകത തന്നെയാണ് അതിന്റെ വ്യാപകമായ പ്രചാരത്തിനു കാരണം. ഇന്നിപ്പോള്‍ ഭാരതീയ ജനതയില്‍ ആകെ അതിന്റെ പ്രഭാവം സ്പഷ്ടമാണ്. അന്യമതങ്ങളോടും ആ മതക്കാരുടെ ദൈവസങ്കല്പങ്ങളോടും ഹിന്ദുമതസ്ഥര്‍ വച്ചു പുലര്‍ത്തുന്ന ആദരവും സഹിഷ്ണുതാ മനോഭാവവും അദൈ്വതവാദത്തിന്റെ സ്വാധീനം വിളിച്ചറിയിക്കുന്നു.
ശങ്കരാചാര്യരാല്‍ പ്രണീതമായ ബ്രഹ്മസൂത്രഭാഷ്യം (ശാരീരിക ഭാഷ്യം) ദുരവഗമ്യമായ വേദാന്തസൂത്രങ്ങള്ക്കുള്ള സര്വാംഗസുഭഗമായ ഒരു വ്യാഖ്യാനമാണ്. അനിഷേധ്യങ്ങളായ വേദവാക്യ താത്പര്യങ്ങള്‍ക്ക് അനുയോജ്യമായതും അനുശീലിക്കും തോറും മനുഷ്യന്റെ വീക്ഷണ ചക്രവാളത്തെ വികസ്വരമാക്കുന്നതും വിചാരസീമയെ ആസകലം ഏകാന്തദീപ്തമാക്കുന്നതുമാണ് ശാരീരിക ഭാഷ്യം എന്ന് നിര്‍മത്സരബുദ്ധികളായ പണ്ഡിതന്മാരാരും സമ്മതിക്കാതിരിക്കയില്ല. എങ്കിലും ഭക്തിഭാവനയ്ക്കു വികസിക്കാന്‍ പറ്റാത്ത സാഹചര്യമാണ് അദൈ്വതവാദം ഒരുക്കുന്നത് എന്നൊരു പരാതിയുണ്ട്. അദൈ്വതവാദത്തെ നിരസിച്ചുകൊണ്ട് ദൈ്വതവാദം (മദ്ധ്വാചാര്യര്‍), വിശിഷ്ടാദൈ്വതവാദം (രാമാനുജാചാര്യര്‍), ശുദ്ധാദൈ്വതവാദം (വല്ലഭാചാര്യര്‍), ദൈ്വതാദൈ്വതവാദം (നിംബാര്‍ക്കാചാര്യര്‍) എന്നീ വ്യത്യസ്ത വാദങ്ങള്‍ ഉയര്‍ത്തിയ മഹാത്മാക്കള്‍ ഭക്തിക്ക് കൂടുതല്‍ പ്രാധാന്യം നല്കാന് ആഗ്രഹിച്ചവരാണ്. പ്രസ്തുത വാദങ്ങളുടെ പുരസ്കര്‍ത്താക്കളായ മഹാപുരുഷന്മാര് എല്ലാവരും ബ്രഹ്മസൂത്രങ്ങള്‍ക്ക് തങ്ങളുടെ ദാര്‍ശനിക ദൃഷ്ടിക്കു യോജിക്കുന്ന ഭാഷ്യങ്ങള്‍ രചിക്കുകയും സ്വകീയങ്ങളായ ‘വാദ’ങ്ങള് അവതരിപ്പിക്കുകയും ആ വിധത്തില്‍ തങ്ങളുടേതായ ദാര്‍ശനിക പാരമ്പര്യം (യഥാക്രമം മാദ്ധ്വസമ്പ്രദായം, ശ്രീവൈഷ്ണവ സമ്പ്രദായം, വല്ലഭ സമ്പ്രദാം, സനകാദി സമ്പ്രദായം) സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അവരെല്ലാം തന്നെ അദൈ്വത പദ്ധതിയെ ഖണ്ഡനപരമായി വികസിപ്പിച്ചവരാണ്.
മണ്ഡനപരമായി അദൈ്വതവാദത്തെ വികസിപ്പിച്ച ആചാര്യന്മാരുടെ സംഖ്യയും വളരെ വിപുലമാണ്. ഈ പരമ്പരയില്‍ ആദ്യമായി ഉല്ലേഖ്യമായ നാമധേയം വാചസ്പതി മിശ്രന്റേതാണ്. (പണ്ഡിതപ്രവേകനും മഹാപ്രാജ്ഞനുമായ അദ്ദേഹം വൈശേഷികം ഒഴികെയുളള മറ്റ് അഞ്ചു ദര്‍ശനങ്ങള്‍ക്കും സാരഗര്‍ഭങ്ങളായ ഭാഷ്യങ്ങളോ ടീകകളോ രചിച്ചിട്ടുണ്ട്). അദ്ദേഹം ശാങ്കരഭാഷ്യത്തിന് ‘ഭാമതി’ എന്നൊരു വ്യാഖ്യാനം രചിച്ചു. ഭാമതിക്ക് ‘കല്പതരു,’ ‘പരിമളം’ എന്നീ ടീകകള്‍ എഴുതപ്പെട്ടിട്ടുണ്ട്. അതേപോലെ ശങ്കരശിഷ്യനായ പദ്മപാചാര്യര് പഞ്ചപാദിക, എന്ന ടീക വിരചിച്ചു. അതിനുതന്നെ ‘വിവരണം’, ‘തത്ത്വദീപനം’ എന്നിങ്ങനെയുള്ള രണ്ടു ടീകകളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ‘സംക്ഷേപശാരീരക’ത്തിന്റെ കര്‍ത്താവായ സര്വജ്ഞാത്മയതിയും വിജ്ഞാനഭിക്ഷുവും പ്രകാശാത്മനും സുരേശ്വരാദി മറ്റു ശങ്കരാചാര്യ ശിഷ്യന്മാരും അദ്ദേഹത്തിന്റെ പരമ്പരയിലുള്ള മറ്റ് അനേകം യതിവര്യന്മാരും തൃശൂര്‍ മഠങ്ങളിലെ സ്വാമിയാര്‍മാരും വിദ്യാരണ്യനും ചിദ്വിലാസനും മധുസൂദന സരസ്വതിയും അയ്യപ്പദീക്ഷിതരും സ്വാമി വിവേകാനന്ദനും പരമഭട്ടാരക ശ്രീവിദ്യാധിരാജ തീര്ഥപാദസ്വാമികളും (ചട്ടമ്പിസ്വാമികള്‍) ശ്രീനാരായണ ഗുരുദേവനും ആഗമാനന്ദസ്വാമികളും സ്വാമി ചിന്മയാനന്ദനും മറ്റനേകം പ്രാതഃസ്മരണീയരും വിശ്വവന്ദ്യന്മാരുമായ മഹാത്മാക്കളും ഈ വേദാന്തപദ്ധതിയെ പരിപോഷിപ്പിച്ചവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: