കോട്ടയം: വെള്ളൂര്‍ കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡില്‍ നടന്ന തീപ്പിടുത്തം തികഞ്ഞ ദുരൂഹത നിറഞ്ഞതാണെന്നും ഈ സംഭവം സിബിഐ അന്വേഷിക്കണമെന്നും ബിഎംഎസ്.
ഫയര്‍ സേഫ്റ്റി പോലുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാത്തതും, സംഭവത്തിന് തൊട്ടു മുമ്പു വരെ പ്രവര്‍ത്തിച്ചിരുന്ന സിസിടിവി പ്രവര്‍ത്തനരഹിതമായതും, തീ അണയ്ക്കുന്നതിന് വെള്ളം പോലും ഇല്ലാത്ത അവസ്ഥയും അട്ടിമറി സാധ്യത ഉളവാക്കുന്നുവെന്നും ബിഎംഎസ് ആരോപിച്ചു. ഇതിന് മുമ്പ് നടന്ന തീപ്പിടുത്തങ്ങളും സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം.
തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നല്‍കുക, ശമ്പള കുടിശ്ശിക അടക്കമുള്ള ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കുന്നതിനായി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ വിധി നടപ്പാക്കുക എന്നീ കാര്യങ്ങളും ബിഎംഎസ് ആവശ്യപ്പെട്ടു.
വലിയ പ്രതീക്ഷയോടെ ഏറ്റെടുത്ത ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും ബിഎംഎസ് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഠേംഗ്ഡിജി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ്് സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കമ്പനി പടിക്കല്‍ പ്രതിഷേധം സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: