ഭക്തിയും വിശ്വാസവും പൈതൃകവും ആചാരപ്പെരുമയും ഉപനിഷത്ത് തത്വത്തിലൂന്നിയ പരിസ്ഥിതിബോധവും പ്രായോഗികമായി പ്രവൃത്തിപഥത്തില്‍ വരുന്ന ആഘോഷമാണ് പ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിനടുത്തുള്ള ചെമ്മാപ്പിള്ളി ഗ്രാമത്തിന്റെ തനതായ ചിറകെട്ടോണം. കന്നിമാസത്തിലെ തിരുവോണം നാളില്‍ ശ്രീരാമന്‍ ചിറ
പാടശേഖരത്തിന്റെ തെക്കേയറ്റത്ത് പ്രദേശവാസികളുടെ ഒത്തൊരുമയിലാണ് ചിറകെട്ട് നടക്കുന്നത്.
സീതാദേവിയെ ലങ്കയില്‍ നിന്ന് വീണ്ടെടുക്കുന്നതിന് സേതുബന്ധനം നടത്തിയതിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഈ ചിറകെട്ട്. ചിറകെട്ടിന് തൃപ്രയാര്‍ തേവര്‍, ചെമ്മാപ്പിള്ളി ശ്രീരാമന്‍ ചിറയില്‍ നേരിട്ടെഴുന്നള്ളി നേതൃത്വം നല്‍കുന്നു എന്നാണ് സങ്കല്പം. അതിനായി തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദീപാരാധനയും അത്താഴപൂജയും നേരത്തെ തന്നെ കഴിഞ്ഞ് ക്ഷേത്രനട നേരത്തെ അടയ്‌ക്കുന്നു. ആറാട്ടുപുഴ ദേവമേളയില്‍ പങ്കെടുക്കാന്‍ ശ്രീരാമസ്വാമി എഴുന്നള്ളുന്ന ദിവസം മാത്രമാണ് ഇത് കൂടാതെ തൃപ്രയാര്‍ ക്ഷേത്രനട നേരത്തെ അടയ്‌ക്കുന്ന മറ്റൊരു അവസരം.
മുതലപ്പുറത്തു കയറി തൃപ്രയാര്‍ തേവര്‍ ചിറകെട്ട് വീക്ഷിക്കുന്നതിന് എത്തിച്ചേരുന്നു എന്നാണ് വിശ്വാസം. ഈ സമയത്ത് വിഷ്ണുമായ, ഹനുമാന്‍ മുതലായ അംഗരക്ഷകരാണ് ക്ഷേത്രത്തിന് കാവല്‍ നില്‍ക്കുന്നത്. നടയടയ്‌ക്കുന്ന നേരത്ത് ക്ഷേത്രത്തിന്റെ മീനൂട്ട് കടവില്‍ അസാധാരണമായ തിരയിളക്കം കാണാറുണ്ടെന്ന് പൂര്‍വികര്‍ സാക്ഷ്യപ്പെടുത്തുന്നു. ചിറകെട്ടുന്ന ദിവസം പെയ്യുന്ന മഴയില്‍ ചിറ നിറയും എന്നാണ് വിശ്വാസവും അനുഭവവും.
ചിറ കെട്ടിയതിനു ശേഷം ഇവിടെ വെള്ളയും കരിമ്പടവും വിരിച്ച് താംബൂലം വച്ച് ദീപം തെളിയിക്കും. ചിറ കെട്ടിയതിനു ശേഷം ഇവിടെയെത്തുന്ന ഭക്തര്‍ക്ക് പുതുതായി നിര്‍മ്മിച്ച രാമസേതുവില്‍ ഒരുപിടി മണ്ണ് സമര്‍പ്പിച്ച് സേതുബന്ധനത്തില്‍ പങ്കാളികളാകാവുന്നതാണ്. ഭഗവാനെ സഹായിച്ച അണ്ണാറക്കണ്ണനെ ഓര്‍ക്കുന്നതിന് വേണ്ടിയുള്ള ചടങ്ങായി ഇത് ആചരിച്ചു വരുന്നു. പിന്നീട് അവകാശികളും ഭക്തരും എല്ലാം സമീപത്തുള്ള മഹാവിഷ്ണു ക്ഷേത്രത്തില്‍ എത്തുന്നു. അവിടെ വെച്ചാണ് അവകാശങ്ങള്‍ അളന്നു നല്‍കുന്നത.് ചിറകെട്ടുന്ന ദിനം മുതല്‍ ഇടവപ്പാതി വരെ ഇവിടെ നിത്യവും വിളക്ക് വച്ച് വന്നിരുന്നു. തൃപ്രയാര്‍ ക്ഷേത്രത്തിന്റെ കാലത്തോളം പഴക്കമുണ്ട് ഈ ചടങ്ങുകള്‍ക്കെല്ലാം.
നമ്മുടെ പൂര്‍വികര്‍ എത്ര യുക്തിപരവും പ്രായോഗികവുമായാണ് ആചാരാനുഷ്ഠാനങ്ങളുടെ രൂപത്തില്‍ പരിസ്ഥിതി സംരക്ഷണവും ജലസംഭരണവും നടത്തിയിരുന്നത് എന്ന് അഭിമാനപൂര്‍വ്വം ഓര്‍ത്തെടുക്കേണ്ട ഒരു അവസരം കൂടിയാണ് ഈ ചടങ്ങ്. തൃപ്രയാര്‍ തേവരുടെ പാദം വണങ്ങി ഒഴുകുന്ന തൃപ്പാദയാറിനും ചിറകെട്ടുന്ന ഭാഗത്തിനും ഇടയിലുള്ള പ്രദേശത്ത് തുലാമാസത്തോടെ ഓരു വെള്ളം നിറഞ്ഞ് കൃഷി ആവശ്യങ്ങള്‍ക്കും കുടിവെള്ളത്തിനും ഉപയോഗിക്കാന്‍ പറ്റാതാകും. ഈ സാഹചര്യം മറികടക്കുന്നതിന് ചിറകെട്ട് സഹായിക്കുന്നു. മഴവെള്ളമത്രയും ചിറക്കിപ്പുറം ശേഖരിക്കപ്പെടുന്നു.
ഇതുമൂലം കടലില്‍നിന്ന് കനോലി കനാലിലൂടെ കയറിവരുന്ന ഉപ്പുവെള്ളം തടയപ്പെടുന്നു. കിണറുകളും കുളങ്ങളും ജലസമൃദ്ധമാകുന്നു. ഇടത്തോടുകളിലൂടെയും നീര്‍ച്ചാലുകളിലൂടെയും ഒഴുകുന്ന വെള്ളം കരഭൂമിയിലെ തെങ്ങ്, കവുങ്ങ്, പച്ചക്കറി കൃഷികളെ പരിപോഷിപ്പിക്കുന്നു. ചിറയിലെയും തോടുകളിലേയും മത്സ്യസമ്പത്ത് പ്രദേശവാസികള്‍ക്ക് വരുമാന മാര്‍ഗ്ഗമാകുന്നു. മേടമാസത്തില്‍ ചിറ പൊട്ടിക്കുന്നതോടെ പെരിങ്ങോട്ടുകരപ്പാടം, ശ്രീരാമന്‍ചിറ, കണ്ണഞ്ചിറ പാടശേഖരങ്ങളിലെ 2700 പറ നിലത്ത് കൃഷി ഇറക്കാന്‍ സാധിക്കുന്നു.
കാലത്തിന്റെ കുത്തൊഴുക്കില്‍ മൂല്യങ്ങള്‍ പിടിവിട്ട് പോകുന്ന ഈ അവസരത്തില്‍ ചിറകെട്ട് ഒരു അനുഷ്ഠാനം മാത്രമായി ഒതുങ്ങി പോകാതെ പരിസ്ഥിതി സംരക്ഷണം എന്ന അടിസ്ഥാനതത്വത്തെ പ്രയോഗത്തില്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി താഴ്ന്ന സ്ഥലങ്ങള്‍ മണ്ണിട്ട് നികത്തുന്നതും വീട് വയ്‌ക്കുന്നതും തെങ്ങിന്‍ തൈ വെയ്‌ക്കുന്നതും ഇപ്പോള്‍ പതിവായി. കുടിവെള്ളവും ശുദ്ധവായുവും ആരോഗ്യവുമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന ബോധം പൊതുസമൂഹത്തില്‍ ഉണരുന്നതുവരെ അനുഷ്ഠാനമായെങ്കിലും ഈ ചിറകെട്ട് തുടരണം.
മണ്ണും ജീവജാലങ്ങളും വൃക്ഷലതാദികളും ഇണങ്ങി ജീവിക്കുമ്പോള്‍ മാത്രമാണ് പണത്തിന് മൂല്യമുള്ളൂ എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുക. മരവും മനുഷ്യനും ജീവജാലങ്ങളും ദൈവവും മനുഷ്യന് അനുഗ്രഹം ചൊരിയുന്നതിന് തൃപ്രയാര്‍ തേവര്‍ തുണയ്‌ക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: