കോട്ടയം: ജില്ലയെ പേവിഷ മുക്തമാക്കുന്നതിന്റെ ഭാഗമായി തെരുവുനായ് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് 24ന് നീണ്ടൂരില്‍ തുടക്കമാകും. നീണ്ടൂര്‍, തലയോലപ്പറമ്പ്, ആര്‍പ്പൂക്കര, തൃക്കൊടിത്താനം, വാകത്താനം, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളില്‍ ആയിരിക്കും തെരുവുനായ് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിന് നടക്കുകയെന്ന് ചീഫ് വെറ്റിറനറി ഓഫീസര്‍ ഡോ.മനോജ് പറഞ്ഞു.
ശേഷിക്കുന്ന 65 പഞ്ചായത്തുകളിലും ആറ് മുന്‍സിപ്പാലിറ്റികളിലും കാമ്പയിന് നടപ്പാക്കുന്നതിനുള്ള അംഗീകാരം നാളെ നടക്കുന്ന ജില്ലാ ആസൂത്രണ കമ്മിറ്റിയില്‍ നിന്ന് വാങ്ങിയതിന് ശേഷം വരും ദിവസങ്ങളില്‍ ഇവിടെയും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങും. ഈ മാസം 30 വരെയാണ് കാമ്പയിന്.
ഒരു പഞ്ചായത്തില്‍ 200 ഓളം തെരുവ് നായ്ക്കള്‍ ഉണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കാക്കുന്നത്. 200 നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിന് ഏകദേശം 1.20 ലക്ഷം രൂപയാണ് ചെലവ്. നായ പിടുത്തക്കാരെ ഉപയോഗിച്ചാണ് തെരുവ് നായ്ക്കളെ പിടികൂടുന്നത്. ജില്ലയില്‍ 11 ബ്ലോക്കുകളിലായി 45 നായപിടുത്തക്കാരാണുള്ളത്.
കഴിഞ്ഞ വര്‍ഷത്തെ കണക്ക് അനുസരിച്ച് ജില്ലയില്‍ 80132 വളര്‍ത്തു നായ്ക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 48000 നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്കി. കഴിഞ്ഞ സപ്തംബര്‍ മുതല്‍ ഈ സപ്തംബര്‍ വരെ 2608 തെരുവ് നായ്ക്കള്‍ക്ക് വാക്സിനേഷന് നടത്തി. 894 തെരുവുനായ്ക്കളെ വന്ധീകരിച്ചു. ജില്ലയില്‍ കോടിമതയില്‍ മാത്രമാണ് ആനിമല്‍ ബെര്‍ത്ത് കണ്ട്രോള് കേന്ദ്രമുള്ളു. എബിസി കേന്ദ്രം തുടങ്ങുന്നതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തുകയെന്നതാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. മാനവശേഷി കുറവ്, നായ്ക്കളെ പിടികൂടുന്നതില്‍ പരിശീലനം നേടിയവരുടെ അഭാവം ഇതെല്ലാം പ്രതിസന്ധികളാണ്.
കോട്ടയം നഗരസഭ, പള്ളം ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലും വന്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കുത്തിവയ്പ്പ് എടുത്ത നായ്ക്കളെ തിരിച്ചറിയുന്നതിനായി നീല ഫ്ളൂറസന്റ് പെയിന്റ് അടിക്കും. തെരുവ് നായ്ക്കളില്‍ മൈക്രോ ചിപ്പിങ് നടത്തുക എന്നത് പ്രാരംഭ ഘട്ടത്തില്‍ പ്രായോഗികമല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നത്.
തെരുവുനായപ്പേടിയില്‍ പാമ്പാടി
പാമ്പാടി: പാമ്പാടിയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പാമ്പാടി ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിരവധി നായ്ക്കളാണ് അലഞ്ഞുതിരിയുന്നത്. പാമ്പാടി കാളച്ചന്തയ്ക്കു സമീപത്തു വച്ചാണ് കഴിഞ്ഞ ദിവസം മൂന്നുപേര്‍ക്ക് നായ്ക്കളുടെ ആക്രമത്തില്‍ പരിക്കേറ്റത്. 63 വയസ്സുകാരിക്കും രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് പരിക്ക്.
പാമ്പാടി ടൗണില്‍നിന്ന് പാല് വാങ്ങി തിരികെ വരുമ്പോഴാണ് വീട്ടമ്മയെ നായ അക്രമിച്ചത്. കാല് മുട്ടില്‍ കടിച്ച നായ വീട്ടമ്മ ബഹളം വച്ചതോടെ ടൗണിലേക്ക് ഓടി. സമീപത്തെ മത്സ്യ വില്പന കേന്ദ്രത്തിലെ രണ്ട തൊഴിലാളികളെയും ആക്രമിച്ചു. പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ധാരാളം ആളുകള്‍ എത്തുന്ന ബസ് സ്റ്റാന്‍ഡില്‍ സ്കൂള്‍ കുട്ടികളുള്‍പ്പടെയുള്ളവര്‍ക്ക് നേരെ നായ്ക്കള്‍ കുരച്ച് എത്തുന്നതും, വാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നതും പതിവാണ്. ഇതിനാല്‍ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമായ സംഭവവും ഉണ്ടായിട്ടുണ്ട്. കുറച്ചുമാസങ്ങള്‍ക്ക് മുന്‍പാണ് വെള്ളൂരില്‍ നായയുടെ അക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: