കല്ലമ്പലം: ജില്ലയുടെ വടക്കന്‍ മേഖലയിലെ കശുവണ്ടി വ്യവസായം തകര്‍ച്ചയില്‍. ഫാക്ടറികളി 90 ശതമാനത്തോളം പൂട്ടിക്കഴിഞ്ഞു.സര്‍ക്കാരിന്റെ കൈത്താങ്ങ് ഇല്ലാതായതോടെ തൊഴിലാലികള്‍ക്ക് ഇത്തവണ ഓണം പട്ടിണിയുടെയും ദാരിദ്ര്യത്തിന്റേതുമായിരുന്നു.
കിളിമാനൂര്‍, പള്ളിക്കല്‍, മടവൂര്‍, നാവായിക്കുളം, കല്ലമ്പലം തുടങ്ങിയ പ്രദേശങ്ങളിലായി 91 കശുവണ്ടി ഫാക്ടറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ 20 ല്‍ താഴെ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നാണ് ഔേദ്യാഗിക കണക്ക്. ഒരുകാലത്ത് കശുവണ്ടി കോര്പ്പറേഷന് കീഴിലാണ് ഏറെയും ഫാക്ടറികള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കെഎസ്ഡിസിക്ക് കീഴില്‍ കിളിമാനൂര്‍ ടൗണിലും കാപെക്സിന് കീഴില്‍ കല്ലമ്പലം ടൗണിലും മാത്രമാണ് ഓരോ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവ സ്വകാര്യമേഖലയിലാണ്.
പ്രാദേശിക കശുവണ്ടി ഉത്പാദനത്തില്‍ വന്ന ഗണ്യമായ കുറവും തോട്ടണ്ടിയുടെ വില കൂടുകയും ചെയ്തതോടെയാണ് ഫാക്ടറികള്‍ പൂട്ടേണ്ടിവന്നത്. മിക്ക ഫാക്ടറികളിലും 400 മുതല്‍ 550 വരെ തൊഴിലാളികള്‍ പണിയെടുത്തിരുന്നു. മിക്ക ഫാക്ടറികളും നിലംപൊത്തി. പുളിമാത്ത് പഞ്ചായത്തില്‍ പൊരുന്തമണ്‍, കുറ്റിമൂട്, കിളിമാനൂര്‍ പഞ്ചായത്തില്‍ ചെങ്കിക്കുന്ന്, തങ്കക്കല്ല്, മുളയ്ക്കലത്തുകാവ്, ഗുരു നഗര്‍, തകരപ്പറമ്പ്, നഗരൂര്‍ പഞ്ചായത്തിലെ കീഴ്പേരൂര്‍, ഊന്നന്‍കല്ല്, മടവൂര്‍ പഞ്ചായത്തിലെ മടവൂര്‍ കവലയിലെ ഫാക്ടറി, പള്ളിക്കല്‍ പഞ്ചായത്തിലെ കാട്ടുപുതുശ്ശേരി, പള്ളിക്കല്‍ ടൗണ്‍, ആറയില്‍, നെട്ടയം, മാരംകോട്, നാവായിക്കുളത്ത് ഇരുപത്തെട്ടാംമൈല്‍, കല്ലമ്പലം, നാവായിക്കുളം ക്ഷേത്രത്തിന് സമീപം അടക്കമുള്ള ഫാക്ടറികളിലേറെയും അടച്ചിട്ടിരിക്കുകയാണ്. ഇവയില്‍ മിക്കതും പൊളിഞ്ഞു വീണു.
ഒന്നിനു പിറകെ ഒന്നായി ഫാക്ടറികള്‍ പൂട്ടിയതോടെ തൊഴിലാളികളുടെ ഉപജീവനമാര്ഗ്ഗമില്ലാതായി. വര്‍ഷങ്ങളായി പകലന്തിയോളം ഫാക്ടറികളില്‍ കുനിഞ്ഞിരുന്ന് ജോലി ചെയ്തവര്ക്കേറെയും നടുവേദന അടക്കമുള്ള രോഗങ്ങള്‍ പിടിപെട്ടു. കുറച്ചുപേര്‍ തൊഴിലുറപ്പ് പോലുള്ള മറ്റു ജോലികള്‍ തേടി. എന്നാല്‍ ഇതില്‍പ്പെടാതെ തങ്ങളുടെ ഫാക്ടറികള്‍ തുറക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നവരുമുണ്ട്. മുന്‍കാലങ്ങളില്‍ ശമ്പളത്തോടൊപ്പം ബോണസും ലഭിച്ചിരുന്നു. ഇത്തവണ അതും ഉണ്ടായില്ല.
2021ല്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കണക്ക് പ്രകാരം 44 ഫാക്ടറികള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുകയായിരുന്നു. ഓണക്കാലത്ത് ഈ ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് 2000 രൂപ വീതം സര്‍ക്കാര്‍ ബോണസ് നല്‍കിയിരുന്നു. ഇക്കുറിയും സര്‍ക്കാരിന്റെ ചെറിയൊരു കൈത്താങ്ങ് ഇത്തരം തൊഴിലാളി കുടുംബങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും ലഭിക്കാതെ വന്നതോടെ പട്ടിണിഓണമായിരുന്നു തൊഴിലാളികള്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: