ഭാരതഭൂവിലെ മഹത്തായ ആചാരങ്ങളില്‍ പ്രഥമവും പ്രധാനവുമാണ് പിതൃകര്‍മ്മങ്ങള്‍. നമ്മുടെ ശരീരം മാതാപിതാക്കളില്‍ നിന്നും ഉയിര്ക്കൊണ്ടതിനാല് മരണശേഷവും അവരുമായുള്ള ബന്ധം നിലനില്ക്കുന്നു. അതിനാല്‍ പൂര്വ്വപിതാക്കള്ക്കുവേണ്ടി തിലോദക പിണ്ഡ ദാന ക്രിയകള്‍ ചെയ്ത് അവര്‍ക്ക് മോക്ഷപ്രാപ്തി നല്‍കേണ്ടത് പിന്‍ഗാമികളുടെ കടമയാണ്. സര്‍വ്വ സംഗപരിത്യാഗികളായ മുനീശ്വരന്മാര് പോലും പിതൃമോക്ഷകര്‍മ്മങ്ങള്‍ ചെയ്തിരുന്നതായി ഇതിഹാസങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ടല്ലോ.
പുരാതനകാലം മുതലേ പിതൃകര്‍മ്മങ്ങള്‍ക്കു പ്രസിദ്ധമാണ് ‘തൃസ്ഥലി’ എന്നറിയപ്പെടുന്ന പ്രയാഗ്, കാശി, ഗയ എന്നീ പുണ്യസ്ഥലങ്ങള്‍. ഏതൊരു ദുരാത്മാവിനും ഗയാശ്രാദ്ധം കൊണ്ട് ഊര്‍ദ്ധ്വലോകപ്രാപ്തിയും മോക്ഷവും കൈവരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. പവിത്രവും പരിപാവനവുമായ ഗയാശ്രാദ്ധം, വിഷ്ണുഭക്തനായ ഗയാസുരനുമായി ബന്ധപ്പെട്ടതാണ്.
ഭാരത്തിന്റെ വടക്കുഭാഗത്ത് (ബീഹാര്‍) ഗയന് എന്ന രാജാവ് വിഷ്ണു പാദങ്ങളില്‍ മനസ്സര്‍പ്പിച്ച് കഴിഞ്ഞിരുന്നു. ഒരിക്കല്‍ അദ്ദേഹം മാനിനെ വേട്ടയാടാന്‍ ശ്രമിക്കുമ്പോള്‍ ലക്ഷ്യം തെറ്റി, അമ്പ് ഒരു ബ്രാഹ്മണ താപസിയുടെ ദേഹത്ത് തറച്ചു.
വിഷ്ണുഭക്തനായിരുന്നിട്ടും അസുരപ്രവര്ത്തിയില് രമിച്ച മനസ്സുള്ളതുകൊണ്ട് അസുരനായിതീരട്ടെയെന്ന ദ്വിജശാപവും വാങ്ങി ദുഃഖിതനായി ഗയന് നാടുപേക്ഷിച്ച് കാട്ടില്‍
പോയ് തപസ്സുചെയ്തു. ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി പല വരങ്ങളും നേടി. മരണസമയത്ത് ഗയാസുരനെ ദര്ശിക്കുന്നവരാരായാലും സ്വര്‍ഗ്ഗത്തിലെത്തുമെന്ന വരവും ബ്രഹ്മാവ് ഗയാസുരന് നല്‍കിയിരുന്നു. ഇത് അറിയാവുന്ന അസുരന്മാര് ക്രൂരകൃത്യങ്ങള്‍ ചെയ്ത് മരണസമയമടുക്കുമ്പോള്‍ ഗയാസുരനെ ദര്‍ശിച്ച് സ്വര്‍ഗ്ഗം പൂകിക്കൊണ്ടിരുന്നു. ഇത് നരകനാകങ്ങളുടെ സന്തുലിതാവസ്ഥയെ ബാധിച്ചപ്പോള്‍ ഇന്ദ്രാദിദേവന്മാര് വിഷ്ണുവിനെ അഭയം പ്രാപിച്ചു. വിഷ്ണുഭക്തനായ ഗയാസുരനെ അമര്‍ച്ചചെയ്യുവാന്‍ വിഷ്ണുഭഗവാനൊഴികെ ആരും സമര്‍ത്ഥരല്ല. ദേവന്മാരുടെ പ്രശ്നപരിഹാരര്ത്ഥം വിഷ്ണു, ഗയനെ വധിക്കുവാന്‍ തീരുമാനിച്ച് അവന്റെ സമീപത്തെത്തി സൂചന നല്കി. വിഷ്ണുഭക്തനായതാന് ഒരു തെറ്റും ചെയ്യുന്നില്ലല്ലോ എന്ന് ഗയന് സങ്കടപ്പെട്ടു.
സ്വയം തെറ്റൊന്നും ചെയ്യുന്നില്ലായെങ്കിലും അയാള്‍ മൂലം കുറെ അധര്‍മ്മികള്‍ ഇന്ദ്രലോകവാസികളായിത്തീരുന്നു. ഗയനെ വധിക്കും മുന്‍പ് പവിത്രമായൊരിടത്തൊരു യാഗമനുഷ്ഠിക്കേണ്ടതുണ്ടെന്ന് ഭഗവാനരുളിച്ചെയ്തു. ആരുടെ ദര്‍ശനം മൂലമാണോ പാപികള്‍ പോലും പരിശുദ്ധരായിത്തീരുന്നത്, അങ്ങനെയുള്ള തന്റെ ശരീരത്തേക്കാള്‍ പവിത്രമായ സ്ഥാനം ഭൂമിയില്‍ വേറെയില്ലാത്തതുകൊണ്ട് തന്റെ വക്ഷസ്സില്‍ തന്നെ ഹോമകുണ്ഡം തീര്‍ക്കുവാന്‍ ഗയാസുരന് ഭാഗവാനോട് അപേക്ഷിച്ചു. നെഞ്ചില്‍ യാഗാഗ്നിയെരിഞ്ഞിട്ടും മൃത്യു അവനെ തീണ്ടിയില്ല.
തനിക്ക് സ്വയംമരണം വരിക്കുവാനുള്ള വരം തരണമെന്നും വിഷ്ണുഭക്തനായ തന്നെ വധിച്ചെന്നാക്ഷേപം ഭാഗവാനുണ്ടാവേണ്ടെന്നും ഗയാസുരന് ഭാഗവാനോട് പ്രാര്‍ത്ഥിച്ചു. ഇഷ്ടവരം നല്കി ഒരു പാദം പാറയിലൂന്നി അസുരനെ പാതാളത്തിലേക്ക് ചവുട്ടിതാഴ്ത്തുമ്പോള്, വിടവാങ്ങുന്ന സമയത്ത് തന്റെ ഒരു ആഗ്രഹം സാധിപ്പിക്കണമെന്ന് ഗയാസുരന് അപേക്ഷിച്ചു. പ്രയാഗ്, കാശി എന്നീ പുണ്യദേശങ്ങളില്‍ പിതൃകര്‍മ്മങ്ങള്‍ ചെയ്യുവാനെത്തുന്നവരുടെ പിതൃക്കള്‍ക്ക് മോക്ഷപ്രാപ്തി ലഭിക്കണമെങ്കില്‍, അവര്‍ ഇവിടെ തന്റെ സ്ഥാനത്തു(ഗയയില്‍ )വന്ന് പരിശുദ്ധമനസ്സോടെ പ്രാര്‍ത്ഥനയോടെ പിണ്ഡസമര്‍പ്പണം ചെയ്യേണ്ടതാണ് . ഭഗവാന് തന്റെ ഭക്തന് ഇഷ്ടവരവും നല്കി യാത്രയാക്കി.
അറിഞ്ഞും അറിയാതെയും മണ്മറഞ്ഞപിതൃക്കള്ക്കുവേണ്ടിയും , ദുരാത്മാക്കള്ക്കുവേണ്ടിയും ഗയാശ്രാദ്ധം ഊട്ടുകയാണെങ്കില് അവര്‍ക്കെല്ലാം ശാന്തിയും മോക്ഷവും ലഭിക്കുന്നതാണ്. പിന്നീടൊരു സംസാരദുഃഖം അവര്‍ക്കുണ്ടാകുകയില്ല.അതിനാല്‍
പിതൃമോക്ഷകര്മ്മങ്ങളില് ഗയാശ്രാദ്ധം ഏറ്റവും ശ്രേഷ്ഠമായി ത്തീര്‍ന്നു.
ഗയയിലെ തിലോദക പിണ്ഡദാനദി കര്‍മ്മങ്ങള്‍ അടുത്തടുത്തായി ഫാല്ഗുനിനദീതീരത്തും, വിഷ്ണു പാദക്ഷേത്രത്തിലും, വടവൃക്ഷചുവട്ടിലുമായി മൂന്നിടങ്ങളിലാണ് ചെയ്യുന്നത്. ഫാല്‍ഗുനിനദിയില്‍ ജലരൂപത്തില്‍ വിഷ്ണു വസിക്കുന്നു എന്നാണ് വിശ്വാസം. പാറക്കല്ലില്പതിഞ്ഞ വിഷ്ണുപാദം ആണ് വിഷ്ണുപാദക്ഷേത്രമായത്. ഇവിടെ വേറെ വിഗ്രഹമൊന്നുമില്ല.
അവസാനമായി പിണ്ഡസമര്‍പ്പണം ചെയ്യുന്നത് വിഷ്ണു സാന്നിദ്ധ്യമുള്ള വടവൃക്ഷച്ചുവട്ടിലാണ്.
ഗയാസുരന്റെ പരമ്പരയില്‍ പെട്ട ഗയാവാളിബ്രാഹ്മണര് തത്സമയം അവിടെ വരുന്നു. അവര്‍ക്ക് പിതൃക്കളെക്കുറിച്ചറിയാന് കഴിയുമെന്നാണ് വിശ്വാസം. പിതൃകര്‍മ്മങ്ങള്‍ ചെയ്തവര്‍ അവര്‍ക്ക് ദാനദക്ഷിണകള് നല്‍കിയശേഷം പിതൃമോക്ഷാര്‍ത്ഥം തങ്ങള്‍ ചെയ്ത കാര്യങ്ങളൊക്കെതൃപ്തിയായോ, അവര്‍ക്ക് മോക്ഷം പ്രാപ്തമായോ, തങ്ങള്‍ അര്‍പ്പിച്ച ദാനദക്ഷിണകളില് തൃപ്തിയായോ എന്ന് ആ ബ്രാഹ്മണരോട് ചോദിക്കുന്നു. എല്ലാം ശുഭമായി, തൃപ്തിയായി, പിതൃക്കള്‍ക്ക് മോക്ഷമായി എന്നവര്‍ മറുപടിതരുമ്പോള് ഗയാശ്രാദ്ധം പൂര്‍ത്തിയാകുന്നു. മോക്ഷദായകനായ വൈകുണ്ഡനാഥന്റെ അനുഗ്രഹത്താല്‍ എല്ലാസംസാരദുഃഖങ്ങളേയും തരണംചെയ്യാന്‍ ഭക്തര്‍ക്ക് ഒരു പ്രയാസവുമുണ്ടാകുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: