പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുന്നതിനെതിരെ വലിയ പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ്. രാഷ്ട്രത്തലവനായ രാഷ്ട്രപതിയെ അപമാനിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് മുതലക്കണ്ണീരൊഴുക്കി കോണ്‍ഗ്രസ് നേതാക്കള്‍ പതംപറഞ്ഞു നടക്കുന്നു. രാഷ്ട്രപതി പട്ടികവര്‍ഗ്ഗക്കാരി ആയതിനാലാണ് അവരെക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിപ്പിക്കാത്തത് എന്ന തരംതാണ ആക്ഷേപം വരെ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായി. പതിവു പോലെ രാഹുല്‍ഗാന്ധി തന്നെയാണ് കുത്തിത്തിരുപ്പിന് തുടക്കമിട്ടത്. പക്ഷേ, ചരിത്രം മറക്കുകയാണ് കോണ്‍ഗ്രസ്. സ്വന്തം അച്ഛനും മുത്തശ്ശിയും പ്രധാനമന്ത്രിമാരെന്ന നിലയില്‍ ചെയ്ത നടപടികളെപ്പറ്റി മൗനം പാലിച്ച് രാഹുല്‍ഗാന്ധി ‘തനി കോണ്ഗ്രസുകാരന്’ ആയി.
ഇനിയല്‍പ്പം ചരിത്രം പരിശോധിക്കാം. സ്വാതന്ത്ര്യത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ സ്ഥലപരിമിതികളെപ്പറ്റി ചര്‍ച്ചകള്‍ സജീവമായത്. വിവിധ പാര്‍ലമെന്ററി സമിതികളും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥലപരിമിതി ചൂണ്ടിക്കാട്ടി. പാര്‍ലമെന്ററി സമിതി യോഗങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ പാര്‍ലമെന്ററി സമിതിയോഗങ്ങള്‍ക്കും സ്ഥലമില്ലാത്ത അവസ്ഥ. ഇതേ തുടര്‍ന്ന് 1970ല്‍ പുതിയ പാര്‍ലമെന്റ് ഹൗസ് അനക്സിന്റെ നിര്‍മ്മാണത്തിന് തുടക്കമിട്ടു.
1975 ഒക്ടോബര്‍ 24ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് പാര്‍ലമെന്റ് അനക്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനെ ഇന്ദിരാഗാന്ധി അന്ന് ഒഴിവാക്കുകയായിരുന്നോ? ഫക്രുദ്ദീന്‍ അലി അഹമ്മദ് മുസ്ലിം ആയതുകൊണ്ടാണോ ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും ചടങ്ങില്‍ പങ്കെടുപ്പിക്കാതിരുന്നത്? തുടങ്ങിയ ചോദ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
1987ല്‍ പാര്‍ലമെന്റ് ലൈബ്രറി ബില്‍ഡിങ് ഉദ്ഘാടനം നിര്‍വഹിച്ചത് പ്രധാനമന്ത്രി രാജീവ് ഗാന്ധി ആയിരുന്നു. അന്നത്തെ രാഷ്ട്രപതി ആര്. വെങ്കിട്ട രാമനെ രാജീവ് ഗാന്ധി ചടങ്ങില്‍ നിന്നൊഴിവാക്കിയത് തെക്കേയിന്ത്യക്കാരനായതുകൊണ്ടാണോ എന്ന വാദവും വേണമെങ്കില്‍ ഉയര്‍ത്താവുന്നതാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന രാജ്യമെന്ന നിലയില്‍, ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയെന്ന നിലയില്‍, അനുദിനം കുതിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യ രാജ്യമെന്ന നിലയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ലോകത്തിനാകെ ഇന്ത്യയുടെ മാതൃകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നില്‍ നിന്ന് നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഇച്ഛാശക്തികൊണ്ട് മാത്രമാണ് ഇത്രയധികം എതിര്‍പ്പുകള്‍ക്കിടയിലും രണ്ടരവര്‍ഷം കൊണ്ട് പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. മേയ് 28ന് നടക്കുന്ന പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്ക്കരിക്കുമെന്നാണ് ചില പ്രതിപക്ഷ കക്ഷികള്‍ പറയുന്നത്. ജൂണ്‍ മാസത്തില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ, പുതിയ മന്ദിരത്തില്‍ തങ്ങള്‍ കയറില്ലെന്നും പഴയ പാര്‍ലമെന്റിലെ സീറ്റുകളിലേ ഇരിക്കൂ എന്നുമുള്ള വാദമുയര്‍ത്തി ശ്രദ്ധപിടിച്ചുപറ്റാനുള്ള സാധ്യതകള്‍ കൂടി കോണ്‍ഗ്രസ് പരിശോധിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: