തപസ്യകലാസാഹിത്യവേദിയുടെ നാല്‍പ്പത്തി ഏഴാം വാര്‍ഷികാഘോഷത്തിന് പാലക്കാട്ട് ഇന്ന് തുടക്കം കുറിക്കുകയാണ്. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അഞ്ചു പതിറ്റാണ്ട് പൂര്‍ത്തീകരിക്കുവാന്‍ ഒരുങ്ങുന്ന ഒരു പ്രസ്ഥാനം നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ് അതിന്റെ പിന്നിട്ട വഴികളെ അനുസ്മരിക്കുന്നത്.
മലയാളത്തിന്റെ മണ്ണും മനസ്സും അറിഞ്ഞ് വളര്‍ന്ന ഈ സാംസ്കാരികസംഘടനയ്ക്ക് സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങളുടെ നിരവധി അനുഭവങ്ങള്‍ വര്‍ത്തമാനകാല സമൂഹവുമായി പങ്കുവയ്ക്കാനുണ്ട്. കലാകാരന്റെയും സാഹിത്യകാരന്റെയും സ്വതന്ത്രമായ പ്രവര്‍ത്തനം നിഷേധിക്കപ്പെട്ട കാലത്ത് സ്വാഭാവിക സര്‍ഗ്ഗപരിണാമം പോലെ സംഭവിച്ചതാണ് തപസ്യയുടെ ജന്മം. അനേകം മനസ്സുകളുടെ ത്യാഗബുദ്ധിയും അന്വേഷണാത്മകതയും തെളിഞ്ഞ ചിന്തകളും സൗന്ദര്യസങ്കല്‍പ്പങ്ങളും തപസ്യയുടെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. കെ.പി. കേശവമേനോന്, തിക്കോടിയന്, വി.ടി. ഭട്ടിതിരിപ്പാട്, വി.എം. കൊറാത്ത്, സി.കെ. മൂസത് തുടങ്ങിയ ശ്രേഷ്ഠ വ്യക്തികളുടെ പരിലാളനയിലാണ് തപസ്യ ശക്തിയാര്‍ജ്ജിച്ചത്.
കേരളത്തിലങ്ങോളമിങ്ങോളം ഈ പ്രസ്ഥാനത്തിന്റെ പ്രയോക്താക്കളാകുവാന്‍ അനേകം സാഹിത്യകാരന്മാരും കലാകാരന്മാരും രംഗത്തു വന്നു. വ്യക്തിപരമായ നേട്ടങ്ങളെയും സ്ഥാനമാനങ്ങളെയും പരമമായ നിസ്സാരതയോടെ നിരാകരിച്ച് തപസ്യയോടൊപ്പം ഒന്നര പതിറ്റാണ്ടോളം അഗ്രഗാമിയായി സഞ്ചരിച്ച മഹാകവി അക്കിത്തം, മഹാഭാരതത്തിലെ ജീവിതദര്‍ശനങ്ങളെ അനിഷേധ്യ വ്യാഖ്യാനങ്ങളിലൂടെ മലയാളിക്ക് മുന്നില്‍ അവതരിപ്പിച്ച പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, ഭാഷയെ കാവ്യാര്ച്ചനയിലൂടെ പുളകമണിയിച്ച എസ്. രമേശന്‍നായര്‍, സാമൂഹ്യതിന്മകള്ക്കെതിരെ തിരുത്തല്‍ ശക്തിയാകുവാന്‍ ആര്‍ഷചിന്തകളെ കഥകളായും അഭ്രകാവ്യങ്ങളായും ഉപയോഗിച്ച മാടമ്പ് കുഞ്ഞുക്കുട്ടന്, സ്വന്തം സാധനാബലംകൊണ്ട് ഇന്നും നമ്മോടൊപ്പമുള്ള, തപസ്യയെ കൈ പിടിച്ചുനടത്തിയ എം.എ. സാര്‍ അങ്ങനെ എത്രയോപേര്‍ പകര്‍ന്ന സംസ്കാരത്തിന്റെ അഗ്നിജ്വാലയുടെ പ്രകാശവും ഊര്‍ജ്ജവുമാണ് ഈ പ്രസ്ഥാനത്തെ ഇവിടെയെത്തിച്ചത്.
മലയാളനാടിന്റെ സ്വത്വം മറഞ്ഞുപോവുകയോ മനഃപൂര്‍വ്വം മറക്കപ്പെടുകയോ ചെയ്യുന്ന അനവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വത്വബോധമുള്ള ഒരു ജനതയായി കേരളീയരെ ഒരുമിച്ചു നിര്‍ത്തുവാനും, പാരമ്പര്യത്തിന്റെയും അടിസ്ഥാന ദര്‍ശനങ്ങളുടെയും കരുത്തിന് ഇച്ഛാശക്തി ആര്‍ജ്ജിച്ചു മുന്നോട്ടു കുതിക്കുവാനുള്ള പ്രേരണയാവുകയായിരുന്നു തപസ്യ.
വലിയ സംസ്കാരിക വെല്ലുവിളികള്‍ ഉയരുന്ന കാലഘട്ടമാണിത്. സംസ്കാരങ്ങളുടെ സംഘട്ടനം എന്നത് കുറച്ചു പഴയ ആശയമാണല്ലോ. ഇന്ന് സംസ്കാരങ്ങളുടെ പേരില്‍ ഗൂഢമായ ആശയങ്ങളെ സാക്ഷാത്കരിക്കുവാന്‍ വെമ്പുന്ന വിവിധ സാമ്പത്തിക ചേരികളാണ് പ്രശ്നങ്ങള്‍. അവര്‍ ഒരുക്കുന്ന ചതിക്കുഴികള്‍ കടന്നുവേണം ഇന്നത്തെ യുവതലമുറയ്ക്ക് മുന്നോട്ടുപോകുവാന്‍. തുച്ഛമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഗുഢശക്തികളുമായി ഒത്തുതീര്‍പ്പുകള്‍ക്കു തയ്യാറാകുന്ന അധികാരികളാണ് ഇന്നിന്റെ ശാപം. ശത്രുക്കള്‍ കവാടത്തില്‍ വന്ന് ആഞ്ഞടിക്കുമ്പോള്‍ കറുപ്പുതീനികളുടെ സ്വര്‍ഗ്ഗത്തില്‍ സ്വപ്നസഞ്ചാരം നടത്തുന്ന മധ്യകാല ഭരണകര്‍ത്താക്കളെ ഓര്‍മ്മപ്പെടുത്തുന്ന അപകടകരമായ അവസ്ഥയാണ് ഇന്നുള്ളത്.
ഇത്തരം സന്ദര്‍ഭങ്ങളിലാണ് തപസ്യ പോലുള്ള പ്രസ്ഥാനങ്ങള്‍ ഒരു പരിണാമശക്തിയാകുവാനുള്ള ശക്തി ആര്‍ജ്ജിക്കേണ്ടത്. ബോധതലത്തിലുള്ള മാറ്റങ്ങള്‍ക്കു കളമൊരുക്കുന്ന പ്രവര്ത്തനശൈലിയാണാവശ്യം. അതിനുതകുന്ന ഏറ്റവും നല്ല ആയുധമാവണം കലയും സാഹിത്യവും. ഈ രാഷ്ട്രത്തിന്റെ ആന്തരികശക്തിയെ ആവാഹിച്ചെടുത്ത എത്രയോ യുഗപ്രഭാവന്മാരും ഋഷിതുല്യരുമായ അപൂര്വ്വവ്യക്തിത്വങ്ങളാണ് നമുക്ക് മുമ്പേ നടന്നുപോയതെന്ന് തിരിച്ചറിഞ്ഞ്, അവരുടെ വാക്കുകളും പ്രവൃത്തികളും ഏറ്റെടുത്ത് അവര്‍ ആഗ്രഹിച്ച വ്യവസ്ഥിതി സാക്ഷാത്കരിക്കുക എന്ന മഹിതമായ ലക്ഷ്യമാണ് തപസ്യ ലക്ഷ്യം വയ്ക്കുന്നത്.
നമ്മുടെ ഭാഷയ്ക്കും ഭൂമിക്കും സംസ്കാരത്തിനും ക്ഷതങ്ങളേല്‍ക്കാതെ സംരക്ഷിക്കുവാന്‍ ഭാരതീയ ദര്‍ശനത്തിന്റെ സാരാംശങ്ങളില്‍ ചാലിച്ചെടുത്ത സര്‍ഗ്ഗചിന്തകള്‍ നമ്മുടെ കരുത്താകണം. അത്തരം എത്രയോ ചിന്തകള്‍ നമുക്ക് ശക്തി പകരുന്നു. ഭാരതത്തിന്റെ ദാര്‍ശനിക ഗാംഭീര്യം മുഴുവനും ഉള്‍കൊണ്ട ‘പരനും ഞാനും ഭവാനുമൊത്ത്, എന്ന് ഉദ്ഘോഷിച്ച പണ്ഡിതകവി മുതല്‍ ഭാഷാ സൗന്ദര്യത്തിന്റെയും ജീവിതസാരമ്യത്തിന്റെയും ദൃഷ്ടാന്തമായി ‘കുങ്കുമം തൊട്ട സന്ധ്യാമേഘം’ പോലെ നമ്മെ ത്രസിപ്പിച്ച കവിവരെ നമുക്കുണ്ട്. കഥ പറയുമ്പോള്‍ ഭാവനയുടെ തീക്കടല്‍ തീര്‍ക്കാന്‍ സാധിക്കുമെന്നു പറഞ്ഞ കഥാകാരന് മുതല്‍, ഞാന്‍ ഹൈന്ദവതയുടെ അനന്തസ്ഥലികളെ അന്വേഷിക്കുകയാണ് എന്നു പറഞ്ഞ ‘ഇതിഹാസകാരന്’ വരെ നമുക്ക് വലിയ പ്രചോദനമായിതീര്ന്നിട്ടുണ്ട്. കലാകാരന്റെ ആത്മസത്തയെ ആവിഷ്കരിക്കുന്നതാണ് അയാള്‍ സൃഷ്ടിക്കുന്ന കലാരൂപങ്ങളും ചിത്രങ്ങളുമെന്ന് നമ്മെ പഠിപ്പിച്ച കലാകാരന്മാരുണ്ട്. കടല്‍പോലെ വിസ്തൃതമായി കിടക്കുന്ന ഈ കാവ്യകലാസമ്പത്തിന്റെ പിന്തുടര്ച്ചാവകാശികളാണ് നാം എന്ന ബോധ്യം നമ്മെ സ്വാഭിമാനികളാക്കുന്നു.
നാം ആഗ്രഹിക്കുന്ന തിരിച്ചറിവിന്റെ സൂചനകള്‍ ലഭിച്ചു തുടങ്ങുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. തപസ്യ ലക്ഷ്യം വയ്ക്കുന്ന ബോധതലത്തിലെ മാറ്റം സാവധാനം സമാഗതമായികൊണ്ടിരിക്കുന്നതിന്റെ ഏറെ അനുഭവങ്ങള്‍ പ്രകടമാണ്. ഭൂതകാലഭാരതത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ചികഞ്ഞെടുക്കുന്ന അമൃതവര്‍ഷാഘോഷത്തിന്റെ കാലത്ത് ചില അനിഷേധ്യസത്യങ്ങള്‍ മറനീക്കി പുറത്തുവരുന്നതു നാം കാണുന്നു. ആര്യനാക്രമണവാദത്തിന്റെ മുനയൊടിയുന്നതും, പുതിയ കണ്ടെത്തലുകള്‍ക്ക് മറുവാദങ്ങളില്ലാതെ എതിര്‍പക്ഷം നിശബ്ദമാകുന്നതും നാം അറിയുന്നു. കേരളത്തില്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വ്യാഖ്യാനപെരുംകള്ളങ്ങളെ തകര്‍ക്കുവാനും, വസ്തുതകള്‍ സത്യസന്ധമായി അവതരിപ്പിക്കുവാനും കഴിഞ്ഞിരിക്കുന്നു.
സംസ്കാരത്തിന്റെ ശത്രുക്കളെ നേരിടുവാന്‍ പോന്ന കരുത്ത് തപസ്യക്കുണ്ട്. പ്രസ്ഥാനത്തിന്റെ ആവനാഴിയില്‍ വൈവിധ്യമാര്‍ന്ന ‘ജ്ഞാനാസ്ത്രങ്ങള് ഒരുക്കുന്നതിലും തപസ്യ വിജയിക്കുന്നുണ്ട്. ഈ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള കര്‍മ്മശേഷിയും വൈജ്ഞാനിക വളര്‍ച്ചയും ഒരുമിക്കുമ്പോള്‍ ഓരോ പ്രദേശത്തേയും തപസ്യ പ്രവര്‍ത്തകര്‍ തങ്ങളുടെ ദേശത്തിന്റെ അസ്മിതയെ ആധാരമാക്കിയുള്ള അന്വേഷണാത്മക പ്രവര്‍ത്തനവും സാധ്യമാക്കണം. അത് സ്വത്വപരമായ അന്വേഷണത്തിന്റെ തുടക്കമാവുകയും, നമ്മുടെ സംസ്കാരിക സത്തയുടെ സാക്ഷാത്കാരത്തിന് കാരണമാവുകയും ചെയ്യും.
(തപസ്യ സംസ്ഥാന അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: