ദോഹ: തുടര്‍ച്ചയായ രണ്ടാം കളിയും തോറ്റ ആതിഥേയരായ ഖത്തറിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ആദ്യകളിയില്‍ ഇക്വഡോറിനോട് തോറ്റ അവര്‍ ഇന്നലെ അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ സെനഗലിനോട് ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെട്ടു. മികച്ച കളി പുറത്തെടുത്തെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചയാണ് ആതിഥേയര്‍ക്ക് തിരിച്ചടിയായത്. സ്കോര്‍നില സൂചിപ്പിക്കുന്നതുപോലെ അനായാസമായിരുന്നില്ല സെനഗലിന്റെ ജയം. സെനഗലിന് വെല്ലുവിളി ഉയര്‍ത്തിയാണ് ഖത്തര്‍ കീഴടങ്ങിയത്. ആദ്യ വിജയവുമായി സെനഗല്‍ നോക്കൗട്ട് റൗണ്ട് സാധ്യതകള്‍ സജീവമാക്കി.
തുടക്കം മുതല്‍ സെനഗലാണ് മികച്ചുനിന്നത്. തുടര്‍ച്ചയായി അവര്‍ ഖത്തര്‍ ഗോള്‍മുഖത്തേക്ക് റെയ്ഡ് നടത്തി. കളി കാല്‍മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഡയറ്റയുടെ മികച്ചൊരു ഷോട്ട് ഖത്തര്‍ ഗോള്‍കീപ്പര്‍ ബര്‍ഷാം തട്ടിയകറ്റി. 24-ാം മിനിറ്റില്‍ സെനഗലിന്റെ ഗ്യുയെയുടെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ഗോള്‍പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. നാല് മിനിറ്റിനുശേഷം ഖത്തര്‍ ഗോള്‍കീപ്പര്‍ ബര്‍ഷാം തട്ടിയകറ്റിയ പന്ത് സ്വീകരിച്ച സെനഗല്‍ താരം സബാലിക്ക് തുറന്ന അവസരം ലഭിച്ചെങ്കിലും ഷോട്ട് പുറത്തേക്ക് പോയി. അതിനുശേഷമാണ് ഖത്തറിന് നല്ലൊരു അവസരം ലഭിച്ചത്. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ അക്രം അഫീഫിന് പക്ഷേ ഷോട്ടുതിര്‍ക്കാനായില്ല.
ആദ്യ പകുതി അവസാനിക്കാന്‍ നാല് മിനിറ്റ് ബാക്കിനില്‍ക്കേ സെനഗല്‍ ലീഡ് നേടി. ബൗലായെ ഡിയയാണ് ടീമിനായി വലകുലുക്കിയത്. ബോക്സിനകത്ത് പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ പ്രതിരോധ താരം ഖൗക്കി വരുത്തിയ പിഴവ് മുതലെടുത്ത ഡിയ അനായാസമായി പന്ത് വലയിലെത്തിച്ചു.
രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റ് ആയപ്പോള്‍ സെനഗല്‍ ലീഡ് ഉയര്‍ത്തി. ഇത്തവണ ഫമാറ ഡൈഡ്ഹിയോവുവാണ് സെനഗലിനായി ഗോളടിച്ചത്. ജേക്കബ്സിന്റെ പാസ് സ്വീകരിച്ച ഫമാറ തകര്‍പ്പന്‍ ഷോട്ടിലൂടെ വല കുലുക്കുയായിരുന്നു. രണ്ട് ഗോളിന് പിന്നിലായതോടെ ഖത്തര്‍ തിരിച്ചടിക്കാനായി സര്‍വം മറന്ന് പൊരുതി. 66-ാം മിനിറ്റില്‍ ഖത്തറിന്റെ ഖൗക്കി ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും അസാമാന്യമായ സേവിലൂടെ സൂപ്പര്‍ ഗോള്‍കീപ്പര്‍ മെന്‍ഡി അത് വിഫലമാക്കി. അതിനുശേഷം ഗോളെന്നുറിച്ച നിരവധി അവസരങ്ങളാണ് ഖത്തര്‍ പാഴാക്കിയത്.
ഒടുവില്‍ 78-ാം മിനിറ്റില്‍ ഖത്തര്‍ ലോകകപ്പിലെ ചരിത്ര ഗോള്‍ നേടി. മുഹമ്മദ് മുന്‍ടാരിയാണ് ഖത്തറിനായി ചരിത്രമെഴുതിയത്. മുഹമ്മദിന്റെ ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ മുന്ടാരി വലയിലെത്തിക്കുകയായിരുന്നു. അധികം കഴിയും മുന്‍പ് സെനഗല്‍ മൂന്നാം ഗോളും അടിച്ചു. പകരക്കാരനായി വന്ന ബാംബ ഡിയെങ്ങാണ് സെനഗലിനായി വലകുലുക്കിയത്.
29ന് ഗ്രൂപ്പ് എയിലെ അവസാന കളിയില്‍ കരുത്തരായ നെതര്‍ലന്‍ഡ്സാണ് ഖത്തറിന്റെ എതിരാളികള്‍. അന്നുതന്നെ സെനഗല്‍ ഇക്വഡോറുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: