ആഗോളതാപനം ആളൊരു തമാശക്കാരനാണ്. ചിലടത്ത് ഉഗ്രതാപംകൊണ്ട് ആളെ പൊരിക്കും. മറ്റു ചിലേടത്ത് കൊടുംതണുപ്പില്‍ വിറപ്പിക്കും. ഇനിയൊരിടത്ത് പ്രളയവും കൊടുങ്കാറ്റും പകര്ച്ചവ്യാധികളുമായിരിക്കും വിതരണം ചെയ്യുക. തണുപ്പിന്റെ പുതപ്പില്‍ കുറുകി മയങ്ങിയ യൂറോപ്പും അമേരിക്കയുമൊക്കെ ഇന്ന് ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. അമേരിക്കയിലെ യൂട്ടയിലുള്ള സാള്‍ട്ട്ലേക്ക് എന്ന ഉപ്പുതടാകം വറ്റിവരണ്ടുകൊണ്ടിരിക്കുകയാണ്.
പശ്ചിമാര്‍ധ ഗോളത്തിലെ ഏറ്റവും വലിയ ഉപ്പുകടല്‍ എന്നാണ് സാള്‍ട്ട് ലേക്കിന്റെ പെരുമ. ഏതാണ്ട് 20 ലക്ഷം മനുഷ്യരുടെ ജീവിതത്തിന്റെ ഉപ്പാണത്. കോടിക്കണക്കിന് ഡോളറിന്റെ ചെമ്മീനും വ്യവസായവും കൃഷിയും വിനോദസഞ്ചാരവുമൊക്കെ ഈ തടാകത്തെ ആശ്രയിച്ചാണ് മുന്നോട്ടുപോവുന്നത്. നൂറുലക്ഷത്തോളം പക്ഷികളാണ് ദേശാന്തരഗമനം നടത്തി എല്ലാ വര്‍ഷവും ഇവിടെയെത്തുന്നത്. അതിനും പുറമെ മുന്നൂറിലേറെ പക്ഷികളുടെ ആവാസകേന്ദ്രവുംകൂടിയാണ് സാള്‍ട്ട്ലേക്ക്. സമുദ്രത്തെക്കാള്‍ പത്തിരട്ടി സാന്ദ്രതയാണ് തടാകത്തിലെ ഉപ്പിന്. പക്ഷേ നിരവധി സൂക്ഷ്മജീവികള്‍ ഉപ്പിന്റെ സുഖത്തില്‍ ഇവിടെ ജീവിക്കുന്നു. അതിനും പുറമെ പതിനായിരക്കണക്കിന് തദ്ദേശീയ ജലജീവികളും.
വെള്ളം വറ്റിവറ്റി തടാകത്തിന്റെ വലിപ്പം മൂന്നിലൊന്നായി ചുരുങ്ങിയത്രെ. ഇപ്പോള്‍ 75 മൈല്‍ നീളവും 30 മൈല്‍ വീതിയും മാത്രം. വെള്ളം വറ്റിയതോടെ തടാകത്തിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയ വിഷധൂളികളും ലോഹഖനിജങ്ങളും കാറ്റില്‍ അന്തരീക്ഷത്തിലേക്ക് പറന്നുയരുകയാണ്. അവയില്‍ പ്രധാനം അത്യന്തം അപകടകാരിയായ ആഴ്സനിക്. ഉപ്പിന്റെ ഗാഢത കൂടുന്നതനുസരിച്ച് ആല്‍ഗകളും സൂക്ഷ്മജീവികളും അന്ത്യശ്വാസം വലിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ സൂക്ഷ്മജീവികളാണ് ഉപ്പ്കടലിലെ ചെമ്മീന്‍ മത്സ്യങ്ങളുടെ ആഹാരം. ഈ മീനുകളാണ് നൂറ് ലക്ഷം വരുന്ന ദേശാടനക്കിളികളുടെ പരസ്പരാശ്രിതമായ വലിയൊരു ജൈവവലക്കണ്ണിയുടെ തകര്‍ച്ച.
‘ക്ലൈമറ്റ് റിപ്പിള് ഇഫക്ട്’ എന്നാണ് സാള്‍ട്ട്ലേക്കിന്റെ ഗതികേടിനെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ഒരു കല്ല് വെള്ളത്തില്‍ വീഴുമ്പോള്‍ ജനിക്കുന്ന തരംഗങ്ങള്‍ പോലെ… ലേക്കിന്റെ പുനരുദ്ധാരണത്തിനായി 40 ദശലക്ഷം ഡോളറിന്റെ പദ്ധതിയാണ് സാള്‍ട്ട്ലേക്കിന്റെ ഉദ്ധാരണത്തിനായി യൂട്ടാ നിയമസഭ തയ്യാറാക്കിയിട്ടുള്ളത്. തടാകത്തിന്റെ ജീവന് നിലനിര്‍ത്താന്‍ ഗവേഷകരും ഉദ്യോഗസ്ഥരും സന്നദ്ധസേവകരും രംഗത്തുണ്ട്. പക്ഷേ ആഗോളതാപനം ഒന്ന് കുറഞ്ഞിട്ടുവേണ്ടേ… ഇസ്രയേല്‍-ജോര്‍ദ്ദാന്‍ മേഖലയിലെ ചാവുകടലും റഷ്യന്‍ മേഖലയിലെ അറാള്‍ കടലും പോലെ ഉപ്പുതടാകവും നശിച്ചുപോവുകയാണോയെന്ന് ആശങ്കിക്കുന്നവരുമുണ്ട്. അമേരിക്കയിലെ മീഢ് തടാകത്തിന്റെ അവസ്ഥയും മറിച്ചല്ല.
ഫ്രാന്‍സിലും പോര്‍ച്ചുഗലിലുമൊക്കെ ആഞ്ഞടിച്ച ഉഷ്ണതരംഗത്തില്‍ കാടുകള്‍ കത്തിയെരിയുന്നതും ഇവിടെ കൂട്ടിവായിക്കണം. ചൂട് കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇറ്റലിയിലെ ‘ഡോളോമൈറ്റ്’ പര്‍വതത്തിലെ കൊടുമുടിയായ ‘മര്മൊലാഡ’ ഹിമാനി ഇടിഞ്ഞുവീണത് ജൂലൈ മാസത്തിലാണ്. നിരവധി പര്‍വതാരോഹകരാണ് ഈ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. സമുദ്ര നിരപ്പില്‍ നിന്നും 10968 മീറ്റര്‍ ഉയരത്തിലുള്ള ഹിമാനിയുടെ പതനം ലോകത്തിന് നല്‍കുന്നത് വലിയൊരു മുന്നറിയിപ്പാണ്.
യൂറോപ്പിലെ 60 ശതമാനം ഭൂമിയും വരള്‍ച്ചയുടെ പിടിയിലാണ്. സ്പെയിനിലെ പല തടാകങ്ങളും 80 ശതമാനത്തിലധികം വരണ്ടുകിടക്കുന്നു. ഫ്രാന്‍സിലെ മിക്ക നദികളും വരണ്ടുണങ്ങിക്കഴിഞ്ഞു. ഫ്രാന്‍സിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് പതിനായിരം ഹെക്ടര്‍ വനമാണ് കൊടുംചൂടില്‍ കത്തിയെരിഞ്ഞത്. ഇറ്റലിയില്‍ ജല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ബ്രിട്ടന് നെതര്‍ലാന്റ് എന്നീ രാജ്യങ്ങളുടെ അവസ്ഥയും മറിച്ചല്ല. വന്‍ നദികള്‍ വരളുന്നതിന്റെ ഫലമായി ജല ഗതാഗതം, വൈദ്യുത ഉല്‍പ്പാദനം, കൃഷി, വിനോദ സഞ്ചാരം എന്നീ മേഖലകളില്‍ വന്‍ തിരിച്ചടിയാണ് പ്രതീക്ഷിക്കുന്നത്. പല യൂറോപ്യന്‍ രാജ്യങ്ങളും വന്‍ സാമ്പത്തിക തകര്ച്ചയിലാവുമെന്നാണ് ആശങ്ക.
ഇതേസമയം ലോകത്തിന്റെ മറ്റൊരു ഭാഗമായ ന്യൂസിലന്റില്‍ മഴ നിര്‍ത്താതെ പെയ്യുകയാണ്. കൊടുംമഴയില്‍ മനുഷ്യജീവിതം തന്നെ സ്തംഭിച്ചിരിക്കുന്നുവെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റോഡുകളും തോടുകളും കൃഷിയിടങ്ങളുമൊക്കെ കൊടുംമഴയിലും മണ്ണൊലിപ്പിലും തകര്‍ന്നിരിക്കുന്നു.
യൂറോപ്പില്‍ തീ പടരുമ്പോള്‍ നെഞ്ചില്‍ തീയുമായി കഴിയുന്ന ഒരുപിടി പാവങ്ങളും ലോകത്തുണ്ട്. ആഗോള ശക്തികളുടെ മലിനീകരണത്തില്‍ കടല്‍നിരപ്പുയരുമ്പോള്‍ ജീവിതം വഴിമുട്ടുന്ന ദ്വീപു നിവാസികള്‍. പസഫിക് സമുദ്രത്തില്‍ ന്യൂസിലാന്റില്‍ നിന്ന് 2000 കിലോമീറ്റര്‍ അകലെയുള്ള ഫിജി ദ്വീപു സമൂഹത്തിലെ നൂറോളം ചെറുദ്വീപുകളിലാണ് കടല്‍വെള്ളം ഇരച്ചുകയറാനൊരുങ്ങുന്നത്. കടല്‍ഭിത്തി കവച്ചുവച്ച് കടല്‍ത്തിരകള്‍ ഗ്രാമത്തിലേക്കിരച്ചു കയറിയപ്പോള്‍ നാട്ടുകാര്‍ക്ക് വീട്ടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. പലരുടെയും വീടിനുള്ളില്‍ വരെ കടല്‍ വെള്ളമാണ്. അവരുടെ വരാന്തയോട് ചേര്‍ത്ത് ബോട്ടുകള്‍ കെട്ടിനിര്ത്തിയിരിക്കുന്നു. ആവശ്യം വന്നാല്‍ ജീവന് രക്ഷിക്കാന്‍….. ‘വാനുവലിവു’ എന്ന ദ്വീപുവാസികള്‍ 2014 ല്‍ തങ്ങളുടെ നാടുവിട്ട് വലിയ ദ്വീപുകളിലേക്ക് കുടിയേറി. അടുത്ത ഊഴം ‘സെറുവ’ ഗ്രാമത്തിന്റെതാണ്. പക്ഷേ ആഗോളതാപനത്തിന് വഴിവയ്ക്കുന്ന മലിനവാതകങ്ങള്‍ പുറത്തുവിട്ട് തടിച്ച് കൊഴുക്കുന്ന അമേരിക്കയും ചൈനയുമൊന്നും ഇക്കാര്യം ഗൗനിക്കുന്നതേയില്ല.
കഴിഞ്ഞ മാസം ഫിജിയുടെ തലസ്ഥാനമായ സുവയില്‍ വിളിച്ചുചേര്‍ത്ത ഇരുപതോളം പസഫിക് ദ്വീപുകളുടെ സമ്മേളനം തങ്ങളുടെ ജീവിതം വഴിമുട്ടിച്ച വികസിത രാജ്യങ്ങള്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. അവയുടെ സവിശേഷ സാമ്പത്തിക മേഖല(എക്സ്ക്ലുസീവ് ഇക്കണോമിക് സോണ്‍) 30 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വരും. ലോകത്തെ ട്യൂണ ഉല്‍പ്പാദനത്തിന്റെ പകുതിയിലേറെ ഇവിടെനിന്നാണ്. പക്ഷേ താപനത്തിന്റെ ഫലമായി ഇവിടെ മത്സ്യസമ്പത്തും വല്ലാതെ കുറഞ്ഞിരിക്കുന്നു. ജനിച്ചു വീണ മണ്ണും പാരമ്പര്യമായി കിട്ടിയ ജീവിത ഉപാധിയും അവര്‍ക്ക് അന്യമാവുന്നു. മത്സ്യസമ്പത്തിന്റെ ശോഷണം ബാധിക്കുക ദ്വീപുനിവാസികളെ മാത്രമല്ലെന്നും ഓര്‍ക്കുക. ആഗോളതലത്തില്‍ ഭക്ഷ്യക്ഷാമത്തിനുവരെ അത് കാരണമായേക്കാം.
ആര്‍ട്ടിക്കിന്റെ ചൂട്
മഞ്ഞുമലകളുടെ മഹാ ഭണ്ഡാരമാണ് ആര്‍ട്ടിക് ഭൂഖണ്ഡം. അവിടെ ചൂട് കൂടിയാല്‍ മഞ്ഞുരുകും. കടല്‍വെള്ളം ഉയരും. ഫിന്‍ലാന്റ് ഗവേഷകര്‍ നടത്തിയ ഒരു ഗവേഷണ ഫലം ‘കമ്യൂണിക്കേഷന്‍സ് എര്‍ത്ത് ആന്റ് എന്‍വയണ്‍മെന്റ്’ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുന്നതിങ്ങനെ-ഭൂമിയുടെ മറ്റ് ഭാഗങ്ങളേക്കാള്‍ നാലിരട്ടി വേഗത്തിലാണ് ആര്‍ട്ടിക്കില്‍ ചൂട് ഉയരുന്നത്. ഗ്രീന്‍ലാന്റിന്റെ ചില ഭാഗങ്ങള്‍ ചൂടാവുന്നത് ഏഴിരട്ടി വേഗത്തില്‍… ഫലം ഭയാനകമാവും. കടല്‍ ഉയരുന്നതു മാത്രമല്ല, കാറ്റുകള്‍ക്ക് താളം തെറ്റും, സമുദ്ര പ്രവാഹങ്ങള്‍ക്ക് വഴിപിഴക്കും. കാലാവസ്ഥ തകിടം മറിയും. പക്ഷേ ഇതൊക്കെ ആര് കേള്‍ക്കാന്‍?
പ്രതികരിക്കാൻ ഇവിടെ എഴുതുക: