ബാലഗോകുലം രൂപീകരിച്ചതിന്റെ അന്‍പതാം വര്‍ഷമാണ് 2025. സംഘസ്ഥാപനത്തിന്റെ ശതാബ്ദിവര്ഷവും ഇതുതന്നെ. രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം പിറന്നാള്‍ ആഘോഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബാലഗോകുലം സുവര്‍ണജയന്തിയുടെ ആസൂത്രണത്തിനൊരുങ്ങുന്നത്. അപൂര്‍വസുന്ദരങ്ങളായ ഇത്തരം ഉജ്വലമുഹൂര്‍ത്തങ്ങള്‍ ചരിത്രം കാത്തുവയ്ക്കുന്ന സൗഭാഗ്യങ്ങളാണ്. വര്‍ക്കലയില്‍ ഇന്നലെ തുടങ്ങി ഇന്നും നാളെയുമായി നടക്കുന്ന ബാലഗോകുലം വാര്‍ഷിക സമ്മേളനത്തില്‍ സുവര്‍ണ്ണജയന്തി ആഘോഷങ്ങളുടെ രൂപരേഖ തയ്യാറാക്കും. ഈ സംസ്ഥാന സമ്മേളനം പ്രധാനപ്പെട്ടതാകുന്നതും അക്കാരണത്താലാണ്.
സംഘടന രൂപപ്പെട്ടത് ഇരുള് നിറഞ്ഞ ദിനങ്ങളിലായിരുന്നു. അടിയന്തിരാവസ്ഥവരെ എത്തിയ രാഷ്ട്രീയതിമിരം ജനതയെ ഭയപ്പെടുത്തി നിശബ്ദരാക്കിക്കൊണ്ടിരുന്നു. പൂര്‍വ സുകൃതങ്ങളെ പുച്ഛിച്ചുതള്ളുന്ന പൈതൃകനിന്ദയുടെ പ്രത്യയശാസ്ത്രം ചെറുപ്പക്കാരെ വശീകരിച്ചുകഴിഞ്ഞിരുന്നു. ധര്‍മ്മാധര്‍മ്മചിന്തകളൊന്നും ആരെയും അലട്ടിയിരുന്നില്ല. ഉപഭോഗത്തിനപ്പുറം മനുഷ്യജീവിതത്തിന് ലക്ഷ്യങ്ങളുണ്ടെന്ന് പാഠശാലകള്‍ പഠിപ്പിച്ചിരുന്നില്ല. ഏതാനും വൃദ്ധജനങ്ങളുടെ വിചാരവും വിലാപവും മാത്രമായി കേരളസംസ്ക്കാരം തളര്‍ന്നു തുടങ്ങിയിരുന്നു. ഈ ഇരുളിന്മേലാണ് ഗോകുലനാളങ്ങള്‍ തെളിഞ്ഞു തുടങ്ങിയത്. കൊച്ചുകൈത്തിരികളായി അവ ഓരോ ഗ്രാമത്തിലും വെളിച്ചത്തിന്റെ ചെറുതുരുത്തുകള്‍ സൃഷ്ടിച്ചു. നാമം ചൊല്ലാനും നമസ്തേ പറയാനും ഗീത പഠിക്കാനും ഗോപൂജ ചെയ്യാനും മഞ്ഞപ്പട്ടും മയില്‍പ്പീലിയുമണിഞ്ഞു ശോഭായാത്ര നടത്താനും ശിബിരങ്ങളില്‍ പങ്കെടുക്കാനും പൊതിച്ചോറുകള്‍ പങ്കിട്ടുകഴിക്കാനും കിങ്ങിണികെട്ടിയ ബാല്യങ്ങള്‍ മുന്നോട്ടു വന്നു. കലോത്സവങ്ങളും ബാലമേളകളും കലായാത്രകളുമായി ഒഴുക്കു ശക്തമായി. വലിയ ബാലമഹാസമ്മേളനങ്ങള്‍ അരങ്ങേറി. സാംസ്ക്കാരികനായകരെല്ലാം വിവിധവേദികളില്‍ വന്നുനിന്നനുഗ്രഹിച്ചു. ഋഷികവികള്‍ മംഗളഗീതം ചൊല്ലി. അങ്ങനെ കേരളസമൂഹത്തില്‍ ബാലഗോകുലവൃക്ഷം വേരുറച്ചു വളര്‍ന്നു.
ഇന്ന് ബാലഗോകുലവും അതിന്റെ ഉപ പ്രസ്ഥാനങ്ങളും ഏവര്‍ക്കും പരിചിതമാണ്. ഗോകുലശൈലിയുടെ നന്മയും സൗന്ദര്യവും പരക്കെ പ്രശംസിക്കപ്പെടുന്നു. അത് പ്രസരിപ്പിക്കുന്ന വെളിച്ചത്തെ ചിലരെങ്കിലും ഭയപ്പെടുന്നുമുണ്ട്. അവഗണനയുടെ തലം വിട്ട് എതിര്‍പ്പിന്റെ ഘട്ടത്തിലൂടെ കടന്ന് അംഗീകാരത്തിലേക്കും സ്വാംശീകരണത്തിലേക്കും വളരേണ്ടുന്ന സംഘടനയാണ് ബാലഗോകുലം. അതനുസരിച്ചു നോക്കുമ്പോള്‍ ഇത് ഒരു അന്തരാളഘട്ടമാണ്. എതിര്‍ദിശയിലടിക്കുന്ന കാറ്റില്‍ അണഞ്ഞുപോകാതെ കാത്തും കരിന്തിരികളില്‍ സ്നേഹം പകര്‍ന്നു വളര്‍ത്തിയും ഗോകുലദീപങ്ങളെ സംരക്ഷിക്കേണ്ട കാലം. പുതിയ ചിരാതുകളിലേക്കു ദീപനാളം പകര്‍ന്നു പടര്‍ത്തേണ്ടിയിരിക്കുന്നു. പുതിയ കാലത്തില്‍ വെല്ലുവിളികള്‍ ധാരാളം ഉണ്ടാവും. വീടുകളില്‍ കുട്ടികളുടെ എണ്ണം പൊതുവേ കുറവാണ്. കുട്ടികള്‍ക്ക് ഒഴിവുവേളകള്‍ വിരളമാണ്. അച്ഛനമ്മമാരുടെ ആകാശക്കോട്ടകള്‍ പിടിക്കാന്‍ പാവം കുട്ടികള്‍ രാവും പകലും പണിയെടുത്തു തളരുകയാണ്. മിച്ചസമയമത്രയും യന്ത്രകേളികളില് വീണുമുഴുകി അവര്‍ ഭ്രമാത്മകമായ ജീവിതം നയിക്കുന്നു. ചെറുപ്പത്തിലേ ജര ബാധിച്ചു പോയ അവരുടെ മനസ്സിനെ തൊട്ടുണര്‍ത്താന്‍ പഴയ പാട്ടും കളികളും പോരാതെ വരുന്നു. ഇതേ ലോഭമോഹങ്ങള്‍ മുതിര്‍ന്നവരെയും പിടികൂടിക്കഴിഞ്ഞു. അവര്‍ സ്വധര്‍മ്മം മറന്നിരിക്കുന്നു. അലസതയും അലംഭാവവും തമോഗുണത്തിന്റെ ലക്ഷണങ്ങളാണ്. കോവിഡിനുശേഷം സമൂഹത്തില്‍ തമോഗുണം വര്‍ദ്ധിച്ചുവരികയാണ്. ചുരുക്കത്തില്‍ സംഘടനയുടെ പ്രാരംഭകാലത്തേക്കാള്‍ സങ്കീര്‍ണമായ പാതയിലൂടെയാണ് സഞ്ചാരം.
രാമായണത്തില്‍ ഒരു പരിക്ഷീണഘട്ടം വിവരിക്കുന്നുണ്ട്. മേഘനാദന്റെ മായായുദ്ധത്തില്‍ സര്‍വ്വരും നിപതിച്ച ഭയാനകരാത്രിയില് ഒരു വിഭീഷണനും ഒരു ഹനുമാനും പ്രതീക്ഷ കൈവിടാതെ പ്രവര്‍ത്തനം തുടരുന്നതു കാണാം. വീണു കിടക്കുന്ന കപിവീരന്മാരില് ജീവനുള്ളവരെ തിരഞ്ഞ് അവര്‍ നടത്തുന്ന യാത്രയിലാണ് ജാംബവാനെ കണ്ടെത്തുന്നതും മൃതസഞ്ജീവനിയിലേക്കുള്ള വഴി തെളിയുന്നതും. ഒരാളിന്റെ ഇച്ഛാശക്തിക്ക് ഏതുയരം വരെ പോകാമെന്ന് ആ കഥ കാട്ടിത്തരുന്നു. വിഷമകരമായ പരിതഃസ്ഥിതിയില്‍ ഭാരതത്തിന്റെ പരമ വൈഭവം എന്നാണു സാധ്യമാവുകയെന്ന് നിരാശയോടെ ചോദിച്ച സ്വയംസേവകനോട് ഗുരുജി തിരിച്ചൊരു ചോദ്യം ചോദിച്ചു. ഭൂമിയില്‍നിന്ന് ചന്ദ്രനിലെത്താന്‍ എത്ര മത്സ്യങ്ങളെ ചേര്ത്തുവയ്ക്കണമെന്നായിരുന്നു ആ മറുചോദ്യം. ഗുരുജി തന്നെ ഉത്തരവും നല്കി. ഒരു മത്സ്യം മതിയാവും അതിന് ആവശ്യമുള്ള നീളമുണ്ടെങ്കില്‍. അതേ! നമ്മുടെ ഇച്ഛാശക്തി അത്രമേല്‍ തീവ്രമാണെങ്കില്‍ ഏതു ചതുപ്പിലും ഒരു മാളിക ഉയരും. നിസ്വാര്‍ത്ഥവും ശക്തവുമായ ഇച്ഛ ഹൃദയത്തില്‍ അഗ്നിപോലെ ജ്വലിക്കുന്ന ഒരാള്‍ക്കു മുമ്പില്‍ പര്‍വ്വതങ്ങള്‍ പോലും വഴിമാറും. ദേവതമാര്‍ ആ ഇച്ഛാപൂര്‍ത്തിക്കു വേണ്ടി അയാള്‍ക്കു സേവ ചെയ്യും. ഭാവിഭാരതത്തെ നിര്‍മ്മിച്ചെടുക്കാനുള്ള നമ്മുടെ ഇച്ഛാശക്തി എത്രത്തോളം തീവ്രമാണ് എന്നതാണ് പ്രധാനം. അന്‍പതാം വര്‍ഷം അയ്യായിരം ഗോകുലങ്ങളെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലധികം വളര്‍ച്ചയാണത്. മലയാളക്കരയിലെ മിക്ക സ്ഥലങ്ങളിലും ഗോകുലപ്രവര്‍ത്തനത്തിന്റെ മയില്‍പ്പീലി സ്പര്‍ശം എത്തിച്ചേരണമെന്നതാണ് ലക്ഷ്യം. പ്രതിവാരഗോകുലത്തില്‍ ഒരു ലക്ഷം ബാലികമാരും അത്രതന്നെ ബാലന്മാരും പങ്കെടുക്കണം. ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ ചെറിയ സ്വപ്നങ്ങള്‍ കാണുന്നതു ശരിയല്ല. എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ അസാധ്യവുമല്ല.
അന്‍പതു വീടുകളില്‍ നിന്ന് കുട്ടികള്‍ വരുന്ന ഗോകുലം. അതാണ് ആദ്യത്തെ സ്വപ്നം. അറിവും ആചരണശീലവുമുള്ള നൂറു കുട്ടികളെ ഓരോ സ്ഥലത്തും വളര്‍ത്തിയെടുക്കുമ്പോള്‍ ആ നാടിന്റെ പ്രകൃതിയും സംസ്കൃതിയും ഗോകുലാനുകൂലമായി മാറും. വേഷം, ഭാഷ, ഭക്ഷണം, പെരുമാറ്റം ഇവയിലെല്ലാം കുലീനമായ സംസ്കാരം പ്രതിഫലിക്കും. യോഗ, ഗീത, ഗായത്രി, തുളസിമാല, സന്ധ്യാനാമം, ഗോവന്ദനം, രാമായണപാരായണം മുതലായ അനുഷ്ഠാനങ്ങളിലൂടെ സനാതനധര്‍മ്മം കുട്ടിയുടെ ജീവിതാനുഭവത്തിന്റെ ഭാഗമാവും. അങ്ങനെയാണ് ഗോകുലഗ്രാമം രൂപം കൊള്ളുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശരിയായ ബോധനം കൊടുക്കാന്‍ ഗോകുലത്തിനു കഴിയും. പ്രതിവാരഗോകുലക്ലാസിനു പുറമേ കുടുംബബോധനം, ഭഗിനിമണ്ഡലം, വ്യക്തിത്വവികസനക്ലാസുകള്‍ മുതലായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയാണ് ഗോകുലങ്ങളിലൂടെ.
അന്‍പതു വര്‍ഷങ്ങളായി സമൂഹത്തിലെ സര്ഗ്ഗാത്മകസാന്നിധ്യമായ ബാലഗോകുലത്തെപ്പറ്റി കേരളം എങ്ങനെ ചിന്തിക്കുന്നു എന്ന് അന്വേഷിക്കേണ്ടതുണ്ട്. വിവിധവേദികളില്‍ സാംസ്ക്കാരികനായകരും എഴുത്തുകാരും ബാലഗോകുലത്തെ പ്രശംസിച്ചും പ്രചോദിപ്പിച്ചും സംസാരിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം, മാതൃഭാഷാഭിമാനം, ദേശഭക്തി മുതലായ മേഖലകളില്‍ ക്രിയാത്മകമായ സന്ദേശങ്ങളും പ്രേരണയും ബാലഗോകുലം നല്‍കിയിട്ടുണ്ട്. കേരളസമൂഹത്തിലെ ഗോകുലസ്വാധീനം അടയാളപ്പെടുത്തുന്ന ഒരു പുസ്തകം സുവര്‍ണജയന്തി ചരിത്രസ്മരണികയായി പ്രസിദ്ധപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സമൂലവികാസം, സാമൂഹ്യസ്വാധീനം എന്നീ രണ്ടു ലക്ഷ്യങ്ങളില്‍ ഊന്നിനിന്നുകൊണ്ടുള്ള പ്രവര്‍ത്തനപദ്ധതിയാണ് ബാലഗോകുലം സുവര്‍ണ്ണജയന്തി വര്‍ഷത്തില്‍ ആസൂത്രണം ചെയ്യുന്നത്. നല്ല സംസ്കാരമുള്ള കുഞ്ഞുങ്ങളെ വളര്‍ത്തിയെടുത്ത് സമൂഹത്തിനു സമര്‍പ്പിക്കുക വഴി നല്ല സമൂഹത്തെയും നല്ല രാഷ്ട്രത്തെയും പുനര്‍നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. സുവര്‍ണ്ണജയന്തി വര്‍ഷത്തിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത് അതു മുന്നില്‍ കണ്ടുകൊണ്ടാണ്. വര്‍ക്കലയില്‍ നടക്കുന്ന 47-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം അതിനുള്ള കൂടുതല്‍ കരുത്തു സംഭരിക്കാന്‍ കൂടിയുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: