കേരളം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ജീവനക്കാരുടെ ശമ്പളം വരെ മുടക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. അതിന് സര്‍ക്കാരും ജോസ് സെബാസ്റ്റിയനെപ്പോലുള്ള ചില സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിക്കുന്ന കാരണം ശമ്പളത്തിലും പെന്‍ഷനിലും വന്ന വര്‍ധനയും ബാധ്യതയുമാണ്. ഇത് ്രപശ്നത്തെ ലളിതവത്കരിക്കാനുംസര്ക്കാരിനെ വെള്ളപൂശാനും ജീവനക്കാരെ ഇരയ്ക്കു പകരം പ്രതികളാക്കാനുമുള്ള തന്ത്രമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഉയര്‍ന്നതാണെന്നതില്‍ തര്‍ക്കമില്ല. ഇതു കേരളത്തിലെ മാത്രം പ്രതിഭാസമല്ല. കേന്ദ്ര ശമ്പളപരിഷ്കരണത്തിന്റെ പശ്ചാത്തലത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ശമ്പള പരിഷ്കരണം നടത്തുന്നത് സ്വാഭാവികമാണ്. എന്നാല്‍ കേരളം അഞ്ചുവര്‍ഷം തോറും ശമ്പള പരിഷ്കാരം നടപ്പാക്കുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടാന്‍ ഇടയാകുമെന്ന് സര്‍ക്കാരുകള്‍ മനസ്സിലാക്കേണ്ടതാണ്.
2010-11 ല്‍ ശമ്പളവും പെന്‍ഷനുമായി സംസ്ഥാനത്തിന്റെ റവന്യൂവരുമാനത്തിന്റെ 54.7 ശതമാനം ചെലവായിരുന്നത് 2017-18ല്‍ 63 ശതമാനമായി ഉയര്‍ന്നിരുന്നു. 2021-22ല്‍ അത് 60.5 ശതമാനമായെന്നാണ് ബജറ്റ് കണക്കുകള്‍ കാണിക്കുന്നത്. 2010-11ല്‍ ശമ്പളത്തിനും പെന്‍ഷനുമായി 16945 കോടി ചെലവായിരുന്നത് 2014-15ല്‍ ഇരട്ടിയായി 32874 കോടിയായി ഉയര്‍ന്നു. 2021-22 ല്‍ അത് വീണ്ടും ഇരട്ടിയിലധികമായി 71235 കോടിയായി വര്‍ധിച്ചു.
എന്നാല്‍ ഈ മൊത്തക്കണക്ക് ഒരു പ്രധാന പ്രശ്നം മറച്ചുവയ്ക്കുകയാണ്. 2019ല്‍ കേരളത്തില്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന 5,15,639 പേരില്‍ 1,38,574 പേര് സ്വകാര്യ-എയ്ഡഡ് സ്കൂളുകളിലേയും കോളജുകളിലേയും ജീവനക്കാരായിരുന്നു. ഇവര്‍ മൊത്തം സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരുടെ 27 ശതമാനമായിരുന്നു. 1,10,446 എയ്ഡഡ് സ്കൂളുകളിലും ബാക്കിയുള്ളവര്‍ എയ്ഡഡ് കോളേജുകളിലും പോളിടെക്നിക്കുകളിലും ജോലിയെടുക്കുന്നവരായിരുന്നു.
സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിലെ ഡോ. സുനില്‍ മാണിയുടെ നേതൃത്വത്തിലുള്ള പഠനത്തില്‍, എയിഡഡ് മേഖലയുടെ ശമ്പള ബാധ്യത സര്‍ക്കാരിന്റെ മൊത്തം ശമ്പളബാധ്യതയുടെ മൂന്നിലൊന്നാണ് എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ സ്വകാര്യ-എയിഡഡ് മേഖലയുടെ ശമ്പളത്തിനും പെന്‍ഷനുമായി 2016-17ല്‍ 14550 കോടിയും 2017-18ല്‍ 17429 കോടിയും 2021-22ല്‍ 23745 കോടിയും കേരള സര്‍ക്കാര്‍ ചെലവഴിച്ചതായി കാണാം. 1972-73 കാലത്ത് സ്വകാര്യ-എയ്ഡഡ് കോളേജുകൡ നേരിട്ട് ശമ്പളം നല്കുന്ന വ്യവസ്ഥ നിലവില്‍വന്നത്. അന്നുമുതല്‍ അഞ്ച് പതിറ്റാണ്ടിനിടയില്‍ എയ്ഡഡ്, സ്വകാര്യ മേഖലയുടെ ശമ്പളത്തിനും പെന്‍ഷനുമായി നാലര ലക്ഷം കോടി രൂപയോളം സര്‍ക്കാര്‍ ചെലവഴിച്ചതിനെന്തു നീതീകരണമാണുള്ളത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇതുപോലൊരു വ്യവസ്ഥ നിലവിലില്ല.
13255 പ്രൊട്ടക്ടഡ് അധ്യാപകര്‍ ജോലിയില്ലാതെ ശമ്പളം പറ്റി വീട്ടിലിരിക്കുമ്പോള്‍, 18119 എയിഡഡ് തസ്തികകള്‍ സര്‍ക്കാരിന്റെ അറിവില്ലാതെ സൃഷ്ടിച്ചതായി 2019-20 ലെ ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം സര്‍ക്കാരിന്റെ അറിവോടെ 17614 തസ്തികകള്‍ സൃഷ്ടിച്ചതായും പ്രസ്തുത ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ട് സ്വകാര്യ-എയ്ഡഡ് മേഖലയെ ഘട്ടംഘട്ടമായി സര്‍ക്കാരിന്റെ സാമ്പത്തികബാധ്യതയില്നിന്ന് ഒഴിവാക്കുന്നില്ല എന്നത് വലിയ ചോദ്യചിഹ്നമാണ്. ഇവയില്‍ 85 ശതമാനത്തിലധികവും ന്യൂനപക്ഷ സ്ഥാപനങ്ങളായതും ഒരു കാരണമാകാം.
എയ്ഡഡ് േമഖലയുടെ ശമ്പള-പെന്ഷന് ബാധ്യതയാണ് സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യകാരണമെന്നും അത് ഒഴിവാക്കണമെന്നും 2012 ലെ അബ്രഹാം കമ്മറ്റി നിര്‍ദ്ദേശിച്ചിരുന്നത് ശ്രദ്ധേയമാണ്. ഈ ബാധ്യത മാറ്റിവച്ചാല്‍ 2011ല്‍ കേരള നിയമസഭ പാസാക്കിയ ഫിസ്ക്കല്‍ റസ്പോണ്‍സിബിലിറ്റി ആക്ടില്‍ നിര്‍ദേശിച്ച തലത്തില്‍ റവന്യൂ കമ്മിയും മൊത്തം കമ്മിയും പരിമിതപ്പെടുത്താന്‍ കഴിയുമെന്ന കണക്കുകളും അബ്രഹാം കമ്മറ്റി റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ വിഷയത്തിന് ശാശ്വത പരിഹാരം നിര്‍ദേശിക്കാന്‍ ഒരു ഉന്നതാധികാരസമിതിയെ നിയമിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിര്ദേശങ്ങളിന്മേല് യാതൊരു തുടര്‍ നടപടികളും സ്വീകരിക്കാത്തതിന് എന്തു നീതീകരണമാണുള്ളത്?
മാത്രവുമല്ല, 2019 ലെ കണക്കനുസരിച്ച് 1,09,058 മറ്റു പെന്‍ഷന്‍കാരുണ്ട്. ഇവരില്‍ എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, സ്വാതന്ത്ര്യ സമര സേനാനികള്‍, സാഹിത്യകാരന്മാര് തുടങ്ങിയവരാണ് എന്നാണ് സര്‍ക്കാര്‍ രേഖകളില്‍ കാണുന്നത്. ജനപ്രതിനിധികള്‍ക്ക് മള്‍ട്ടിപ്പിള്‍ പെന്‍ഷനും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് മൂന്ന് വര്‍ഷത്തില്‍ താഴെ ജോലി ചെയ്താല്‍ പോലും പെന്ഷന് നല്‍കേണ്ടി വരുന്നതുമെല്ലാം സംസ്ഥാന പെന്ഷന് വിഹിതം അനുദിനം വര്‍ധിപ്പിക്കുന്നു.
ഇതിനു പുറമെയാണ് ജലീല്‍ മന്ത്രിയായിരുന്നപ്പോള്‍ 2,04,683 മദ്രസ അധ്യാപകര്‍ക്ക് 25,000 രൂപ മാസ വേതനവും പെന്‍ഷന്‍കാരായ മദ്രാസ അധ്യാപകര്‍ക്ക് പ്രതിമാസം 6000 രൂപവീതം പെന്‍ഷനും അനുവദിച്ചത്. ഫലത്തില്‍ അവരും സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ. ഈ ഇനത്തില്‍ തുടക്കത്തില്‍ പ്രതിമാസച്ചെലവ് 631.7 കോടിയും വാര്‍ഷികച്ചെലവ് 7580.5 കോടിയുമാണ് കണക്കാക്കിയിരുന്നത്. അതിപ്പോള്‍, 12000 കോടിയോളമായെന്നാണ് അനൗദേ്യാഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പെരുകുന്നത് ധൂര്‍ത്തും പാഴ്ച്ചെലവുകളും
കേന്ദ്ര യുപിഎസ്സിയില് 11 മെമ്പര്‍മാരും ഏറ്റവും വലിയ സംസ്ഥാനമായ യുപിയിലെ പിഎസ്സിയില് ആറ് മെമ്പര്‍മാരും മാത്രമുള്ളപ്പോള്‍ കേരളത്തില്‍ വര്‍ഷങ്ങളായി 20 പേരുണ്ട്. 1982 വരെ ഒന്‍പത് പേര് മാത്രമായിരുന്നു. ഇത്രയും മെമ്പര്‍മാര്‍ ഉണ്ടായിട്ടും പിഎസ്സി വഴി നിയമനങ്ങള്‍ നടക്കുന്നുമില്ല. പകരം പിന്‍വാതില്‍ നിയമനങ്ങളും താത്കാലിക നിയമനങ്ങളും മാത്രമാണ് നടക്കുന്നത്. കേന്ദ്ര കാബിനറ്റ് മന്ത്രിമാര്‍ക്ക് പതിനഞ്ചും മറ്റ് മന്ത്രിമാര്‍ക്ക് പതിമൂന്നും പേഴ്സണല്‍ സ്റ്റാഫ് മാത്രമുള്ളപ്പോള്‍, കേരളത്തിലിത് 25 വീതമാണ്. മാത്രമല്ല പ്രതിപക്ഷനേതാവിനുംകാബിനറ്റ് റാങ്കുള്ള മറ്റ് നേതാക്കള്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്.
കേരളത്തില്‍ നിലവില്‍ 16 ക്ഷേമനിധി ബോര്‍ഡുകളുണ്ട്. ഇവയ്ക്കെല്ലാം ചെയര്‍മാനും ഓഫീസും കാറും ജീവനക്കാരുമുണ്ട്. എന്തുകൊണ്ട് ഇവയെ യുക്തിസഹമായി സംയോജിപ്പിച്ച് മൂന്നോ നാലോ ആക്കി ചുരുക്കിക്കൂടാ. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ഓരോ മന്ത്രാലയത്തിനും കീഴിലുണ്ട്. കാര്‍ഷിക മേഖലയില്‍ ഏതാണ്ട് നൂറോളം സ്ഥാപനങ്ങളുണ്ടെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ടെക്സ്റ്റൈല്‍ മേഖലയില്‍ 14 സര്‍ക്കാര്‍ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. എന്തുകൊണ്ട് ഇവയെ ഒരു ഹോള്‍ഡിങ് കമ്പനിയുടെ കീഴിലാക്കി കമ്പനിതലത്തില്‍ ഒരു ജനറല്‍ മാനേജരെ നിയമിച്ച് ഭംഗിയായി നടത്തുന്നില്ല.
105 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 63 എണ്ണവും നഷ്ടത്തിലാണ്. വര്‍ഷങ്ങളായി കെഎസ്ആര്‍ടിസി, വൈദ്യുതി ബോര്‍ഡ് തുടങ്ങിയവയാണ് നഷ്ടത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. എന്നാല്‍ 100 രൂപയുടെ മദ്യം 900 നും 1000 ത്തിനുമൊക്കെ വിറ്റ് ലാഭംകൊയ്യുന്ന ബെവ്കോ 1608 കോടി നഷ്ടം വരുത്തിയത് ആരേയും അതിശയിപ്പിക്കും. ഇത് കൊവിഡ് മൂലം ബിസിനസ് കുറഞ്ഞതുകാരണമാണെന്ന പ്രചാരണം വസ്തുനിഷ്ഠമല്ല. റിസര്‍വ്വ് ബാങ്കിന്റെ മാനദണ്ഡമനുസരിച്ച് ട്രഷറി പൂട്ടേണ്ട സാഹചര്യമുണ്ടായാല്‍ ബെവ്കോ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെക്കൊണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് ഹൃസ്വകാല വായ്പ എടുപ്പിച്ച് ട്രഷറിയില്‍ നിക്ഷേപിക്കുന്ന കലാപരിപാടിയുടെ ഭാഗമായാണ് ബെവ്കോ അടക്കമുള്ള സ്ഥാപനങ്ങള്‍കൂടി നഷ്ടത്തിലായത്. ഈ തന്ത്രം കേന്ദ്രസര്‍ക്കാരിന്റെയും സിഎജിയുടെയും ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഗാരന്റിയില്‍ എടുത്തിട്ടുള്ള കടംകൂടി സംസ്ഥാന സര്‍ക്കാരിന്റെ കടബാധ്യതയായി പരിഗണിക്കണമെന്ന നിര്‍ദേശം വന്നത്.
അതോടൊപ്പം അബ്രഹാം കമ്മറ്റി മറ്റൊരു വസ്തുതകൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളം വിവിധ മേഖലകളില്‍ തന്നിഷ്ടപ്രകാരം പണം ചെലവഴിക്കുന്നതല്ലാതെ ആ മേഖലകളില്‍നിന്നും റവന്യൂ വരുമാനം വര്‍ധിപ്പിക്കാനായി ശ്രമിക്കുന്നില്ലെന്ന് കമ്മറ്റി പരാമര്‍ശിച്ചിട്ടുള്ളത്. സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ 100 രൂപ ചെലവഴിക്കുമ്പോള്‍ യൂസര്ചാര്ജായി തിരിച്ചുകിട്ടുന്നത് വെറും 1.45 രൂപ മാത്രമാണെന്നാണ് കമ്മറ്റിയുടെ കണ്ടെത്തല്‍. ആരോഗ്യ മേഖലയില്‍ തിരിച്ചുകിട്ടുന്നത് 3.68 രൂപയും. ഈ മേഖലകളില്‍നിന്ന് മെച്ചപ്പെട്ട രീതിയില്‍ യൂസര്‍ചാര്‍ജ് വഴി റവന്യൂ വരുമാനം വര്‍ധിപ്പിക്കാനുള്ള അവസരവും സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്തുകയാണ്.
വര്‍ഷങ്ങളായി കേരളത്തിന് പിരിഞ്ഞുകിട്ടാനുള്ള 12000 കോടിയിലധികം വരുന്ന നികുതി കുടിശ്ശിക പിരിച്ചെടുക്കാനും വേണ്ടത്ര താല്‍പ്പര്യമെടുക്കുന്നില്ല. അതോടൊപ്പം റവന്യൂ വരുമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തുന്നുമില്ല. സംസ്ഥാനത്തിന് മോശമല്ലാത്തവിധം കേന്ദ്രസഹായം ലഭിക്കുന്നുണ്ടെങ്കിലും റവന്യൂ വരുമാനം വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാനാവില്ല. 2019ല്‍ നികുതിവിഹിതമായി 12812 കോടിയും റവന്യൂ കമ്മി നികത്താനുള്ള പ്രത്യേക സഹായമായി 19891 രൂപയുമടക്കം 32703 കോടി സംസ്ഥാനത്തിന് ലഭിച്ചിരുന്നു. 2022-23 ല്‍ റവന്യൂ കമ്മി നികത്തുന്നതിന് 13174 കോടിയാണ് ലഭിക്കുക. അതില്‍ ആദ്യഗഡുവായ 1097.83 കോടി ലഭിച്ചുകഴിഞ്ഞു.
തെരഞ്ഞെടുപ്പില്‍ തോറ്റ സമ്പത്തിനെ ദല്‍ഹിയില്‍ പ്രത്യേക പ്രതിനിധിയായി വാഴിക്കാന്‍ 7.26 കോടിയാണ് ചെലവായത്. അച്യുതാനന്ദനെ മാറ്റിനിര്‍ത്താന്‍ ഭരണ പരിഷ്കാര കമ്മീഷനുണ്ടാക്കി 2021 മാര്‍ച്ച് അവസാനംവരെ 10.79 കോടി രൂപ ചെലവാക്കി. ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അച്ചടി-ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ കഴിഞ്ഞ ആറ് വര്‍ഷം ചെലവഴിച്ചത് നൂറുകണക്കിന് കോടി രൂപയാണ്. ബിനാലെക്ക് വര്‍ഷംതോറും മൂന്ന് മുതല്‍ അഞ്ച് കോടിയും ലോക മലയാള മാമാങ്കത്തിന് കോടിക്കണക്കിന് രൂപയും നല്കാന് സര്‍ക്കാരിന് മടിയില്ല. സര്‍ക്കാരുമായി ബന്ധമില്ലാത്ത കേസുകള്‍ സുപ്രീംകോടതിയില്‍ വാദിക്കാന്‍ തുലച്ചത് കോടികള്‍.
ഇതിനു പുറമെയാണ് പദ്ധതികള്‍ വൈകിച്ചതുമൂലമുള്ള ധനനഷ്ടം. 2016ല്‍ പൂര്‍ത്തിയാക്കേണ്ട ഗെയില്‍ പദ്ധതി 2021ല്‍ പൂര്‍ത്തിയായപ്പോള്‍ 1500 കോടി രൂപ വീതമാണ് ഒരു വര്‍ഷം സംസ്ഥാനത്തിന് വരുമാനനഷ്ടമുണ്ടായത്. മൊത്തം 7500 മുതല്‍ 9000 കോടി ഈ വിധത്തില്‍ നഷ്ടപ്പെട്ടു. വിഴിഞ്ഞം തുറമുഖ പ്രവര്‍ത്തനം ഇഴഞ്ഞുനീങ്ങുക വഴി അവിടെനിന്ന് കിട്ടാവുന്ന വരുമാനവും നഷ്ടമായി. 1997-98 ബജറ്റില്‍ പ്രഖ്യാപിച ശബരി റെയില്‍ പണിയാത്തതുകൊണ്ട് ആ പദ്ധതിയില്‍കൂടി ലഭിക്കാവുന്ന സാമ്പത്തിക വരുമാനവും നഷ്ടപ്പെടുത്തി. 22 വര്‍ഷത്തെ വരുമാനമാണ് ഈ വിധത്തില്‍ ഇല്ലാതായത്.
കടക്കെണിയിലേക്ക്
2013-14ല്‍ കേരളത്തിന്റെ മൊത്തം കടം 1,24,081 കോടിയായിരുന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ കടം 1.57 ലക്ഷം കോടിയായിരുന്നു. 2022 മാര്‍ച്ചില്‍ ഇത് 3.60 ലക്ഷം കോടിയായി ഉയര്‍ന്നു. ഈ വര്‍ഷാവസാനത്തോടെ ഇത് നാല് ലക്ഷം കോടിയിലധികമാകും. ഈ കണക്കുകളില്‍ കിഫ്ബിയുടെ ബാധ്യതകളും പൊതുമേഖലയുടെ കടബാധ്യതകളും ഉള്‍പ്പെട്ടിട്ടില്ല.
2017-18 മുതല്‍ റവന്യൂ ചെലവിന്റെ 26 മുതല്‍ 28 ശതമാനമാണ് മുതലും പലിശയും തിരിച്ചടക്കാനായി ചെലവാകുന്നത്. 2018-19ല്‍ 18007 കോടി രൂപ കടം തിരിച്ചടക്കാനും, 15626 കോടി രൂപ പലിശയിനത്തിലുമായി 33633 കോടി രൂപയാണ് ചെലവായത്. 2020-21 ല്‍ ഈ ചെലവ് ഇരട്ടിയോളമായി 64975 കോടിയായി ഉയര്‍ന്നു.
കടമെടുക്കുന്നത് മൂലധന ചെലവിനാണെങ്കില് അത് പ്രത്യുത്പാദനപരമാണ്. കടം വീട്ടാനുള്ള വരുമാനം അതുവഴി ലഭിക്കുകയും ചെയ്യും. എന്നാല്‍ 2019-20ല്‍ കടം വാങ്ങിയതിന്റെ 3.85 ശതമാനം മാത്രമാണ് മൂലധനാവശ്യത്തിന് ചെലവഴിച്ചത്. 2022-23 ല്‍ ഇത് പൂജ്യം ശതമാനമായിമാറും. കേരളത്തിന്റെ മൊത്തം കടബാധ്യത 2020-21ല്‍ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 318 ശതമാനമായിരുന്നത് ഈ വര്‍ഷാവസാനത്തോടെ 400 ശതമാനത്തിലധികമാകും. ഇപ്പോള്‍ സിഎജിയും കേന്ദ്രധനകാര്യ മന്ത്രാലയവും നിര്‍ദേശിച്ച രീതിയില്‍ കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഗാരന്റിയില്‍ എടുത്ത കടവുംകൂടി ചേര്‍ത്താല്‍ ഈ ശതമാനങ്ങളില്‍ വളരെ വലിയ വര്‍ധനവ് കാണിക്കും.
കേരള നിയമസഭ 2011 ല്‍ പാസാക്കിയ ഫിസ്ക്കല്‍ റസ്പോണ്‍സിബിലിറ്റി ആക്ടില്‍ സംസ്ഥാനത്തിന്റെ കടബാധ്യതയുടെ പരിധി ജിഡിപിയുടെ 23 ശതമാനമായി നിജപ്പെടുത്തിയിരുന്നു. കഴിഞ്ഞവര്‍ഷമത് 39 ശതമാനത്തോളമായി ഉയര്‍ന്നു. കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കടംകൂടി വന്നാല്‍ ഇത് 48 മുതല്‍ 50 ശതമാനം വരെയായി ഉയരാനിടയുണ്ട്.
ചുരുക്കത്തില്‍ കേരളത്തിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് ശമ്പളവും പെന്‍ഷനും മാത്രമല്ല കാരണക്കാര്‍. സര്‍ക്കാരിന്റെ ധൂര്‍ത്തും പാഴ്ച്ചെലവുകളും നികുതിപിരിവിലുള്ള അശ്രദ്ധയും പുതിയ റവന്യൂ വരുമാനങ്ങള്‍ തേടാനുള്ള വിമുഖതയുമെല്ലാം കാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: