‘ശ്രുതിസ്മൃതി പുരാണാനാ-
മാലയം കരുണാലയം
നമാമി ഭഗവദ്പാദം
ശങ്കരം ലോകശങ്കരം’
വൈശാഖ ശുക്ല പഞ്ചമിയാണ് ഇന്ന്. യുഗാചാര്യനായ ശ്രീശങ്കരഭഗവദ് പാദരുടെ ജയന്തിദിനം. കേരളത്തില്‍ പെരിയാറിന്റെ കരയ്ക്ക് കാലടിഗ്രാമത്തില്‍ ഈശ്വരനിഷ്ഠരായ മാതാപിതാക്കളുടെ പുത്രനായി ശ്രീപരമേശ്വരന് തന്നെ ശങ്കരനായി അവതരിച്ചു. എട്ടുവയസ്സിനുള്ളില്‍ തന്നെ ശ്രീശങ്കരന് വേദശാസ്ത്ര പുരാണേതിഹാസങ്ങളില്‍ പ്രാവീണ്യം നേടിക്കഴിഞ്ഞിരുന്നു. സത്യാന്വേഷണത്തിനായി ജീവിതം സമര്‍പ്പിച്ച് നാടും ഇല്ലവും മാതാവിനെയും വിട്ട് പരിവ്രാജകനായി സഞ്ചരിച്ച് നര്‍മ്മദാ തീരത്ത് തനിക്കായി നിയോഗിക്കപ്പെട്ട ഗുരു ഗോവന്ദഭഗവദ്പാദരെ കണ്ടുമുട്ടി. ശിഷ്യനായി സ്വീകരിച്ച് സംന്യാസം നല്‍കണമെന്ന, ജ്ഞാനിയും പ്രതിഭാശാലിയുമായ ശ്രീശങ്കരന്റെ അഭ്യര്‍ത്ഥന ഗുരു സസന്തോഷം അനുകൂലിച്ചു. ഗുരുവിന്റെ നിര്‍ദ്ദേശ പ്രകാരം കാശിയിലേക്ക് പോകുകയും ദശോപനിഷത്തുകള്ക്കും ബ്രഹ്മസൂത്രങ്ങള്‍ക്കും ഭഗവദ്ഗീതയ്ക്കും വിഷ്ണുസഹസ്രനാമത്തിനും ഭാഷ്യങ്ങള്‍ രചിക്കുകയും ചെയ്തു. ഈ ഗ്രന്ഥങ്ങളിലൂടെ മാനവരാശിക്ക് വേദാന്തവും സനാതനധര്‍മവും ഗ്രഹിക്കാന്‍ സാധിക്കും.
അദ്ദേഹത്തിന്റെ തേജസ്സും ശാസ്ത്രപാണ്ഡിത്യവും കണ്ട് ജിജ്ഞാസുക്കളായ ശിഷ്യര്‍ എത്തിച്ചേര്‍ന്നു. കാശിയില്‍ വച്ച് കണ്ടുമുട്ടിയ സനന്ദന്‍ എന്ന ശിഷ്യന് പിന്നീട് പത്മപാദര്‍ ആയി. കാശിയില്‍ വച്ചായിരുന്നു വിശ്വനാഥന് തന്നെ, ചണ്ഡാലനായി വന്ന് ശങ്കരനെ സമദര്ശിയാക്കിയ സംഭവവും നടന്നത്.
ഹിമാലയത്തിലെ തീര്ത്ഥസ്ഥാനങ്ങളെല്ലാം സന്ദര്‍ശിക്കുന്നതിനിടയില്‍ വേദവ്യാസന് തന്നെ വേഷം മാറി വന്ന് ജീവന്, ജഗത്ത്, മായ, മുക്തി, ബ്രഹ്മം എന്നീ വേദാന്തവിഷയങ്ങളില്‍ വാദപ്രതിവാദങ്ങള്‍ നടത്തി. ശ്രീശങ്കരനെ അനുമോദിക്കുകയും താന്‍ ആരെന്നു വെളിപ്പെടുത്തുകയും ചെയ്തു. വേദാന്തത്തെ സുപ്രതിഷ്ഠമാക്കാനായി പതിനാറു വയസ്സുകൂടി ശ്രീശങ്കരന് നീട്ടിക്കൊടുത്ത് മറയുകയും ചെയ്തു. തുടര്‍ന്ന് അദ്വൈതവേദാന്ത പ്രചാരണങ്ങള്‍ക്കായി സഞ്ചരിച്ച് കശ്മീരിലെത്തി. അവിടത്തെ പണ്ഡിതരെല്ലാം വാദത്തില്‍ തോല്പിച്ച് സര്വജ്ഞപീഠത്തിലെത്തുകയും ചെയ്തു.
സനാതനധര്മസ്ഥാപനത്തിനായി ധര്‍മബോധവും ആത്മബോധവും വളര്‍ത്തുന്നതിനായി ഭാരതത്തിന്റെ നാലുകോണുകളിലായി ആചാര്യസ്വാമികള്‍ നാലുമഠങ്ങള്‍ സ്ഥാപിച്ചു. മൈസൂരില്‍ ശൃംഗേരി മഠം, ദ്വാരകയില്‍ ശാരദാമഠം, ബദരിയില്‍ ജ്യോതിര്‍മഠം, പുരിയില്‍ ഗോവര്‍ധന മഠം ഇവയാണ് ആ നാലു മഠങ്ങള്‍. ഭാരതംമുഴുവന്‍ വ്യാപിച്ചിരിക്കുന്ന രീതിയിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഏതാനും ശിഷ്യന്മാരെ വേദാന്ത പ്രചാരണത്തിനായി വാര്‍ത്തെടുക്കുകയും അവരില്‍ സുരേശ്വരാചാര്യര്‍, ഹസ്താമലകന്, തോടകാചാര്യന്, പദ്മപാദര്‍ എന്നിവരെ മഠത്തിന്റെ അധിപതികളാക്കുകയും ചെയ്തു.
പ്രസ്ഥാനത്രയത്തിനുള്ള ഭാഷ്യങ്ങളും പ്രകരണഗ്രന്ഥങ്ങളും കൂടാതെ അദ്ദേഹം രചിച്ച ആനന്ദലഹരി, സൗന്ദര്യലഹരി തുടങ്ങിയ മനോഹരമായസ്തോത്രങ്ങളും സംഗീതാത്മകങ്ങളാണ്. മന്ത്രധ്വനികളാണ്.
അമ്മ ആര്യാംബ ആഗ്രഹിച്ചതു പോലെ അമ്മയുടെ അവസാന നാളുകളില്‍ യോഗശക്തികൊണ്ട് ശ്രീശങ്കരന് സമീപത്തെത്തി. അമ്മ വിഷ്ണുപദം പൂകുന്നതിനു മുമ്പായി രചിച്ച്, ചൊല്ലി കേള്‍പ്പിച്ചതാണ് വിഷ്ണു ഭുജംഗ പ്രയാത സ്തോത്രം.
ശ്രീശങ്കരന് പ്രകാശിപ്പിച്ചത് ‘വിശ്വം ഏകനീഡം’ എന്ന ഏകത്വ സന്ദേശമാണ.് ജീവിതത്തിലൂടെയും സ്വകൃതികളിലൂടെയും ആചാര്യസ്വാമികള്‍ പ്രഖ്യാപിച്ച അദ്വൈത വേദാന്ത ദര്‍ശനം ഈ വിശ്വത്തിനെ വെളിച്ചത്തിലേക്ക് നയിക്കട്ടെ. ആ ലോകഗുരുവിന്റെ പാദപത്മങ്ങളില്‍ കോടി പ്രണാമങ്ങള്‍ അര്‍പ്പിക്കാം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: