ദുഃഖം മനസിലെന്നോണം, പരക്കുന്നു
ചക്രവാളത്തില്‍ മുഴുവനും കൂരിരുള്‍…
ഞാനെന്നപോലീ പ്രപഞ്ചവും നിശ്ചല-
ദ്ധ്യാനനിമഗ്നമായ് നില്ക്കയാണെന്തിനോ..!
ഡയാലിസിസ് ചെയ്യുന്നതിനായി തൃശ്ശൂര്‍ ദയ ആശുപത്രിയിലേക്ക് വണ്ടി കാത്ത് ഉമ്മറത്ത് നില്‍ക്കുമ്പോഴും പ്രതീഷ് ‘ചൂഢാമണി’ എന്ന ചങ്ങമ്പുഴയുടെ കവിതാ സമാഹാരം വായിക്കുകയായിരുന്നു. ഇരുപത്തിയൊന്നാം വയസില്‍ ആശുപത്രിക്കിടക്കയില്‍ തളര്ന്നുകിടക്കുമ്പോള് ഒപ്പം കൂടിയതാണ് തൃശ്ശൂര്‍ അഞ്ചേരി സ്വദേശി പ്രതീഷ് പരമേശ്വരന് പുസ്തകത്തോടുള്ള ഭ്രമം. അച്ഛന് പരമേശ്വരന് വലിയ പുസ്തകപ്രേമിയായിരുന്നു. ധാരാളം വായിക്കുന്ന പ്രകൃതക്കാരന്. ക്രൈം, അന്വേഷണാത്മക നോവലുകള്‍ എന്നിവയായിരുന്നു അച്ഛന് പ്രിയമെങ്കില്‍ ഫിക്ഷന്‍ നോവലുകളാണ് പ്രതീഷിന് കമ്പം.
വര്‍ഷം 2003ന്റെ തുടക്കം, വീടിന് സമീപം സ്വര്‍ണപ്പണികള്‍ ചെയ്ത് സന്തോഷപൂര്‍ണമായ ജീവിതം നയിക്കുന്നതിനിടെയാണ് പ്രതീഷിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടുതുടങ്ങിയത്. പരിശോധനകള്‍ക്ക് ഒടുവില്‍ രണ്ട് വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. പിന്നീടങ്ങോട്ട് തളരാത്ത മനസിന്റെ പൊട്ടിയ തന്തികള്‍ പൊന്നുരുക്കും വേഗം ചേര്‍ത്തുവയ്ക്കുവാനുള്ള ഓട്ടത്തിലായി. തൃശ്ശൂര്‍ ജൂബിലി മിഷന് ആശുപത്രിയിലെ ചികിത്സ തുടരുന്നതിനിടെ സുഹൃത്തിന്റെ നിര്‍ദേശപ്രകാരം സ്വാമി നിര്‍മലാനന്ദ ഗിരിയെ പാലക്കാട് ഒറ്റപ്പാലത്തെത്തി കണ്ടു. സ്വാമിയുടെ ചികിത്സയും ആത്മീയ പ്രഭാഷണങ്ങളും പ്രതീഷിന്റെ മനസിനെ കൂടുതല്‍ കരുത്തുറ്റതാക്കി.
സ്വാമികളുടെ സവിധത്തില്‍
സ്വാമിയുടെ പ്രഭാഷണം കേള്‍ക്കാന്‍ മാത്രമായി പ്രതീഷ് ഒറ്റയ്ക്ക് ദീര്‍ഘകാലം യാത്രചെയ്തു. ചികിത്സ തുടരുന്നതിനിടെ അദ്ദേഹം സമാധിയായി. അതോടെ ചികിത്സ തൃശ്ശൂര്‍ ജൂബിലി മിഷന് ആശുപത്രിയിലേക്ക് മാറ്റി. മരുന്നില്ലാതെ രോഗമകറ്റാനും മനസിനെ നിയന്ത്രിക്കാനും സ്വാമിക്ക് കഴിഞ്ഞിരുന്നെന്ന് പ്രതീഷ് ഓര്‍ക്കുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ 2006ല്‍ അച്ഛന്റെ വൃക്ക സ്വീകരിച്ച് ജൂലായ് അഞ്ചിന് ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയ കഴിഞ്ഞു. യൗവനത്തിന്റെ തുടക്കത്തില്‍ വൃക്ക തകരാറിലായതോടെ നിരവധി പേര് വൃക്കദാനത്തിന് സന്നദ്ധത അറിയിച്ചെങ്കിലും അച്ഛന്റെ വൃക്കയായിരുന്നു ചേര്‍ന്നത്.
ശസ്ത്രക്രിയ കഴിഞ്ഞതോടെ ഭാരമുള്ള ജോലികള്‍ ചെയ്യാന്‍ കഴിയാതെയായി. ഒട്ടനവധി ബുദ്ധിമുട്ടുകള്‍ കാരണം പ്രതീഷ് ശാരീരികമായി അവശനായി. എങ്കിലും മനസിന് കാരിരുമ്പിന്റെ ശക്തി പകര്‍ന്ന് മുന്നോട്ടുപോയി. എന്നാല്‍ 2013 ആയതോടെ വീണ്ടും അവശനിലയിലായ പ്രതീഷിന്റെ രണ്ടാമത്തെ ശസ്ത്രക്രിയ ജൂബിലി മിഷന് ആശുപത്രിയില്‍ അതേ വര്‍ഷംതന്നെ നടത്തി. അമ്മ ശോഭനയുടെ വൃക്ക സ്വീകരിച്ചായിരുന്നു രണ്ടാമത്തെ ശസ്ത്രക്രിയ. എട്ട് മാസത്തെ ആശുപത്രി വാസത്തിന് ശേഷം പ്രതീഷ് പതിയെ സ്വര്‍ണപ്പണികള്‍ ചെയ്യാന്‍ തുടങ്ങി. കൂടുതല്‍ ഊര്‍ജസ്വലനായ പ്രതീഷിന് ഏറെ ശക്തിപകര്‍ന്നത് സാമൂഹിക പ്രവര്‍ത്തക ഉമാ പ്രേമന് എന്ന ഗുരുവായൂര്‍ സ്വദേശിയുടെ സമീപനമായിരുന്നു. ഇരു വൃക്കകളും തകരാറിലായ തന്റെ കാര്‍ ഡ്രൈവര്‍ക്ക് വൃക്ക ദാനംചെയ്ത ഉമാപ്രേമന്റെ ജീവിതകഥയും പരിചരണവും സ്നേഹവാക്കുകളും പ്രതീഷിന് വീണ്ടും ശക്തിപകര്‍ന്നു. നീണ്ട ആറ് വര്‍ഷം സ്വസ്ഥമായ ജീവിതം നയിച്ചെങ്കിലും 2019 അവസാനത്തോടെ വീണ്ടും ആരോഗ്യപ്രശ്നങ്ങള്‍ വന്നുതുടങ്ങി, ശരീരത്തിലെ ക്രിയാറ്റിന്റെ അളവ് നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ പ്രതീഷ് ശാരീരികമായി തളര്‍ന്നു. വെള്ളം കുടിക്കാനും മൂത്രം ഒഴിക്കാനും ബുദ്ധിമുട്ട് നേരിട്ടു. അപ്പോഴും കൈവിടാതെ ഒപ്പം കൂട്ടിയത് വേദനകള്‍ക്കിടയിലും സാന്ത്വനമായ തന്റെ പുസ്തകങ്ങളെയാണ്. അവയെ മാറോടടക്കി അയാള്‍ ആശുപത്രിക്കിടക്കയില്‍ വേദനകള്‍ മറന്നു. വാക്കുകളുടെ ആഴക്കയങ്ങളില്‍ ചെന്ന് അക്ഷരങ്ങളുടെ നിറക്കൂട്ടുകള്‍ സൃഷ്ടിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം 10,000 രൂപ വരെ പ്രതിമാസം മരുന്നിനായി വേണ്ടിവന്നു. ആദ്യമൊക്കെ കൂട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ജനകീയ സമിതികള്‍ രൂപീകരിച്ച് പണം കണ്ടെത്തി നല്കി. എന്നാല്‍ ദിനംപ്രതി പ്രതീഷിന്റെ ആരോഗ്യനില വഷളായി. ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് വീതം ചെയ്തുവന്നു.
മെട്രോ ആശുപത്രിയിലും ദയ ട്രസ്റ്റിലും ഡയാലിസിസ് ചെയ്യുമ്പോള്‍ പ്രതീഷിന് കൂട്ട് കളങ്കമില്ലാത്ത അക്ഷരങ്ങളായിരുന്നു. പുസ്തകങ്ങളെ അത്രമേല്‍ സ്നേഹിച്ച പ്രതീഷിന് ഡോക്ടര്‍മാര്‍ പുസ്തകങ്ങള്‍ സമ്മാനമായി നല്കി. അപ്പോഴേക്കും അയാള്‍ ആയിരത്തിലധികം പുസ്തകങ്ങള്‍ വായിച്ചുകഴിഞ്ഞിരുന്നു. എന്നാല്‍ ചോര്‍ന്നൊലിക്കുന്ന 550 സ്ക്വയര്‍ ഫീറ്റിലെ ഒറ്റമുറി വീട്ടില്‍ കിടക്കാന്‍ ബുദ്ധിമുട്ടുന്നതിനിടെ തന്റെ പുസ്തകങ്ങള്‍ എവിടെ സൂക്ഷിക്കുമെന്നോര്ത്ത് പ്രതീഷ് ബുദ്ധിമുട്ടി.
പുസ്തക ഷെല്‍ഫിലേക്കുള്ള വഴി
വീടിനുള്ളില്‍ അലസമായി കിടന്ന പുസ്തകങ്ങള്‍ അടുക്കിവയ്ക്കാന്‍ നല്ലൊരു അലമാര പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും അവയുടെ വില പ്രതീഷിനെ പിന്നോട്ട് വലിച്ചു. ഒരിക്കല്‍ സ്റ്റോറിടെല്ലില്‍ ഓണ്‍ലൈനായി കഥ വായിക്കുന്നതിനിടെയാണ് പിന്‍ട്രസ്റ്റില്‍ ഒരു ബുക്ക് ഷെല്‍ഫിന്റെ മോഡല്‍ പ്രതീഷിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. എന്നാല്‍ അതിന് 8500, 10,000, 14,000 എന്നിങ്ങനെയായിരുന്നു വില. അത്രയും പണം കൊടുത്ത് ഷെല്‍ഫ് വാങ്ങാന്‍ സാമ്പത്തിക ശേഷി ഇല്ലാതിരുന്ന പ്രതീഷ് അത്തരമൊരു ഷെല്‍ഫ് സ്വന്തമായി നിര്‍മിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഇന്ന് കാണുന്ന പ്രതീഷിന് മാത്രം സ്വന്തമായുള്ള പുത്തന്‍ ഡിസൈന്‍ ഷെല്ഫിലേക്കെത്തുന്നത്. സ്വര്‍ണപ്പണിക്ക് പോകാനാവാതെ വീട്ടില്‍ ഇരിക്കുന്ന സമയം, ഡയാലിസിസ് കഴിഞ്ഞ് വരുന്ന നേരങ്ങളില്‍ ആദ്യം ചെറിയ പ്ലൈവുഡ് കഷണങ്ങള്‍ ചേര്‍ത്തു വച്ച് അത്തരത്തില്‍ ഒരെണ്ണം തട്ടിക്കൂട്ടി. സംഗതി ഉഷാര്‍..! തന്റെ പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ മാത്രമായിരുന്നു അത്. എന്നാല്‍ ഷെല്‍ഫിന്റെ ഭംഗി കണ്ട് ആവശ്യക്കാരേറിയപ്പോള്‍ ഡയാലിസിസിനുള്ള പണം ഇതുവഴി കണ്ടെത്താമെന്ന് പ്രതീഷ് തീരുമാനിച്ചു.
ആല്‍ഫാ പാലിയേറ്റിവ് കെയറിലെ അജിത്ത് എന്ന സുഹൃത്താണ് പ്രതീഷിന്റെ ഷെല്ഫുകളെ സമൂഹ മാധ്യമങ്ങളിലൂടെ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയത്. കുറച്ച് സ്ഥലത്ത് കൂടുതല്‍ പുസ്തകം സൂക്ഷിക്കാമെന്ന പ്രത്യേകതയാണ് പ്രതീഷിന്റെ ഷെല്ഫുകളെ വ്യത്യസ്തവും ശ്രദ്ധേയവുമാക്കിയതും. ഫേസ്ബുക്ക് പോസ്റ്റ് കണ്ട് നിരവധി ആളുകള്‍ ആവശ്യമറിയിച്ചു. ഇതോടെ വാണിജ്യാടിസ്ഥാനത്തില്‍ ഷെല്‍ഫ് നിര്‍മിച്ചുനല്‍കാമെന്നും, ഇതിലൂടെ ഡയാലിസിസിനുള്ള പണം കണ്ടെത്താമെന്നും പ്രതീഷ് മനസിലുറപ്പിച്ചു. സുഹൃത്തുക്കളും നാട്ടുകാരും പൂര്‍ണ പിന്തുണ അറിയിച്ചത്തോടെ പ്രതീഷ് അരയും തലയും മുറുക്കി ഇതിനായി ജീവിതം സമര്‍പ്പിച്ചു. രോഗം ശരീരത്തെ തളര്ത്തുമ്പോഴും ആത്മവിശ്വാസത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഈ യുവാവ് ഒരു മാതൃകയാണ്. പ്രതീഷ് ഉണ്ടാക്കുന്ന അലമാരകള്‍ക്ക് ജീവന്റെ വിലയുണ്ട്. വൃക്കരോഗം കൈകളെ പോലും തളര്‍ത്തുന്നുവെങ്കിലും വിശ്രമിക്കാന്‍ പ്രതീഷിനാവില്ല. ഈ അലമാരകള്‍ വിറ്റ് കിട്ടുന്ന തുകയാണ് ഇന്ന് ഡയാലിസിസ് ഉള്‍പ്പെടെയുള്ള പ്രതീഷിന്റെ ജീവിതച്ചെലവുകള്‍ക്ക് ആശ്വാസമേകുന്നത്. രണ്ട് തവണ വൃക്കമാറ്റി വച്ചിട്ടും അസുഖം ഭേദമാകാതെ വന്നതോടെ ചികിത്സയ്ക്ക് പണം കണ്ടെത്താനുള്ള പുതിയ മാര്‍ഗം തേടുകയായിരുന്നു എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള അഞ്ചേരി നീരൊലില് വീട്ടില്‍ പ്രതീഷ്.
പൊന്നുരുക്കിച്ചേര്‍ത്ത അക്ഷരത്തട്ടുകള്
സ്വര്‍ണപ്പണി കുലത്തൊഴിലാണെങ്കിലും പൊന്നിനേക്കാള്‍ പ്രിയമാണ് പ്രതീഷിന് പുസ്തകങ്ങളോട്. അതുകൊണ്ടുതന്നെയാണ് പുസ്തക ഷെല്‍ഫുകളുടെ നിര്‍മാണത്തില്‍ അയാള്‍ ഏറെ സന്തോഷവാനാകുന്നതും. വൃക്കരോഗത്താല്‍ അവശനായ പ്രതീഷിന് വായനയാണ് ആശ്വാസമേകിയത്. അതുകൊണ്ടുതന്നെ അക്ഷരങ്ങളെ അയാള്‍ ജീവനുതുല്യം സ്നേഹിച്ചിരുന്നു. വായനയോടുള്ള ഈ ആവേശം തന്നെയാണ് പുസ്തക ഷെല്‍ഫുകള്‍ നിര്‍മിക്കുന്നതിലേക്ക് പ്രതീഷിനെ നയിച്ചതും.
രോഗാവസ്ഥയില്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ സാഹചര്യങ്ങളില്‍ പ്രതീഷിന് ഊണിലും ഉറക്കത്തിലും പുസ്തകങ്ങള്‍ മാത്രമായിരുന്നു കൂട്ട്. അതുകൊണ്ടുതന്നെ പ്രതീഷിന്റെ വീട്ടില്‍ നിര്‍മിക്കുന്ന ഈ പുസ്തക ഷെല്‍ഫുകള്‍ക്ക് ഒരായുസിന്റെ കഥ പറയാനുണ്ടാകും. എംഡിഎഫ് ബോര്‍ഡുകളുപയോഗിച്ച് നിര്‍മിക്കുന്ന ഷെല്‍ഫുകള്‍ ഇപ്പോള്‍ 2000 രൂപയ്ക്കാണ് വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ ഇത് 1800 രൂപയ്ക്ക് വിറ്റിരുന്നു, എന്നാല്‍ നിര്‍മാണ സാമഗ്രികളുടെ വിലവര്‍ദ്ധന കാരണമാണ് ഇപ്പോള്‍ ഈ വിലയ്ക്ക് വില്‍ക്കുന്നത്. രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം വീണ്ടും രോഗം മൂര്‍ച്ഛിച്ചപ്പോള്‍ സ്വര്‍ണപ്പണിക്ക് പോകാന്‍ സാധിക്കാതെയായി കുടുംബത്തിലെ ചെലവുകളും പ്രതീഷിന്റെ ചികിത്സയും ഇതോടെ പൂര്‍ണമായി അനിയന്റെ കരങ്ങളിലായി. ഒന്നിടവിട്ട ദിവസങ്ങളിലെ ഡയാലിസിസിനും മരുന്നുകള്‍ക്കുമായുള്ള ചെലവ് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ അനിയനെ സഹായിക്കുന്നതിനായാണ് പ്രതീഷ് ഇതൊരു വരുമാനമാക്കി മാറ്റാം എന്നാലോചിച്ചത്.
മള്‍ട്ടിവുഡും എംഡിഎഫ് ബോര്‍ഡും ഉപയോഗിച്ച് നിര്‍മിച്ചു കൂട്ടുന്ന ബുക്ക് ഷെല്‍ഫുകള്‍ക്ക് ഭാരമേറിയ പുസ്തകങ്ങളെ താങ്ങാനുള്ള ഉറപ്പുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്. ആരും കണ്ടാല്‍ ഒരു നിമിഷത്തേക്ക് കണ്ണെടുക്കില്ല..! അത്രത്തോളം ആകര്‍ഷകത്വമാണ് ഈ ഷെല്‍ഫുകള്‍ക്ക്. അതുകൊണ്ടുതന്നെ സ്വീകാര്യതയും വര്‍ധിക്കുന്നു. നേരിട്ടും കൊറിയര്‍ വഴിയും ബുക്ക് ഷെല്‍ഫ് വാങ്ങാന്‍ സാധിക്കും. വാട്സ് ആപ്പ് വഴിയാണ് കൂടുതല്‍ ഓര്‍ഡറുകള്‍ പ്രതീഷിന് ലഭിക്കുന്നത്.
പ്രതീഷ് പറയുന്നു..
മുമ്പ് പരാമര്‍ശിച്ച ആല്‍ഫാ പാലിയേറ്റിവ് കെയറിലെ അജിത്ത് എന്ന അജിത്തേട്ടനാണ് ഇതിന് കാരണക്കാരനായ വ്യക്തി. പുസ്തക ഷെല്‍ഫിന്റെ നിര്‍മാണം ഫേസ്ബുക്കില്‍ ഇട്ടാല്‍ പ്രശ്നമുണ്ടോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ആദ്യം മടിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഓര്‍ത്ത് പിന്നീട് സമ്മതിച്ചു. ഓര്‍ഡര്‍ വരുമെന്ന് അജിത്തേട്ടന് പറഞ്ഞെങ്കിലും ഞാന്‍ പത്ത് അല്ലെങ്കില്‍ 50 ഓര്‍ഡറുകളാണ് പരമാവധി പ്രതീക്ഷിച്ചത്.
എന്നാല്‍ ആദ്യം തന്നെ എന്നെ ഞെട്ടിച്ചുകൊണ്ട് ആയിരത്തിന് മുകളില്‍ ഓര്‍ഡര്‍ ലഭിച്ചു. ആദ്യ മാസങ്ങളില്‍ ഫോണിന് വിശ്രമമില്ലായിരുന്നു. 9847143435 എന്ന നമ്പര്‍ ശബ്ദിച്ചുകൊണ്ടേയിരുന്നു. കാസര്‍കോഡുള്ള ഒരു അധ്യാപകന് 600 ഓര്‍ഡറുകളാണ് ഒറ്റയ്ക്ക് കണ്ടെത്തി തന്നത്. തിരുവനന്തപുരത്തുള്ള ഡോ. ചിത്ര, വയനാട്ടില്‍ അധ്യാപകനായ സിമില്‍, രതീഷ് പി ഇലിക്കോട് ഇവരെയൊന്നും മറക്കാന്‍ കഴിയില്ല. ഇപ്പോള്‍ പ്രതിമാസം അന്‍പതിനടുത്ത് ഓര്‍ഡറുകള്‍ ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: