ഭാരതത്തിന്റെ ചിരപുരാതനമായ ആത്മീയ സംസ്‌കൃതിയെ കേരളീയമായ പശ്ചാത്തലത്തില്‍ സന്നിവേശിപ്പിച്ച മലയാളത്തിന്റെ മഹാഗുരുവാണ് തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍. എഴുത്തച്ഛന്‍ എന്ന നാമം കേള്‍ക്കുമ്പോള്‍ ഭക്തിയുടെയും ആദരവിന്റെയും അഭിമാനത്തിന്റെയും അത്ഭുതത്തിന്റെയും സമ്മിശ്രവികാരങ്ങളാണ് ഓരോ കേരളീയനുമുണ്ടാവുന്നത്. എഴുത്തച്ഛന് മുമ്പും എഴുത്തച്ഛനു ശേഷവും മലയാളത്തില്‍ അനേകം മഹാകവികളുണ്ടായിരുന്നു. എന്നാല്‍ മലയാളത്തിന്റെ മഹാഗുരുവായി നാം ആദരിക്കുന്നത് എഴുത്തച്ഛനെ മാത്രമാണ്. എന്തുകൊണ്ട് എഴുത്തച്ഛന്‍? ഈ ചോദ്യത്തിന് സാഹിതീയമായും സാംസ്‌കാരികമായും നിരവധി ഉത്തരങ്ങളുണ്ടാവാം. ഭക്തിപ്രസ്ഥാനത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് എഴുത്തച്ഛനെ വായിക്കുമ്പോഴാണ് ഭാരതത്തിന്റെ സാംസ്‌കാരികമായ ഏകോപനത്തില്‍ എഴുത്തച്ഛന്‍ വഹിച്ച പങ്ക് എത്ര വലുതായിരുന്നുവെന്ന് വ്യക്തമാവുക.
ആദ്യമായി ഭാരതത്തെ അഖണ്ഡമായി ഏകോപിച്ചു നിര്‍ത്തിയത് ഭക്തിപ്രസ്ഥാനമാണ്. ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും രാഷ്‌ട്രീയമായും വിഘടിച്ചുനിന്നിരുന്ന മധ്യകാല ഭാരതത്തെ ആത്മീയമായി സംയോജിപ്പിച്ചു നിര്‍ത്തിയത് ഭക്തിപ്രസ്ഥാനമായിരുന്നു. ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, കാവ്യനാടകാദികള്‍ തുടങ്ങിയവയുടെ പരിഭാഷകളും വ്യാഖ്യാനങ്ങളും ഭക്തിപ്രസ്ഥാനകാലത്താണ് സജീവമായി നടന്നത്. ഭാരതത്തിലെ ഓരോ പ്രാദേശികഭാഷയും രാമായണ ഭാരതാദി കൃതികളിലൂടെ ഭാരതത്തിന്റെ തനതായ ആത്മീയാംശത്തെ സ്വീകരിച്ചു. കേരളത്തില്‍ ചീരാമകവി മുതല്‍ കണ്ണശ്ശനും ചെറുശ്ശേരിയും അടങ്ങുന്ന മഹാകവികള്‍ വരെ ഭക്തിപ്രസ്ഥാനത്തിന്റെ വഴിക്കുതന്നെയാണ് വന്നത്. എന്നാല്‍ എഴുത്തച്ഛനിലെത്തുമ്പോള്‍ ഭക്തിപ്രസ്ഥാനത്തിന് അതുവരെയില്ലാതിരുന്ന ഒരു ഔന്നത്യം കൈവന്നു. ഹിന്ദിഭാഷയില്‍ തുളസീദാസനും ഗുജറാത്തിയില്‍ പ്രേമാനന്ദസ്വാമിയും തെലുഗുവില്‍ ഗോണഗുപ്ത റെഡ്ഡിയും ആസാമിയില്‍ മാധവ കന്ദാളിയും ബംഗാളിയില്‍ കൃത്തിബാസിയും തമിഴില്‍ കമ്പരും എങ്ങനെയാണോ ആദരിക്കപ്പെടുന്നത് അതുപോലെ മലയാളി ആദരിക്കുന്ന മഹാകവിയായി എഴുത്തച്ഛന്‍ മാറി. യഥാര്‍ത്ഥത്തില്‍ ഈ മഹാകവികളാണ് ഭാരതത്തെ സാംസ്‌കാരികമായി ആദ്യമായി ഒന്നിപ്പിച്ചത്.
പല കാലഘട്ടങ്ങളില്‍ ഭാരതത്തില്‍ അധിനിവേശം നടത്തിയ വിദേശികള്‍ ഭാരതത്തെ പലപാട് ഛിന്നഭിന്നമാക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് പൂര്‍ണ്ണമായി വിജയിക്കാന്‍ സാധിക്കാത്തത് ഭക്തിപ്രസ്ഥാനകാലത്തെ മഹാകവികള്‍ നിര്‍മ്മിച്ച സംസ്‌കാരികമായ ഏകോപനത്തിന്റെ അടിത്തറയുള്ളതുകൊണ്ടാണ്. ആധുനികകാലത്ത് സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ രാഷ്‌ട്രീയമായി ഭാരതത്തെ ഏകോപിപ്പിച്ചതുപോലെ മധ്യകാലഘട്ടത്തില്‍ എഴുത്തച്ഛനടങ്ങുന്ന മഹാകവികള്‍ സാംസ്‌കാരികമായി ഭാരതത്തെ ഒന്നിപ്പിച്ചുനിര്‍ത്തി. അങ്ങനെ വരുമ്പോള്‍ ഭാരതമെന്ന മഹത്തായ രാഷ്‌ട്രത്തിന്റെ പ്രതിഷ്ഠയില്‍ കേരളത്തില്‍ നിന്നുള്ള ബലിഷ്ഠമായ ശിലയായി എഴുത്തച്ഛന്‍ മാറുന്നു. അതുകൊണ്ടാണ് ഭാരതമെന്ന രാഷ്‌ട്രത്തിന്റെ അടിക്കല്ല് ഇളക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് എഴുത്തച്ഛനും അദ്ദേഹത്തിന്റെ രാമായണ-ഭാരതാദി കിളിപ്പാട്ടുകളും എന്നും വിലങ്ങുതടിയായി മാറിയത്. എഴുത്തച്ഛനെ അവഗണിക്കുവാനും തിരസ്‌ക്കരിക്കാനും ശ്രമിച്ചവര്‍ക്ക് ഇതുവരെ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും അത്തരക്കാര്‍ ഇപ്പോഴും ശ്രമം തുടരുന്നുണ്ട്. എഴുത്തച്ഛനെ സ്മരിക്കുമ്പോള്‍ നമ്മള്‍ ഇക്കാര്യംകൂടി ശ്രദ്ധിക്കണം. എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടും ഭാരതം കിളിപ്പാട്ടും മലയാളത്തിന്റെ അഭിമാനസ്തംഭങ്ങളായി തലയുയര്‍ത്തി നില്‍ക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. വിളക്ക് കത്തിച്ചുവെച്ച് തൊഴുകയ്യോടെ വായിക്കുന്ന ഒരു ഗ്രന്ഥം മാത്രമേ ഭൂമിയിലുള്ളൂ, അതാണ് അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്.
പുതിയ ദേശീയവിദ്യാഭ്യാസ നയത്തില്‍ ഭാരതത്തിന്റെ സാംസ്‌കാരികമായ ഏകോപനത്തിന് സഹായകമായ ക്ലാസ്സിക്കുകള്‍ രാജ്യത്തെ എല്ലാ വിദ്യാര്‍ത്ഥികളും പരിചയപ്പെടണം എന്ന നിര്‍ദ്ദേശമുണ്ട്. മലയാളത്തില്‍നിന്നും എഴുത്തച്ഛന്റെ കൃതികളായിരിക്കണം ഭാരതത്തിലെ എല്ലാ വിദ്യാര്‍ത്ഥികളും പരിചയിക്കേണ്ടത്. കാരണം കേരളം എന്ന കൊച്ചുപ്രദേശം ഭാരതത്തോളം വലുതായത് എഴുത്തച്ഛനിലൂടെയാണ്. മഹാകവി വൈലോപ്പിള്ളി ഇക്കാര്യം മനോഹരമായി പറഞ്ഞുവെച്ചിട്ടുണ്ട്-ശാരിക കൊഞ്ചിപ്പാടി പറന്നെന്നോ തത്രചാരുകേരളഭാഷാ സ്വാതന്ത്ര്യക്കൊടി പാറിഭാരതത്തോളം വലുതായി കേരളം പുതുഭാഷയാല്‍ വാര്‍ക്കപ്പെട്ടു ചിന്തയും സംസ്‌കാരവുംഅതെ, ഭാരതീയ സംസ്‌കാരത്തിന്റെ ഗംഗയില്‍നിന്നും കേരളീയസംസ്‌കാരത്തിന്റെ നിളയിലേക്ക് മഹാകവി എഴുത്തച്ഛന്‍ കീറിയ ചാലില്‍കൂടിയാണ് നമ്മള്‍ ഇപ്പോഴും സഞ്ചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: